This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദ്രാവിഡ ഭാഷകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ദ്രാവിഡ ഭാഷകള്‍

ഒരു ഭാഷാഗോത്രം. ലോകഭാഷകളെ പല ഗോത്രങ്ങളായി ഭാഷാപണ്ഡിതന്മാര്‍ വിഭജിച്ചിട്ടുണ്ട്. ഇന്തോ-യൂറോപ്യന്‍ ഗോത്രം, സെമിറ്റിക് ഗോത്രം, ഹമറ്റിക് ഗോത്രം, യൂറാള്‍ ആള്‍ടയ്ക് ഗോത്രം, തെക്കു കിഴക്കന്‍ ഏഷ്യാറ്റിക് ഗോത്രം, ദ്രാവിഡ ഗോത്രം, ആസ്ത്രിക് ഗോത്രം, ബാണ്ഡു ഗോത്രം, ചൈനീസ് ഗോത്രം തുടങ്ങിയവയാണ് ഭാഷാഗോത്രങ്ങളില്‍ പ്രമുഖമായിട്ടുള്ളത്. ദക്ഷിണ ഭാരതത്തിലെ ഭാഷകളെല്ലാംതന്നെ ദ്രാവിഡ ഗോത്രത്തിലുള്‍പ്പെടുന്നവയാണ്. തമിഴ്, തെലുഗു, കന്നഡ, തുളു, കുടക്, തോഡ, കോഡ, ബഡക, കുറുക്ക്, ബ്രാഹൂയി എന്നിവ ദ്രാവിഡ ഗോത്രത്തിലെ പ്രധാന ഭാഷകളാണ്. ഇക്കൂട്ടത്തില്‍ ബ്രാഹൂയി ബലൂചിസ്ഥാനിലെ പര്‍വതസാനുക്കളില്‍ പ്രചാരത്തിലിരിക്കുന്ന ഭാഷയാണ്. ദ്രാവിഡ ഭാഷകള്‍ക്ക് ആസ്റ്റ്രേലിയന്‍ ഭാഷകളുമായി അടുത്ത ബന്ധമുള്ളതായി സ്കീമസ് തുടങ്ങിയ ഭാഷാ പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ദ്രാവിഡ ഭാഷകളിലെ പല ശാഖകളിലും ആര്യഭാഷയുടെ സ്വാധീനം തെളിഞ്ഞുകാണുന്നു. എന്നാല്‍ തെലുഗു, മലയാളം, കന്നഡ എന്നീ ഭാഷകളില്‍ ആര്യഭാഷയ്ക്കുള്ള സ്വാധീനം തമിഴില്‍ കാണുന്നില്ല. ദ്രാവിഡ ഭാഷാഗോത്രത്തില്‍ ഉള്‍ പ്പെട്ടതായി വടക്കന്‍ശാഖയില്‍ ബ്രാഹൂയി മാത്രമേയുള്ളൂ. ഈ ഭാഷയുടെ ആന്തരിക വ്യവസ്ഥയും കെട്ടുപാടും പ്രായേണ ദ്രാവിഡം ആണെന്നു കാണാം. എന്നാല്‍ ഇറാനിയന്‍ ഭാഷയുടെ സ്വാധീനം ഈ ഭാഷയില്‍ കൂടുതലായി കാണപ്പെടുന്നു. കിഴക്കന്‍ ശാഖയില്‍ തെലുഗു, ഗോണ്ഡി, കുറുക്ക്, കോലാമി, മാള്‍ത്തൊ തുടങ്ങിയ പിരിവുകള്‍ കാണുന്നു. ഇക്കൂട്ടത്തില്‍ തെലുഗു മാത്രമേ സാഹിത്യഭാഷയായി രൂപാന്തരം പ്രാപിച്ചിട്ടുള്ളൂ. ചെന്നൈ മുതല്‍ മഹേന്ദ്രഗിരി വരെയുള്ള പ്രദേശങ്ങളില്‍ പ്രചാരത്തിലുള്ള തെലുഗുവിന് പല ഉപഭാഷകളും ദേശ്യഭേദങ്ങളും വികസിച്ചുവന്നിട്ടുണ്ട് (നോ: തെലുഗു ഭാഷയും സാഹിത്യവും). ആധുനിക തെലുഗു ഭാഷയില്‍ സംസ്കൃത ഭാഷാസ്വാധീനം വളരെ കൂടുതലാണ്. പടിഞ്ഞാറന്‍ ശാഖയില്‍ കന്നഡ, കുടക്, തോഡ, കോഡ എന്നീ ഭാഷകള്‍ ഉള്‍ പ്പെടുന്നു. കര്‍ണാടക സംസ്ഥാനത്തെക്കൂടാതെ കോയമ്പത്തൂര്‍, സേലം, ബല്ലാരി, അനന്തപ്പൂര്‍, കാസര്‍ഗോഡ് തുടങ്ങിയ ജില്ലകളിലും പ്രാന്തപ്രദേശങ്ങളിലും കന്നഡ സംസാരിക്കുന്ന ജനവിഭാഗമുണ്ട്. കന്നഡയുടെ പ്രാചീനരൂപം 5-ാം ശ. മുതലുള്ള ശാസനങ്ങളില്‍ കാണപ്പെടുന്നു (നോ: കന്നഡ ഭാഷയും സാഹിത്യവും).

തെക്കന്‍ കാനറയുടെ ദക്ഷിണപ്രദേശത്ത് വ്യവഹാരത്തിലിരുന്ന ഭാഷയാണ് തുളു. മലയാളവും കന്നഡയും ലിപികളാണ് തുളു എഴുതുവാന്‍ ഉപയോഗിച്ചുവന്നത്. തുളുവില്‍ ചില പ്രാചീന ഗാനങ്ങളും മറ്റും സാഹിത്യമായി ഉണ്ടായിരുന്നു. ആധുനിക കാലത്ത് കന്നഡലിപിയിലും മറ്റുമായി അനേകം തുളുഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് (നോ: തുളുഭാഷയും സാഹിത്യവും). ദ്രാവിഡത്തിലെ തെക്കന്‍ വിഭാഗത്തില്‍ ഉള്‍ പ്പെടുന്ന ഭാഷകളാണ് മലയാളവും തമിഴും. ദ്രാവിഡ ഭാഷകളില്‍വച്ച് ഏറ്റവും പുരാതനമായ സാഹിത്യസഞ്ചയം ഉള്ളത് തമിഴ് ഭാഷയ്ക്കാണ്. ബി.സി. മൂന്നാം ശ.-ത്തിലെ ചില ശാസനങ്ങളില്‍ തമിഴിന്റെ പ്രാചീനതമരൂപം കാണാവുന്നതാണ്. സംഘസാഹിത്യമാണ് ഈ ഭാഷയിലെ ഗണനീയമായ പുരാതന സാഹിത്യം (നോ: തമിഴ് ഭാഷയും സാഹിത്യവും). എ.ഡി. എട്ടാം ശ.-ത്തോടുകൂടിയാണ് മലയാളം സ്വതന്ത്രഭാഷയായി രൂപംപ്രാപിച്ചത്. ദ്രാവിഡ ഭാഷകളില്‍ തമിഴും മലയാളവും തമ്മിലുള്ള അടുപ്പം ആ ഗോത്രത്തിലെ മറ്റു ഭാഷകളില്‍ കാണാനില്ലെന്നത് ശ്രദ്ധേയമാണ് (നോ: മലയാള ഭാഷയും സാഹിത്യവും).

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍