This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ദോഹാകോശം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ദോഹാകോശം
സിദ്ധകവികള്‍ രചിച്ച ദോഹകളുടെ സമാഹാരം. 8-ാം ശ. മുതല്‍ 12-ാം ശ. വരെയാണ് അപഭ്രംശ ഭാഷയില്‍ രചിച്ച ഈ ദോഹകളുടെ രചനാകാലം. സരഹപാ, മീനപാ, ലുയിപാ, സബരപാ, ഡോംബിപാ, ശാന്തിപാ, കണ്ണപാ തുടങ്ങിയവരാണ് രചയിതാക്കളില്‍ പ്രസിദ്ധര്‍. ചര്യാപദം, ചര്യാഗീതം എന്നീ ശീര്‍ഷകങ്ങളില്‍ ദോഹകള്‍ ക്രോഡീകരിച്ചിരിക്കുന്നു.
താന്ത്രിക യോഗസാധന, അതീന്ദ്രിയ ധ്യാനം, ധാര്‍മികവും താത്ത്വികവുമായ ചിന്താപരിശീലനം തുടങ്ങിയവയെ അടിസ്ഥാനമാക്കിയ പ്രബോധനപരമായ പദങ്ങള്‍ അഥവാ ഗീതങ്ങളാണ് ഇതിലെ ദോഹകളില്‍പ്പെടുന്നത്. അപഭ്രംശഭാഷയെന്നു കരുതാവുന്ന സന്ധ്യാഭാഷ എന്ന പ്രത്യേക ഭാഷാഭേദത്തിലാണ് ഈ ദോഹകള്‍. ഈ കാലഘട്ടത്തിലെ സിദ്ധകവികള്‍ ദോഹകള്‍ രചിച്ചിരുന്നത് കൂടുതലും ഈ ഭാഷയിലായിരുന്നു എന്ന് അനുമാനിക്കാം. സന്ധഭാഷ എന്നും പ്രസിദ്ധിയുണ്ട്.
വജ്രയാന വിഭാഗത്തിലെ സിദ്ധകവികളില്‍ പ്രമുഖന്‍ സരഹന്‍ അഥവാ സരഹപാ ആയിരുന്നു. 7-ാം ശ.-ത്തിനും 10-ാം ശ.-ത്തിനും ഇടയ്ക്കാണ് ജീവിതകാലം. ഇദ്ദേഹം സന്ധഭാഷയില്‍ 32 കൃതികള്‍ രചിച്ചിരുന്നതായി പ്രസ്താവമുണ്ട്. ദോഹകളുടെ സമാഹാരമെന്ന നിലയില്‍ മുനി രാമസിംഹന്റെ പാഹുഡദോഹ, മുനി മഹാചന്ദ്രന്റെ ദോഹാപാഹുഡ തുടങ്ങിയ കൃതികളുമുണ്ട്. സരഹപായുടെ ദോഹകള്‍ ഇവയിലും പ്രമുഖമായി ഉള്‍പ്പെടുത്തിയിരിക്കുന്നു.
20-ാം ശ.-ത്തിന്റെ തുടക്കത്തില്‍ മഹാമഹോപാധ്യായ ഹര്‍പ്രസാദ് ശാസ്ത്രിക്ക് നേപ്പാള്‍ ദര്‍ബാര്‍ ലൈബ്രറിയില്‍ നിന്നുമാണ് ദോഹാകോശത്തിന്റെ കൈയെഴുത്തുപ്രതി ലഭ്യമായത്. എം. ഷഹിദുള്ള 1928-ല്‍ പാരിസില്‍നിന്നും പ്രബോധചന്ദ്രബച്ചി 1939-ല്‍ കൊല്‍ക്കത്തയില്‍നിന്നും ഇത് പ്രസിദ്ധീകരിച്ചു. ബച്ചി 1956-ല്‍ ചര്യാഗീതികോശം എന്ന ശീര്‍ഷകത്തില്‍ പ്രസിദ്ധീകരിച്ച കൃതിയിലും ദോഹാകോശം ഉള്‍പ്പെടുത്തി. ബൗദ്ധസംസ്കൃതി, സംസ്കൃതകാവ്യധാര, ഹിന്ദികാവ്യധാര തുടങ്ങിയ പ്രസിദ്ധ കൃതികളുടെ രചയിതാവായ രാഹുല്‍ സാംകൃത്യായന്‍ ദോഹാകോശത്തെ സമഗ്രമായി വിലയിരുത്തുന്ന പഠന നിരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്.