This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദേശസാത്കരണം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ദേശസാത്കരണം

Nationalisation

വസ്തുവകകള്‍ പൊതു/സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഏറ്റെടുത്തുകൊണ്ടുവരുന്ന പ്രക്രിയ. നഷ്ടപരിഹാരം നല്കിയാകും ഈ ഏറ്റെടുക്കല്‍ പ്രക്രിയ നടത്തുക. ഒരു ജനാധിപത്യ സര്‍ക്കാര്‍ ദേശസാത്കരണത്തിലേക്കു നയിക്കപ്പെടുമ്പോള്‍ അത് പുരോഗമന നടപടി ആയി പ്രകീര്‍ത്തിക്കപ്പെടാറുണ്ട്. എന്നാല്‍, ദേശസാത്കരണവുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരത്തുക കുറഞ്ഞുവെന്ന പരാതി ഉയര്‍ന്നുവരാറുമുണ്ട്. ഇതിന് പരിഹാരം എന്ന നിലയില്‍ 1962-ല്‍ ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ളി പാസ്സാക്കിയ പ്രമേയത്തില്‍ ദേശസാത്കരണം നടക്കുമ്പോള്‍ ഉടമയ്ക്ക് ആഗോളനിയമപ്രകാരമുള്ള നഷ്ടപരിഹാരം നല്കണമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്.

വികസ്വര രാഷ്ട്രങ്ങളില്‍, ദേശസാത്കരണം നടക്കുമ്പോള്‍ നഷ്ടപരിഹാരം നിശ്ചയിക്കാനുള്ള പരമാധികാരം സര്‍ക്കാരില്‍ നിക്ഷിപ്തമാണ് എന്ന് കാല്‍വേ സിദ്ധാന്തം അനുശാസിക്കുന്നു. അതേസമയം സ്ഥാവരജംഗമ വസ്തുക്കള്‍ ഉള്‍പ്പെടെ എല്ലാ വസ്തുവകകളും പ്രകൃതിവിഭവങ്ങളും സര്‍ക്കാരിന്റെ ഉടമസ്ഥതയിലാണ് വേണ്ടതെന്നും അതനുസരിച്ച് ദേശസാത്കരണത്തിന് നഷ്ടപരിഹാരം നല്കേണ്ടതില്ല എന്നുമാണ് കമ്യൂണിസ്റ്റ് സിദ്ധാന്തത്തിലെ പ്രമാണം. ഈ രണ്ട് സിദ്ധാന്തങ്ങള്‍ക്കും സംതുലനം നല്കിക്കൊണ്ടുള്ളതാണ് ഐക്യരാഷ്ട്രസഭയുടെ പ്രമേയം. വ്യക്തികളുടെ സ്വത്തിന് അമിത പ്രാധാന്യം കല്പിക്കുന്ന മുതലാളിത്ത രാഷ്ട്രങ്ങളിലും ദേശസാത്കരണം നടന്നിട്ടുണ്ട്. നാസി ജര്‍മനിയുമായി സഹകരിച്ചതുകൊണ്ട് ഫ്രാന്‍സില്‍ 'റിനോള്‍ട്ട്' ദേശസാത്കരിച്ചതും പാപ്പരായി മാറിയതുകൊണ്ട് 'ബ്രിട്ടിഷ് ലേയ്ലാന്‍ഡ്' ബ്രിട്ടണില്‍ ദേശസാത്കരിച്ചതും ഉദാഹരണങ്ങളാണ്. ഇന്ത്യയില്‍ 1953-ല്‍ വ്യോമഗതാഗതം, 1956-ല്‍ ലൈഫ് ഇന്‍ഷുറന്‍സ്, 1969-ല്‍ കോമേഴ്സ്യല്‍ ബാങ്കിങ്, 1971-ല്‍ ജനറല്‍ ഇന്‍ഷുറന്‍സ് എന്നിങ്ങനെ വിവിധ ദേശസാത്കരണ നടപടികള്‍ ഉണ്ടായി. മിശ്രിത സമ്പദ്വ്യവസ്ഥയുടെ ഭാഗമായി ഇമ്മാതിരി ദേശസാത്കരണം 20-ാം ശ.-ത്തില്‍ മിക്ക വികസ്വര രാഷ്ട്രങ്ങളിലും നടത്തിയിട്ടുണ്ട്. രണ്ടാം ലോകയുദ്ധത്തിനു(1939-44)ശേഷമാണ് ക്യൂബ, ഈജിപ്ത്, ഇന്തോനേഷ്യ തുടങ്ങി വികസ്വര രാഷ്ട്രങ്ങളിലൊക്കെ ഏറിയ തോതില്‍ സ്വകാര്യ കമ്പനികള്‍, വസ്തുവകകള്‍, പ്രകൃതി വിഭവങ്ങള്‍ തുടങ്ങിയവ പൊതുമേഖലയില്‍/പൊതു ഉടമസ്ഥതയില്‍ കൊണ്ടുവന്നത്.

സര്‍ക്കാര്‍തന്നെ വ്യവസായം, സേവനം തുടങ്ങിയവ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളുടെ സംരംഭകന്‍ ആയി മാറുകയാണ് ദേശസാത്കരണത്തിന്റെ മുഖ്യ ഉദ്ദേശ്യം. ജനോപകാരപ്രദവും ജനക്ഷേമപ്രദവും ആയ പ്രവര്‍ത്തനങ്ങളിലൂടെ അടിസ്ഥാന ആവശ്യങ്ങള്‍ സാധാരണ ജനങ്ങളിലേക്ക് എത്തിച്ചുകൊടുക്കാനാവും എന്ന നേട്ടം സര്‍ക്കാര്‍ അധീനതയിലുള്ള സംരംഭങ്ങള്‍ക്കുണ്ട്. സമ്പദ്വ്യവസ്ഥയില്‍ വിലനിലവാരം ക്രമീകരിക്കുന്നതിനും അടിസ്ഥാനസൗകര്യങ്ങള്‍ വിപുലപ്പെടുത്തുന്നതിനും ഇത് വഴിതെളിക്കുമെന്നതും നേട്ടംതന്നെയാണ്. സാമ്പത്തിക നേട്ടം കൈവരിക്കുന്നത് പൊതുക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി പുനര്‍ നിക്ഷേപം നടത്താനാവും എന്ന സവിശേഷതയും ദേശാസാത്കരണത്തിന്റെ പ്രയോജനമാകാറുണ്ട്. എന്നാല്‍, പ്രൊഫഷണല്‍ മാനേജ്മെന്റിന്റെ അഭാവം, ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം തുടങ്ങിയ ഘടകങ്ങള്‍ ദേശസാത്കരണത്തിന് ദുഷ്പേര് ഉണ്ടാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സ്വകാര്യവത്കരണം വീണ്ടും സജീവമായിരിക്കുന്നത്.

(ഡോ. എം. ശാര്‍ങ്ഗധരന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍