This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദേശം, എന്‍.കെ. (1936 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ദേശം, എന്‍.കെ. (1936 - )

മലയാള കവിയും നിരൂപകനും. 1936 ഒ. 31-ന് ആലുവയ്ക്കടുത്തുള്ള ദേശം എന്ന സ്ഥലത്തു ജനിച്ചു. പേര് എന്‍. കുട്ടിക്കൃഷ്ണപിള്ള. പിതാവ് പടിഞ്ഞാറെ വളപ്പില്‍ പി.കെ. നാരായണ പിള്ളയും മാതാവ് പൂവത്തുംപടവില്‍ കുഞ്ഞുക്കുട്ടിപ്പിള്ളയുമാണ്. മലയാളത്തില്‍ ബി.എ. ബിരുദം നേടി. ഏറ്റവും കൂടുതല്‍ മാര്‍ക്കു വാങ്ങിയതിന് കേരള കലാസമിതി സമ്മാനം, കെ.ജി. പരമേശ്വരന്‍പിള്ള സ്വര്‍ണ മെഡല്‍ എന്നിവ ലഭിച്ചിട്ടുണ്ട്. 1960 മുതല്‍ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷനില്‍ സേവനമനുഷ്ഠിച്ചു.

 സുവ്യക്തമായ ആശയങ്ങള്‍ ഹൃദായാവര്‍ജകമായി അവതരിപ്പിച്ചിട്ടുള്ള നിരവധി കവിതകള്‍ ദേശത്തിന്റേതായുണ്ട്. ചൊട്ടയിലെ ശീലം, അന്തിമലരി, കന്യാഹൃദയം, അപ്പൂപ്പന്‍താടി, പവിഴമല്ലി, ഉതിര്‍മണികള്‍ എന്നിവയാണ് കവിതാസമാഹാരങ്ങള്‍. ഇവയില്‍ സുരഭിലങ്ങളായ പ്രേമകവിതകളും ചാട്ടുളിപോലെ തറയ്ക്കുന്ന  കവിതകളും കുറിക്കുകൊള്ളുന്ന ആക്ഷേപഹാസ്യ കവിതകളും ധാരാളമുണ്ട്. സൌമ്യമായ നര്‍മരസവും അഗാധമായ കാലദേശാവബോധവും ദേശത്തിന്റെ കവിതയുടെ സവിശേഷതകളാണ്. ആധുനിക കവിതയുടെ ഭാവധര്‍മങ്ങള്‍ അധികം കാണാന്‍ കഴിയുകയില്ല. സമര്‍ഥമായ ശബ്ദങ്ങളും ഉചിതമായ ഇമേജുകളും കവിതയെ മറ്റുള്ളവയില്‍നിന്നു വേറിട്ടതാക്കിത്തീര്‍ക്കുന്നു.
 മേല്പറഞ്ഞ കവിതകള്‍ക്കു പുറമേ സാഹിത്യപരമായ നിരൂപണങ്ങളും ദേശം രചിച്ചിട്ടുണ്ട്.
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍