This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദേവ്യുപനിഷത്ത്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ദേവ്യുപനിഷത്ത്

പരാശക്തിയായ ദേവിയുടെ മഹത്ത്വം വര്‍ണിക്കുന്ന ഉപനിഷത്ത്. ദേവീസന്നിധിയില്‍ മൃത്യുഞ്ജയമന്ത്രമായി ജപിക്കാവുന്നതാണ് ഈ ഉപനിഷത്ത് എന്ന് ഇതിന്റെ ഫലശ്രുതിയില്‍ പറയുന്നുണ്ട്. ഇതിന്റെ ശാന്തിപാഠം പ്രസിദ്ധമായ ഈ മന്ത്രമാണ്:

'ഓം ഭദ്രം കര്‍ണേഭിഃ ശ്രണുയാമ ദേവാഃ

ഭദ്രം പശ്യേമാക്ഷഭിര്‍യജത്രാഃ

സ്ഥിരൈരംഗൈഃ സ്തുഷ്ടു

വാംസസ്തനൂഭിര്‍

വ്യശേമ ദേവഹിതം യദായുഃ

സ്വസ്തി നഇന്ദ്രോ വൃദ്ധശ്രവാഃ

സ്വസ്തി നഃ പൂഷാ വിശ്വവേദാഃ

സ്വസ്തി നസ്താര്‍ക്ഷ്യോ അരിഷ്ടനേമിഃ

സ്വസ്തി നോ ബൃഹസ്പതിര്‍ ദധാതു,

ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ'.

ഒരിക്കല്‍ എല്ലാ ദേവന്മാരുംകൂടി ദേവിയെ സമീപിച്ച് പരാശക്തിയുടെ തത്ത്വം ഉപദേശിക്കണമെന്നഭ്യര്‍ഥിച്ചു. പ്രകൃതിപുരുഷാത്മകമായ ജഗത്തിന്റെ ഉണ്മ താനാണ് എന്ന് ദേവി ഉപദേശിച്ചു. സച്ചിദാനന്ദസ്വരൂപമായ പുരുഷഭാവവും പ്രപഞ്ചാകാരമായ പ്രകൃതിയും ചേര്‍ന്ന തന്നില്‍ സത്തും അസത്തും, ആനന്ദവും അനാനന്ദവും, വിജ്ഞാനവും അവിജ്ഞാനവും എന്നിങ്ങനെ ദ്വന്ദ്വാത്മക ഭാവാധിഷ്ഠിതമായ പ്രപഞ്ചവും പ്രപഞ്ചകാരണവും അന്തര്‍ലീനമാണെന്ന് ദേവി അറിയിക്കുന്നു. പരാശക്തിയുടെ തത്ത്വം മനസ്സിലായ ദേവന്മാര്‍ ദേവിയെ പ്രകീര്‍ത്തിച്ചു. പതിനഞ്ച് ഗദ്യഖണ്ഡങ്ങളും ഒന്‍പത് പദ്യങ്ങളുമായാണ് ഇതിലെ പ്രതിപാദ്യം.

സകലനിഷ്കല ഭാവങ്ങള്‍ ചേര്‍ന്നതാണെങ്കിലും ദേവിയെ സകലസ്വരൂപിണിയായി സങ്കല്പിച്ച് ഇങ്ങനെ സ്തുതിക്കുന്നു:

'ഹൃത്പുണ്ഡരീകമദ്ധ്യസ്ഥാം പ്രാതഃസൂര്യസമപ്രഭാം

പാശാങ്കുശധരാം സൌമ്യാം വരദാഭയ ഹസ്തകാം

ത്രിനേത്രാം രക്തവസനാം ഭക്തകാമദുധാം ഭജേ'.

('ഹൃദയകമലത്തില്‍ സ്ഥിതിചെയ്യുന്നവളും പ്രഭാതസൂര്യനു തുല്യമായ പ്രഭയോടുകൂടിയവളും പാശാങ്കുശധാരിണിയും മനോഹരാംഗിയും വരദാഭയഹസ്ത മുദ്രകളോടുകൂടിയവളും ത്രിനേത്രയും രക്തവസ്ത്രധാരിണിയും കാമനകളെ പൂര്‍ത്തീകരിക്കുന്നവളും ആയ ദേവിയെ ഞാന്‍ സദാ ഭജിക്കുന്നു'- വിവര്‍ത്തനം: ഉപനിഷദ്ദീപ്തി). ദേവിയുടെ സദസദാത്മകമായ ദ്വന്ദ്വഭാവത്തെ പ്രകീര്‍ത്തിക്കുന്ന ഈ സ്തുതിയെ അഥര്‍വശീര്‍ഷം എന്നു വിശേഷിപ്പിച്ചിരിക്കുന്നു. പാപനാശകവും വാക്സിദ്ധികരവുമായ ഈ മന്ത്രം ദേവതാസാന്നിധ്യത്തിനും പ്രാണപ്രതിഷ്ഠയ്ക്കും കാരണമാകുന്നു. ദേവതാ സാന്നിധ്യത്തില്‍ ഈ മന്ത്രോച്ചാരണം മൃത്യുവിനെക്കൂടി ഇല്ലാതാക്കുന്നു എന്നു പറഞ്ഞുകൊണ്ടാണ് ഉപനിഷത്ത് സമാപിക്കുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍