This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ദേവീഭാഗവതം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ദേവീഭാഗവതം
ശാക്തപുരാണങ്ങളില്‍ പ്രമുഖം. ദേവീപുരാണം, കാലികാപുരാണം, മഹാഭാഗവതം (ദേവീമഹാഭാഗവതം), ദേവീഭാഗവതം, ഭഗവതീപുരാണം, ചണ്ഡീപുരാണം (ചണ്ഡികാപുരാണം), സതീപുരാണം (കാളീപുരാണം, കാളികാപുരാണം) എന്നിവയാണ് പ്രധാന ശാക്തപുരാണങ്ങള്‍.
ഭാഗവതപുരാണത്തെ പതിനെട്ട് മഹാപുരാണങ്ങളില്‍ ഒന്നായി കണക്കാക്കുമ്പോള്‍ ശ്രീമദ്ഭാഗവതത്തെയും ദേവീഭാഗവതത്തെയും പരിഗണിക്കുന്നതായാണ് പണ്ഡിതമതം. മഹാപുരാണങ്ങളില്‍ ദേവീഭാഗവതം ഉള്‍പ്പെടുന്നതായി വായുപുരാണം, മത്സ്യപുരാണം, കാലികാ ഉപപുരാണം, ആദിത്യ ഉപപുരാണം തുടങ്ങിയവയില്‍ പ്രസ്താവമുണ്ട്. പദ്മപുരാണം, വിഷ്ണുധര്‍മോത്തരപുരാണം, ഗരുഡപുരാണം, ഉപകൂര്‍മപുരാണം തുടങ്ങിയവയില്‍ ദേവീഭാഗവതത്തെ ഉപപുരാണമായാണ് പ്രസ്താവിച്ചിട്ടുള്ളത്.
ശ്രീമദ്ഭാഗവതപുരാണത്തിലും ദേവീഭാഗവതത്തിലും പന്ത്രണ്ട് സ്കന്ധങ്ങളില്‍ പതിനെണ്ണായിരം ശ്ളോകങ്ങളാണുള്ളത്. ശ്രീമദ്ഭാഗവതത്തില്‍ 332 അധ്യായങ്ങളും ദേവീഭാഗവതത്തില്‍ 318 അധ്യായങ്ങളുമുണ്ട്. ശ്രീമദ്ഭാഗവതത്തിലെ പഞ്ചമസ്കന്ധത്തിലെയും ദേവീഭാഗവതത്തിലെ അഷ്ടമസ്കന്ധത്തിലെയും ഭൂഗോളവര്‍ണനയും മന്വന്തരവര്‍ണന, ഭൂഖണ്ഡവിവരണം തുടങ്ങിയവയും ഇവയുടെ സമാനത വെളിപ്പെടുത്തുന്നു. ഇവ രണ്ടിലെയും പ്രമേയം ഉള്‍ക്കൊള്ളുന്ന ഒരു ഭാഗവതമായിരുന്നു ആദ്യമുണ്ടായിരുന്നത് എന്നും ബൗദ്ധധര്‍മപ്രഭാവത്തോടെ ഇതിന് പ്രചാരമില്ലാതായശേഷം പില്ക്കാലത്ത് വൈഷ്ണവഭക്തിപ്രസ്ഥാനത്തിന്റെ ആവിര്‍ഭാവത്തോടെ ഇതില്‍നിന്ന് വൈഷ്ണവമായ ശ്രീമദ്ഭാഗവതവും തുടര്‍ന്ന് ശാക്തമായ ദേവീഭാഗവതവും പ്രത്യേകം രചിതമായി എന്നും വിശ്വാസമുണ്ട്. സ്കന്ധത്തിന്റെയും ശ്ളോകത്തിന്റെയും എണ്ണത്തിലും പല വര്‍ണനകളിലുമുള്ള സമാനതയ്ക്ക് ഇതാണു കാരണമെന്ന് വിശ്വസിക്കുന്നവരുണ്ട്. ശ്രീമദ്ഭാഗവതത്തിന്റെ സ്വാധീനം ദേവീഭാഗവതത്തില്‍ പ്രകടമാണ് എന്നും പ്രസ്താവമുണ്ട്.
ദേവീഭാഗവതത്തിലെ വര്‍ണനകളുടെ വിശകലനത്തില്‍ ഇതിന്റെ രചയിതാവ് ബംഗാളില്‍ ജനിച്ച ശക്ത്യുപാസകനായ ഒരു ബ്രാഹ്മണനാണ് എന്ന് അനുമാനിക്കാം എന്ന് പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു. ഇദ്ദേഹം ദീര്‍ഘകാലം കാശിയില്‍ വസിച്ചുവെന്നും അതിനുശേഷമാണ് ഈ പുരാണം രചിച്ചത് എന്നും 11, 12 ശതകങ്ങളാകാം ഇതിന്റെ രചനാകാലമെന്നും ചിലര്‍ അനുമാനിക്കുന്നു. ശാക്തമതത്തിലെതന്നെ വ്യത്യസ്ത വിഭാഗങ്ങളെ സമന്വയിപ്പിച്ചുകൊണ്ടുള്ള ഒരു സമീപനമാണ് ഇതില്‍ സ്വീകരിച്ചിരിക്കുന്നത്. ശ്രീഭുവനേശ്വരീമൂര്‍ത്തിയായ ദേവിയെ ചതുര്‍ബാഹുസമന്വിതയായും ത്രിനയനയായും വര്‍ണിക്കുന്നു. പാശാങ്കുശങ്ങളും അഭയ, വരദ മുദ്രകളുമാണ് പ്രത്യേകം നാല് കൈയിലുള്ളത്. പരബ്രഹ്മരൂപിണിയും ആത്മസ്വരൂപിണിയുമാണെങ്കിലും സഗുണഭാവത്തില്‍ പുരുഷനും പ്രകൃതിയും ദുര്‍ഗ, ഗംഗ, ഭദ്രകാളി, സരസ്വതി തുടങ്ങിയ ദേവിമാരുമായി പരിണമിച്ച് സര്‍വജഗത്കാരണഭൂതയായും സര്‍വമംഗളപ്രദയായും ഭക്താഭയപ്രദയായും സ്ഥിതിചെയ്യുന്നതായി വര്‍ണിക്കുന്നു.
പതിനെട്ട് പുരാണങ്ങളും (മഹാപുരാണങ്ങള്‍) വേദവ്യാസനാണു രചിച്ചത് എന്നു പ്രസിദ്ധിയുണ്ട്. ദേവീഭാഗവതത്തെ പതിനെട്ട് പുരാണങ്ങളിലുള്‍പ്പെടുത്തി ഇതും വ്യാസപ്രണീതം തന്നെയെന്ന് ദേവീഭാഗവതത്തില്‍ പ്രസ്താവമുണ്ട്. സൃഷ്ടിവര്‍ണന, പ്രളയവര്‍ണന, രാജവംശവര്‍ണന, മന്വന്തരവര്‍ണന തുടങ്ങിയവ ഉള്‍പ്പെടുന്നതിനാല്‍ പുരാണലക്ഷണം ഇതിനു യോജിക്കുന്നു. ശ്രീമദ്ഭാഗവതത്തിലെപ്പോലെ ഭാഗവത മാഹാത്മ്യവര്‍ണനയോടുകൂടിയാണ് ഗ്രന്ഥം ആരംഭിക്കുന്നത്. പരീക്ഷിദുപാഖ്യാനം, ഇളോപാഖ്യാനം, സ്യമന്തകചരിതം എന്നിവ ദേവീമാഹാത്മ്യ പ്രകാശനത്തിനായി വിവരിക്കുന്നുണ്ട്. ശ്രീമദ്ഭാഗവതം ഏഴുദിവസം കൊണ്ടു പാരായണം ചെയ്യുന്നതും പാരായണം ചെയ്യുന്നതു ശ്രവിക്കുന്നതും മോക്ഷദായകമാണെന്നു പ്രസ്താവിക്കുന്നതിനു സമാനമായി നവാഹശ്രവണം- ഒന്‍പതുദിവസം കൊണ്ട് ദേവീഭാഗവതം ഒരാവര്‍ത്തി വായിച്ചുകേള്‍ക്കുന്നത്-പുണ്യഫലപ്രദമാണെന്ന് മാഹാത്മ്യത്തില്‍ വിശദീകരിച്ചിട്ടുണ്ട്.
('അതോ നവാഹയജ്ഞോയം സര്‍വസ്മാത്പുണ്യകര്‍മണഃ
ഫലാധികപ്രദാനേന പ്രോക്തഃ പുണ്യപ്രദോ നൃണാം'.)
ശ്രീമദ്ഭാഗവതത്തെപ്പോലെതന്നെ പുരാണകഥകളുടെ ഒരു ആകരമാണ് ദേവീഭാഗവതവും. ദേവീമാഹാത്മ്യ പ്രതിപാദകമായ കഥകളാണ് അധികം. മധുകൈടഭനിഗ്രഹകഥയാണ് ആദ്യത്തെ സ്കന്ധത്തിലെ പ്രധാന പ്രമേയം. പരമശിവനും മഹാവിഷ്ണുവിനും കഴിയാതെ വന്നപ്പോഴാണത്രെ ദേവി ഈ കൃത്യം ഏറ്റെടുത്തത്. ദേവിയുടെ അനുഗ്രഹത്താലാണ് ദേവന്മാര്‍ അസുരനിഗ്രഹത്തിനു പ്രാപ്തരാകുന്നത്. വ്യാസപുത്രനായി ശ്രീശുകബ്രഹ്മര്‍ഷിയുടെ ജനനം, ശ്രീശുകമുനിയുടെ ദേവീഭാഗവതപഠനം തുടങ്ങിയവയും ഈ സ്കന്ധത്തിലെ പ്രധാന കഥകളാണ്.
മഹാഭാരതത്തില്‍ പ്രതിപാദിക്കുന്ന ചില കഥകള്‍ രണ്ടാംസ്കന്ധത്തില്‍ പ്രാധാന്യത്തോടെ പ്രതിപാദിക്കുന്നുണ്ട്. പരാശരമുനിയുടെ പുത്രനായി വേദവ്യാസന്റെ ജനനം, ശന്തനു മഹാരാജാവിന്റെയും സത്യവതിയുടെയും വിവാഹ കഥ, പാണ്ഡവരുടെ കഥ, പരീക്ഷിത്തിന്റെ ജനനം, പരീക്ഷിത്തിനെ തക്ഷകന്‍ ദംശിക്കുന്ന കഥ തുടങ്ങിയവയാണ് ഇതില്‍ പ്രധാനപ്പെട്ടവ. ദേവീഭാഗവതമാഹാത്മ്യവര്‍ണനയോടെയാണ് ഈ സ്കന്ധം അവസാനിക്കുന്നത്.
തൃതീയസ്കന്ധത്തില്‍ ബ്രഹ്മാവിഷ്ണു മഹേശ്വരന്മാരുടെ ദേവീസ്തുതി, അവര്‍ക്ക് ദേവി ജ്ഞാനോപദേശം നല്കുന്നത്, തത്ത്വനിരൂപണം, രാമായണകഥാസംഗ്രഹം, ശ്രീരാമന് നാരദന്‍ നവരാത്രി വ്രതോപദേശം നല്കുന്നത് തുടങ്ങിയവയാണ് പ്രധാന വിഷയങ്ങള്‍. മൂന്നാം സ്കന്ധത്തില്‍ രാമായണകഥയും നാലില്‍ ശ്രീകൃഷ്ണചരിതവുമാണ് പ്രധാന പ്രതിപാദ്യം. ശ്രീകൃഷ്ണന്റെ അദ്ഭുതപ്രവൃത്തികള്‍ക്കു സമാനമായി പരാശക്തിയുടെ കര്‍മങ്ങളും സര്‍വജ്ഞതയും നാലാം സ്കന്ധത്തില്‍ നിരൂപണം ചെയ്യുന്നു.
മഹിഷാസുര നിഗ്രഹവും ശുംഭനിശുംഭ നിഗ്രഹവുമാണ് അഞ്ചാം സ്കന്ധത്തിലെ പ്രധാന കഥകള്‍. ദേവീമാഹാത്മ്യത്തെപ്പറ്റി ബ്രഹ്മാവും മഹാവിഷ്ണുവും ചര്‍ച്ചചെയ്യുന്നതും പ്രധാന പ്രതിപാദ്യമാണ്. വൃത്രാസുരവധം തുടങ്ങിയ അനേകം കഥകള്‍ ആറാം സ്കന്ധത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മഹാമായാമഹിമ, ഭഗവതീമാഹാത്മ്യം എന്നിവയും അവസാനത്തെ അധ്യായത്തില്‍ പ്രതിപാദിക്കുന്നു.
ദേവീമഹത്ത്വപ്രകാശകങ്ങളായ അനേകം കഥകള്‍ ഏഴാം സ്കന്ധത്തിലുണ്ട്. വംശാനുചരിതവര്‍ണനയും ഈ ഭാഗത്തു കാണാം. ദേവിയുടെ വിരാട്രൂപം, ബ്രഹ്മനിരൂപണം, വിജ്ഞാനമഹിമ, ദേവീപൂജാവിധി, അതിന്റെ ഫലശ്രുതി എന്നിവയും ഈ സ്കന്ധത്തില്‍ വര്‍ണിക്കുന്നു. ദേവിയുടെ വിരാട് സ്വരൂപ വര്‍ണനത്തോടെ ആരംഭിക്കുന്ന ഭൂഗോള വര്‍ണനമാണ് എട്ടാം സ്കന്ധത്തിലെ പ്രധാന പ്രതിപാദ്യം. പതിനാല് ലോകത്തിന്റെ വര്‍ണന ഇവിടെയുണ്ട്.
ദേവിയുടെ ശക്തിസ്വരൂപവര്‍ണനയും അനേകം കഥകളിലൂടെ ഇതിന്റെ വിശദീകരണവും ഒന്‍പതാം സ്കന്ധത്തില്‍ കാണാം. തുളസീമാഹാത്മ്യം, ദേവീ പൂജാവിധി, പാപകര്‍മങ്ങള്‍, അതിനനുസരിച്ചു ലഭിക്കുന്ന നരകം തുടങ്ങിയവയും ഈ ഭാഗത്തു വിവരിക്കുന്നു. മന്വന്തരങ്ങളെ പരിചയപ്പെടുത്തുന്നതാണ് പത്താം സ്കന്ധം.
സദാചാരവര്‍ണന, ആശൗചസ്നാനാദി വിധി, രുദ്രാക്ഷമാഹാത്മ്യം, ഭസ്മ മഹിമ, പല പ്രകാരത്തിലുള്ള വ്രതചര്യകള്‍, അനുഷ്ഠാനങ്ങള്‍ തുടങ്ങിയവയാണ് പതിനൊന്നാം സ്കന്ധത്തിലെ മുഖ്യ വിഷയങ്ങള്‍. ദേവീസ്വരൂപത്തില്‍ ഗായത്രീമന്ത്രത്തിന്റെ പ്രാധാന്യം പന്ത്രണ്ടാം സര്‍ഗത്തില്‍ മുഖ്യമായി വിവരിക്കുന്നു. ദേവീഭാഗവത ഫലശ്രുതിയോടെയാണ് ഗ്രന്ഥം പരിസമാപിക്കുന്നത്. ജഗത്കാരണഭൂതയായ ജഗദംബികയില്‍ അചഞ്ചലമായ ഭക്തിയാണ് ഫലശ്രുതിയില്‍ പരമപ്രധാനമായി നിര്‍ദേശിക്കുന്നത്.
ഒന്‍പതു ദിവസം നീണ്ടുനില്ക്കുന്ന ദേവീപൂജയും ഒന്‍പതുദിവസംകൊണ്ട് ദേവീഭാഗവതപാരായണവും ശ്രവണവും അതീവപുണ്യവും ഭക്തിമുക്തിപ്രദവുമാണെന്ന് ദേവീഭാഗവതത്തില്‍ത്തന്നെ നിര്‍ദേശിക്കുന്നുണ്ട്. വിജയദശമി ദിനത്തിനു മുമ്പുള്ള ഒന്‍പതുദിവസം നവരാത്രം എന്നു പ്രസിദ്ധമാണ്. ദുര്‍ഗാപൂജ, സരസ്വതീപൂജ, ആയുധപൂജ, പുസ്തകം-തൊഴില്‍ ഉപകരണങ്ങള്‍ എന്നിവ പൂജിക്കല്‍ തുടങ്ങിയ വ്യത്യസ്ത രീതികളില്‍ വിജയദശമി ദിനത്തിനു മുമ്പുള്ള ഒന്‍പതുദിവസം ഭക്തിനിര്‍ഭരമായ ആഘോഷം ഭാരതത്തില്‍ എല്ലാ ദേശങ്ങളിലും പതിവുണ്ട്.
'നവരാത്രിവിധാനേന സംപൂജ്യ ജഗദംബികാം
നവാഹോഭിഃ പുരാണംച ദേവ്യാ ഭാഗവതം ശൃണു'
(ഒന്‍പതു ദിവസം നീണ്ടുനില്ക്കുന്ന ദേവീഭജനത്തിനുശേഷം ഒന്‍പതുദിവസം കൊണ്ട് ദേവീഭാഗവതം ഒരാവര്‍ത്തി വായിച്ചുകേള്‍ക്കുകയും വേണം എന്നാണ് നിര്‍ദേശിക്കുന്നത്.)
ത്രിമൂര്‍ത്തിസങ്കല്പം പ്രപഞ്ചത്തിന്റെ സൃഷ്ടി സ്ഥിതി സംഹാര കാരണവുമായി ബന്ധപ്പെട്ടതായിപുരാണങ്ങളില്‍ വര്‍ണിക്കപ്പെടുന്നുണ്ട്. ബ്രഹ്മാ വിഷ്ണു മഹേശ്വരന്മാരുടെ ശക്തികേന്ദ്രമായും സഹായഭൂതയായും വര്‍ത്തിക്കുന്ന പരാശക്തിയുടെ പ്രഭാവം ദേവീഭാഗവതത്തിലും മറ്റു ശാക്തപുരാണങ്ങളിലും വെളിപ്പെടുത്തുന്നു.
ശ്രീമദ്ഭാഗവതത്തിലും ദേവീഭാഗവതത്തിലും ഭക്തിയുടെ പരമപ്രാധാന്യമാണ് ഏറ്റവുമധികം വിശദമാക്കുന്നത്. ശ്രീമദ്ഭാഗവതത്തില്‍ ദര്‍ശനങ്ങള്‍ പ്രാമുഖ്യത്തോടെ വിശകലനം ചെയ്യുമ്പോള്‍ ദേവീഭാഗവതത്തില്‍ തന്ത്രത്തിനാണ് ആ സ്ഥാനം നല്കിയിട്ടുള്ളത്. ഈ സ്വാധീനമാണ് രാധാസങ്കല്പത്തിന് ദേവീഭാഗവതത്തില്‍ പ്രാധാന്യം ലഭിക്കാന്‍ കാരണം. മംഗള, ചണ്ഡി, ഷഷ്ഠി, മാനസ തുടങ്ങിയ മൂര്‍ത്തിഭേദങ്ങളുടെ ഉപാസന പില്ക്കാലത്ത് ഉള്‍പ്പെടുത്തിയതാണ് എന്നു പരാമര്‍ശമുണ്ട്. ബംഗാളിലെ ശക്ത്യുപാസനയുടെ സ്വാധീനത്താലാണിത് എന്നാണു വിശ്വാസം. ദേവീഭാഗവതത്തിന്റെ ചില ഭാഗങ്ങളെങ്കിലും ശ്രീമദ്ഭാഗവതത്തെക്കാള്‍ പ്രാചീനമാണെന്നു കരുതുന്നുണ്ട്. എന്നാല്‍ ദേവീഭാഗവതം ഇന്നത്തെ നിലയില്‍ ഒന്‍പതും പതിനൊന്നും ശതകങ്ങള്‍ക്കിടയില്‍ രൂപപ്പെട്ടെന്നു കരുതാമെന്നാണ് പണ്ഡിത മതം. നീലകണ്ഠന്‍, സ്വാമി തുടങ്ങിയവരുടെ വ്യാഖ്യാനങ്ങളും ഭാരതീയ പ്രാദേശിക ഭാഷകളില്‍ വിവര്‍ത്തനങ്ങളും അനേകം അനുവര്‍ത്തനങ്ങളും ദേവീഭാഗവതത്തിനു ലഭ്യമാണ്.