This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദൃഗ്ഗണിതം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ദൃഗ്ഗണിതം

ഒരു ജ്യോതിഷ-ഗണിത പദ്ധതി. കേരളത്തിലാണ് ഈ പദ്ധതി കണ്ടുപിടിക്കപ്പെട്ടത്. ആര്യഭടീയ ഗണിതത്തെ അടിസ്ഥാനമാക്കി അതിലെ ഗണനസംഖ്യകളെയും ഗണിതക്രിയകളെയും ലഘുപ്പെടുത്തി, ഗണിച്ചുകിട്ടിയ ഫലങ്ങള്‍ക്ക് സൂക്ഷ്മതയുണ്ടാകാന്‍വേണ്ട സംസ്കാരങ്ങളും ചെയ്ത് ദൃഷ്ടഫലംകൊണ്ട് കണ്ടുപിടിച്ച ഒരു പദ്ധതിയാണ് ദൃഗ്ഗണിതം. കേരളീയ ജ്യോതിശ്ശാസ്ത്രജ്ഞനായ വടശ്ശേരി പരമേശ്വരന്‍ നമ്പൂതിരി (1360-1455) ആണ്ഇതിന്റെ ഉപജ്ഞാതാവ്. ജാതകം, ഗ്രഹണാദിഗണനം മുതലായവയുടെ കാര്യത്തില്‍ ദൃഗ്ഗണിതരീതി അവലംബിക്കുന്നു. പ്രത്യക്ഷാനുഭവത്തില്‍നിന്ന് കണ്ടുപിടിക്കുന്ന ഈ പദ്ധതി നടപ്പിലായത് 1430-ലാണ്.

പഴയ ഒരു ഗണിത പദ്ധതിയായ പരഹിത ഗണിതത്തിന്റെ (എ.ഡി. 684) പരിഷ്കരിച്ച രൂപമാണ് ദൃഗ്ഗണിതം. ഗ്രഹങ്ങളുടെ യഥാര്‍ഥ സ്ഥിതി, ഗ്രഹയോഗം, ഗ്രഹണം മുതലായവ ആര്യഭടീയഗണിതം കൊണ്ട് ഗണിച്ചുകിട്ടുന്ന സ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായി വന്നതിനാല്‍, ആ പോരായ്മ പരിഹരിക്കുന്നതിനുണ്ടാക്കിയ പദ്ധതിയാണ് ഹരിദത്തന്റെ (എ.ഡി. 650-700) പരഹിത ഗണിതം.

കാലക്രമേണ പരഹിതത്തിലും ചില അപര്യാപ്തതകള്‍ കണ്ടുതുടങ്ങി. ഗ്രഹങ്ങളുടെ ഗതിയില്‍ വരുന്ന നിസ്സാരമായ മാറ്റങ്ങള്‍ സാധാരണഗതിയില്‍ കണക്കാക്കുക എളുപ്പമല്ല. പക്ഷേ കാലം കഴിയുംതോറും ഈ പിശകുകളെല്ലാം കൂടിവരുമ്പോള്‍ ജ്യോതിഷ-ഗണിത കാര്യങ്ങളില്‍ വന്‍ പിശകുകള്‍ കടന്നുകൂടുന്നു. ഈ പിശകുകളെക്കുറിച്ച് പരമേശ്വരന്‍ നമ്പൂതിരി സൂക്ഷ്മമായി നിരീക്ഷണം നടത്തി. നാല്പതുകൊല്ലം മുമ്പുമുതലുള്ള ഗ്രഹണങ്ങളെല്ലാം നിരീക്ഷിച്ചതില്‍നിന്ന് പരഹിതമനുസരിച്ചുള്ള ഫലത്തിനും ദൃഷ്ടഫലത്തിനും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു. അങ്ങനെ 55 കൊല്ലക്കാലത്തോളം ഗോളനിരീക്ഷണം ചെയ്തും ഗണിതക്രിയകളില്‍ പരിശ്രമിച്ചും ഇദ്ദേഹം ദൃഗ്ഗണിത പദ്ധതി ആവിഷ്കരിച്ചു. ഗോളഗണിതവും അതിനുപയുക്തമായ സാമാന്യഗണിതവുമാണ് ഈ പദ്ധതിയിലടങ്ങിയിരിക്കുന്നത്. കലിദിനാനയനം, ഗ്രഹങ്ങളുടെ മധ്യമസ്ഫുടം കണക്കാക്കുന്നതിനുള്ള ഗുണകാരഹാരകങ്ങള്‍ ( multipliers & divisors), ഗ്രഹസ്ഫുടാനയനം, ഗ്രഹമന്ദോച്ചങ്ങള്‍ (descending apsis), സ്ഫുടക്രിയയിലുപയോഗിക്കേണ്ട മന്ദ-ശീഘ്ര ജ്യാക്കള്‍ (chords), മന്ദ-ശീഘ്ര ജ്യാക്കള്‍ ഗണിക്കുവാനുപയോഗിക്കേണ്ട ഹാരകങ്ങളുടെയും സംസ്കൃതി ഹാരകങ്ങളുടെയും നിര്‍ദേശം, രവി-ചന്ദ്ര-രാഹു സ്ഫുടാനയനം, ഇഷ്ടഫലത്തിനു ചാപം കാണേണ്ട വിധം തുടങ്ങിയവയെല്ലാം ഈ പദ്ധതിയില്‍ വളരെ വിശദമായി വിവരിക്കുന്നുണ്ട്. ഈ സമ്പ്രദായങ്ങളെല്ലാം ഉള്‍പ്പെടുന്നതാണ് പരമേശ്വരന്‍ നമ്പൂതിരിയുടെ ദൃഗ്ഗണിതം എന്ന ജ്യോതിഷഗ്രന്ഥം. ഈ ഗ്രന്ഥത്തിനെ രണ്ട് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഒന്നാം ഭാഗത്തിനെ നാല് പരിച്ഛേദങ്ങളായി വീണ്ടും വിഭജിച്ചിട്ടുണ്ട്. ഒന്നാം ഭാഗത്തില്‍ സംഖ്യകള്‍ നിര്‍ദേശിക്കുന്നത് ഭൂതസംഖ്യ ഉപയോഗിച്ചാണ്. രണ്ടാം ഭാഗത്തിലാകട്ടെ, ഒന്നാം ഭാഗത്തില്‍ വിവരിക്കുന്ന സംഗതികള്‍ കുറേക്കൂടി ലളിതമായി വിശദീകരിക്കുന്നു. സംഖ്യകള്‍ കടപയാദിയിലാക്കിയിട്ടുമുണ്ട്. ഭാരതീയ ജ്യോതിശ്ശാസ്ത്രത്തില്‍ അതിപ്രധാനമായ സ്ഥാനമര്‍ഹിക്കുന്ന കൃതിയാണിത്. ദൃഗ്ഗണിത ഗ്രന്ഥത്തിന്റെ അഞ്ച് താളിയോല ഗ്രന്ഥങ്ങള്‍ കണ്ടുകിട്ടിയിട്ടുണ്ട്. താന്‍ ഗണിച്ച പദ്ധതിയില്‍ കാലക്രമേണ മാറ്റം വരാന്‍ സാധ്യതയുള്ളതിനാല്‍ അതതുകാലത്ത് ഗണിതജ്ഞര്‍ ഗണിച്ചു ശരിപ്പെടുത്തണമെന്ന് പരമേശ്വരന്‍ നമ്പൂതിരി ഗ്രന്ഥത്തില്‍ പരാമര്‍ശിക്കുന്നു. ഇദ്ദേഹത്തിന്റെ രചനകളില്‍ ഏറ്റവും മികച്ചതാണ് ഈ ഗ്രന്ഥം.

1938 വരെ ദൃഗ്ഗണിതം കേരളത്തില്‍ നിലവില്‍ നിന്നിരുന്നു. ദൃഗ്ഗണിത ഗ്രന്ഥത്തിന്റെ പരിഷ്കരിച്ച പതിപ്പാണ് നീലകണ്ഠ സോമയാജിയുടെ (1444-1545) തന്ത്രസംഗ്രഹം (എ.ഡി. 1500). ദൃഗ്ഗണിത ക്രിയകള്‍ വളരെ വിശദമായി ദൃക്കരണം എന്ന ഭാഷാഗ്രന്ഥത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍