This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദൂരദര്‍ശിനി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ദൂരദര്‍ശിനി

Telescope

വിദൂര വസ്തുക്കളില്‍ നിന്നുള്ള വികിരണം ശേഖരിക്കുന്നതിനും അളക്കുന്നതിനും പ്രതിബിംബം രൂപപ്പെടുത്തുന്നതിനും അവയെ വിശകലനം ചെയ്യുന്നതിനും ഉപയോഗപ്പെടുത്തുന്ന ഉപകരണം. ദൂരെയുള്ള വസ്തുക്കളെ ഇത് അടുത്തായും വലുതായും കാണിക്കുന്നു. ജ്യോതിശ്ശാസ്ത്രരംഗത്താണ് ഇതിന് ഏറ്റവും കൂടുതല്‍ പ്രാധാന്യമുള്ളത്. ജ്യോതിര്‍മണ്ഡലത്തിലെ വിദൂരസ്ഥമായ മങ്ങിയ വസ്തുക്കളെ കൂടുതല്‍ വ്യക്തമായും വളരെ അടുത്തടുത്ത് സ്ഥിതിചെയ്യുന്ന വസ്തുക്കളെ വ്യതിരിക്തമായും നിരീക്ഷിക്കാന്‍ ദൂരദര്‍ശിനി സഹായിക്കുന്നു. 'ദൂരെ' എന്നര്‍ഥം വരുന്ന 'ടെലി' (tele) ,'നോക്കുക' എന്നര്‍ഥം വരുന്ന 'സ്കോപിന്‍' (skopein) എന്നീ ഗ്രീക്ക് പദങ്ങള്‍ യോജിപ്പിച്ച് 'ദൂരെയുള്ളവയെ നിരീക്ഷിക്കുന്നതിനുള്ള ഉപകരണം' എന്ന അര്‍ഥത്തിലാണ് 'ടെലിസ്കോപ്' (telescope) എന്ന ഇംഗ്ളീഷ് പദം നിഷ്പന്നമായിട്ടുള്ളത്. കാചങ്ങള്‍ (lenses) കൊണ്ടോ ദര്‍പ്പണങ്ങള്‍ (mirrors) കൊണ്ടോ ഇവ രണ്ടും ചേര്‍ത്തോ ആണ് ദൂരദര്‍ശിനികള്‍ നിര്‍മിക്കാറുള്ളത്. പ്രകാശത്തെ അപവര്‍ത്തനം (refraction) ചെയ്യാനുള്ള കാചത്തിന്റെ കഴിവും അതിനെ പ്രതിഫലിപ്പിക്കാനുള്ള ദര്‍പ്പണത്തിന്റെ കഴിവുമാണ് ഇവിടെ പ്രയോജനപ്പെടുത്തുന്നത്. സാധാരണയായി ഉപയോഗിക്കപ്പെടുന്ന അപവര്‍ത്തന ദൂരദര്‍ശിനിക്കും പ്രതിഫലന ദൂരദര്‍ശിനിക്കും പുറമേ, പ്രത്യേക ഉദ്ദേശ്യങ്ങള്‍ക്കായി രൂപകല്പന ചെയ്ത വിവിധയിനം വിശേഷതരം ദൂര്‍ദര്‍ശിനികളുമുണ്ട്. ഉദാഹരണമായി ബഹുദര്‍പ്പണ (multi mirror) ദൂരദര്‍ശിനികള്‍, ബഹിരാകാശ (space) ദൂരദര്‍ശിനികള്‍, റേഡിയോ ദൂരദര്‍ശിനികള്‍, ഇന്‍ഫ്രാറെഡ് ദൂരദര്‍ശിനികള്‍, അള്‍ട്രാവയലറ്റ് ദൂരദര്‍ശിനികള്‍, എക്സ് റേ ദൂരദര്‍ശിനികള്‍, ഗാമാ റേ ദൂരദര്‍ശിനികള്‍, കോസ്മിക് റേ ദൂരദര്‍ശിനികള്‍, ന്യൂട്രിനോ ദൂരദര്‍ശിനികള്‍ എന്നിവ.

ദൂരദര്‍ശിനി

1609-ലാണ് ദൂരദര്‍ശിനികളുടെ ചരിത്രം ആരംഭിക്കുന്നത്. തോമസ് ഹാരിയട്ട് എന്ന നിരീക്ഷകനാണ് തുടങ്ങിവച്ചതെങ്കിലും അവധാനതയോടും സൂക്ഷ്മതയോടും വൈദഗ്ധ്യത്തോടുംകൂടി ആദ്യമായി ദൂരദര്‍ശിനി കൈകാര്യം ചെയ്തതിന്റെ ബഹുമതി ഗലീലിയോയ്ക്കാണ്. 1609-ല്‍ത്തന്നെ ചന്ദ്രനിലെ പര്‍വതങ്ങളും ഗര്‍ത്തങ്ങളും, വ്യാഴത്തിന്റെ തിളക്കമാര്‍ന്ന നാല് ഉപഗ്രഹങ്ങളും, ശുക്രന്റെ വൃദ്ധിക്ഷയങ്ങളും, സൂര്യനിലെ കളങ്കങ്ങളും, താരാപഥങ്ങളുടെ നക്ഷത്രസ്വഭാവങ്ങളും തുടങ്ങി ആകാശത്തിലെ നിരവധി അദ്ഭുതങ്ങള്‍ അദ്ദേഹം കണ്ടുപിടിച്ചിരുന്നു. ആദ്യകാല ദൂരദര്‍ശിനികളില്‍ ഉന്മധ്യകാചങ്ങള്‍ (convex lens) ഉപയോഗിച്ചിരുന്നതുകൊണ്ട് പ്രകാശത്തിന്റെ അപവര്‍ത്തന സ്വഭാവമാണ് ഉപയോഗപ്പെടുത്തിയത്. അതുകൊണ്ട് അവ അപവര്‍ത്തന ദൂരദര്‍ശിനികള്‍ (Refractor Telescope) എന്നറിയപ്പെട്ടു. 1663-ല്‍ ജെ. ഗ്രിഗറി തത്ത്വം നിര്‍ദേശിച്ചെങ്കിലും ആദ്യമായി ഒരു പ്രതിഫലന ദൂരദര്‍ശിനി (Reflector Telescope) നിര്‍മിച്ച് ഉപയോഗിച്ചത് ഐസക് ന്യൂട്ടനാണ്. 18-ാം ശ.-ത്തില്‍ കൂടുതല്‍ വലുപ്പവും കാഴ്ചശക്തിയുമുള്ള ദൂരദര്‍ശിനികള്‍ നിര്‍മിക്കപ്പെട്ടു. 1789-ല്‍ വില്യം ഹെര്‍ഷല്‍ നിര്‍മിച്ച ദൂരദര്‍ശിനിയായിരുന്നു 1845-വരെ ഏറ്റവും വലുതെന്ന് കരുതപ്പെട്ടിരുന്നത്. 1845-ല്‍ ലോര്‍ഡ് റൊസ്സോയുടെ 72' റിഫ്ളക്ടര്‍ സ്ഥാപിതമായി.

1840-ല്‍ ദൂരദര്‍ശിനി ഉപയോഗിച്ച് ചന്ദ്രന്റെ ഫോട്ടോ എടുത്തതോടെ നേരിട്ടുള്ള നിരീക്ഷണം ഫോട്ടോഗ്രഫിക് മാര്‍ഗത്തിനു വഴിമാറി. ഇന്ന് സങ്കീര്‍ണമായ ബഹിരാകാശ നിരീക്ഷണങ്ങളെല്ലാം ഫോട്ടോഗ്രഫിക് മാര്‍ഗത്തിലൂടെയാണ് നടത്തുന്നത്.

1931-ല്‍ കാള്‍ ജാന്‍സ്കി വയര്‍ലസ് പ്രവര്‍ത്തനത്തില്‍ കണ്ട വിക്ഷോഭമാണ് റേഡിയോ ദൂരദര്‍ശിനി എന്ന ആശയത്തിന് തുടക്കം കുറിച്ചതെങ്കിലും പ്രയോഗക്ഷമമായ ഒരു റേഡിയോ ദൂരദര്‍ശിനി രൂപംകൊണ്ടത് പിന്നീടാണ്. ഇപ്പോള്‍ ലോകമെമ്പാടും അനവധി റേഡിയോ ദൂരദര്‍ശിനികള്‍ പ്രവര്‍ത്തിക്കുന്നു. അതുപോലെ എക്സ് റേ, ഗാമാ റേ തുടങ്ങിയ തരംഗങ്ങള്‍ ഉപയോഗിച്ചും ദൂരദര്‍ശിനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ദൂരദര്‍ശിനിക്കും നിരീക്ഷണവിധേയമാകുന്ന ആകാശവസ്തുവിനുമിടയില്‍ അന്തരീക്ഷം തടസ്സങ്ങള്‍ സൃഷ്ടിക്കാത്ത ജനവാസകേന്ദ്രങ്ങളില്‍നിന്നകന്ന പ്രദേശങ്ങളില്‍ ഒബ്സര്‍വേറ്ററികള്‍ സ്ഥാപിച്ചാണ്് സാധാരണയായി വാനനിരീക്ഷണം നടത്തുന്നത്. കൃത്രിമ പ്രകാശവും റേഡിയോ സ്രോതസ്സുകളും ശല്യകാരിയായ പ്രകാശം ഉണ്ടാക്കുന്നതുമൂലം ദൂരദര്‍ശിനിയിലൂടെയുള്ള നിരീക്ഷണം വികലമാകാതിരിക്കാനാണ് ഇപ്രകാരം ചെയ്യുന്നത്. ജ്യോതിശ്ശാസ്ത്ര നിരീക്ഷണ ഉപകരണങ്ങള്‍ ഭൂമിക്കു ചുറ്റുമുള്ള ഭ്രമണപഥങ്ങളിലും സ്ഥാപിച്ചിട്ടുണ്ട്. അവിടെ അന്തരീക്ഷം മുകളില്‍പ്പറഞ്ഞ തടസ്സം ഉണ്ടാക്കുന്നില്ലെന്ന മെച്ചമുണ്ട്. അന്തരീക്ഷത്തിലെ ഈര്‍പ്പം പ്രകാശത്തെ പ്രതിഫലിപ്പിച്ചാണ് തടസ്സം ഉണ്ടാക്കുന്നത്. ഭൂമിക്ക് വളരെ മുകളിലായി പ്രദക്ഷിണം ചെയ്യുന്ന ഹബിള്‍ ബഹിരാകാശ ദൂരദര്‍ശിനി(HST)യിലൂടെ ഭൂമിയുടെ ഉപരിതലത്തിലുള്ള ദൂരദര്‍ശിനിയെക്കാള്‍ കൂടുതല്‍ വ്യക്തമായി ബഹിരാകാശം കാണാം. ഇത്തരം ബഹിരാകാശ ദൂരദര്‍ശിനികളെ ഭൗമനിലയങ്ങളിലിരുന്നാണ് ശാസ്ത്രജ്ഞന്മാര്‍ നിയന്ത്രിക്കുന്നത്.

ഒരു മാതൃകാദൂരദര്‍ശിനിയില്‍ ഒരു ഭീമാകാര നതമധ്യ ദര്‍പ്പണം (concave mirror) ഉണ്ടായിരിക്കും. ഒരു വലിയ കുഴലിന്റെ അറ്റത്തു ഘടിപ്പിച്ചിട്ടുള്ള ഈ ദര്‍പ്പണം ബഹിരാകാശവസ്തുവില്‍നിന്നു വരുന്ന പ്രകാശം സംഭരിച്ച് ഒരു ബിന്ദുവിലേക്കു കേന്ദ്രീകരിക്കുന്നു. അതിനെ പിന്നീട് ക്യാമറയിലേക്കോ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളിലേക്കോ അയച്ച് ബഹിരാകാശ വസ്തുവിന്റെ അപഗ്രഥനം നടത്തുന്നു.

ആസ്റ്റ്രേലിയ ടെലിസ്കോപ് കോംപാക്റ്റ് അറേ:ATCA
ഗലീലിയോ നിര്‍മ്മിച്ച ദൂരദര്‍ശിനി
ഹെസ്സ് ഗാമാ റേ ടെലിസ്കോപ്
ഹോപ്കിന്‍സ് അള്‍ട്രാവയലറ്റ് ടെലിസ്കോപ്(ബഹിരാകാശത്ത്)
മാഗ്നം മിറര്‍ ടെലിസ് കോപ്(ഏറ്റവും വലിയ മിറര്‍)
സംവേദനക്ഷമത കൂടിയ ടെലിസ്കോപ്(പ്ല്യൂട്ടോ റിക്കോ)
വൈനു(വേണു)ബാപ്പു ഒബ്സര്‍വേറ്ററി(കവലൂര്‍)
ചിത്രം:Mutiple.jpg‌‌‌‌
മള്‍ട്ടിപ്പിള്‍ മിറര്‍ ടെലിസ്കോപ്,മൗണ്ട് ഹോപ്കിന്‍സ്,അരിസോണ
ഹബിള്‍(ബഹിരാകാശത്തുള്ള ടെലിസ്കോപ്)
ചിത്രം:Spitzer infrared.jpg‌
സ്പിറ്റ്സര്‍ ഇന്‍ഫ്രാറെഡ്(ബഹിരാകാശത്തുള്ള ടെലിസ്കോപ്)
ന്യൂട്ടന്‍ നിര്‍മ്മിച്ച ദൂരദര്‍ശിനി
റേഡിയോ ടെലിസ്കോപ്(ഊട്ടി)
റേഡിയോ ടെനിസ്കോപ് :പാര്‍ക്ക്സ്,ആസ്റ്റ്രേലിയ
വെരി ലാര്‍ജ് അറേ ടെലിസ്ഖോപ്(VLAR):ന്യൂ മെക്സിക്കോ


ദൂരദര്‍ശിനിയെ നിരീക്ഷണക്ഷമമായി ഉറപ്പിക്കുന്നതിനെ മൗണ്ടിങ് (mounting) എന്നു പറയുന്നു. മിക്ക ദൂരദര്‍ശിനികളും ഒരു പ്രത്യേക മൌണ്ടിങ്ങിലാണ് പ്രവര്‍ത്തിക്കുന്നത്. അതായത്, അതിന്റെ ഒരക്ഷം ഭൌമാക്ഷത്തിന് സമാന്തരവും, മറ്റൊന്ന് അതിനു ലംബവും (കിഴക്കുപടിഞ്ഞാറ്) ആയിരിക്കും. ഈ ക്രമീകരണത്തെ ഭൂമധ്യരേഖീയ മൗണ്ടിങ് (Equitorial mounting) എന്നു പറയുന്നു. ഭൌമാക്ഷത്തിനു സമാന്തരമായതിനെ ധ്രുവീയാക്ഷ(Polar axis)മെന്നും ലംബമായതിനെ വ്യതിചലനാക്ഷ(Declination)മെന്നും വിളിക്കുന്നു. നക്ഷത്രങ്ങള്‍ ഭൂമിയുടെ പ്രദക്ഷിണ ദിശയുടെ വിപരീത ദിശയില്‍ നീങ്ങുന്നതുകൊണ്ട് ഒരേ നക്ഷത്രത്തെ കേന്ദ്രീകരിച്ചുള്ള നിരീക്ഷണത്തിന്, നക്ഷത്രം നീങ്ങുന്ന വേഗത്തിലും ദിശയിലും ദൂരദര്‍ശിനി നീങ്ങണം. അഥവാ, ഭൂഭ്രമണം ഉണ്ടാക്കുന്ന നക്ഷത്രനീക്കത്തെ ദൂരദര്‍ശിനിയുടെ എതിര്‍ദിശയിലെ നീക്കംകൊണ്ട് വിഫലീകരിക്കണം. ഒബ്സര്‍വേറ്ററിയിലെ ഗോളകം (Dome) കറങ്ങിക്കൊണ്ടിരിക്കും. ഗോളകത്തിന്റെ വിടവിലൂടെ ദൂരദര്‍ശിനി ഉപയോഗിച്ച് എപ്പോഴും നക്ഷത്രത്തെ കാണാനാകുംവിധമായിരിക്കും ഗോളകത്തിന്റെ കറക്കം. ഭൂമധ്യരേഖീയ മൌണ്ടിങ്ങില്‍, നക്ഷത്രങ്ങള്‍ നീങ്ങുന്നതായി തോന്നുന്ന ദിശയ്ക്കു സമാന്തരമായി വ്യതിചലനാക്ഷം ഉറപ്പിച്ചതിനുശേഷം നിരീക്ഷിക്കേണ്ട ആകാശവസ്തുവിലേക്ക് ദൂരദര്‍ശിനിയെ ലക്ഷ്യമാക്കി വച്ചാല്‍, ഒരു മോട്ടോറിന്റെ സഹായത്തോടെ ദൂരദര്‍ശിനിയെ ധ്രുവീയാക്ഷത്തിനു ചുറ്റും കറക്കി ആകാശവസ്തുവിനെ സ്ഥിരമായി ദൂരദര്‍ശിനിയുടെ ഫോക്കസ്സില്‍ ലഭ്യമാക്കാം. ഭൂമധ്യരേഖീയ മൌണ്ടിങ് ചെലവേറിയതും സങ്കീര്‍ണവുമാണ്. ആധുനിക ദൂരദര്‍ശിനികള്‍ ലളിതവും ചെലവ് കുറഞ്ഞതുമായ മൌണ്ടിങ്ങാണ് ഉപയോഗിക്കുന്നത്. മാത്രമല്ല, അവയുടെ ചലനം നിയന്ത്രിക്കുന്നതും ആകാശവസ്തുക്കളുടെ സ്ഥാനനിര്‍ണയം നടത്തുന്നതും കംപ്യൂട്ടറുകളാണ്. ആധുനിക വാന നിരീക്ഷകര്‍ വളരെ ചുരുക്കമായേ ദൂരദര്‍ശിനിയിലൂടെ ആകാശവസ്തുക്കളെ നേരിട്ടു വീക്ഷിക്കുന്നുള്ളൂ. മറിച്ച്, സൌകര്യപ്രദമായ മുറികളിലിരുന്ന്-പലപ്പോഴും വളരെ ദൂരങ്ങളില്‍നിന്ന്-റിമോട്ട് കണ്‍ട്രോളിലൂടെ നിയന്ത്രിച്ച്, കംപ്യൂട്ടറിലൂടെയും വീഡിയോ സ്ക്രീനിലൂടെയും നിരീക്ഷിക്കുകയാണു പതിവ്.

ആധുനിക ഒബ്സര്‍വേറ്ററികളില്‍, വൈദ്യുതകാന്തിക വര്‍ണരാജിയിലെ എല്ലാവിധ തരംഗങ്ങളെയും ഉപയോഗിച്ചുള്ള ദൂരദര്‍ശിനികളുണ്ട്. ദൃശ്യപ്രകാശ തരംഗങ്ങള്‍ (visible rays VIBGYOR) ഒഴികെ മറ്റെല്ലാം മനുഷ്യന് അദൃശ്യങ്ങളായതിനാല്‍ തരംഗദൈര്‍ഘ്യത്തിനനുയോജ്യമായ ദൂരദര്‍ശിനിവേണം ഉപയോഗിക്കുവാന്‍. താരതമ്യേന വളരെ തണുത്ത ബഹിരാകാശ വസ്തുക്കള്‍ റേഡിയോ തരംഗങ്ങളെ(radio waves)യാണ് ഉത്സര്‍ജിക്കുന്നത്. റേഡിയോ ടെലിസ്കോപ്പുകള്‍ ഉപയോഗിച്ചാണ് അവയെ കാണുന്നത്. വര്‍ണരാജിയില്‍ റേഡിയോ തരംഗങ്ങള്‍ക്കും ദൃശ്യപ്രകാശ തരംഗങ്ങള്‍ക്കും ഇടയിലുള്ളവയാണ് ഇന്‍ഫ്രാറെഡ് രശ്മികള്‍ (Infrared rays). അവയെ അപഗ്രഥിക്കുന്ന ദൂരദര്‍ശിനികള്‍ ഏറെക്കുറെ റേഡിയോ-ദൃശ്യപ്രകാശ ദൂരദര്‍ശിനികളെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നത്. ഭൌമാന്തരീക്ഷം ഇന്‍ഫ്രാറെഡ് രശ്മികളെ ആഗിരണം ചെയ്യുമെന്നതിനാല്‍, ഇത്തരം ദൂരദര്‍ശിനികളെ ഈര്‍പ്പം കുറഞ്ഞ മലകള്‍ക്കു മുകളിലാണ് സ്ഥാപിക്കുന്നത്. അള്‍ട്രാവയലറ്റ് രശ്മികള്‍ ഉത്സര്‍ജിക്കുന്ന ബഹിരാകാശ സോത്രസ്സുകളെ അള്‍ട്രാവയലറ്റ് ദൂരദര്‍ശിനികള്‍ (U.V.Telescope) ഉപയോഗിച്ചാണ് നിരീക്ഷിക്കുന്നത്. അതുപോലെ, ബഹിരാകാശത്തിലെ എക്സ് റേ സ്രോതസ്സുകളെ കാണാനും അപഗ്രഥിക്കാനും എക്സ് റേ ദൂരദര്‍ശിനികള്‍

(X-ray Telescope) ഉപയോഗിക്കുന്നു. അള്‍ട്രാവയലറ്റ്, എക്സ് റേ ദൂരദര്‍ശിനികള്‍ ഉപയോഗിച്ചാണ് പ്രപഞ്ചത്തിലെ അത്യുഷ്ണ വസ്തുക്കളെയും വളരെ പ്രക്ഷുബ്ധമായ മേഖലകളെയും കാണുന്നത്. ഗാമാ രശ്മി നിരീക്ഷണാലയത്തില്‍ അനേകം ഗാമാ റേ ദൂരദര്‍ശിനികള്‍ ഒന്നിച്ച് ഒരു ശൃംഖലയായാണ് നിരീക്ഷണം നടത്തുന്നത്.

അത്യാധുനിക ദൂരദര്‍ശിനികളില്‍ പരമ്പരാഗത ക്യാമറകള്‍ക്കു പകരം സി.സി.ഡി. (Charge Coupled Device) ഉപയോഗിക്കുന്നു. വിശദമായ അപഗ്രഥനത്തിന് കാന്തിമാനം അളക്കുന്നത് ഫോട്ടോമീറ്ററുകളും സെപക്ട്രോമീറ്ററുകളുമാണ്. ഇപ്രകാരം ആകാശവസ്തുക്കളുടെ താപനില, രാസഘടന, കാന്തികമണ്ഡലം, ആകാശവസ്തു ഭൂമിയുടെ അടുത്തേക്കോ അകലേക്കോ നീങ്ങുന്ന വേഗം, ഭ്രമണം ചെയ്യുന്നതാണോയെന്നുള്ള വിവരം തുടങ്ങിയവ കൃത്യമായി അറിയാന്‍ കഴിയുന്നു. എല്ലാറ്റിനുമുപരി, ദൂരദര്‍ശിനികളുടെയും അനുബന്ധ സംവിധാനങ്ങളുടെ നിയന്ത്രണമുള്‍പ്പെടെയുള്ള കംപ്യൂട്ടറുകളുടെയും വിപുലമായ ഉപയോഗം നിരീക്ഷണ-ഗവേഷണ സംവിധാനങ്ങളുടെ പ്രവര്‍ത്തനത്തെ കൂടുതല്‍ കാര്യക്ഷമമാക്കുന്നു.

അന്തരീക്ഷത്തിലെ തന്മാത്രകളുടെ ചലനംമൂലം വിദൂരവസ്തുക്കളില്‍നിന്നു വരുന്ന പ്രകാശം വികൃതമാകുന്നതുകൊണ്ടും വായുവിലെ ജലകണങ്ങള്‍ പ്രകാശത്തെ ആഗിരണം ചെയ്യുകയും ചിതറിക്കുകയും ചെയ്യുന്നതുകൊണ്ടും പ്രകാശം മാറ്റമില്ലാതെ ദൂരദര്‍ശിനിയില്‍ പതിക്കുന്നില്ല. അതുകൊണ്ട് വളരെ നേര്‍ത്ത അന്തരീക്ഷമുള്ള ഭാഗങ്ങളില്‍, അതായത് പര്‍വതങ്ങളുടെ മുകളിലും മറ്റുമാണ് പ്രകാശീയ ദൂരദര്‍ശിനികള്‍ സ്ഥാപിക്കുന്നത്. സാധാരണയായി, ഇത് സമുദ്രനിരപ്പില്‍നിന്ന് 1.8 കി.മീ.-ല്‍ കൂടിയ ഉയരത്തിലായിരിക്കും. ലോകത്തില്‍ ഏറ്റവും ഉയരത്തിലുള്ള നക്ഷത്രനിരീക്ഷണാലയം ഹവായിയിലെ മൗനാകിയാ ആണ്. 4.15 കി.മീ. ആണ് ഇതിന്റെ ഉയരം. ഇവിടെ അനേകം ഭീമാകാര ദൂരദര്‍ശിനികളുണ്ട്. ഇതിലെ കെക് I, കെക് II ദൂരദര്‍ശിനികളാണ് ലോകത്തിലെ ഏറ്റവും വലുപ്പമേറിയ പ്രകാശീയ ദൂരദര്‍ശിനികള്‍.

ഇലക്ട്രോണിക് സംവിധാനങ്ങളുടെ സഹായമുള്ളതുകൊണ്ട് ഒരു പ്രത്യേക ദൂരദര്‍ശിനി ഉപയോഗിക്കാന്‍ നിരീക്ഷകര്‍ക്ക് ദൂരയാത്ര ചെയ്ത് അതിനടുത്തെത്തേണ്ടതില്ല. വളരെ ദൂരെ നിന്നുകൊണ്ടുതന്നെ അവയെ നിയന്ത്രിക്കുവാനും ആകാശവസ്തുക്കളെ നിരീക്ഷിക്കുവാനും അപഗ്രഥിക്കുവാനും കഴിയും. കംപ്യൂട്ടറുകളുടെ സഹായത്താല്‍, നിരീക്ഷകന് വളരെവേഗം ആധാരവിവരങ്ങള്‍ ലഭിക്കുന്നതിനും, നോക്കിയിരിക്കെതന്നെ നിരീക്ഷണഫലം അറിയുന്നതിനും, ആവശ്യമെങ്കില്‍ നിരീക്ഷണ പദ്ധതികള്‍ക്ക് തത്സമയ മാറ്റങ്ങള്‍ വരുത്തുന്നതിനും കഴിയും. അതുപോലെ പ്രത്യേകതരം തരംഗങ്ങളെ വൈദ്യുതകാന്തിക വര്‍ണരാജിയില്‍നിന്നു വേര്‍തിരിച്ചെടുക്കാനും ആ തരംഗങ്ങളെ ഉത്സര്‍ജിക്കുന്ന ബഹിരാകാശ മേഖലകളെ തിരിച്ചറിയുവാനും കംപ്യൂട്ടര്‍ ഉപകരിക്കുന്നു. ഇമേജിങ് സോഫ്റ്റ്വെയറാകട്ടെ, പ്രതിച്ഛായകളെ ശുദ്ധീകരിക്കാനും (clean up) ഇലക്ട്രോണിക് വിക്ഷോഭങ്ങളെ ഒഴിവാക്കാനും കൂടുതല്‍ ശ്രദ്ധേയമാകേണ്ട ഭാഗങ്ങളെ പ്രതിച്ഛായയില്‍ പ്രത്യേക വര്‍ണങ്ങളില്‍ പ്രദര്‍ശിപ്പിക്കാനും സഹായിക്കുന്നു.

ചിലപ്പോള്‍ ഒന്നിലധികം ദൂരദര്‍ശിനികളില്‍ നിന്നുള്ള, ഒരേ ബഹിരാകാശ വസ്തുവിന്റെ പ്രതിബിംബങ്ങളെ സംയോജിപ്പിച്ച് കൂടുതല്‍ തെളിമയുള്ള ഒറ്റ പ്രതിച്ഛായ ഉണ്ടാക്കാറുണ്ട്. ഈ പ്രക്രിയയെ ഇന്റര്‍ഫെറോമെട്രി (Interferometry) എന്നാണു പറയുന്നത്. ഇത്തരത്തില്‍ രണ്ട് ദൂരദര്‍ശിനികളിലൂടെ ഒന്നായി ലഭിക്കുന്ന പ്രതിച്ഛായയ്ക്ക്, രണ്ട് ദൂരദര്‍ശിനികളും തമ്മിലുള്ള അകലത്തോളം വലിയ വ്യാസമുള്ള ഒരു ദൂരദര്‍ശിനി ഉണ്ടാക്കുന്ന പ്രതിച്ഛായയുടെ തെളിമ അഥവാ വ്യതിരിക്തത (resolution) കാണും. അതായത്, 30 മീ. അകലത്തിലിരിക്കുന്ന രണ്ട് ദൂരദര്‍ശിനികള്‍ ഈ സംവിധാനം ഉപയോഗിക്കുമ്പോള്‍ 30 മീ. വ്യാസമുള്ള ഒരു ദൂരദര്‍ശിനിക്ക് സമാനമാകും. 1960 മുതല്‍ത്തന്നെ റേഡിയോ ദൂരദര്‍ശിനികളില്‍ ഇന്റര്‍ഫെറോമെട്രി ഉപയോഗിച്ചുതുടങ്ങിയെങ്കിലും, പ്രകാശീയ ദൂരദര്‍ശിനികളില്‍ 1990 മുതലാണ് ഈ സംവിധാനം ഉപയോഗിച്ചുതുടങ്ങിയത്. ന്യൂ മെക്സിക്കോയിലെ വി.എല്‍.എ.(Very Large Array)യില്‍ മൂന്ന് ശാഖകളിലായി 63 കി.മീ. നീളത്തില്‍ 27 റേഡിയോ ദൂരദര്‍ശിനികളാണ് വിന്യസിക്കപ്പെട്ടിരിക്കുന്നത്. അമേരിക്ക, ചിലി, ബ്രിട്ടന്‍, കാനഡ, ബ്രസീല്‍, അര്‍ജെന്റീന എന്നീ രാഷ്ട്രങ്ങള്‍ ചേര്‍ന്ന് ജെമിനി ദൂരദര്‍ശിനികള്‍ എന്നറിയപ്പെടുന്ന രണ്ട് ഇന്റെര്‍ഫെറോമെട്രി ദൂരദര്‍ശിനികള്‍ മൌനാകിയായില്‍ സ്ഥാപിച്ചിട്ടുണ്ട്.

വൈനു ബാപ്പു

കെക്-I കെക്-II (മൌനാകിയാ) എന്നിവ പ്രകാശീയ ദൂരദര്‍ശിനിക്കും, ജ്യോദ്രില്‍ ബാങ്കിലെ ദൂരദര്‍ശിനി റേഡിയോ ദൂരദര്‍ശിനിക്കും, ചന്ദ്രാ ദൂരദര്‍ശിനി എക്സ് റേ ദൂരദര്‍ശിനിക്കും, ഉട്ടായിലെ (U.S.A) 'ഈച്ചക്കണ്ണ്' ദൂരദര്‍ശിനി കോസ്മിക് റേ ദൂരദര്‍ശിനിക്കും ഉദാഹരണങ്ങളാണ്. ഹബിള്‍ ബഹിരാകാശ ദൂരദര്‍ശിനിയും ചന്ദ്രാ എക്സ് റേ ദൂരദര്‍ശിനിയും കോംപ്ടണ്‍ ഗാമാ റേ നിരീക്ഷണാലയവും (G.R.O) ബഹിരാകാശത്തു പ്രവര്‍ത്തിക്കുന്ന ദൂരദര്‍ശിനികളാണ്.

ലോകത്തിലെ ഏറ്റവും വലിയ ഏതാനും ഒബ്സര്‍വേറ്ററികളുടെയും അവിടെ ഉപയോഗപ്പെടുത്തുന്ന ദൂരദര്‍ശിനികളുടെയും വിവരങ്ങളാണ് പട്ടികയില്‍ കൊടുത്തിരിക്കുന്നത്.

തലശ്ശേരിക്കാരനായ വൈനു (വേണു) ബാപ്പുവിന്റെ നേതൃത്വത്തില്‍ ഭാരതത്തില്‍ അനവധി ദൂരദര്‍ശിനികള്‍ സ്ഥാപിക്കപ്പെട്ടു. അദ്ദേഹത്തിന്റെ സ്മരണാര്‍ഥം കവലൂരില്‍ (തമിഴ്നാട്) സ്ഥാപിതമായ വൈനു ബാപ്പു ദൂരദര്‍ശിനി ഏഷ്യാഭൂഖണ്ഡത്തിലെ ഏറ്റവും വലിയ പ്രകാശീയ ദൂരദര്‍ശിനിയാണ്. നോ: ജ്യോതിശ്ശാസ്ത്രോപകരണങ്ങള്‍

(പ്രൊഫ. ജി.കെ. ശശിധരന്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍