This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ദൂരദര്‍ശന്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ദൂരദര്ശന്
ഇന്ത്യയിലെ പൊതുമേഖലാ ടെലിവിഷന്‍ സംപ്രേഷണ ശൃംഖല. ലോകത്തിലെ ഏറ്റവും വലിയ ഭൂതലസംപ്രേഷണ ശൃംഖലകളില്‍ ഒന്നാണിത്. ഇന്ത്യാ ഗവണ്മെന്റ് നാമനിര്‍ദേശം ചെയ്യുന്ന 'പ്രസാര്‍ ഭാരതി' എന്ന 'ബ്രോഡ്കാസ്റ്റിങ് കോര്‍പ്പറേഷന്‍ ഒഫ് ഇന്ത്യ'യാണ് ഇതിന്റെ പ്രവര്‍ത്തനം നടത്തിവരുന്നത്. ഭൂതലസംപ്രേഷണത്തിനൊപ്പം ഉപഗ്രഹസംപ്രേഷണവും ദൂരദര്‍ശന്‍ ചെയ്തുവരുന്നു. ഡിജിറ്റല്‍ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള സംപ്രേഷണമാണ് പുതിയ മുന്നേറ്റം.
ചരിത്രം
ഭാഷാപരമായും സാംസ്കാരികമായും ഏറെ വൈവിധ്യങ്ങളുള്ള നാടാണ് ഇന്ത്യ. ഒരു വികസ്വര രാഷ്ട്രമായ ഇന്ത്യയില്‍ സാക്ഷരതാ ശതമാനം താരതമ്യേന കുറവാണ്. അതുകൊണ്ട് വിവരവിനിമയത്തിനും ബോധവത്കരണത്തിനും എന്നപോലെ ദേശീയതലത്തിലുള്ള വിനോദത്തിനും ഉചിതമായത് ദൃശ്യമാധ്യമമാണെന്ന തിരിച്ചറിവില്‍നിന്നാണ് ഇന്ത്യന്‍ ടെലിവിഷന്‍ സംപ്രേഷണത്തിന്റെ പിറവി.
ഇന്ത്യയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യമായി ടെലിവിഷന്‍ സംപ്രേഷണം നടന്നത് ഇന്ത്യന്‍ ശ്രവ്യ-പ്രക്ഷേപണ സ്ഥാപനമായ ആകാശവാണിയുടെ മേല്‍നോട്ടത്തിലായിരുന്നു. ഡല്‍ഹിയിലെ ആകാശവാണി നിലയത്തിലെ ഒരു സ്റ്റുഡിയോ ടെലിവിഷന്‍ സംപ്രേഷണത്തിന് അനുയോജ്യമാംവിധം പരിഷ്കരിച്ചുകൊണ്ടായിരുന്നു തുടക്കം. 1959 സെപ്. 15-നായിരുന്നു ആദ്യസംപ്രേഷണം. അതിന് 500 വാട്ട് ട്രാന്‍സ്മിറ്ററാണ് ഉപയോഗിച്ചത്. അതിലൂടെ 25 കി.മീ. ചുറ്റളവില്‍ ടെലിവിഷന്‍ സിഗ്നലുകള്‍ ദൃശ്യമായി.
1959-ലെ പരീക്ഷണസംപ്രേഷണം വിജയമായി എങ്കിലും ആറുവര്‍ഷങ്ങള്‍ക്കുശേഷം 1965-ലാണ് വാര്‍ത്തയടക്കമുള്ള പരിപാടികളുമായി പ്രതിദിന സംപ്രേഷണം ആരംഭിക്കാനായത്. ഇതും ആകാശവാണിയുടെ മേല്‍നോട്ടത്തിലായിരുന്നു യാഥാര്‍ഥ്യമായത്.
1972-ല്‍ ടെലിവിഷന്‍ സംപ്രേഷണത്തിനായിമാത്രം മുംബൈയില്‍ ഒരു കേന്ദ്രം തുറന്നു. ഇതോടെ ഡല്‍ഹിയില്‍നിന്നും മുംബൈയില്‍നിന്നും സംപ്രേഷണം ആരംഭിച്ചു. 1975-ല്‍ കൊല്‍ക്കത്ത, ചെന്നൈ, ശ്രീനഗര്‍, അമൃത്സര്‍, ലക്നൌ എന്നിവിടങ്ങളിലും സംപ്രേഷണകേന്ദ്രങ്ങള്‍ പ്രവര്‍ത്തനക്ഷമമായി. 1976-ല്‍ ആകാശവാണിയില്‍നിന്ന് ടെലിവിഷന്‍ സംപ്രേഷണദൌത്യം വേര്‍പെടുത്തി. ഒരു ഡയറക്ടര്‍ ജനറലിന്റെ നേതൃത്വത്തില്‍ ദൂരദര്‍ശന്‍ എന്ന ഇന്ത്യന്‍ പൊതുമേഖലാ ടെലിവിഷന്‍ സംപ്രേഷണ സ്ഥാപനം നിലവില്‍വന്നു.
1975-76 കാലഘട്ടത്തില്‍ത്തന്നെ ഉപഗ്രഹം വഴിയുള്ള സംപ്രേഷണ പരീക്ഷണങ്ങള്‍ നടന്നു. 'സാറ്റലൈറ്റ് ഇന്‍സ്ട്രക്ഷണല്‍ ടെലിവിഷന്‍ എക്സ്പെരിമെന്റ്' (SITE) എന്നാണ് അത് അറിയപ്പെട്ടത്. വിദ്യാഭ്യാസപരവും പ്രബോധനാത്മകവുമായ ലക്ഷ്യങ്ങള്‍ക്കായി ടെലിവിഷന്‍ സംപ്രേഷണ സൗകര്യത്തെ ഉപയോഗിക്കാനുള്ള ലോകത്തിലെ ആദ്യ സംരംഭമെന്ന നിലയില്‍ SITE ചരിത്രത്തില്‍ ഇടം നേടി.
ഭൂതല രീതിയിലുള്ള 'ബ്ലാക് ആന്‍ഡ് വൈറ്റ്' ടെലിവിഷന്‍ കാലഘട്ടത്തില്‍നിന്ന് കളര്‍ ടെലിവിഷന്‍ സംപ്രേഷണത്തിലേക്ക് ഇന്ത്യ ചുവടുമാറ്റിയത് 1982-ലാണ്. ആ വര്‍ഷം ഡല്‍ഹി ആതിഥ്യമേകിയ ഏഷ്യന്‍ ഗെയിംസിനോടനുബന്ധിച്ചായിരുന്നു ഇത്. വാര്‍ത്തകള്‍ തുടര്‍ച്ചയായി സംപ്രേഷണം ചെയ്യുവാനുള്ള സൗകര്യങ്ങളും ഇക്കാലത്ത് വിപുലമായി. ഇന്ത്യയുടെ നാനാഭാഗങ്ങളിലും ശക്തിയേറിയ ട്രാന്‍സ്മിറ്ററുകള്‍ സ്ഥാപിച്ചതും അതിരുകള്‍ വിപുലപ്പെടുത്തിയതും ഇക്കാലത്താണ്. രാജ്യവ്യാപകമായ ടെലിവിഷന്‍ സംപ്രേഷണ നിലയങ്ങളെ പരസ്പരം ബന്ധപ്പെടുത്തിക്കൊണ്ട് 1982-ല്‍ത്തന്നെ ദേശീയശൃംഖല (National network) നിലവില്‍വരികയും ചെയ്തു.
ഗള്‍ഫ് യുദ്ധകാലത്ത് നിരവധി വിദേശ/സ്വകാര്യ ഉപഗ്രഹ ചാനലുകള്‍ക്ക് ഇന്ത്യയില്‍ പ്രിയമേറി. ഇത് ദൂരദര്‍ശന് വെല്ലുവിളി ഉയര്‍ത്തി. ഈ അവസരത്തില്‍ കൂടുതല്‍ വിനോദാത്മകമായ പരിപാടികള്‍ ഉള്‍പ്പെടുത്തി പുതുഭീഷണിയെ മറികടക്കുന്നതിനായാണ് ഡി ഡി മെട്രൊ ചാനല്‍ ആരംഭിച്ചത്. 1984-ലാണ് ഇത് നിലവില്‍ വന്നത്.
വിനോദാത്മകവും ജനപ്രിയകരവുമായ പരിപാടികള്‍ക്ക് ദൂരദര്‍ശന്‍ 80-കളിലേ തുടക്കം കുറിച്ചിരുന്നു. കുടുംബപരമ്പരകള്‍, ചലച്ചിത്രങ്ങള്‍, ചലച്ചിത്രാധിഷ്ഠിത പരിപാടികള്‍, ഇതിഹാസ പരമ്പരകള്‍ തുടങ്ങിയ ആ ശ്രേണിയിലെ ആദ്യകാല വിജയസംരംഭങ്ങള്‍ ഇവയാണ് - ഹം ലോഗ് (1984), ബുനിയാദ് (1986-87), രാമായണ്‍ (1986), മഹാഭാരത് (1988-89).
1982 ആഗ. 15-ന് സമ്പൂര്‍ണ വാര്‍ത്താപ്രക്ഷേപണ സൗകര്യങ്ങള്‍ നിലവില്‍വന്നു. ഇതും വിനോദ പരിപാടികളുടെ പ്രചാരവും ടി.വി. പ്രേക്ഷകരുടെ എണ്ണം വര്‍ധിപ്പിച്ചു. രാത്രികാലങ്ങളില്‍ ചലച്ചിത്ര-കലാപരമ്പരകള്‍ സംപ്രേഷണം ചെയ്തുതുടങ്ങിയത് ഇതിന് ഗതിവേഗം കൂട്ടി.
ഇന്ന് ഇന്ത്യയിലെ 90% ജനങ്ങള്‍ക്ക് ദൂരദര്‍ശന്‍ പരിപാടികള്‍ പ്രാപ്യമാണ്. അന്തര്‍ദേശീയ ചാനല്‍, സ്പോര്‍ട്സ് തുടങ്ങിയവയ്ക്കായുള്ള സവിശേഷ ദേശീയ ചാനലുകള്‍ തുടങ്ങി ഒരു ബൃഹത് സംരംഭമായിട്ടുണ്ട് ഇന്ന് ദൂരദര്‍ശന്‍. ഒരു അന്തര്‍ദേശീയചാനലും (ഡി ഡി ഇന്ത്യ) ഡി ഡി നാഷണല്‍, ഡി ഡി സ്പോര്‍ട്സ്, ഡി ഡി ന്യൂസ്, ഡി ഡി ഭാരതി തുടങ്ങിയ ദേശീയ ചാനലുകളും 11 പ്രാദേശിക ഭാഷാ ഉപഗ്രഹ ചാനലുകളും നിരവധി പ്രാദേശിക-ഭൂതലസംപ്രേഷണ ചാനലുകളുമായി വളര്‍ന്നു വികസിച്ച ദൂരദര്‍ശന്‍ ശൃംഖലയുടെ വൈപുല്യം വ്യക്തമാക്കുന്ന ചാര്‍ട്ട് ഇനി ചേര്‍ക്കുന്നു.
ഡി റ്റി എച്ച് സേവനവും ഡിജിറ്റല്‍വത്കരണവും
കേബിള്‍ നെറ്റ് വര്‍ക്കിലൂടെ അല്ലാതെ ചാനലുകള്‍ നേരിട്ട് വീടുകളിലെത്തിക്കുന്നതിനുള്ള സംവിധാനമായ ഡി റ്റി എച്ച് (ഡയറക്റ്റ് റ്റു ഹോം) 2004 ഡി. 16-നാണ് ദൂരദര്‍ശന്‍ ആരംഭിച്ചത്. 2005-ല്‍ 33 ടെലിവിഷന്‍ ചാനലുകളും 12 റേഡിയോ ചാനലുകളും ഈ സംവിധാനത്തിലൂടെ ലഭിച്ചു. ഭൂതല സംപ്രേഷണം ലഭ്യമല്ലാത്തിടത്തും ഇതു ലഭിക്കും എന്നതാണ് സവിശേഷത. ഇന്ന് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ ഒഴികെയുള്ള എല്ലായിടങ്ങളിലും ദേശവ്യാപകമായി ഈ സൌകര്യം ലഭ്യമാണ്.
പത്താം പദ്ധതി പരമാവധി ഡിജിറ്റല്‍വത്കരണം ലക്ഷ്യമിട്ടാണ് മുന്നേറുന്നത്. ഇപ്പോള്‍ ഡല്‍ഹി, മുംബൈ, ബാംഗ്ളൂര്‍, ഹൈദരാബാദ്, ചെന്നൈ, കൊല്‍ക്കത്ത, സി.പി.സി. (ഡല്‍ഹി) എന്നിവിടങ്ങളില്‍ സമ്പൂര്‍ണ ഡിജിറ്റല്‍വത്കരണം നടന്നിട്ടുണ്ട്. ഭാഗികമായി ഡിജിറ്റല്‍വത്കരണം നടന്നുകഴിഞ്ഞ കേന്ദ്രങ്ങള്‍ ഇവയാണ് - ജമ്മു, ഗുല്‍ബര്‍ഗ, പോണ്ടിച്ചേരി, പോര്‍ട്ട് ബ്ളയര്‍, ഡല്‍റ്റോണ്‍ഗങ്, ഗാങ്ടോക്ക്, പനജി, റായ്പൂര്‍. ഇവയ്ക്കു പുറമേ ഷില്ലോങ്, ഐസ്വാള്‍, അഗര്‍ത്തല, ഇറ്റാനഗര്‍, കൊഹിമ, ഗുവാഹത്തി, ഷിംല, ഭോപാല്‍, ലക്നൌ എന്നിവിടങ്ങളിലെ സാറ്റലൈറ്റ് എര്‍ത്ത് സ്റ്റേഷനുകളും ഡിജിറ്റല്‍വത്കരിച്ചുകഴിഞ്ഞു.
പ്രഥമ സംപ്രേഷണത്തിന്റെ സ്മരണ നിലനിര്‍ത്തുന്നതിനായി സെപ്. 15 'ദൂരദര്‍ശന്‍ദിന'മായി ആഘോഷിച്ചുവരുന്നു. ഇന്ത്യയുടെ 'പബ്ളിക് സര്‍വീസ് ബ്രോഡ്കാസ്റ്റിങ് ഡേ' നവംബര്‍ 12 ആണ്. 1947 ന. 12-ന് ഗാന്ധിജി ആദ്യമായി റേഡിയോയിലൂടെ പൊതുജനങ്ങളെ അഭിസംബോധന ചെയ്തതിന്റെ സ്മരണയ്ക്കാണിത്.
അന്തര്‍ദേശീയ ചാനല്‍ (ഡി ഡി ഇന്ത്യ). ദൂരദര്‍ശന്റെ അന്തര്‍ദേശീയ ചാനലാണ് ഡി ഡി ഇന്ത്യ. 1995 മാ. 14-നാണ് ഇത് നിലവില്‍വന്നത്. തുടക്കത്തില്‍ ഡി ഡി വേള്‍ഡ് എന്നായിരുന്നു പേര്. 2002-ല്‍ ഡി ഡി ഇന്ത്യ എന്നു പുനര്‍നാമകരണം ചെയ്തു. രാജ്യത്തിന്റെ രാഷ്ട്രീയ-സാമ്പത്തിക-സാംസ്കാരിക രംഗങ്ങളിലെ സമകാലിക യാഥാര്‍ഥ്യങ്ങള്‍ വിദേശത്തുള്ള ഭാരതീയര്‍ക്കും അന്തര്‍ദേശീയ സമൂഹത്തിനും മനസ്സിലാക്കുവാനുള്ള ജാലകമെന്ന നിലയിലാണ് ഈ ചാനല്‍ പ്രവര്‍ത്തിച്ചുവരുന്നത്. ഇന്ത്യയുടെ സമുന്നതമായ പൊതുമേഖലാ ടെലിവിഷന്‍ സംപ്രേഷണ ശൃംഖലയിലൂടെ അന്താരാഷ്ട്ര സമൂഹവുമായി അന്തസ്സാര്‍ന്ന ബന്ധം സ്ഥാപിച്ചെടുക്കാനുള്ള ബൃഹത് സംരംഭം എന്ന് ഇത് വിശേഷിപ്പിക്കപ്പെടുന്നു.
PAS 9, PAS - 10 എന്നീ ഉപഗ്രഹങ്ങളിലൂടെ 146 രാജ്യങ്ങളില്‍ ഇത് ദൃശ്യമാകുന്നു. ഡല്‍ഹിയില്‍നിന്നാണ് ഇതിന്റെ അപ്ലിങ്കിങ് നടക്കുന്നത്. ദിവസവും 5 ന്യൂസ് ബുള്ളറ്റിനുകള്‍ ഇതിലുണ്ട്. ദിനംപ്രതി ചലച്ചിത്രവും സംപ്രേഷണം ചെയ്യുന്നുണ്ട്. പ്രധാന സംഭവങ്ങളെക്കുറിച്ചുള്ള ഫീച്ചറുകള്‍, സംഗീത-നൃത്ത പരിപാടികള്‍, ടൂറിസം പരിപാടികള്‍, കുട്ടികള്‍ക്കായുള്ള പരിപാടികള്‍ എന്നിവയോടൊപ്പം ഇതര വിനോദ പരിപാടികളും ഇത് സംപ്രേഷണം ചെയ്യുന്നു.
ഹിന്ദി-ഇംഗ്ലീഷ് പരിപാടികള്‍ക്കു പുറമേ ഉര്‍ദു, പഞ്ചാബി, തെലുഗു, കന്നഡ, തമിഴ്, മലയാളം, ഗുജറാത്തി, മറാഠി എന്നീ ഭാഷകളിലുള്ള പരിപാടികളും ഈ ചാനല്‍ അവതരിപ്പിക്കുന്നു.
ദേശീയ ചാനലുകള്‍
ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന ദൂരദര്‍ശന്‍ ചാനലുകള്‍ ഡി ഡി നാഷണല്‍, ഡി ഡി ന്യൂസ്, ഡി ഡി സ്പോര്‍ട്സ്, ഡി ഡി ലോക്സഭ, ഡി ഡി രാജ്യസഭ, ഡി ഡി ഭാരതി, ഗ്യാന്‍ദര്‍ശന്‍ എന്നിവയാണ്.
1.ഡി ഡി നാഷണല്‍. ഇന്ത്യയിലെ ആദ്യ ദേശീയ ചാനലായ ഇത് 1982-ല്‍ നിലവില്‍വന്നു. ഡി ഡി 1 എന്നാണ് ഇത് ആദ്യം അറിയപ്പെട്ടിരുന്നത്. ദേശീയോദ്ഗ്രഥനം ലക്ഷ്യംവച്ചുകൊണ്ടുള്ള പരിപാടികളാണ് ഈ ചാനലിലൂടെ അവതരിപ്പിക്കപ്പെടുന്നത്. ഏറ്റവുമധികം ഇന്ത്യന്‍പ്രേക്ഷകര്‍ കാണുന്ന ചാനല്‍ ഇതാണ്. വിനോദം, വിജ്ഞാനം, വിവരവിനിമയം തുടങ്ങിയവയില്‍ അധിഷ്ഠിതമായ പരിപാടികള്‍ ഇതില്‍ രാവിലെ 5.30 മുതല്‍ അര്‍ധരാത്രി വരെയുള്ള സമയത്തിനിടയ്ക്ക് ഭൂതലരീതിയില്‍ സംപ്രേഷണം ചെയ്യപ്പെടുന്നു. ഉപഗ്രഹരീതിയില്‍ 24 മണിക്കൂറും ഇത് ലഭ്യമാണ്. റിപ്പബ്ളിക്ദിന പരേഡ്, സ്വാതന്ത്ര്യദിന പരേഡ്, ദേശീയ അവാര്‍ഡ്ദാന ചടങ്ങുകള്‍, പ്രസിഡന്റും പ്രധാനമന്ത്രിയും രാഷ്ട്രത്തോടു നടത്തുന്ന പ്രഖ്യാപനങ്ങളും അഭിസംബോധനകളും, പാര്‍ലമെന്റിന്റെ സംയുക്തസമ്മേളനത്തില്‍ രാഷ്ട്രപതി നടത്തുന്ന പ്രസംഗം, പ്രധാന പാര്‍ലമെന്റ് സംവാദങ്ങള്‍, റെയില്‍വേ ബജറ്റ്, പൊതുബജറ്റ്, ലോക്സഭയിലെയും രാജ്യസഭയിലെയും ചോദ്യോത്തരവേളകള്‍, വോട്ടെണ്ണല്‍, തെരഞ്ഞെടുപ്പു വിശകലനങ്ങള്‍, സ്ഥാനാരോഹണച്ചടങ്ങുകള്‍, പ്രധാനമന്ത്രിയുടെയും പ്രസിഡന്റിന്റെയും വിദേശപര്യടനങ്ങള്‍, പ്രമുഖ വിദേശ നേതാക്കളുടെ സന്ദര്‍ശനം, ക്രിക്കറ്റ് പോലെ ഇന്ത്യന്‍ പങ്കാളിത്തമുള്ള പ്രധാന കായികമേളകള്‍, ഒളിമ്പിക്സ്, ഏഷ്യന്‍ ഗെയിംസ് തുടങ്ങിയവയുടെ തത്സമയ സംപ്രേഷണങ്ങള്‍ എന്നിങ്ങനെ ഒട്ടേറെ വിവരങ്ങള്‍ ഈ ചാനല്‍ ജനങ്ങളിലെത്തിക്കുന്നു.
2. ഡി ഡി ന്യൂസ്. ദേശീയതലത്തിലുള്ള ഈ വാര്‍ത്താചാനല്‍ 2003 ന. 3-ന് നിലവില്‍വന്നു. ഡി ഡി മെട്രൊ എന്ന ചാനലിനെയാണ് ഈ രീതിയില്‍ പരിഷ്കരിച്ചത്. പ്രാദേശിക വാര്‍ത്താകേന്ദ്രങ്ങളിലൂടെയും ദേശീയതലത്തിലുള്ള 22 വാര്‍ത്താവിഭാഗങ്ങളിലൂടെയും സമാഹരിക്കപ്പെടുന്ന വാര്‍ത്തകള്‍ ഈ ചാനല്‍ 24 മണിക്കൂറും സംപ്രേഷണം ചെയ്തുവരുന്നു. ഭൂതല രീതിയിലും ഉപഗ്രഹരീതിയിലും രാപകലെന്യേ വാര്‍ത്തകള്‍ ലഭ്യമാക്കുന്ന ഏക ദൂരദര്‍ശന്‍ ചാനല്‍ ഇതാണ്. ദ്വിഭാഷാചാനലായ ഇതില്‍ ഹിന്ദിയിലും ഇംഗ്ളീഷിലുമായാണ് പരിപാടികള്‍ അവതരിപ്പിക്കപ്പെടുന്നത്. 16 മണിക്കൂര്‍ തത്സമയ വാര്‍ത്താ സംപ്രേഷണം നടത്തുന്ന ഈ ചാനല്‍ ഇപ്പോള്‍ ഡി റ്റി എച്ച് സംവിധാനത്തിലൂടെയും ലഭ്യമാണ്. ഫ്ളാഷ് ന്യൂസ്, ബ്രേക്കിങ് ന്യൂസ് തുടങ്ങി വാര്‍ത്തകള്‍ അതിവേഗം എത്തിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഇതിനുണ്ട്. തത്സമയ ഓഹരി സൂചികാ കുറിപ്പുകളാണ് മറ്റൊരു പ്രത്യേകത. ഹിന്ദി-ഇംഗ്ളീഷ് വാര്‍ത്തകള്‍ക്കു പുറമേ സംസ്കൃതം, ഉര്‍ദു എന്നീ ഭാഷകളിലുള്ള വാര്‍ത്താവതരണങ്ങളുമുണ്ട്. വാര്‍ത്താധിഷ്ഠിത പരിപാടികളും വാര്‍ത്താവിശകലന പരിപാടികളും ആണ് മറ്റിനങ്ങള്‍. ഡല്‍ഹി മെട്രൊ സമാചാര്‍ ഡി ഡി ന്യൂസിലെ സവിശേഷ വാര്‍ത്താപംക്തിയാണ്. ബധിരര്‍ക്കായുള്ള പ്രത്യേക ബുള്ളറ്റിനുകളും ഇതിലുണ്ട്. രാജ്യോം സെ സമാചാര്‍, സ്റ്റേറ്റ്സ്മാന്‍, മെട്രൊ സ്കാന്‍, സ്പോര്‍ട്സ് ന്യൂസ്, ബിസിനസ്സ് ന്യൂസ്, പ്രസ്സ് റിവ്യൂ, ഇഷ്യു ഒഫ് ദ് ഡേ, ഡവലപ്മെന്റ് ന്യൂസ്, ടഅഅഞഇ ന്യൂസ് എന്നിവയാണ് മറ്റു സവിശേഷ വാര്‍ത്താപംക്തികള്‍.
3.ഡി ഡി സ്പോര്‍ട്സ്. കായികപരിപാടികള്‍ക്കു മാത്രമായുള്ള പ്രത്യേക ചാനലാണ് ഇത്. 1999 മാര്‍ച്ചില്‍ നിലവില്‍വന്നു. 'ഇന്ത്യന്‍ സാറ്റലൈറ്റ് സ്പോര്‍ട്സ് ചാനല്‍' എന്നായിരുന്നു ആദ്യനാമം. തുടക്കത്തില്‍ 7 മണിക്കൂര്‍ മാത്രമായിരുന്നു സംപ്രേഷണമെങ്കിലും 1999 ഏ. 28-ന് 12 മണിക്കൂറായും 2003 ജൂല. 15-ന് 24 മണിക്കൂറായും സംപ്രേഷണദൈര്‍ഘ്യം കൂട്ടി. 2003 ജൂല. 15-ഓടെ ഇത് സ്വതന്ത്രമായിത്തീരുകയും ചെയ്തു. ജഅട 10 എന്ന ഉപഗ്രഹത്തിലൂടെ ഇത് ഇന്ന് സൌജന്യമായി ഏവര്‍ക്കും ലഭ്യമാകുന്നു. ഏഷ്യയിലെയും യൂറോപ്പിലെയും ആഫ്രിക്കയിലെയുമടക്കം 143 രാജ്യങ്ങളില്‍ ഇത് ലഭ്യമാണ്.
4.ഡി ഡി ലോക്സഭ, ഡി ഡി രാജ്യസഭ. ലോക്സഭയിലെയും രാജ്യസഭയിലെയും വാര്‍ത്തകളും നടപടികളും ജനങ്ങളിലെത്തിക്കുന്നതിനായി ആരംഭിച്ച ഉപഗ്രഹചാനലുകള്‍. 2000 ഡി. 14-നാണ് ഇത് നിലവില്‍വന്നത്. ഡി റ്റി എച്ച് സംവിധാനത്തിലൂടെയും ഇ-ബാന്‍ഡിലൂടെയും ഇവ ലഭ്യമാണ്.
5.ഡി ഡി ഭാരതി. വ്യത്യസ്ത സാംസ്കാരിക-സാഹിത്യ-സന്നദ്ധ സംഘടനകളുടെയും യുവ ദൃശ്യമാധ്യമപ്രവര്‍ത്തകരുടെയും പ്രോഗ്രാമുകള്‍ സാമൂഹ്യനന്മ എന്ന ലക്ഷ്യം വച്ചുകൊണ്ട് സംപ്രേഷണം ചെയ്യുന്ന സവിശേഷ ചാനലാണ് ഡിഡി ഭാരതി. 2002 ജനു. 26-നാണ് ഇത് നിലവില്‍വന്നത്. ആരോഗ്യം, ശിശുസംരക്ഷണം, സംഗീതം, നൃത്തം, സാംസ്കാരികപാരമ്പര്യം തുടങ്ങിയ മേഖലകളില്‍നിന്നുള്ള വ്യത്യസ്ത പരിപാടികള്‍ ഈ ചാനല്‍ അവതരിപ്പിക്കുന്നു. സാഹസികതയ്ക്കു മുന്‍തൂക്കമുള്ള പരിപാടികളും ഇതിലുണ്ട്. പ്രതിഭകളെ കണ്ടെത്തല്‍, ചോദ്യോത്തര പരിപാടികള്‍ എന്നിവയാണ് മറ്റിനങ്ങള്‍. ചിത്രകല, കരകൌശലം, കാര്‍ട്ടൂണ്‍ എന്നീ മേഖലകളെക്കുറിച്ചുള്ള പരിപാടികള്‍ക്കും ഇത് പ്രാധാന്യം നല്കുന്നു. 'മേരി ബാത്' എന്നത് യുവാക്കളുമായുള്ള 'ഫോണ്‍ ഇന്‍' സംഭാഷണ പരിപാടിയാണ്. പരമ്പരാഗത ആരോഗ്യ-പ്രതിരോധ ശൈലികളെക്കുറിച്ച് നാല് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒരു പരിപാടിയും ഇതില്‍ അവതരിപ്പിക്കുന്നുണ്ട്. നാടകം, സാഹിത്യം, നൃത്തം എന്നീ രംഗങ്ങളിലെ പ്രമുഖരുടെ സാന്നിധ്യമാണ് ഇതിന്റെ മറ്റൊരു ആകര്‍ഷണീയത. ആകാശവാണി സംഗീത സമ്മേളനങ്ങളുടെ സംപ്രേഷണവും ഇതിലൂടെയാണ്.
പ്രാദേശിക ചാനലുകളില്‍നിന്ന് തിരഞ്ഞെടുത്ത പരിപാടികളും ഈ ചാനല്‍ അവതരിപ്പിക്കുന്നു. പബ്ളിക് സര്‍വീസ് ബ്രോഡ്കാസ്റ്റിങ് കോര്‍പ്പറേഷന്‍ (PSBC), യുനെസ്കോ എന്നിവ നിര്‍മിക്കുന്ന പരിപാടികള്‍ സംപ്രേഷണം ചെയ്യുന്നതിനും നാഷണല്‍ കൌണ്‍സില്‍ ഒഫ് എജ്യൂക്കേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ് (NCERT), സാഹിത്യ അക്കാദമി, ഇഗ്നൊ (IGNOU) തുടങ്ങിയവ നിര്‍മിച്ച പരിപാടികള്‍ അവതരിപ്പിക്കുന്നതിനും ഈ ചാനല്‍ അവസരമൊരുക്കുന്നു.
6.ഗ്യാന്‍ദര്‍ശന്‍. ഇന്ത്യയുടെ ദേശീയ വിദ്യാഭ്യാസ ചാനലാണ് ഗ്യാന്‍ദര്‍ശന്‍. ദൂരദര്‍ശന്റെയും ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി(IGNOU)യുടെയും സംയുക്ത സംരംഭമാണിത്. പരിപാടികള്‍ നിര്‍മിക്കുന്നത് കഏചഛഡ ആണ്. സ്കൂള്‍ വിദ്യാര്‍ഥികളെയും അധ്യാപകരെയും വിദൂരപഠന വിദ്യാര്‍ഥികളെയും മറ്റും ഉദ്ദേശിച്ചുള്ളവയാണ് ഇതിലെ പരിപാടികള്‍. കരിയര്‍ ഗൈഡന്‍സ്, കംപ്യൂട്ടര്‍ വിദ്യാഭ്യാസം, മത്സര പരീക്ഷകള്‍ക്കായുള്ള പഠനവസ്തുക്കള്‍, ടൂറിസം, സാംസ്കാരിക കാര്യങ്ങള്‍ എന്നിവയിലും ഈ ചാനല്‍ ഊന്നല്‍ നല്കുന്നുണ്ട്. 2003 ജനു. 26-ന് ഗ്യാന്‍ദര്‍ശന്‍-കകക എന്ന പേരില്‍ ഇതില്‍ സാങ്കേതിക വിദ്യാഭ്യാസ പരിപാടികള്‍ക്കായുള്ള ഒരു പ്രത്യേക പദ്ധതിയും ഉള്‍പ്പെടുത്തി.
പ്രാദേശിക ഭാഷാ ഉപഗ്രഹ ചാനലുകള്‍
ഓരോ സംസ്ഥാനത്തെയും ഭൂതല ചാനലുകള്‍ക്കു പുറമേ ഏതാനും പ്രാദേശിക ഭാഷാ ഉപഗ്രഹ ചാനലുകളും നിലവിലുണ്ട്. പ്രാദേശിക ഭാഷാ (ഭൂതല) ചാനലുകള്‍ അതതു സംസ്ഥാനങ്ങളില്‍ മാത്രമേ ലഭ്യമാകൂ എന്നിരിക്കെ പ്രാദേശിക ഭാഷാ ഉപഗ്രഹ ചാനലുകള്‍ ദേശീയതലത്തില്‍ ലഭ്യമാകും എന്നതാണ് പ്രത്യേകത. അത്തരത്തില്‍ ഇന്നു നിലവിലുള്ള പ്രാദേശിക ഭാഷാ ഉപഗ്രഹചാനലുകള്‍ ഇനി കൊടുക്കുന്നു.
1.ഡി ഡി നോര്‍ത്ത് ഈസ്റ്റ്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കായുള്ള പൊതു ഉപഗ്രഹ ചാനലാണ് ഇത്. അസമിയ, ഇംഗ്ളീഷ് എന്നിവയിലും ഇതര വടക്കുകിഴക്കന്‍ പ്രാദേശിക ഭാഷകളിലും ഈ സംവിധാനത്തിലൂടെ പരിപാടികള്‍ സംപ്രേഷണം ചെയ്തുവരുന്നു. വിനോദപ്രദവും വിജ്ഞാനദായകവുമായ പരിപാടികള്‍ ഇതിലുണ്ട്. വാര്‍ത്ത, വാര്‍ത്താധിഷ്ഠിത പരിപാടികള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദൂരദര്‍ശന്റെ ഗുവാഹത്തി, കൊഹിമ, ഇംഫാല്‍, സില്‍ചര്‍, ദിബ്രുഗഢ്, ട്യൂറ, ഐസ്വാള്‍, ഇറ്റാനഗര്‍, ഷില്ലോങ് സ്റ്റുഡിയോകള്‍ നിര്‍മിക്കുന്ന പരിപാടികളാണ് ഈ ചാനലില്‍ വരുന്നത്.
2.ഡി ഡി ഒറിയ. ഒറിയ ഭാഷയിലുള്ള പരിപാടികള്‍ 24 മണിക്കൂറും സംപ്രേഷണം ചെയ്യുന്ന ചാനലാണിത്. 1994-ലാണ് ഇത് ആരംഭിച്ചത്. പരമ്പരകള്‍, സാംസ്കാരിക പരിപാടികള്‍, വിനോദ-വിജ്ഞാന പരിപാടികള്‍, വാര്‍ത്തകള്‍, കാലികപ്രാധാന്യമുള്ള പരിപാടികള്‍ എന്നിവ ഇതിലുണ്ട്. ഭുവനേശ്വര്‍, ഭവ്നഗര്‍, സസാല്‍പുര്‍ സ്റ്റുഡിയോകളില്‍ നിര്‍മിക്കുന്ന പരിപാടികളാണ് ഇതില്‍ പ്രധാനമായും വരുന്നത്.
3.ഡി ഡി പൊധിഗൈ. തമിഴ് ഉപഗ്രഹ ചാനലാണിത്. 1993 മുതല്‍ സംപ്രേഷണം ആരംഭിച്ചു. തമിഴ് ചലച്ചിത്രങ്ങളിലൂടെയും ചലച്ചിത്രാധിഷ്ഠിത പരിപാടികളിലൂടെയും ദേശീയതലത്തില്‍ ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ ചാനലാണിത്. ഇതര വാര്‍ത്താ-വിനോദ പരിപാടികളും ഇതിലുണ്ട്. ഉപഗ്രഹ സംപ്രേഷണത്തോടൊപ്പം ഭൂതല സംപ്രേഷണവും നടത്തുന്ന ഏക ചാനല്‍ ഇതാണ്. 8 മണിക്കൂര്‍ നേരമാണ് ഭൂതല സംപ്രേഷണം. ചെന്നൈയിലാണ് ഇതിലെ പരിപാടികള്‍ നിര്‍മിച്ച് അവതരിപ്പിക്കുന്നത്.
4.ഡി ഡി പഞ്ചാബി. പഞ്ചാബി ഭാഷയിലുള്ള പരിപാടികള്‍ അവതരിപ്പിക്കുന്ന ഈ ഉപഗ്രഹ ചാനല്‍ 1998-ല്‍ നിലവില്‍ വന്നു. രാജ്യാന്തര പഞ്ചാബി സമൂഹത്തിന്റെ പ്രിയപ്പെട്ട ചാനലായി മാറിക്കഴിഞ്ഞ ഇതിന്റെ ആസ്ഥാനം ജലന്ധര്‍ ആണ്.
5.ഡി ഡി സഹ്യാദ്രി. മറാഠി ഉപഗ്രഹ ചാനലാണ് ഡി ഡി സഹ്യാദ്രി. 1994 മുതല്‍ സംപ്രേഷണം ചെയ്തുവരുന്നു. സ്വകാര്യ കേബിള്‍ ചാനലുകളുടെ വെല്ലുവിളി ഏറ്റവുമധികം നേരിടുന്ന ചാനലാകയാല്‍ അങ്ങേയറ്റം ഗുണനിലവാരമുള്ളതും വിനോദാത്മകവുമായ പരിപാടികളാണ് ഇതിലൂടെ അവതരിപ്പിക്കപ്പെടുന്നത്. മുംബൈ, നാഗ്പൂര്‍, പൂനെ സ്റ്റുഡിയോകളിലായാണ് ഇതിനുവേണ്ട പരിപാടികള്‍ നിര്‍മിക്കുന്നത്.
6.ഡി ഡി സപ്തഗിരി. തെലുഗു ഉപഗ്രഹ ചാനലാണിത്. 1993-ല്‍ നിലവില്‍വന്നു. ഹൈദരാബാദ്, വിജയവാഡ സ്റ്റുഡിയോകളാണ് പരിപാടികള്‍ നിര്‍മിക്കുന്നത്.
7.ഡി ഡി ബംഗ്ള. 2001-ല്‍ നിലവില്‍വന്ന ബംഗാളി ഉപഗ്രഹ ചാനലാണിത്. പശ്ചിമ ബംഗാളിന്റെ തനത് കലാരൂപങ്ങള്‍ക്കൊപ്പം വിനോദ-വാര്‍ത്താധിഷ്ഠിത പരിപാടികളും അവതരിപ്പിച്ചുവരുന്നു. കൊല്‍ക്കത്ത, ശാന്തിനികേതന്‍, ജല്‍പായ്ഗുരി എന്നിവിടങ്ങളിലെ സ്റ്റുഡിയോകളിലാണ് പരിപാടികള്‍ നിര്‍മിക്കുന്നത്.
8.ഡി ഡി ഗുജറാത്തി. 1992 മുതല്‍ സംപ്രേഷണം ആരംഭിച്ച ഈ ഗുജറാത്തി ഉപഗ്രഹ ചാനല്‍ 84 ശതമാനത്തിലേറെ ഗുജറാത്തി പ്രേക്ഷകര്‍ കാണുന്ന ഭൂതല ചാനലിന്റെ ഉപഗ്രഹ രൂപാന്തരമാണ്. അഹമ്മദാബാദിലെയും രാജ്കോട്ടിലെയും സ്റ്റുഡിയോകളിലാണ് പരിപാടികള്‍ നിര്‍മിക്കുന്നത്.
9.ഡി ഡി ചന്ദന. കന്നഡ ഉപഗ്രഹ ചാനല്‍. 1994-ല്‍ നിലവില്‍വന്നു. കന്നഡ ചലച്ചിത്രങ്ങളും പരമ്പരകളും ധാരാളമായി സംപ്രേഷണം ചെയ്യുന്ന ഈ ചാനലിന്റെ വാര്‍ത്താ-വിനോദ പരിപാടികള്‍ തയ്യാറാക്കുന്നത് ബാംഗ്ളൂര്‍, ഗുല്‍ബര്‍ഗ സ്റ്റുഡിയോകളാണ്.
10.ഡി ഡി കാശ്മീര്‍. കശ്മീരി ഭാഷയിലുള്ള വ്യത്യസ്ത വിനോദ-വാര്‍ത്താ പരിപാടികളും ചലച്ചിത്രാധിഷ്ഠിത പരിപാടികളും സംപ്രേഷണം ചെയ്യുന്ന ഉപഗ്രഹ ചാനല്‍. 2003-ല്‍ നിലവില്‍വന്നു. ശ്രീനഗര്‍, ജമ്മു, ലേ എന്നിവിടങ്ങളിലായാണ് പരിപാടികള്‍ നിര്‍മിച്ചുവരുന്നത്.
11.ഡി ഡി മലയാളം. മലയാളം ഉപഗ്രഹ ചാനല്‍. 1994 മുതല്‍ സംപ്രേഷണം ചെയ്തുവരുന്നു.
ഇതര പ്രാദേശിക ചാനലുകള്‍
പ്രാദേശിക ഭാഷാ ഉപഗ്രഹ ചാനലുകള്‍ക്കുമുമ്പേ നിലവില്‍വന്ന ഭൂതല സംപ്രേഷണ ചാനലുകള്‍ പലതും ഇന്നും നിലനില്ക്കുന്നുണ്ട്-ഡി ഡി കേരള, ഡി ഡി ഡെറാഡൂണ്‍, ഡി ഡി പനജി, ഡി ഡി ഹിസ്സാര്‍, ഡി ഡി ഗാങ്ടോക്ക്, ഡി ഡി റായ്പൂര്‍, ഡി ഡി റാഞ്ചി, ഡി ഡി പോര്‍ട്ട് ബ്ളയര്‍, ഡി ഡി സിംല, ഡി ഡി രാജസ്ഥാന്‍, ഡി ഡി മധ്യപ്രേദശ്, ഡി ഡി ഉത്തര്‍പ്രദേശ്, ഡി ഡി മിസ്സോറം, ഡി ഡി ത്രിപുര, ഡി ഡി കന്നഡ, ഡി ഡി പഞ്ചാബി, ഡി ഡി ഗുജറാത്തി തുടങ്ങിയവ ഇതിനുദാഹരണങ്ങളാണ്. ഇവയ്ക്ക് അതതു സംസ്ഥാനങ്ങളില്‍ ഏറെ പ്രേക്ഷകരുണ്ട്.
പ്രാദേശിക തലത്തില്‍ വിപുലമായ സ്റ്റുഡിയോ ശൃംഖലയും ദൂരദര്‍ശനുണ്ട്.
ഇവയില്‍ വടക്കുകിഴക്കന്‍ മേഖലയിലുള്ള സ്റ്റുഡിയോകള്‍ ഏറെയും നിലവില്‍വന്നത് 1993-ലാണ്. ദിബ്രുഗഢ്, സില്‍ചര്‍, ഇംഫാല്‍, ഷില്ലോങ്, ട്യൂറെ, കൊഹിമ എന്നിവ ഇതേ വര്‍ഷത്തില്‍ സ്ഥാപിതമായവയാണ്. ഗുവാഹത്തിയില്‍ 1985-ലും അഗര്‍ത്തലയില്‍ 92-ലും ഐസ്വാളില്‍ 95-ലും ഇറ്റാനഗറില്‍ 96-ലും ഗാങ്ടോക്കില്‍ 2004-ലുമാണ് ദൂരദര്‍ശന്‍കേന്ദ്രങ്ങള്‍ ആരംഭിച്ചത്.
ദൂരദര്‍ശന്‍ പരിപാടികള്‍
വാര്‍ത്തകള്‍ക്കും വാര്‍ത്താധിഷ്ഠിത പരിപാടികള്‍ക്കും പുറമേ ദൂരദര്‍ശന്‍ വ്യത്യസ്തങ്ങളായ വിനോദപരിപാടികള്‍ അവതരിപ്പിച്ചുവരുന്നു. വിനോദപരിപാടികള്‍ മൂന്ന് തരത്തിലുണ്ട്.
1.ദൂരദര്‍ശന്‍ സ്വയം നിര്‍മിക്കുന്നവ
2.പ്രായോജകരുടെ സഹായത്താല്‍ നിര്‍മിക്കപ്പെടുന്നവ
3.ദൂരദര്‍ശന്റെ ധനസഹായത്തോടെ പുറത്തുള്ളവര്‍ നിര്‍മിക്കുന്നവ.
ഇതില്‍ ആദ്യത്തേത് ഓണ്‍ പ്രൊഡക്ഷന്‍ എന്നും രണ്ടാമത്തേത് സ്പോണ്‍സേര്‍ഡ് പ്രോഗാം എന്നും മൂന്നാമത്തേത് കമ്മിഷന്‍ഡ് പ്രോഗാം എന്നും അറിയപ്പെടുന്നു.
ദൂരദര്‍ശന്‍ സ്വയം നിര്‍മിക്കുന്ന പരിപാടികളില്‍ വാര്‍ത്താധിഷ്ഠിത പരിപാടികള്‍ക്കു പുറമേ ഗാന-നൃത്ത-ഹാസ്യ-ചലച്ചിത്ര-നാടക-നാടോടിക്കലാ പരിപാടികള്‍ ഉള്‍പ്പെടുന്നു. ഇവയില്‍ മിക്കവയും ദൂരദര്‍ശന്‍ സ്റ്റുഡിയോകള്‍ക്കകത്തുവച്ചോ അതതു ദൂരദര്‍ശന്‍ കേന്ദ്രങ്ങളുടെ സൌകര്യങ്ങള്‍ ഉപയോഗിച്ച് അവിടത്തെ പ്രോഗ്രാംവിഭാഗം പുറത്തുവച്ചോ ചിത്രീകരിക്കുന്നവയാണ്.
സ്റ്റുഡിയോക്കകത്തുവച്ചു നിര്‍മിക്കുന്ന പരിപാടികള്‍ അതതു പരിപാടികള്‍ക്കായി തയ്യാറാക്കിയ രംഗപടങ്ങള്‍ ചിത്രീകരണവേദിയില്‍ സജ്ജമാക്കിയശേഷമാണ് ചിത്രീകരിക്കുന്നത്. ഇവയില്‍ തത്സമയം എഡിറ്റ് ചെയ്യുപ്പെടുന്നവയുമുണ്ട്. ഇത്തരം പരിപാടികളുടെ നിര്‍മാണത്തിന് പ്രോഗ്രാം പ്രൊഡ്യൂസര്‍മാര്‍, ക്യാമറാമാന്മാര്‍ തുടങ്ങി ഫ്ളോര്‍ മാനേജര്‍മാര്‍, ലൈറ്റിങ് അസിസ്റ്റന്റുമാര്‍ എന്നിങ്ങനെ നിരവധിപേരുടെ സേവനം ആവശ്യമുണ്ട്. ഇവയുടെ എഡിറ്റിങ്ങും ഡബ്ബിങ്ങും ദൂരദര്‍ശന്‍ സ്റ്റുഡിയോകളില്‍ത്തന്നെയാണ് നിര്‍വഹിക്കപ്പെടുന്നത.
കഥാപരമ്പരകളാണ് സ്പോണ്‍സേര്‍ഡ് പരിപാടികളായി അധികവും വരാറുള്ളത്. പ്രത്യേക സന്ദര്‍ഭങ്ങളില്‍ മാത്രമേ കമ്മിഷന്‍ഡ് പരിപാടികള്‍ ചെയ്യാറുള്ളൂ. ദൃശ്യമാധ്യമരംഗത്തും ചലച്ചിത്ര രംഗത്തും പ്രശസ്തരായവര്‍ക്കാണ് ഇത്തരം പരിപാടികളിലധികവും നല്കുക. സ്വാതന്ത്യ്രത്തിന്റെ അമ്പതാം വര്‍ഷത്തോടനുബന്ധിച്ച് ദൂരദര്‍ശന്‍ പ്രാദേശിക കേന്ദ്രങ്ങള്‍ നിര്‍മിച്ച ഡോക്യുമെന്ററി പരമ്പര, 50 എപ്പിസോഡുകളിലായി നിര്‍മിച്ച ഭാരത്യാന്‍, ഇന്ത്യന്‍ ക്ളാസ്സിക് സാഹിത്യപരമ്പരാവിഭാഗത്തിലുള്‍പ്പെടുത്തി നിര്‍മിച്ച കഥാപൈതൃകം, കഥാസരിത് സാഗരം, മലയാളത്തിലെ പ്രശസ്ത കഥാകാരന്മാരുടെ കഥകളെ അവലംബമാക്കി നിര്‍മിച്ച ടെലിഫിലിമുകള്‍ തുടങ്ങിയവ ഇതിനുദാഹരണങ്ങളാണ്.
തത്സമയ സംപ്രേഷണമാണ് മറ്റൊരു വിഭാഗം പരിപാടികള്‍. അവയില്‍ ക്രിക്കറ്റ് തുടങ്ങിയ കായികമത്സരങ്ങളും ലോക്സഭാ-രാജ്യസഭാ ചോദ്യോത്തരവേളയും പ്രാദേശിക ഉത്സവങ്ങള്‍ വരെയും ഉള്‍പ്പെടുന്നു. സ്വാതന്ത്യ്രദിനം, റിപ്പബ്ളിക്ദിനം തുടങ്ങിയ ദിവസങ്ങളിലെ പരേഡുകളുടെ തത്സമയ സംപ്രേഷണത്തിന് ദൂരദര്‍ശനുമാത്രമേ അവകാശമുള്ളൂ.
ജനകീയ ബോധവത്കരണത്തിനായുള്ള ഒട്ടനവധി പരിപാടികള്‍ ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്യുന്നുണ്ട്. അക്കൂട്ടത്തില്‍ ഏറെ സവിശേഷമായ ഒന്നാണ് കൃഷിദര്‍ശന്‍.
വാണിജ്യ പ്രക്ഷേപണം
1976-മുതലാണ് ദൂരദര്‍ശനില്‍ പരസ്യങ്ങള്‍ സംപ്രേഷണം ചെയ്തുതുടങ്ങിയത്. വാണിജ്യപ്രക്ഷേപണം കാര്യക്ഷമമായി നിര്‍വഹിക്കുന്നതിനുവേണ്ടി ഇന്ന് നിലവിലുള്ള ഉപസ്ഥാപനമാണ് 'ദൂരദര്‍ശന്‍ കമേഴ്സ്യല്‍ സര്‍വീസ്' (DCS). ദൂരദര്‍ശന്റെ വാണിജ്യ പ്രക്ഷേപണനയം സ്വരൂപിക്കുന്നത് ഈ സ്ഥാപനമാണ്. പരസ്യത്തുക നിശ്ചയിക്കുകയും കാലാനുസൃതമായി പരിഷ്കരിക്കുകയും ചെയ്യുന്നത് ഇതിന്റെ അധികാരപരിധിയില്‍ വരുന്നു. വാണിജ്യപരിപാടികള്‍ക്ക് അംഗീകാരം നല്കുക, സ്പോണ്‍സര്‍ഷിപ്പുകള്‍ നിശ്ചയിക്കുക, നിര്‍മാതാക്കളില്‍നിന്നും പ്രായോജകരില്‍നിന്നും യഥാസമയം തുക പിരിച്ചെടുക്കുക എന്നിവയും ഈ സ്ഥാപനമാണു ചെയ്യുന്നത്.
വിവിധ പരസ്യ ഏജന്‍സികള്‍ക്ക് അംഗീകാരം നല്കുക, പരസ്യങ്ങള്‍ സംപ്രേഷണയോഗ്യമാണോ എന്നു പരിശോധിക്കുക എന്നിവയും ഉഇട ആണ് നിര്‍വഹിക്കുന്നത്.
പരസ്യത്തിലൂടെ വലിയ വരുമാനമാണ് ദൂരദര്‍ശന് ലഭ്യമാകുന്നത്. ഉദാഹരണത്തിന് 2004-05 വര്‍ഷത്തില്‍ ദൂരദര്‍ശന്റെ പരസ്യവരുമാനം 665.27 കോടി രൂപയായിരുന്നു.
ദൂരദര്‍ശന്റെ അവാര്‍ഡുകള്‍
സ്റ്റുഡിയോകള്‍ നിര്‍മിച്ച പരിപാടികള്‍, ദൂരദര്‍ശന്റെ ധനസഹായത്തോടെ പുറത്തു നിര്‍മിച്ച പരിപാടികള്‍ (കമ്മിഷന്‍ഡ്), പ്രായോജകരുടെ സഹായത്താല്‍ നിര്‍മിച്ച പരിപാടികള്‍ (സ്പോണ്‍സേര്‍ഡ്) എന്നിവയുടെ കലാപരവും സാങ്കേതികവുമായ മികവ് ലക്ഷ്യംവച്ചുകൊണ്ടാണ് പ്രതിവര്‍ഷം ദൂരദര്‍ശന്‍ അവാര്‍ഡുകള്‍ നല്കുന്നത്.
ദൂരദര്‍ശനിലെ സ്ഥിരം ജീവനക്കാര്‍ നിര്‍മിച്ച പരിപാടികള്‍ക്കുള്ള അവാര്‍ഡ്, ദൂരദര്‍ശനിലെ പ്രോഗാം വിഭാഗത്തിലല്ലാത്ത ഇതര ജീവനക്കാര്‍ നിര്‍മിച്ച പരിപാടികള്‍ക്കുള്ള അവാര്‍ഡ്, കമ്മിഷന്‍ഡ്-സ്പോണ്‍സേര്‍ഡ് പരിപാടികള്‍ക്കുള്ള അവാര്‍ഡ് എന്നിങ്ങനെ അവാര്‍ഡുകള്‍ മൂന്ന് തലത്തിലായുണ്ട്.
ഇനി പറയുന്ന വിഭാഗങ്ങളിലാണ് അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്:
വിഭാഗം എ : പ്രോഗ്രാം. ഡോക്യുമെന്ററി/ഡോക്യു ഡ്രാമ, ടെലി-പ്ളേ, ടെലി-ഫിലിം, സീരിയല്‍/സോപ്പ് ഓപ്പറ, തിരക്കഥ, സംഗീതം, കുട്ടികളുടെ പരിപാടി, യുവജനങ്ങളുടെ പരിപാടി, സ്ത്രീകള്‍ക്കായുള്ള പരിപാടി, കായികം, ആനിമേഷന്‍, സ്പോട്ട് ഫിലിം, പ്രമോ (പ്രോഗ്രാമിനെക്കുറിച്ചുള്ള പരസ്യം), ടിവി-ഷോ, വനം-പരിസ്ഥിതി, ശാസ്ത്ര-സാങ്കേതികം, തത്സമയ സംപ്രേഷണം, മികച്ച കമ്മിഷന്‍ഡ് പരിപാടി, മികച്ച സ്പോണ്‍സേര്‍ഡ് പരിപാടി.
വിഭാഗം ബി : സാങ്കേതികം. ഛായാഗ്രഹണം, ശബ്ദം, എഡിറ്റിങ്, ഗ്രാഫിക്സ്, കലാസംവിധാനം/രംഗപടം/വസ്ത്രാലങ്കാരം, ചമയം.
വിഭാഗം സി : എന്‍ജിനീയറിങ്. മികച്ച നിലയിലുള്ള ഘജഠ/ഢഘജഠ, മികച്ച രീതിയില്‍ സംരക്ഷിക്കപ്പെടുന്ന കേന്ദ്രം, മികച്ച രീതിയില്‍ സംരക്ഷിക്കപ്പെടുന്ന ഉഉങഇ, മികച്ച ആസ്ഥാന മന്ദിരം-രൂപകല്പന, മികച്ച രീതിയില്‍ നിലനിര്‍ത്തപ്പെടുന്ന ഒജഠ, മികച്ച സ്റ്റുഡിയോ.
വിഭാഗം ഡി : വ്യക്തിഗതം. മികച്ച സാങ്കേതിക പ്രബന്ധം, മികച്ച ദൂരദര്‍ശന്‍ കേന്ദ്രം, മികച്ച ജഏഎ.
വിഭാഗം ഇ : വാര്‍ത്ത. മികച്ച അവതാരകന്‍, മികച്ച വാര്‍ത്താധിഷ്ഠിത പരിപാടി, മികച്ച വാര്‍ത്താ ക്യാമറാമാന്‍, മികച്ച തത്സമയ വാര്‍ത്താവതരണം, മികച്ച പ്രാദേശിക വാര്‍ത്താ യൂണിറ്റ്.
വിഭാഗം എഫ് : പ്രത്യേക പുരസ്കാരം. ചെലവു ചുരുക്കലിനുവേണ്ട മികച്ച ആശയം, ഓഡിയന്‍സ് റിസര്‍ച്ച് റിപ്പോര്‍ട്ട്, ഭരണം, സാഹിത്യകൃതിയെ അവലംബിച്ചുള്ള പരിപാടി, പുതിയ കണ്ടെത്തല്‍.
ഡെവലപ്മെന്റ് കമ്യൂണിക്കേഷന്‍ ഡിവിഷന്‍
വികസനോന്മുഖ പ്രശ്നങ്ങള്‍ അവതരിപ്പിക്കുക, സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെയും പൊതുമേഖലാസ്ഥാപനങ്ങളുടെയും ആശയവിനിമയ സൌകര്യങ്ങള്‍ വിപുലപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ ദൂരദര്‍ശന്‍ വാണിജ്യവിഭാഗത്തോടനുബന്ധിച്ച് 2001-ല്‍ സ്ഥാപിച്ച വിഭാഗമാണ് ഡവലപ്മെന്റ് കമ്മ്യൂണിക്കേഷന്‍ ഡിവിഷന്‍ (DCD). പൊതുമേഖലാ സ്ഥാപനങ്ങളില്‍നിന്നു പണം സ്വരൂപിച്ച് അവയുടെ മാധ്യമപരമായ ആവശ്യങ്ങള്‍ നിറവേറ്റുക എന്നതാണ് ഇതിന്റെ ദൌത്യം. അതില്‍ ഇനി പറയുന്ന കാര്യങ്ങള്‍ക്കായുള്ള ഏകജാലക സംവിധാനമുണ്ട്.
1.ദൂരദര്‍ശന്റെ സംപ്രേഷണ സമയവും പ്രോഗ്രാം നിര്‍മാണക്ഷമതയും വിതരണം ചെയ്യുക.
2.ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന തരത്തിലുള്ള ആസൂത്രണവും വിദഗ്ധോപദേശവും നല്കുക.
3.പ്രചാരണ പരിപാടികള്‍ നിര്‍മിച്ചുനല്കുക.
പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ഇടനിലക്കാരെ ഒഴിവാക്കി ദൂരദര്‍ശനുമായി നേരിട്ട് ഇടപാടുകള്‍ നടത്തുന്നതിന് ഇത് അവസരമൊരുക്കി.
ഡി സി ഡി നടത്തിയ വികസനോന്മുഖ പ്രവര്‍ത്തനങ്ങളില്‍ പ്രധാനപ്പെട്ടത് ഗ്രാമീണ വികസന സംരംഭങ്ങളാണ്. ഗ്രാമവികസന മന്ത്രാലയവുമായി ബന്ധപ്പെട്ടു നടത്തിയ ഈ ബൃഹത് പദ്ധതിയിലൂടെ 2500 പേര്‍ക്ക് ഇലക്ട്രോണിക് മാധ്യമത്തില്‍ പരിശീലനം നല്കി. ഗ്രാമവികസന സങ്കല്പങ്ങള്‍ ജനങ്ങളില്‍ വളരുന്നതിനു സഹായകമായ ബോധവത്കരണ പരിപാടികള്‍ 32 സ്റ്റേഷനുകള്‍ നിര്‍മിച്ചവതരിപ്പിച്ചു. 'ഗ്ളോബല്‍ മീഡിയ എയ്ഡ്സ് ഇനിഷ്യേറ്റീവ്' ആണ് മറ്റൊരു നിര്‍ണായക പരിപാടി. ബ്രിട്ടിഷ് ബ്രോഡ്കാസ്റ്റിങ് കോര്‍പ്പറേഷന്‍ വേള്‍ഡ് സര്‍വീസ് ട്രസ്റ്റു(BBCWST)മായി സഹകരിച്ചുകൊണ്ടു നടത്തിയ എയ്ഡ്സ് ബോധവത്കരണ ശ്രമമാണ് മറ്റൊന്ന്.
ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയവുമായി സഹകരിച്ചുകൊണ്ട് 2002-ല്‍ നടപ്പിലാക്കിയ 'കല്യാണി' എന്ന പരിപാടി ആരോഗ്യബോധവത്കരണരംഗത്ത് വന്‍ നേട്ടമാണുണ്ടാക്കിയത്. കല്യാണി I, കല്യാണി II പരിപാടികളുടെ ഭാഗമായി അസം, ബിഹാര്‍, ഝാര്‍ഖണ്ഡ്, മധ്യപ്രേദശ്, ഒറീസ, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ സ്ത്രീകളെയും കുട്ടികളെയും ഉള്‍പ്പെടുത്തി 'കല്യാണി ക്ലബ്ബുകള്‍' രൂപവത്കരിച്ചു. മലേറിയക്കെതിരായ ശക്തമായ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഇതിന്റെ ഭാഗമായി നടന്നു. ഈ സംരംഭത്തിന് 'ഗേറ്റ്സ് മലേറിയ അവാര്‍ഡും' 2004-ലെ 'കോമണ്‍വെല്‍ത്ത് ബ്രോഡ്കാസ്റ്റിങ് അസോസിയേഷന്‍ അവാര്‍ഡും' ലഭിച്ചു.
ദൂരദര്‍ശന്‍ ആര്‍ക്കൈവ്സ്
ഇന്ത്യയുടെ സമ്പന്നമായ കലാപൈതൃകത്തിന്റെ അതിബൃഹത്തായ ദൃശ്യശേഖരമാണ് ദൂരദര്‍ശന്‍ ആര്‍ക്കൈവ്സ്. സംഗീത-ദൃശ്യകലാ സംബന്ധിയായ പരിപാടികളുടെ വന്‍ശേഖരമാണിത്. ദേശീയ-അന്തര്‍ദേശീയ തലത്തില്‍ പ്രസിദ്ധരായ വ്യക്തികള്‍, പരിപാടികള്‍, ലോകത്തിലെ പ്രധാന സംഭവങ്ങള്‍, ഇന്ത്യന്‍ നാടോടിക്കലാരൂപങ്ങള്‍ തുടങ്ങിയവ ഇവിടെ സംരക്ഷിക്കപ്പെടുന്നു. ഇതില്‍നിന്നു തിരഞ്ഞെടുത്ത പല പരിപാടികളുടെയും വി.സി.ഡി.കളും എ.സി.ഡി.കളും പുറത്തിറക്കിയിട്ടുണ്ട്. പണ്ഡിറ്റ് ഭീംസെന്‍ ജോഷി, പണ്ഡിറ്റ് മണിറാം, മല്ലികാര്‍ജുന്‍ മന്‍സൂര്‍, നൗകചരിത (ഡി.വി.ഡി.യും വി.സി.ഡി.യും), ഒഡിസ്സി (ഡി.വി.ഡി.), ഭരതനാട്യം (വി.സി.ഡി.), ഉസ്താദ് ബിസ്മില്ലാഖാന്‍ (ഡി.വി.ഡി., വി.സി.ഡി., എ.സി.ഡി.) എന്നിവ അതിനുദാഹരണങ്ങളാണ്.
ദൂരദര്‍ശന്‍ കേരളത്തില്‍
കേരളത്തില്‍ നിന്നുള്ള ദൂരദര്‍ശന്‍ സംപ്രേഷണം ആരംഭിച്ചത് 1982 ആഗ. 15-നാണ്. എന്നാല്‍ കേരളത്തിന്റെ സ്വന്തം പ്രാദേശികകേന്ദ്രവും മലയാളത്തിലുള്ള ടെലിവിഷന്‍ പരിപാടികളുടെ സംപ്രേഷണവും ആരംഭിച്ചത് 1985-ലെ പുതുവര്‍ഷാരംഭ ദിനത്തിലാണ്. അന്നേദിവസംതന്നെ മലയാളം വാര്‍ത്തയുടെ സംപ്രേഷണവും ആരംഭിച്ചു. തിരുവനന്തപുരത്തെ കുടപ്പനക്കുന്നിലാണ് ദൂരദര്‍ശന്റെ മലയാള സംപ്രേഷണകേന്ദ്രം പ്രവര്‍ത്തിക്കുന്നത്.
1993 ഒ. 24-ന് കേരളത്തില്‍ പ്രാദേശിക ശൃംഖല (regional network) നിലവില്‍വന്നു. തുടര്‍ന്ന് 1994 ആഗ. 15-ന് മലയാളത്തിനു സ്വന്തമായി ഒരു ഉപഗ്രഹ ചാനലും ഉണ്ടായി. ഡി ഡി-4 എന്നായിരുന്നു കേരളത്തിന്റെ പ്രാദേശിക ഭൂതല ചാനലിന്റെ പേര്. ഉപഗ്രഹ ചാനല്‍ നിലവില്‍വന്നതോടെ ഭൂതല ചാനല്‍ ഡി ഡി-കേരളം ആയി. ഡി ഡി-മലയാളം എന്നാണ് ഉപഗ്രഹ ചാനലിന്റെ ഇപ്പോഴത്തെ പേര്.
ദൂരദര്‍ശന്റെ മലയാളം പരിപാടികള്‍ ഇരു ചാനലുകളിലൂടെയുമായി ഇന്ന് ദേശീയ-അന്തര്‍ദേശീയ തലത്തില്‍ ലഭ്യമാണ്. ഭൂതല സംപ്രേഷണം കേരളം, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളില്‍ ലഭിക്കുന്നു. ഇതിനായി കേരളത്തില്‍ 27-ഉം ലക്ഷദ്വീപില്‍ 7-ഉം മാഹിയില്‍ 1-ഉം ട്രാന്‍സ്മിറ്ററുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇവയിലൂടെ പ്രതിവാരം 168 മണിക്കൂര്‍ മലയാളം പരിപാടികളാണ് സംപ്രേഷണം ചെയ്യപ്പെടുന്നത്. ഉപഗ്രഹ സംപ്രേഷണം ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, ആസ്റ്റ്രേലിയ, അമേരിക്ക എന്നിവിടങ്ങളടക്കം 64 രാജ്യങ്ങളില്‍ ലഭ്യമാണ്. 2000 ജനു.-1 മുതല്‍ ഉപഗ്രഹ ചാനല്‍ 24 മണിക്കൂറും പരിപാടികള്‍ സംപ്രേഷണം ചെയ്യുന്നു. ഇതിനു പുറമേ ഡി ഡി ഇന്ത്യയിലും മലയാളം പരിപാടികളുണ്ട്.
കേരളത്തില്‍ തിരുവനന്തപുരത്തിനു പുറമേ ഇപ്പോള്‍ തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലും ദൂരദര്‍ശന്‍ പ്രാദേശിക കേന്ദ്രങ്ങളുണ്ട്. തൃശൂര്‍ കേന്ദ്രം (PGF) 2001 സെപ്. 6-നും കോഴിക്കോട് കേന്ദ്രം (ന്യൂസ് HPT) 2005 ഫെ. 15-നും നിലവില്‍വന്നു.
വാര്‍ത്തയും വിനോദപരിപാടികളുമായി ദൂരദര്‍ശന്‍ ഇന്ന് വന്‍ പ്രേക്ഷകപിന്തുണ പിടിച്ചുപറ്റിയിട്ടുണ്ട്. ചലച്ചിത്രങ്ങളും മെഗാപരമ്പരകളുമാണ് മികച്ച വിനോദപരിപാടികള്‍. ഒട്ടനവധി തത്സമയ സംപ്രേഷണങ്ങളും ഇന്ന് നിലവിലുണ്ട്. മകരവിളക്ക്, തൃശൂര്‍ പൂരം, ആറ്റുകാല്‍ പൊങ്കാല, നെഹ്റു ട്രോഫി വള്ളംകളി എന്നിവയുടെ തത്സമയ സംപ്രേഷണങ്ങളാണ് അവയില്‍ മുഖ്യം.
(സുനിത ടി.വി.)