This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദൂതഘടോത്കചം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ദൂതഘടോത്കചം

സംസ്കൃത നാടകം. ഭാസനാടകചക്രം എന്നു പ്രസിദ്ധമായ പതിമൂന്ന് നാടകങ്ങളിലൊന്ന്. മഹാഭാരതത്തിലെ യുദ്ധപര്‍വത്തിലെ ഒരു രംഗത്തെ അടിസ്ഥാനമാക്കിയ കല്പിതകഥയാണ് പ്രമേയം. ഭാസന്റെ നാടകീയ ശില്പചാതുരി പ്രകടമാക്കുന്നതാണ് ഈ കല്പിതകഥയും അവതരണവും.

കാളിദാസനു മുമ്പ്, ക്രിസ്ത്വബ്ദാരംഭകാലത്തു രചിക്കപ്പെട്ട ഭാസനാടകങ്ങള്‍ 20-ാം ശ.-ത്തിന്റെ രണ്ടാം ദശകംവരെ ഉദ്ധരണങ്ങളിലൂടെയും പരാമര്‍ശങ്ങളിലൂടെയും മാത്രം അറിയപ്പെട്ടിരുന്നു. 1912-ല്‍ രാജകീയഗ്രന്ഥശാലാധ്യക്ഷനായിരുന്ന മഹാമഹോപാധ്യായ ടി.ഗണപതി ശാസ്ത്രികള്‍ തിരുവനന്തപുരത്തിനു സമീപം ഒരു ഗൃഹത്തില്‍നിന്നു കണ്ടെടുത്ത താളിയോല ഗ്രന്ഥശേഖരത്തിലാണ് ഈ നാടകങ്ങള്‍ ആദ്യമായി കണ്ടെത്തിയത്. 1912 മുതല്‍ 15 വരെയുള്ള വര്‍ഷങ്ങളില്‍ ഇവ ട്രിവാന്‍ഡ്രം സാന്‍സ്ക്രിറ്റ് സീരീസില്‍ പ്രസിദ്ധീകരിച്ചു. 1912-ലാണ് ദൂതഘടോത്കചം പ്രസിദ്ധീകൃതമായത്.

പദ്മവ്യൂഹത്തിലകപ്പെട്ട അഭിമന്യുവിനെ ജയദ്രഥന്റെ നേതൃത്വത്തില്‍ കൌരവസൈന്യം യുദ്ധനിയമം തെറ്റിച്ച്, ചതിച്ച് വധിക്കുകയാണുണ്ടായത്. ഇത് പാണ്ഡവപക്ഷത്ത് നിരാശയുടെയും ദുഃഖത്തിന്റെയും വേലിയേറ്റമുണ്ടാക്കിയപ്പോള്‍ കൌരവപക്ഷത്ത് സമ്മിശ്ര പ്രതികരണമാണുണ്ടായത്. നാടകത്തില്‍ ഗാന്ധാരി, ദുശ്ശള എന്നിവരുടെ സംഭാഷണവും ധൃതരാഷ്ട്രരുടെ പ്രതികരണവും അഭിമന്യുവിനെ ചതിയില്‍ വധിച്ചതിനെ ന്യായീകരിക്കാത്ത രീതിയിലാണ്. എന്നാല്‍ ദുര്യോധനന്‍, ശകുനി തുടങ്ങിയവര്‍ അഭിമന്യുവിന്റെ വധത്തില്‍ സന്തുഷ്ടരും ആഹ്ളാദം പ്രകടിപ്പിക്കുന്നവരുമാണ്. ശ്രീകൃഷ്ണന്റെ നിര്‍ദേശത്താല്‍ ഭീമപുത്രനായ ഘടോത്കചന്‍ കൌരവസൈന്യ ശിബിരത്തിലെത്തി കൗരവപക്ഷത്തെ ഒന്നടങ്കം ഇല്ലായ്മ ചെയ്യാന്‍ അര്‍ജുനന്‍ ദൃഢപ്രതിജ്ഞ എടുത്തിരിക്കുന്ന വിവരം അറിയിക്കുന്നു. ഘടോത്കചന്റെ വാക്യത്താല്‍ ദുശ്ശാസനന്‍, ശകുനി തുടങ്ങിയവര്‍ പ്രകോപിതരാവുകയും ഘടോത്കചനെ ബന്ധിക്കുന്നതിനും വധിക്കുന്നതിനും മുതിരുകയും ചെയ്യുന്നു. ഘടോത്കചന്‍ തനിയെ ദുര്യോധനന്‍, കര്‍ണന്‍, ശകുനി, ദുശ്ശാസനന്‍ എന്നിവരെ നേരിടാനൊരുമ്പെടുന്നെങ്കിലും ധൃതരാഷ്ട്രര്‍ ഇടപെട്ട് രംഗം ശാന്തമാക്കുന്നു. അര്‍ജുനന്റെ ശപഥത്തെപ്പറ്റി ഓര്‍മിപ്പിച്ചിട്ട് ഘടോത്കചന്‍ മടങ്ങിപ്പോകുന്നു.

ഭാസന്റെതന്നെ ദൂതവാക്യം നാടകത്തിലേതിനു സമാനമായ സംഘര്‍ഷ സന്ദര്‍ഭമാണ് ഇതിലെയും പ്രധാന നാടകീയ രംഗം. രണ്ടിലും ദൂതുമായെത്തുന്നവരെ ദുര്യോധനാദികള്‍ ആക്രമിക്കാനൊരുങ്ങുകയും ധൃതരാഷ്ട്രര്‍ ഇടപെട്ട് രംഗം ശാന്തമാക്കുകയുമാണ് ചെയ്യുന്നത്. ദൂതഘടോത്കചത്തില്‍ വീരവും കരുണവും പ്രധാന രസങ്ങളായി വരുന്നു. ദൂതവാക്യത്തില്‍ വീരമാണ് പ്രധാനരസം. കല്പിതകഥ പ്രമേയമായുള്ള ദൂതഘടോത്കചം ഭരതവാക്യം കൂടാതെയാണ് അവസാനിപ്പിച്ചിരിക്കുന്നത്. ഘടോത്കചനെ പ്രധാന കഥാപാത്രമാക്കി ഭാസന്‍ രചിച്ചിട്ടുള്ള മറ്റൊരു നാടകമാണ് മധ്യമവ്യായോഗം. ഭാസനാടകങ്ങള്‍ കേരളീയ അഭിനയ കലയായ കൂടിയാട്ടത്തിന് ഉപയോഗിച്ചിരുന്നു.

ദൂതഘടോത്കചം കുണ്ടൂര്‍ നാരായണമേനോന്‍ മലയാളത്തിലേക്കു പരിഭാഷപ്പെടുത്തി. കറുത്തപാറ ദാമോദരന്‍ നമ്പൂതിരിയും ചെമ്പകശ്ശേരി രാമന്‍ തമ്പുരാനും ചേര്‍ന്ന് ദൂതഘടോത്കചം ആട്ടക്കഥ രചിച്ചിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍