This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ദുശ്ശാസനന്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ദുശ്ശാസനന്‍
മഹാഭാരതത്തിലെ ഒരു കഥാപാത്രം. ധൃതരാഷ്ട്രരുടെ രണ്ടാമത്തെ പുത്രന്‍. ഭരതന്‍, ഭരതശ്രേഷ്ഠന്‍, ഭാരതാപസദന്‍, ധൃതരാഷ്ട്രജന്‍, കൌരവന്‍, കൌരവ്യന്‍, കുരുശാര്‍ദൂലന്‍ എന്നീ പേരുകള്‍ ദുശ്ശാസനന്റെ പര്യായങ്ങളായി മഹാഭാരതത്തില്‍ പ്രയോഗിച്ചുകാണുന്നു. മഹാഭാരതം കഥയിലുടനീളം ജ്യേഷ്ഠനായ ദുര്യോധനനോട് പൂര്‍ണവിധേയത്വം പുലര്‍ത്തുന്ന കഥാപാത്രമായാണ് ദുശ്ശാസനന്‍ ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്.
ധര്‍മപുത്രര്‍ പാഞ്ചാലിയെ പണയപ്പെടുത്തി ചൂതുകളിക്കുകയും തോല്ക്കുകയും ചെയ്തപ്പോള്‍, ദുശ്ശാസനന്‍ സഭയില്‍വച്ച് പാഞ്ചാലിയുടെ മുടിക്കു പിടിച്ചു വലിക്കുകയും വസ്ത്രാക്ഷേപം ചെയ്യുകയും ചെയ്തു. ഇതിനു പ്രതികാരമായി ഭീമസേനന്‍ കുരുക്ഷേത്രത്തില്‍വച്ച് ദുശ്ശാസനന്റെ വലതുകൈ പിഴുതെടുക്കുകയും അതുകൊണ്ടുതന്നെ ദുശ്ശാസനനെ അടിക്കുകയും ചെയ്തു. അതിനുശേഷം ഇദ്ദേഹത്തിന്റെ മാറുപിളര്‍ന്ന് ഭീമന്‍ രക്തം പാനം ചെയ്തു. ദുശ്ശാസനന്റെ രക്തം മുടിയില്‍ പുരട്ടിയതിനുശേഷം മാത്രമാണ്, കൗരവസഭയില്‍വച്ച് ദുശ്ശാസനന്‍ വലിച്ചഴിച്ച തലമുടി പാഞ്ചാലി വീണ്ടും കെട്ടിവച്ചത്.
ഭാരതയുദ്ധത്തില്‍ മരിച്ച പ്രധാനികളുടെ ആത്മാ ക്കളെ വ്യാസന്‍ ആവാഹിച്ച് ഗംഗാജലം തളിച്ചു എന്നും അവരുടെ ഇടയില്‍ ദുശ്ശാസനനും ഉണ്ടായിരുന്നു എന്നും മഹാഭാരതം ആശ്രമവാസികപര്‍വം 32-ാം അധ്യായം 21-ാം പദ്യത്തില്‍ പരാമര്‍ശമുണ്ട്. മരണാനന്തരം ദുശ്ശാസനന് സ്വര്‍ഗം ലഭിച്ചതായി മഹാഭാരതം സ്വര്‍ഗാരോഹണപര്‍വം 5-ാം അധ്യായം 23-ാം പദ്യത്തില്‍ പ്രസ്താവിക്കുന്നു.