This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദുര്യോധനന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ദുര്യോധനന്‍

മഹാഭാരതകഥയിലെ ഒരു പ്രധാന കഥാപാത്രം. ഇദ്ദേഹം കൌരവന്മാരില്‍ ജ്യേഷ്ഠനായിരുന്നു. ദുര്യോധനന്റെ ജനനസമയത്ത് അനേകം ദുര്‍നിമിത്തങ്ങളുണ്ടായി. ധൃതരാഷ്ട്രര്‍ ബ്രാഹ്മണരെയും ഭീഷ്മരെയും മറ്റും വരുത്തി ദുര്യോധനന്റെ ഭാവി എന്തായിരിക്കുമെന്നുള്ളതിനെപ്പറ്റി ചിന്തിച്ചു. ദുര്യോധനന്റെ ജനനം നിമിത്തം ആ രാജവംശവും നാടും നശിക്കുമെന്നും അങ്ങനെ വരാതിരിക്കണമെങ്കില്‍ ദുര്യോധനനെ ഉപേക്ഷിക്കണമെന്നും അവര്‍ അഭിപ്രായപ്പെട്ടു. പക്ഷേ, പുത്രസ്നേഹം നിമിത്തം ദുര്യോധനനെ ഉപേക്ഷിക്കുവാന്‍ ധൃതരാഷ്ട്രര്‍ക്കു മനസ്സു വന്നില്ല.

പാണ്ഡുവിന്റെ മരണശേഷം കുന്തിയും പുത്രന്മാരുംകൂടി ധൃതരാഷ്ട്രരുടെ കൊട്ടാരത്തില്‍ കൌരവരോടൊത്തു കഴിഞ്ഞുവന്നു. ബാല്യകാലത്തുതന്നെ ദുര്യോധനാദികള്‍ക്ക് പാണ്ഡവരോട് ഒടുങ്ങാത്ത പകയുണ്ടായി. ഒരിക്കല്‍ ദുര്യോധനന്‍ ഭീമന് കാളകൂടവിഷം കലര്‍ത്തി ഭക്ഷണം കൊടുത്തു. പക്ഷേ, ഭീമന്‍ പൂര്‍വാധികം ശക്തനാവുകയാണുണ്ടായത്. മറ്റൊരിക്കല്‍ ദുര്യോധനന്‍ ധൃതരാഷ്ട്രരെ സമീപിച്ച് പാണ്ഡവരെ മറ്റൊരു കൊട്ടാരത്തിലേക്ക് മാറ്റിത്താമസിപ്പിക്കുവാനുള്ള അനുവാദം വാങ്ങി. അതനുസരിച്ച് വാരണാവതം എന്ന സ്ഥലത്ത് ദുര്യോധനന്‍ ഒരു അരക്കില്ലം പണിയിച്ചു. ശില്പി വിദുരരുടെ നിര്‍ദേശപ്രകാരം ദുര്യോധനന്‍ അറിയാതെ അതോടു ചേര്‍ത്ത് ഒരു ഗുഹാദ്വാരവും കൂടി പണിതു. പാണ്ഡവര്‍ അരക്കില്ലത്തില്‍ വാസം തുടങ്ങി. ഒരു ദിവസം ദുര്യോധനന്‍ അരക്കില്ലം അഗ്നിക്കിരയാക്കി. പക്ഷേ, പാണ്ഡവര്‍ ഗുഹാമാര്‍ഗത്തിലൂടെ രക്ഷപെട്ടു. പാണ്ഡവര്‍ വെന്തെരിഞ്ഞു എന്ന ധാരണയില്‍ ദുര്യോധനന്‍ ആശ്വസിച്ചു കഴിഞ്ഞുകൂടി.

ശകുനിയും ദുര്യോധനനും (കഥകളിയില്‍)

ഈ അവസരത്തില്‍ പാഞ്ചാലരാജപുത്രിയായ ദ്രൗപദിയുടെ സ്വയംവരത്തില്‍ സംബന്ധിക്കുവാനായി ദുര്യോധനാദികള്‍ അങ്ങോട്ടു പുറപ്പെട്ടു. എന്നാല്‍ ബ്രാഹ്മണവേഷധാരികളായി അവിടെ വന്നുചേര്‍ന്ന പാണ്ഡവരാണ് ദ്രൗപദിയെ വിവാഹം ചെയ്തത്. ഭീഷ്മര്‍, ദ്രോണര്‍ തുടങ്ങിയവരുടെ ഉപദേശപ്രകാരം ധൃതരാഷ്ട്രര്‍ പാണ്ഡവരെ തിരിച്ചുവിളിച്ച് അവര്‍ക്ക് പകുതി രാജ്യത്തിന്റെ അവകാശം കൊടുത്തു. പാണ്ഡവരെ എങ്ങനെയെങ്കിലും നശിപ്പിക്കണമെന്ന് ആഗ്രഹിച്ച ദുര്യോധനന്‍ ധര്‍മപുത്രരെ ചൂതിനു വിളിച്ചു. ശകുനിയുടെ സഹായത്തോടെ നടന്ന കള്ളച്ചൂതില്‍ ദുര്യോധനന്‍ ധര്‍മപുത്രരെ അടിക്കടി പരാജയപ്പെടുത്തി. എല്ലാം നഷ്ടപ്പെട്ട ധര്‍മപുത്രര്‍ക്ക് സഹോദരന്മാരുടെയും പഞ്ചാലിയുടെയും കൂടെ പന്ത്രണ്ടുവര്‍ഷം വനവാസത്തിനും ഒരു വര്‍ഷം അജ്ഞാതവാസത്തിനുമായി പുറപ്പെടേണ്ടിവന്നു. പാണ്ഡവരുടെ വനവാസകാലത്ത് അവരുടെ ദുരിതം നേരിട്ടുകണ്ട് ആസ്വദിക്കുവാനായി ദുര്യോധനന്‍ വനത്തിലെത്തി. അവിടെവച്ച് ഗന്ധര്‍വന്മാര്‍ ദുര്യോധനനെ ബന്ധിച്ചു. പാണ്ഡവര്‍ ഇടപെട്ടാണ് ദുര്യോധനനെ മോചിപ്പിച്ചത്. ലജ്ജിതനായ ദുര്യോധനന്‍ ആത്മഹത്യയ്ക്ക് ഒരുങ്ങിയെങ്കിലും ദുശ്ശാസനന്റെയും മറ്റും സാന്ത്വനവചനങ്ങള്‍ കേട്ട് ഉത്തേജിതനായി ആത്മഹത്യാശ്രമം ഉപേക്ഷിച്ചു.

ദുര്യോധനന്റെ രാജധാന(മുഗള്‍ പെയിന്റിങ്:ജയ്പൂര്‍ മ്യൂസിയം
]]

പാണ്ഡവര്‍ക്ക് അക്ഷയപാത്രം ലഭിച്ചെന്നറിഞ്ഞ് അസൂയാകലുഷിതനായിത്തീര്‍ന്ന ദുര്യോധനന്‍ ഒരിക്കല്‍ ദുര്‍വാസാവിനെ പ്രസാദിപ്പിച്ച് പാഞ്ചാലിയുടെ ഭക്ഷണാനന്തരം പാണ്ഡവരെ സന്ദര്‍ശിക്കാന്‍ നിയോഗിച്ചു. പാഞ്ചാലി ഭക്ഷണം കഴിച്ചുകഴിഞ്ഞാല്‍പ്പിന്നെ ആ ദിവസം അക്ഷയപാത്രത്തില്‍ ആഹാരം ഉണ്ടാവുകയില്ല. ദുര്‍വാസാവിനെയും ശിഷ്യന്മാരെയും കുളിച്ചുവരുവാന്‍ പറഞ്ഞയച്ചശേഷം ധര്‍മപുത്രര്‍ കൃഷ്ണനോട് സഹായത്തിന് അഭ്യര്‍ഥിച്ചു. പാഞ്ചാലി കഴുകിവച്ച പാത്രത്തില്‍ പറ്റിയിരുന്ന ചീരയില ഭക്ഷിച്ച് ശ്രീകൃഷ്ണന്‍ രംഗം വിട്ടു. കുളികഴിഞ്ഞുവന്ന ദുര്‍വാസാവിനും കൂട്ടര്‍ക്കും മൃഷ്ടാന്നഭോജനം കഴിഞ്ഞമാതിരിയുള്ള സംതൃപ്തി ലഭ്യമായെന്നാണ് പുരാണകഥ. മുനിയുടെ കോപത്താല്‍ പാണ്ഡവര്‍ നശിച്ചുകൊള്ളുമെന്നു കണക്കുകൂട്ടിയ ദുര്യോധനന്‍ അവിടെയും പരാജയപ്പെട്ടു. വനവാസവും അജ്ഞാതവാസവും കഴിഞ്ഞ് തിരിച്ചെത്തിയ പാണ്ഡവര്‍ക്ക് സൂചികുത്തുവാന്‍ പോലും സ്ഥലം കൊടുക്കുകയില്ലെന്ന് ദുര്യോധനന്‍ ശഠിച്ചു. അതിന്റെ ഫലമായി പാണ്ഡവന്മാരും കൌരവന്മാരും തമ്മില്‍ കുരുക്ഷേത്രത്തില്‍വച്ച് പതിനെട്ടുദിവസം നീണ്ടുനിന്ന ഭാരതയുദ്ധം നടന്നു. ആ യുദ്ധത്തില്‍ ഭീമസേനന്റെ ഗദകൊണ്ടുള്ള അടിയേറ്റ് തുടയൊടിഞ്ഞു നിലംപതിച്ച ദുര്യോധനന്‍ ഏറെത്താമസിയാതെ പ്രാണത്യാഗം ചെയ്തു.

ആജമീഢന്‍, ഭാരതന്‍, ഭരതര്‍ഷഭന്‍, ഭാരതാഗ്യ്രന്‍, ധാര്‍ത്തരാഷ്ട്രന്‍, ധൃതരാഷ്ട്രജന്‍, ഗാന്ധാരീപുത്രന്‍, കൌരവനന്ദനന്‍, കൗരവേന്ദ്രന്‍, കൌരവേയന്‍, കുരുപ്രവീരന്‍, കുരുസത്തമന്‍, സുയോധനന്‍ തുടങ്ങിയ പേരുകള്‍ ദുര്യോധനന്റെ പര്യായമായി മഹാഭാരതത്തില്‍ പ്രയുക്തമായിട്ടുണ്ട്.

(കെ. പ്രകാശ്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍