സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ദീപാരാധന
ഒരു ക്ഷേത്രാനുഷ്ഠാനം.
വിവിധയിനം ദീപാരാധനാവിളക്കുകള്‍
ക്ഷേത്രത്തില്‍ പ്രതിഷ്ഠയ്ക്കു മുന്നിലായി നടത്തുന്ന ദീപംകൊണ്ടുള്ള ആരാധനാകര്‍മമാണ് ഇത്. പലതരം ദീപാരാധനത്തട്ടുകള്‍ ഇതിനായി ഉപയോഗിക്കാറുണ്ട്. ദീപസ്തംഭത്തിന്റെ ചെറുപതിപ്പായ ആരാധനാവിളക്കില്‍ തിരികളിട്ട് ദീപം തെളിയിച്ച് ഉഴിയുന്നതാണ് ഒരു രീതി. നാഗഫണത്തിന്റെ ആകൃതിയിലുള്ള ദീപാരാധനത്തട്ടുമുണ്ട്. മറ്റൊന്ന് കര്‍പ്പൂരമിട്ട് കത്തിക്കാനുള്ള തട്ടാണ്. ചിലപ്പോള്‍ ഒന്നിനുപിറകെ ഒന്നായും ഇവ ദീപാരാധനയ്ക്ക് ഉപയോഗിക്കും. പ്രതിഷ്ഠാമൂര്‍ത്തിയെ ഇങ്ങനെ ദീപം കൊണ്ടുഴിയുമ്പോള്‍ ശാന്തിക്കാരന്‍ മറ്റേ കൈകൊണ്ട് മണി മുഴക്കിക്കൊണ്ടേയിരിക്കും. ദീപാരാധന നേരത്ത് അമ്പലത്തിനു പുറത്തുള്ള മണികള്‍ മുഴക്കുന്ന പതിവുമുണ്ട്. ശംഖുവിളി, കുരവയിടല്‍ എന്നിവയും ചില സ്ഥലങ്ങളില്‍ നിലവിലുണ്ട്. ദീപാരാധനയ്ക്കു തൊട്ടുമുമ്പ് ക്ഷേത്രനട ചാരിയിടും. അകത്ത് ദീപാലങ്കാരങ്ങളെല്ലാം കഴിഞ്ഞതിനുശേഷം നട തുറന്നുകൊണ്ട് ദീപാരാധന ആരംഭിക്കുകയാണ് പതിവ്. ക്ഷേത്രങ്ങളില്‍ ഭക്തദര്‍ശനം ധാരാളമായി ഉണ്ടാകാറുള്ളത് ദീപാരാധന നേരത്താണ്. അത്താഴപൂജയ്ക്കു മുമ്പാണ് പൊതുവേ ദീപാരാധന നടത്തുക. എന്നാല്‍ തിരുവാര്‍പ്പ് ക്ഷേത്രത്തില്‍ അത്താഴപൂജയ്ക്കു ശേഷം മാത്രമേ ഇതു നടത്താറുള്ളൂ. ഇന്ത്യയിലെ എല്ലാ ഭാഗങ്ങളിലും നേരിയ വ്യത്യാസങ്ങളോടെയാണെങ്കിലും ദീപാരാധന എന്ന ചടങ്ങ് നിലവിലുണ്ട്. ആരതി എന്ന പേരിലും ദീപാരാധന അറിയപ്പെടുന്നു. സന്ധ്യാദീപാരാധനയ്ക്കാണ് ഏറെ പ്രാധാന്യം കല്പിക്കപ്പെട്ടിട്ടുള്ളത്. ഉഷഃപൂജ, മധ്യാഹ്നപൂജ എന്നീ വേളകളിലും ദീപാരാധന നടത്താറുണ്ട്. പീഠ-മൂര്‍ത്തി-പ്രസന്ന പൂജാവസരങ്ങളിലും ദീപം കൊണ്ടുള്ള പൂജ നടത്തും. കലശം നടത്തുമ്പോള്‍ 'നീരാഞ്ജനം' എന്ന പേരിലാണ് ദീപാരാധന അറിയപ്പെടുന്നത്.