This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദീപകം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ദീപകം

ഒരു അര്‍ഥാലങ്കാരം. ഒന്നിലധികം വസ്തുക്കളെ ഒരേ ധര്‍മത്തിന്റെ സാംഗത്യത്താല്‍ അന്വയിപ്പിക്കുന്നതാണ് ദീപകം. ദീപകത്തില്‍ ഇങ്ങനെ അന്വയിക്കുന്ന വസ്തുക്കളില്‍ ഒന്ന് വര്‍ണ്യവും ഒന്ന് അവര്‍ണ്യവുമാകണം എന്നാണ് സംസ്കൃത ആലങ്കാരികന്മാരില്‍ പ്രമുഖരുടെ മതം.

'വദന്തി വര്‍ണ്യാവര്‍ണ്യാനാം

ധര്‍മൈക്യം ദീപകം ബുധാഃ'

എന്നാണ് കുവലയാനന്ദം എന്ന പ്രസിദ്ധ അര്‍ഥാലങ്കാര ഗ്രന്ഥത്തില്‍ പറയുന്നത്. ഏ.ആര്‍. രാജരാജവര്‍മയാകട്ടെ, ഭാഷാഭൂഷണത്തില്‍ ഒന്നിലധികം വര്‍ണ്യങ്ങള്‍ക്കോ അവര്‍ണ്യങ്ങള്‍ക്കോ വര്‍ണ്യാവര്‍ണ്യങ്ങള്‍ക്കോ ധര്‍മൈക്യം കല്പിക്കുന്നതാണ് ദീപകം എന്നാണ് വിശദീകരിച്ചിരിക്കുന്നത്. ഭാഷാഭൂഷണത്തിലെ ലക്ഷണോദാഹരണകാരികകള്‍ ഇങ്ങനെയാണ്:

'അനേകമേകധര്‍മ്മത്തി

ലന്വയിപ്പതു ദീപകം

മദംകൊണ്ടാനശോഭിക്കു

മൗദാര്യം കൊണ്ടു ഭൂപതി'.

ഇവിടെ ശോഭിക്കുക എന്നതാണ് ധര്‍മം. ഔദാര്യത്താല്‍ ഭൂപതിയും മദത്താല്‍ ആനയും ശോഭിക്കുന്നതായി ഇവിടെ ധര്‍മൈക്യകല്പന നടത്തിയിരിക്കുന്നു. കാരകദീപകം എന്ന വിഭാഗത്തെ ഭാഷാഭൂഷണത്തില്‍ വിവരിക്കുന്നുണ്ട്.

'മറിച്ചനേകം ക്രിയകള്‍ക്കേകകാരകയോഗവും

വന്നാല്‍ ദീപകമായീടുമെന്നു ചൊല്ലുന്നിതേ ചിലര്‍'

ഉദാഹരണ പദ്യം:

'കീര്‍ത്തികേള്‍ക്കാം പണം നേടാമാര്‍ത്തിതീര്‍ക്കാം രമിച്ചിടാം വിദ്വാന്മാരാം നരന്മാര്‍ക്കു വിദ്യയാലെന്തു ദുര്‍ലഭം?'

ഈ ഉദാഹരണത്തില്‍ വിദ്യയാല്‍ നേടാവുന്ന വ്യത്യസ്ത കാര്യങ്ങളാണ് അന്വയിപ്പിച്ചിരിക്കുന്നത്. കരണകാരകമാണ് ഇവിടെ. കര്‍തൃകാരകത്തിന് ഉദാഹരണമായി നല്കിയിരിക്കുന്നത് ഭാഷാശാകുന്തളത്തിലെ നാലാമങ്കത്തിലെ പ്രസിദ്ധ പദ്യമാണ്:

'ഭക്ത്യാ സേവിക്കപൂജ്യാന്‍

മരുവുകസഖിയെപ്പോല്‍ സപത്നീ ജനത്തില്‍

ഭര്‍ത്താവിന്‍ വിപ്രിയം ചെ

യ്യരുതു നികൃതയെന്നാകിലും കോപമൂലം

അത്യന്തം ഭൃത്യരില്‍ വാഴുകസരളതയാ

ഗര്‍വമുത്സൃജ്യഭോഗേ-

ഷ്വിത്ഥം സത്രീകള്‍ഭവിക്കു

ന്നിഹ ഗൃഹിണികളാ, യന്യഥാ ഗേഹബാധാഃ.'

സ്ത്രീകള്‍ എന്ന കര്‍തൃകാരകപദം ഭക്തിയോടുകൂടി സേവിക്കുക തുടങ്ങിയ ക്രിയകളുമായി അന്വയിക്കുന്നു.

ഒന്നിലധികം പ്രസ്തുതങ്ങള്‍ക്കോ അപ്രസ്തുതങ്ങള്‍ക്കോ ധര്‍മൈക്യം കല്പിക്കുന്നതും ദീപകം തന്നെ എന്നാണ് ഭാഷാഭൂഷണകാരന്റെ മതം. എന്നാല്‍ ഇത് തുല്യയോഗിത എന്ന പ്രത്യേക അലങ്കാരമായാണ് സംസ്കൃതാലങ്കാരികന്മാര്‍ വര്‍ണിച്ചിട്ടുള്ളത്. നോ: തുല്യയോഗിത

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A6%E0%B5%80%E0%B4%AA%E0%B4%95%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍