This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദിമാപൂര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ദിമാപൂര്‍

Dimapur

നാഗാലന്‍ഡ് സംസ്ഥാനത്തിലെ ഒരു ജില്ലയും അതിന്റെ ആസ്ഥാന പട്ടണവും. സംസ്ഥാനത്തിന്റെ തെക്കുപടിഞ്ഞാറേ അറ്റത്തായി വ്യാപിച്ചുകിടക്കുന്ന ദിമാപൂര്‍ ജില്ലയ്ക്ക് 972 ച.കി.മീ. വിസ്തൃതിയുണ്ട്. ജനസംഖ്യ: 3,08,382 (2001); ജനസാന്ദ്രത: 333/ച.കി.മീ. (2001); അതിരുകള്‍: വടക്കും പടിഞ്ഞാറും അസം സംസ്ഥാനം, കിഴക്കും തെക്കും കൊഹിമ ജില്ല.

ദിമാപൂര്‍ നിവാസികള്‍

മുമ്പ് കൊഹിമജില്ലയുടെ ഭാഗമായിരുന്ന ദിമാപൂര്‍ പ്രദേശം 1997-ല്‍ ആണ് പുതിയ ജില്ല ആയത്. മലയടിവാരപ്രദേശത്തു സ്ഥിതിചെയ്യുന്ന ഈ ജില്ലയിലെ നദികളില്‍ പ്രമുഖ സ്ഥാനം ധാന്‍സിരിക്കാണ്. ഭൂപ്രകൃതിക്കനുസൃതമായി തട്ടുകൃഷിക്കും മാറ്റക്കൃഷിക്കുമാണ് ഇവിടെ പ്രചാരം. നെല്ലാണ് മുഖ്യ വിള; ചേന, ചോളം, ഉരുളക്കിഴങ്ങ്, കരിമ്പ് തുടങ്ങിയവയും പഴം, പച്ചക്കറി എന്നിവയും ജില്ലയില്‍ ഉത്പാദിപ്പിക്കുന്നുണ്ട്. കന്നുകാലിവളര്‍ത്തലാണ് ജനങ്ങളുടെ മറ്റൊരു പ്രധാന ഉപജീവന മാര്‍ഗം.

തുന്നല്‍, ചായംമുക്കല്‍, ചൂരല്‍വ്യവസായം, ലോഹപ്പണി, കളിമണ്‍വ്യവസായം തുടങ്ങിയവ ദിമാപൂര്‍ ജില്ലയിലെ പ്രധാന പരമ്പരാഗത-കുടില്‍ വ്യവസായങ്ങളാണ്. ഇവിടെ ഉത്പാദിപ്പിക്കുന്ന ഷാളുകള്‍, ബാഗുകള്‍, ചൂരല്‍ ഉത്പന്നങ്ങള്‍ തുടങ്ങിയവയ്ക്ക് വന്‍ വിപണനസാധ്യതയാണുള്ളത്. 1988-ല്‍ പ്രവര്‍ത്തനം ആരംഭിച്ച യന്ത്രവത്കൃത ഇഷ്ടിക പ്ലാന്റിനു പുറമേ പഞ്ചസാര മില്‍, ടി.വി. അസംബ്ലി യൂണിറ്റ്, ഡിസ്റ്റിലറി യൂണിറ്റ് തുടങ്ങിയവയും ദിമാപൂരില്‍ പ്രവര്‍ത്തിക്കുന്നു.

കചാരികളുടെ നഗരാവശിഷ്ടങ്ങള്‍

റോഡ്-റെയില്‍-വ്യോമ ഗതാഗത സൗകര്യങ്ങള്‍ ദിമാപൂര്‍ ജില്ലയില്‍ ലഭ്യമാണ്. ദേശീയപാത 39 ഈ ജില്ലയിലൂടെ കടന്നു പോകുന്നു. ദിമാപൂര്‍ പട്ടണത്തെ കൊല്‍ക്കത്ത, ഗുവാഹത്തി നഗരങ്ങളുമായി വ്യോമമാര്‍ഗം ബന്ധിപ്പിച്ചിട്ടുണ്ട്.

ഒരു ആര്‍ട്സ് കോളജും 9 സെക്കന്‍ഡറി സ്കൂളുകളും ഉള്‍ പ്പെട്ടതാണ് ദിമാപൂര്‍ ജില്ലയുടെ വിദ്യാഭ്യാസ മേഖല. ജനങ്ങളില്‍ ഭൂരിഭാഗവും ഗിരിവര്‍ഗക്കാരാണ്. നാഗഭാഷയും ഉപഭാഷകളും പ്രചാരത്തിലുള്ള ദിമാപൂരില്‍ ക്രിസ്ത്യന്‍, ഹിന്ദു, മുസ്ലിം മതവിഭാഗങ്ങളില്‍ പ്പെട്ടവര്‍ നിവസിക്കുന്നു.

16-ാം ശ. വരെ അസം ഭരിച്ചിരുന്ന കചാരികളുടെ (Cachari) ആസ്ഥാനം ദിമാപൂര്‍ ആയിരുന്നു എന്നാണ് അനുമാനം. ആധുനിക നഗരമായ ദിമാപൂരില്‍നിന്ന് കുറച്ചകലെ മാറി ധാന്‍സിരി നദിക്കരയിലുള്ള ഘോരവനാന്തരങ്ങളില്‍നിന്ന് പുരാതന നഗരത്തിന്റേതാണെന്നു കരുതപ്പെടുന്ന അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍