This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ദിനവൃത്താന്തം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ദിനവൃത്താന്തം
പഴയ നിയമത്തിലെ രണ്ട് ഗ്രന്ഥങ്ങള്‍. ദിനവൃത്താന്തം എന്ന ഗ്രന്ഥം ഒന്നാം പുസ്തകം എന്നും രണ്ടാം പുസ്തകം എന്നും രണ്ടായി വിഭജിക്കപ്പെട്ടിരിക്കുന്നു. എ.ഡി. നാലാം ശ.-ത്തില്‍ വിശുദ്ധ ജെറോമാണ് 'ക്രമാനുഗതമായ ആഖ്യാനം' എന്നര്‍ഥം വരുന്ന ലത്തീന്‍പദം ഈ ഗ്രന്ഥങ്ങളെ സൂചിപ്പിക്കുവാന്‍ ആദ്യമായി ഉപയോഗിച്ചത്. ബി.സി. 2-ാം ശ.-ത്തില്‍ തയ്യാറാക്കപ്പെട്ട പഴയനിയമത്തിന്റെ ഗ്രീക്ക് ഭാഷ്യമായ 'സെപ്റ്റ്വാഗിന്റ്'-ല്‍ (Septuagint) 'ഒഴിവാക്കപ്പെട്ട കാര്യങ്ങള്‍' എന്നര്‍ഥം വരുന്ന 'പരാലിപൊമെന' (Paralipomena) എന്ന പേരാണ് ഈ ഗ്രന്ഥങ്ങള്‍ക്കു നല്കിയിരുന്നത്. സത്യവേദപുസ്തകത്തിലെ മറ്റു ഗ്രന്ഥങ്ങളില്‍നിന്ന് ഒഴിവാക്കിയിരിക്കുന്ന പല കാര്യങ്ങളും ഇവയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതിനാലാവാം ഈ പേര് ലഭിച്ചത്. ചരിത്രാഖ്യാനം എന്നര്‍ഥം വരുന്ന 'ദിബ്റെ ഹയാമിം' (Dibre Hayamim) എന്ന പദത്താലാണ് ഹീബ്രൂ ഭാഷയില്‍ ഈ ഗ്രന്ഥങ്ങള്‍ വിശേഷിപ്പിക്കപ്പെടുന്നത്. ഗ്രീക്ക്, ലത്തീന്‍ എന്നീ പുരാതന ഭാഷകളിലും ഭൂരിഭാഗം ആധുനിക ഭാഷകളിലും പ്രസിദ്ധീകരിക്കപ്പെട്ട ബൈബിളുകളില്‍ 'രാജാക്കന്മാര്‍', 'എസ്രാ' എന്നീ ഗ്രന്ഥങ്ങള്‍ക്കിടയിലാണ് ദിനവൃത്താന്തം ഒന്നാം പുസ്തകത്തിനും രണ്ടാം പുസ്തകത്തിനും സ്ഥാനം നല്കിയിരിക്കുന്നത്. എന്നാല്‍ ഹീബ്രൂ ബൈബിളില്‍ ഇവ ഏറ്റവും അവസാനമായാണ് ചേര്‍ത്തിരിക്കുന്നത്.
ദിനവൃത്താന്തം എന്ന ഗ്രന്ഥം ഒന്നാം പുസ്തകമെന്നും രണ്ടാം പുസ്തകമെന്നും രണ്ടായി വിഭജിക്കപ്പെട്ടത് 'സെപ്റ്റ്വാഗിന്റ്' തയ്യാറാക്കിയ വേളയിലാണെന്നു കരുതപ്പെടുന്നു. ഈ വിഭജനം മധ്യയുഗത്തിന്റെ അവസാനഘട്ടത്തിലാണ് ഹീബ്രൂ ബൈബിളില്‍ സ്വീകരിക്കപ്പെട്ടത്. ദിനവൃത്താന്തം ക, കക, എസ്രാ, നെഹെമ്യാവ് എന്നീ ഗ്രന്ഥങ്ങള്‍ ഒറ്റ ഗ്രന്ഥമായിരുന്നു എന്നതിന്റെ സൂചനകള്‍ സത്യവേദപുസ്തകത്തില്‍ ദൃശ്യമാണ്.
ഉള്ളടക്കം ആസ്പദമാക്കി ദിനവൃത്താന്തത്തെ നാലുഭാഗങ്ങളായി തിരിക്കാവുന്നതാണ്. ദിനവൃത്താന്തം ഒന്നാം പുസ്തകത്തില്‍ ഒന്നുമുതല്‍ ഒമ്പതുവരെയുള്ള അധ്യായങ്ങളില്‍ ആദം മുതല്‍ ദാവീദ് വരെ ഉള്ളവരുടെ വംശാവലിപ്പട്ടിക നല്കിയിരിക്കുന്നു. പത്താം അധ്യായത്തില്‍ ശൌലിന്റെ മരണവും പതിനൊന്നുമുതല്‍ ഇരുപത്തിയൊന്‍പതുവരെയുള്ള അധ്യായങ്ങളില്‍ ദാവീദിന്റെ ഭരണവും വിവരിക്കപ്പെടുന്നു. ദിനവൃത്താന്തം രണ്ടാം പുസ്തകത്തില്‍ ഒന്നുമുതല്‍ ഒമ്പതുവരെയുള്ള അധ്യായങ്ങളുടെ ഉള്ളടക്കം സോളമന്റെ ചരിത്രമാണ്. പത്തുമുതല്‍ മുപ്പത്തിയാറുവരെയുള്ള അധ്യായങ്ങളില്‍ യൂദാസാമ്രാജ്യത്തിന്റെ ചരിത്രം ആഖ്യാനം ചെയ്യപ്പെടുന്നു. ദിനവൃത്താന്തത്തില്‍ അവസാനഭാഗത്തെ വരികള്‍തന്നെ എസ്രായുടെ ആരംഭത്തിലും ആവര്‍ത്തിക്കപ്പെടുന്നു. എസ്രായും ദിനവൃത്താന്തവും ഒരേ ഗ്രന്ഥത്തിന്റെ ഭാഗങ്ങളായിരുന്നു എന്ന നിഗമനത്തിന് ഇത് ബലമേകുന്നു. ബാബിലോണിയന്‍ അടിമത്തത്തില്‍നിന്നു മോചിതരായി സ്വദേശത്തേക്കു തിരിച്ചുവരുവാന്‍ യഹൂദരെ അനുവദിച്ചുകൊണ്ടുള്ള പാര്‍സിരാജാവായ കോരെശിന്റെ വിളംബരമാണ് ഈ ഭാഗത്ത് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
തികച്ചും വൈവിധ്യമാര്‍ന്ന ഉള്ളടക്കമാണ് ദിനവൃത്താന്തത്തിന്റെത്. വംശാവലിപ്പട്ടിക തയ്യാറാക്കുന്നതിനായി ഉത്പത്തിപ്പുസ്തകത്തില്‍നിന്നും, ദാവീദിന്റെ കാലംമുതല്‍ യൂദായന്‍ രാജഭരണത്തിന്റെ അന്ത്യംവരെയുള്ള ചരിത്രം രേഖപ്പെടുത്തുന്നതിനായി ശമുവേല്‍ ഒന്ന്, രണ്ട് പുസ്തകങ്ങള്‍, രാജാക്കന്മാര്‍ ഒന്ന്, രണ്ട് പുസ്തകങ്ങള്‍ എന്നിവയില്‍നിന്നും ഉദ്ധരണികള്‍ സ്വീകരിച്ചിട്ടുണ്ട്. പലപ്പോഴും മേല്‍പ്പറഞ്ഞ ഗ്രന്ഥങ്ങളിലെ വസ്തുതകള്‍ അക്ഷരംപ്രതി ആവര്‍ത്തിക്കപ്പെടുന്നുണ്ടെങ്കിലും ചില സവിശേഷ വ്യതിയാനങ്ങളും ദിനവൃത്താന്തത്തില്‍ ദൃശ്യമാകുന്നുണ്ട്. ബൈബിളേതര ഗ്രന്ഥങ്ങളെക്കുറിച്ച് ദിനവൃത്താന്തത്തിന്റെ പല ഭാഗങ്ങളിലും ഗ്രന്ഥകാരന്‍ പരാമര്‍ശിക്കുന്നുണ്ടെങ്കിലും ഇവയുടെ ആധികാരികത ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. തന്റെ കൃതിയുടെ പ്രാധാന്യം വര്‍ധിപ്പിക്കുന്നതിനായി രാജാക്കന്മാര്‍ ഒന്നും രണ്ടും പുസ്തകങ്ങളിലെ സമാന സ്വഭാവമുള്ള ആധികാരിക പരാമര്‍ശങ്ങളെ അനുകരിക്കുക മാത്രമാണ് ഗ്രന്ഥകാരന്‍ ചെയ്തത് എന്നു കരുതപ്പെടുന്നു.
ഗ്രന്ഥകര്‍ത്താവിന്റെ വ്യക്തിപരമായ സംഭാവനകള്‍ ദിനവൃത്താന്തത്തില്‍ നിരവധിയുണ്ട്. ഉദ്ധരണികളിലെ തെറ്റുകള്‍ തിരുത്തുക, അര്‍ഥം മാറ്റുക തുടങ്ങിയ ഉദ്ദേശ്യങ്ങളോടെ ഉള്‍പ്പെടുത്തിയിരിക്കുന്ന ആഖ്യാനങ്ങള്‍, പ്രാര്‍ഥനകള്‍, സുവിശേഷ പ്രഭാഷണങ്ങള്‍, പട്ടികകള്‍ തുടങ്ങിയവ ദിനവൃത്താന്തത്തിലുടനീളമുണ്ട്. ഇവയിലൂടെ ഗ്രന്ഥകര്‍ത്താവിന്റെ വീക്ഷണവും ഉദേശ്യങ്ങളും വെളിവാകുന്നു.
വംശാവലിപ്പട്ടികയിലെയും ദാവീദിന്റെ ചരിത്രത്തിലെയും ചില ഭാഗങ്ങള്‍ പിന്നീട് ഉള്‍പ്പെടുത്തിയവയാണെന്ന് അഭിപ്രായമുണ്ട്. ബി.സി. 2-ാം ശ.-ത്തില്‍ എഴുതിയത് എന്നു കരുതുന്ന ക ദിനവൃത്താന്തം 24 പോലുള്ള ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്തതാണെന്നാണ് പണ്ഡിതമതം. ഉദ്ദേശം ബി.സി. 4-ാം ശ.-ത്തിലാണ് ദിനവൃത്താന്തം രചിച്ചത് എന്ന് വിശ്വസിച്ചുപോരുന്നു.
നിയമസാധുത, ഹ്രസ്വകാല പ്രത്യാഘാതങ്ങളും ശിക്ഷയും, വിശ്വാസപ്രമാണങ്ങളും ആരാധനാക്രമവും, ദാവീദിസം എന്നീ ആശയങ്ങളെ ആസ്പദമാക്കിയാണ് ദിനവൃത്താന്തത്തിന്റെ ദാര്‍ശനികത വിശകലനം ചെയ്യുന്നത്.
വിശ്വാസപ്രമാണങ്ങള്‍, ആരാധനാക്രമം, ദാവീദിസം എന്നിവ പരസ്പരം ബന്ധപ്പെട്ടു നിലകൊള്ളുന്ന ആശയങ്ങളാണ്. ജെറുസലേം ക്ഷേത്രം, അവിടത്തെ പുരോഹിതര്‍, ദാവീദിന്റെ പരമ്പര എന്നിവയാണ് ഇസ്രയേലിന്റെ മതത്തിനും ജനങ്ങള്‍ക്കും അടിസ്ഥാനമാകുന്നത് എന്ന് ദിനവൃത്താന്തത്തില്‍ പറയുന്നു. ജെറുസലേമിലെ ക്ഷേത്രത്തിന്റെ രൂപരേഖ തയ്യാറാക്കി നിര്‍മാണ സാമഗ്രികളും തൊഴിലാളികളെയും സജ്ജമാക്കിയത് ദാവീദാണെന്നും, ദാവീദിന്റെ പദ്ധതിയുടെ നിര്‍വഹണ ചുമതല വഹിക്കുക മാത്രമാണു ശലോമോന്‍ ചെയ്തതെന്നും ഈ പുസ്തകത്തില്‍ പറഞ്ഞിരിക്കുന്നു. എന്നാല്‍ പുരാതന പ്രമാണ ഗ്രന്ഥങ്ങളൊന്നുംതന്നെ ഇത് സാധൂകരിക്കുന്നില്ല. ദാവീദ് ക്ഷേത്രസംഗീതത്തിന് തുടക്കംകുറിച്ചു എന്നും ദിവ്യശുശ്രൂഷയ്ക്കായി പുരോഹിത സംഘങ്ങള്‍ രൂപവത്കരിച്ചുവെന്നും ദിനവൃത്താന്തത്തില്‍ കാണുന്നു. ദൈവം ഇസ്രയേലിനോടു പ്രകടിപ്പിക്കുന്ന കാരുണ്യത്തിന്റെ ഉജ്ജ്വല പ്രതീകവും വാഗ്ദാനവുമായാണ് ദാവീദും വംശവും ദിനവൃത്താന്തത്തില്‍ ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്.
ദിനവൃത്താന്തത്തില്‍ ഇസ്രയേലിന്റെ ചരിത്രവും മതവും നൂതന വീക്ഷണത്തോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്. യൂദായന്‍ അഥവാ ദാവീദിയന്‍ രാജവംശത്തിന്റെ ചരിത്രം മാത്രമേ ഇതില്‍ പരാമര്‍ശിച്ചിട്ടുള്ളൂ. മറ്റു രാജവംശങ്ങള്‍ക്കൊന്നുംതന്നെ പരാമര്‍ശയോഗ്യമായ ചരിത്രമുള്ളതായി ഈ ഗ്രന്ഥത്തില്‍ കണക്കാക്കിയിട്ടില്ല. പ്രവാചകന്മാര്‍ പ്രചരിപ്പിച്ച 'മിശിഹാവാദ'ത്തിന്റെ സൂചനകള്‍ ഒന്നുംതന്നെ ദിനവൃത്താന്തത്തിലില്ല. ദാവീദിന്റെ വംശം ഇസ്രായേലിന്റെ അവസ്ഥ കുറ്റമറ്റതും പൂര്‍ണത പ്രാപിച്ചതുമാക്കിത്തീര്‍ത്തതിനാല്‍ ആദര്‍ശ ഭാവിക്കുവേണ്ടിയുള്ള വാഞ്ഛ അപ്രസക്തമായി. പഴയനിയമത്തിലെ സുപ്രധാന വ്യക്തികളെയും സംഭവങ്ങളെയും വംശപരമ്പരകളിലും ഉദ്ധരണികളിലും മാത്രമാണ് ദിനവൃത്താന്തത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത്. ഈജിപ്തില്‍നിന്നുള്ള പുറപ്പാട്, പലസ്തീനിന്റെ കീഴടക്കല്‍ തുടങ്ങിയ സംഭവങ്ങള്‍ക്കും മോശയ്ക്കും ദിനവൃത്താന്തത്തില്‍ പ്രാധാന്യം നല്കിയിട്ടില്ല. ദാവീദിനും സിയോന്‍ കോട്ടയ്ക്കുമാണ് പരമപ്രാധാന്യം കല്പിച്ചിരിക്കുന്നത്. ദൈവം അബ്രഹാമുമായി കനാനില്‍ വച്ചും, ഇസ്രയേലുമായി സിനായിയില്‍ വച്ചും ഉടമ്പടിയുണ്ടാക്കിയില്ല എന്നും ദാവീദുമായി സിയോനില്‍ വച്ചാണ് ഉടമ്പടിയുണ്ടാക്കിയത് എന്നും ദിനവൃത്താന്തത്തില്‍ പരാമര്‍ശിക്കുന്നു. ഇപ്രകാരമുള്ള വീക്ഷണങ്ങളുള്ളതിനാല്‍ ദിനവൃത്താന്തം ബൈബിളിന്റെ ഉള്ളടക്കവുമായി യോജിക്കുന്നില്ല എന്നൊരഭിപ്രായവും നിലനില്ക്കുന്നു.