This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദിതി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ദിതി

പുരാണ കഥാപാത്രം. ദക്ഷപ്രജാപതിയുടെ പുത്രി. ബ്രഹ്മാവിന്റെ പൌത്രനും മരീചിയുടെ പുത്രനുമായ കശ്യപനാണ് ദിതിയെ വിവാഹം കഴിച്ചത്. കശ്യപന് ദിതിയിലുണ്ടായ പുത്രന്മാര്‍ അസുരന്മാരും ദിതിയുടെ സഹോദരിയായ അദിതിയിലുണ്ടായ പുത്രന്മാര്‍ ദേവന്മാരുമായതായി മഹാഭാരതം ആദിപര്‍വത്തില്‍ പറയുന്നു. ദേവന്മാരും അസുരന്മാരും ചേര്‍ന്ന് പാല്‍ക്കടല്‍ കടഞ്ഞപ്പോള്‍ അമൃത് പൊങ്ങിവരികയും അതിനുവേണ്ടി അവര്‍ തമ്മില്‍ പോരാടുകയും ചെയ്തു. ദിതി കശ്യപനെ ആരാധിച്ച് സന്തോഷിപ്പിക്കുകയും വരദാനം നേടുകയും ചെയ്തു. അളവറ്റ പരാക്രമത്തോടുകൂടിയവനും ഇന്ദ്രനെ കൊല്ലുവാന്‍ കെല്പുള്ളവനുമായ ഒരു പുത്രനുണ്ടാകണമെന്ന വരമാണ് ദിതി നേടിയത്. ദേഹശുദ്ധിയോടും ചിത്തശുദ്ധിയോടുംകൂടി ശ്രദ്ധാപൂര്‍വം ഭഗവാനെ ധ്യാനിച്ചുകൊണ്ട് നൂറുവര്‍ഷം ഗര്‍ഭം ധരിച്ചുകൊണ്ടിരിക്കാമെങ്കില്‍ നിന്റെ പുത്രന്‍ ഇന്ദ്രനെ കൊല്ലുവാന്‍ ശക്തനായിത്തീരും എന്നു പറഞ്ഞുകൊണ്ട് കശ്യപന്‍ ദേവിയോടുകൂടി സംഗമിക്കുകയും ദിതി അത്യന്തം പരിശുദ്ധയായിരുന്നുകൊണ്ട് ഗര്‍ഭം ധരിക്കുകയും ചെയ്തു. ഗര്‍ഭധാരണം തന്നെ വധിക്കുവാനുള്ളതാണെന്നറിഞ്ഞ് ഇന്ദ്രന്‍ ദിതിയെ ശുശ്രൂഷിക്കുന്നതിനായി എന്ന ഭാവത്തില്‍ വളരെ താഴ്മയോടുകൂടി അടുത്തുകൂടി. ദിതിക്ക് വല്ല അശുദ്ധിയും നേരിടുന്നുണ്ടോ എന്ന് ഇന്ദ്രന്‍ തക്കംനോക്കിയിരുന്നു. അങ്ങനെ നൂറുകൊല്ലം കഴിയുന്നതിനുമുമ്പായി അദ്ദേഹം ഒരവസരം കണ്ടെത്തി. ഒരിക്കല്‍ ദിതി കാലുകഴുകാതെ കിടക്കയില്‍ ചെന്നുകിടന്നു. ഉടനെതന്നെ ഉറങ്ങിപ്പോവുകയും ചെയ്തു. ഇന്ദ്രന്‍ വജ്രായുധം കൈയിലെടുത്ത് ദിതിയുടെ ഉദരത്തില്‍ പ്രവേശിക്കുകയും ആ മഹാഗര്‍ഭത്തെ ഏഴായി നുറുക്കുകയും ചെയ്തു. അങ്ങനെ വേദനിപ്പിക്കുന്ന സമയത്ത് ഗര്‍ഭത്തില്‍ കിടന്ന ശിശു അതികഠിനമായി നിലവിളിച്ചു. ഇന്ദ്രന്‍ അതിനോട് 'മാ രുദ' (കരയരുത്) എന്നു പറഞ്ഞു. ആ ഗര്‍ഭം അങ്ങനെ ഏഴായിത്തീര്‍ന്നശേഷം ഇന്ദ്രന്‍ പിന്നെയും കോപത്തോടുകൂടി തന്റെ വജ്രായുധംകൊണ്ട് അവയില്‍ ഓരോന്നിനെയും ഏഴായി കുത്തിമുറിച്ചു. അവ ഏറ്റവും വേഗതയുള്ള മരുത്തുക്കള്‍ എന്ന ദേവന്മാരായിത്തീര്‍ന്നു. ഇന്ദ്രന്‍ അവരോട് മാ രുദ എന്നു പറഞ്ഞതുകൊണ്ടാണ് അവര്‍ക്ക് 'മരുത്തുക്കള്‍' എന്നു പേരുണ്ടായത്. ഈ നാല്‍പ്പത്തൊന്‍പതു മരുത്തുക്കളും അനന്തരകാലങ്ങളില്‍ ഇന്ദ്രന്റെ സഹായികളായ ദേവന്മാരായിത്തീര്‍ന്നു.

ദിതിയുടെ പുത്രന്മാരായ അസുരന്മാരില്‍ പ്രധാനികള്‍ ഹിരണ്യകശിപുവും ഹിരണ്യാക്ഷനുമായിരുന്നു. ദുര്‍ജയന്മാരായ അവര്‍ക്ക് സിംഹിക എന്നൊരു സഹോദരിയും ഉണ്ടായി. ഹിരണ്യകശിപുവിന് ഓജസ്സുകൊണ്ടും പ്രതാപംകൊണ്ടും പ്രസിദ്ധരായ അനുഹ്ളാദന്‍, ഹ്ളാദന്‍, പ്രഹ്ളാദന്‍, സംഹ്ളാദന്‍ എന്നീ നാല് പുത്രന്മാര്‍ ഉണ്ടായി. ശൂരപത്മാവ്, സിംഹവക്ത്രന്‍, താരകാസുരന്‍, ഗോമുഖന്‍, അജാമുഖി എന്നിവരും ദിതിയുടെ പുത്രന്മാരായിരുന്നു. അവരില്‍ ശൂപത്മാവിനു മയസുതയില്‍ ദാനുകോപന്‍, അഗ്നിമുഖന്‍, വജ്രബാഹു, ഹിരണ്യന്‍ എന്നീ നാല് പുത്രന്മാരുണ്ടായി. സിംഹവക്ത്രന് വിഭൂതി എന്ന ഭാര്യയില്‍ മഹാശൂരന്‍ എന്നു പേരോടുകൂടിയ ഒരു അസുരനുണ്ടായി. ഹിരണ്യാക്ഷന് ജനിച്ചവരാണ് ശംബരന്‍, ശകുനി, ദ്വിമൂര്‍ധാവ്, ശങ്കു, അശ്വന്‍ എന്നീ അസുരന്മാര്‍. സിംഹിക എന്ന പുത്രിയെ വിപ്രചിത്തി വിവാഹം കഴിക്കുകയും അവരില്‍നിന്ന് രാഹുകേതുക്കള്‍ ഉണ്ടാവുകയും ചെയ്തു. ഹിരണ്യകശിപുവിന്റെ പുത്രനായ സംഹ്ളാദനില്‍നിന്ന് ആയുഷ്മാന്‍, ശിബി, ബാഷ്കലന്‍ എന്നീ മൂന്ന് പുത്രന്മാര്‍ ജനിച്ചു. ഹിരണ്യകശിപുവിന്റെ പുത്രനായ പ്രഹ്ളാദന്‍ അസുരന്മാരുടെ സ്വഭാവത്തില്‍നിന്നു തികച്ചും വ്യത്യസ്തനായിരുന്നു.തികഞ്ഞ വിഷ്ണുഭക്തനായിരുന്നു ഇദ്ദേഹം. പ്രഹ്ളാദനില്‍നിന്നു വിരോചനനും വിരോചനനില്‍നിന്നു മഹാബലിയും മഹാബലിയില്‍നിന്നു ബാണനും ബാണനില്‍നിന്നു നാലുകോടി നിവാതകവചന്മാരും ഉണ്ടായി. ഇവരെല്ലാം ദിതിയുടെ വംശത്തിലെ പ്രമുഖ സന്താനങ്ങളാണ്. ഇവരെക്കൂടാതെ കോടാനുകോടി അസുരന്മാര്‍ ദിതിയുടെ വംശത്തില്‍ ജനിച്ചിട്ടുണ്ടെന്ന് വിഷ്ണുപുരാണത്തില്‍ പറയുന്നു.

(കെ. പ്രകാശ്)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A6%E0%B4%BF%E0%B4%A4%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍