This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദിഗംബര കവികള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ദിഗംബര കവികള്‍

ആധുനികതയുടെ വക്താക്കളായി അറിയപ്പെടുന്ന ആറ് തെലുഗു കവികള്‍. ഭൂതകാല സാഹിത്യ സങ്കേതങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയ യുവ കവികളാണ് ഇവര്‍. സമകാലിക സാമൂഹിക വ്യവസ്ഥിതിയെയും ജീവിതത്തിലെ എല്ലാ അസമത്വങ്ങളെയും അങ്ങേയറ്റം എതിര്‍ത്തുകൊണ്ട് ദിഗംബര കവിത എന്ന കാവ്യ പ്രസ്ഥാനത്തിനു രൂപംനല്കി. ഈ യുവ കവികള്‍ ഇവരുടെ പേര് മാറ്റിക്കൊണ്ടാണ് ഈ പ്രസ്ഥാനം ആരംഭിച്ചത്. കേശവറാവു നഗ്നമുനി എന്നും, രാഘവാചാരി ജ്വാലമുഖി എന്നും, ഭാസ്കരറെഡ്ഡി ചെരബണ്ഡ രാജു എന്നും, യാദവറെഡ്ഡി നിധിലേശ്വര്‍ എന്നും, വെങ്കടേശ്വര റാവു മഹാസ്വപ്ന എന്നും, മന്‍മോഹന്‍സാഹി ഭൈരവപ്പ എന്നുമാണ് പേര് മാറ്റിയത്. അതുപോലെ ആറ് ഋതുക്കളുടെയും ആറ് ആഴ്ചകളുടെയും പേര് മാറ്റി ഇവര്‍ ഇവരുടെ പേരില്‍ ഒരു പുതിയ സംവത്സരത്തിനും രൂപംനല്കി. ആശ-തപന-അശ്രം-മദിര-വിരഹം-വിഷാദം എന്നിവയാണ് ഋതുക്കള്‍. ആഴ്ചകള്‍ സ്നേഹം, വിശൃംഖലനം, ക്രാന്ത്രി, സൃഷ്ടി, വികാസം, അനന്തം എന്നിവയാണ്. അക്കാലത്തെ സാഹിത്യാനുകാലികങ്ങളില്‍ മുഖ്യ ചര്‍ച്ചാവിഷയമായിരുന്നു ദിഗംബര കവികള്‍.

ദിഗംബര കവികളുടെ കാവ്യരൂപത്തെ ഗദ്യകവിത എന്നു വിശേഷിപ്പിക്കാമെങ്കില്‍പ്പോലും ആ പേര് ഇവര്‍ ഇഷ്ടപ്പെട്ടില്ല. 'ദിക്' (ദിശ) എന്ന പേരാണ് ഇവര്‍ ഉപയോഗിച്ചത്. ഇവര്‍ മൂന്നുവാല്യങ്ങളിലായി ഇവരുടെ കവിതകള്‍ പ്രസിദ്ധീകരിച്ചു. ഒന്നാം വാല്യം 1965 മേയില്‍ ഹൈദരാബാദിലും രണ്ടാം വാല്യം 1966 ഡി.-ല്‍ വിജയവാഡയിലും മൂന്നാം വാല്യം 1968 ജൂണില്‍ വിശാഖപട്ടണത്തിലുമാണ് പ്രസിദ്ധീകരിച്ചത്.

ക്ലാസ്സിക് കാവ്യങ്ങളെക്കുറിച്ചോ മറ്റു പൂര്‍വകാല പ്രസ്ഥാനങ്ങളെക്കുറിച്ചോ നല്ല അഭിപ്രായം ദിഗംബര കവികള്‍ക്ക് ഉണ്ടായിരുന്നില്ല. കാല്പനിക പ്രസ്ഥാനം, പുരോഗമന പ്രസ്ഥാനം, മുക്തഛന്ദസ്സ് എന്നിവയെയും ഇവര്‍ എതിര്‍ത്തു. നിലവിലുള്ള സാമൂഹിക സ്ഥിതികളില്‍ അസംതൃപ്തരായിരുന്ന ഇവര്‍ മിഥ്യാഭിമാനവും ആത്മവിശ്വാസമില്ലായ്മയും നിറഞ്ഞ വര്‍ത്തമാനകാല വ്യവസ്ഥിതിയെ ചോദ്യം ചെയ്തു. ഒരു പുതിയ വ്യവസ്ഥിതി വാര്‍ത്തെടുക്കാമെന്നായിരുന്നു ഇവരുടെ പ്രത്യാശ. എന്നാല്‍ അശ്ലീലമെന്നോ സഭ്യേതരമെന്നോ പറയാവുന്ന ഭാഷയായിരുന്നു ഇവര്‍ കാവ്യരചനയ്ക്ക് ഉപയോഗിച്ചിരുന്നത്. അത് അനുവാചകരെ ഇവരുടെ കവിതകളില്‍നിന്ന് അകറ്റി. മാത്രമല്ല, ദിഗംബര കവികള്‍ക്ക് അവരുടേതായ ഒരു ദര്‍ശനവും ഉണ്ടായിരുന്നു. വായനക്കാരെ ഞെട്ടിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. അതില്‍ ഇവര്‍ വിജയിച്ചിട്ടുണ്ടെന്നു പറയാം. സമകാലിക കാലഘട്ടത്തിലെ അന്യായങ്ങളെപ്പറ്റി ദിഗംബര കവികള്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. എങ്കിലും കവിതയെന്ന നിലയില്‍ പരിഗണിക്കുമ്പോള്‍ ഇവരുടെ കവിതകള്‍ വിജയകരമായിരുന്നു എന്ന് പറയാനാവില്ല.

1970-ല്‍ ദിഗംബര കവികള്‍ ഈ കാവ്യരീതി ഉപേക്ഷിച്ചു. പിന്നീട് ഇവര്‍ 'വിപ്ലവകവികളുടെ സംഘം' എന്ന് അറിയപ്പെട്ടു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍