This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദാഹം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ദാഹം

Thirst

കുടിക്കുവാനുള്ള ചോദന ജനിപ്പിക്കുന്ന വിധത്തില്‍ വായിലും തൊണ്ടയിലും അനുഭവപ്പെടുന്ന സംവേദനം. കൂടുതല്‍ സമയം സംസാരിക്കുമ്പോഴും ഭയമോ ആകാംക്ഷയോ തോന്നുമ്പോഴും തൊണ്ട ഉണങ്ങി ദാഹം അനുഭവപ്പെടാറുണ്ട്. ഉപ്പ്, എരിവ്, മധുരം എന്നിവ അധികമുള്ള ഭക്ഷണപദാര്‍ഥങ്ങള്‍ കഴിക്കുമ്പോള്‍ ദാഹിക്കുക സാധാരണമാണ്. ചൂടുകൊണ്ടും ശാരീരികമായി അധ്വാനം ചെയ്യുന്നതുകൊണ്ടും അമിതമായി വിയര്‍ക്കുമ്പോള്‍ ദാഹം തോന്നുന്നു. നിര്‍ജലീകരണംമൂലവും പ്രമേഹം പോലെയുള്ള രോഗങ്ങളുടെ ലക്ഷണമായും അമിതമായ ദാഹം അനുഭവപ്പെടാറുണ്ട്.

തലച്ചോറിലെ അധശ്ചേതക(hypothalamus)മാണ് ദാഹം നിയന്ത്രിക്കുന്നത്. ഇതാണ് ദാഹകേന്ദ്രം എന്നറിയപ്പെടുന്നത്. ശരീരഭാരത്തിന്റെ 1%-ല്‍ കൂടുതല്‍ ജലം നഷ്ടമാകുമ്പോള്‍ ഈ കേന്ദ്രം ഉത്തേജിക്കപ്പെടുന്നു. ശരീരഭാരത്തിന്റെ 20% ജലം നഷ്ടമാകുമ്പോള്‍ നിര്‍ജലീകരണംമൂലം മരണം സംഭവിക്കാം. ശരീരത്തില്‍നിന്ന് ജലം നഷ്ടമാകുന്ന നിരക്കും അന്തരീക്ഷ താപനിലയും ബന്ധപ്പെട്ടിരിക്കുന്നു. മരുഭൂമിയില്‍ വെള്ളമില്ലാതെ ഒന്നോ രണ്ടോ ദിവസത്തില്‍ കൂടുതല്‍ ജീവിക്കാന്‍ സാധിക്കുകയില്ലെങ്കിലും വെള്ളം കുടിക്കാതെ കടലില്‍ ഒരാഴ്ചയില്‍ കൂടുതല്‍ ജീവിക്കാനാവുന്നതിന്റെ കാരണമിതാണ്. ശരീരത്തിലെ ജലാംശം കുറയുന്നതുമൂലം രക്തം സാന്ദ്രമാകാനും മൂത്രം കുറയാനും ഇടയാകുന്നു. വേനല്‍ക്കാലത്ത് അമിതമായി വിയര്‍ക്കുന്നതുമൂലം ജലാംശം നഷ്ടമാകുന്നതിനാലാണ് ദാഹക്കൂടുതല്‍ അനുഭവപ്പെടുന്നത്.

തലച്ചോറിലെ ദാഹകേന്ദ്രത്തിലേക്കു പ്രവഹിക്കുന്ന രക്തത്തിന്റെ വൃതിവ്യാപനമര്‍ദം കൂടുമ്പോള്‍ ദാഹകേന്ദ്രത്തിലെ കോശങ്ങളില്‍നിന്ന് ജലം നഷ്ടമാവുകയും കോശങ്ങളിലേക്ക് വെള്ളമെത്തിക്കുവാനുള്ള ആവേഗം നാഡികള്‍ പ്രേഷണം ചെയ്യുകയും ചെയ്യുന്നു. ഇതാണ് ദാഹമായി അനുഭവപ്പെടുന്നത്. രക്തത്തിന്റെ വൃതിവ്യാപനമര്‍ദം കൂടുന്നത് രണ്ടുവിധത്തിലാണ്. ജലം മാത്രം നഷ്ടമാവുകയും ലവണങ്ങള്‍ കോശങ്ങളില്‍ത്തന്നെ നിലനില്ക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഒന്ന് (ഉദാ. അമിതമായ വിയര്‍പ്പു മൂലമുണ്ടാകുന്ന ജല നഷ്ടം). ലവണങ്ങള്‍ ധാരാളമായി ആഗിരണം ചെയ്യപ്പെടുകയും അതിനാവശ്യമായ അളവില്‍ വെള്ളമില്ലാതെവരികയും ചെയ്യുന്ന അവസ്ഥയാണ് മറ്റൊന്ന്. ഈ രണ്ട് അവസ്ഥകളിലും രക്തത്തില്‍ ലവണങ്ങളുടെ സാന്ദ്രത വര്‍ധിക്കുകയും തത്ഫലമായി കോശങ്ങളില്‍നിന്ന് പുറത്തേക്ക് ജലം വൃതിവ്യാപനം ചെയ്യപ്പെടുകയും ചെയ്യും. അങ്ങനെ തലച്ചോറിലെ ദാഹകേന്ദ്രത്തിലെ കോശങ്ങള്‍ നിര്‍ജലീകൃതമാവുകയും വ്യക്തിക്ക് ദാഹം തോന്നുകയും ചെയ്യുന്നു.

അധശ്ചേതകത്തിലുണ്ടാകുന്ന ചില ട്യൂമറുകള്‍ ദാഹം കൂടുവാനും (polydipsia) കുറയുവാനും (hypodipsia) കാരണമാകാറുണ്ട്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A6%E0%B4%BE%E0%B4%B9%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍