This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദാസ്താന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ദാസ്താന്‍

ഉര്‍ദുവിലെ ഗദ്യകഥകള്‍. ഉര്‍ദു നാടോടി സാഹിത്യത്തിന്റെ ഒരു വിഭാഗമാണ് ദാസ്താന്‍. ഓരോ ദിവസവും രാത്രിയില്‍ മുന്‍കൂട്ടിയുള്ള തയ്യാറെടുപ്പുകൂടാതെ ശ്രോതാക്കളോട് പറയുന്ന കഥകളാണിവ. 19-ാം ശ.-ത്തിലെ ചില ദാസ്താന്‍ ഒഴികെ മറ്റുള്ളവയൊന്നും അച്ചടിക്കപ്പെട്ടിട്ടില്ല. ഈ കഥകളുടെയെല്ലാം പൊതുരീതി ഒന്നുതന്നെയാണ്. മന്ത്രവാദികളുടെ പിന്തുണയുള്ള പ്രബലങ്ങളായ ദുര്‍ഭൂതങ്ങളും ഈശ്വരാനുഗ്രഹമുള്ള കുറെ നീതിമാന്മാരും തമ്മിലുള്ള സംഘട്ടനം ചിത്രീകരിക്കുന്നവയാണ് ദാസ്താന്‍ കഥകള്‍.

കശ്മീരിയിലും ദാസ്താന്‍ കഥകള്‍ പ്രചാരത്തിലുണ്ട്. അവയും അലൗകിക കഥകളാണ്. ചെറുതും വലുതുമായ അനേകം കഥകള്‍ നെയ്തു ചേര്‍ത്തിരിക്കുന്ന രൂപമാണ് ദാസ്താനുള്ളത്. ഇതിവൃത്തത്തിന്റെ കാര്യത്തില്‍ ദാസ്താന്‍ റൊമാന്‍സ് കഥകളോടു സാദൃശ്യം പുലര്‍ത്തുന്നു. ഗദ്യപദ്യ മിശ്രിതമായ ചമ്പുവിലും ഇത് എഴുതപ്പെടുന്നു. പ്രകൃത്യതീത ശക്തികളുടെ കഥകള്‍ കൂടിയാണ് ഇവ. അറേബ്യന്‍ കഥകളിലും ദാസ്താന്റെ രൂപശില്പം കണ്ടെത്താം. ആധുനികകാലത്തെ കഥകളുടെ യാഥാര്‍ഥ്യബോധം ദാസ്താനുകള്‍ക്ക് ഇല്ല. ചെറുകഥ, നോവല്‍ എന്നീ സാഹിത്യരൂപങ്ങളുടെ ആദ്യകാല രൂപമാണ് ദാസ്താന്‍. പേര്‍ഷ്യനില്‍നിന്ന് അനേകം ദാസ്താനുകള്‍ ഉര്‍ദുവിലും മറ്റും എത്തി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍