This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദാസിയാട്ടം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ദാസിയാട്ടം

ദേവദാസിമാര്‍ അവതരിപ്പിച്ചുപോന്നിരുന്ന നൃത്തം. ഇതില്‍ നിന്നാണ് കേരളത്തിലെ തനതു നൃത്തമാതൃകയായ മോഹിനിയാട്ടം ഉടലെടുത്തതെന്നു വിശ്വസിക്കപ്പെടുന്നു.

എ.ഡി. ആദ്യശതകങ്ങളില്‍ത്തന്നെ കേരളത്തില്‍ ദേവദാസീ സമ്പ്രദായം ഉണ്ടായിരുന്നുവെന്നാണ് അനുമാനിക്കപ്പെടുന്നത്. ദേവന്റെ നടയില്‍ 'അടിമ കിടത്തപ്പെട്ട' സ്ത്രീകള്‍ ദേവവധുക്കളായി ക്ഷേത്രത്തില്‍ ജീവിക്കുകയും നൃത്തഗീതാദികള്‍ നടത്തുകയും ചെയ്തുപോന്നിരുന്നു. അവരുടെ നൃത്തം ദാസിയാട്ടം എന്നും അറിയപ്പെട്ടു. ലാസ്യപ്രധാനമായ നൃത്തമായിരുന്നു ദാസിമാര്‍ അവതരിപ്പിച്ചുപോന്നിരുന്നത്. എന്നാല്‍ പുതിയ ജന്മിവ്യവസ്ഥയും ക്ഷേത്രഭരണരംഗത്തുണ്ടായ മാറ്റവുമെല്ലാം ദേവദാസിമാരുടെ ജീവിതനിലവാരം അധഃപതിക്കുന്നതിനു കാരണമായി. മണിപ്രവാള കാലഘട്ടമായപ്പോഴേക്കും ദേവദാസിമാരെ അഭിസാരികകളും, ദാസിയാട്ടത്തെ കേവല ശൃംഗാരനടനവുമായി പരിഗണിച്ചുതുടങ്ങി. ആത്മീയതയും സൗന്ദര്യാത്മകതയും സമന്വയിച്ച ഒരു ലാസ്യനൃത്തത്തില്‍നിന്ന് കാമവികാരപ്രചോദിതങ്ങളായ കേവല നടനമായതോടെ ദാസിയാട്ടത്തിന്റെ അധഃപതനം തുടങ്ങി. 16-ാം ശ.-ത്തോടെ കേരളത്തിലേക്ക് വിദേശികള്‍ എത്തിത്തുടങ്ങുകയും പുതിയ സാമൂഹിക-സാമ്പത്തിക സാഹചര്യം ഉടലെടുക്കുകയും ചെയ്തപ്പോള്‍ ദേവദാസീ സമ്പ്രദായത്തിന്റെ തകര്‍ച്ച വേഗത്തിലായി. ഈ സന്ദര്‍ഭത്തില്‍ ദാസിയാട്ടം നാമാവശേഷമാകാതിരിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടായി. അതിന്റെ ഫലമായി ദേവദാസീ സമ്പ്രദായം അവസാനിച്ചെങ്കിലും ദാസിയാട്ടം പുതുരൂപത്തില്‍ നിലനിന്നു. കേരളത്തില്‍ അത് മോഹിനിയാട്ടമായി മാറിയപ്പോള്‍ തമിഴ്നാട്ടില്‍ അത് ഭരതനാട്യമായി. ദാസിയാട്ടം തമിഴ്നാട്ടില്‍ 'സദിരാട്ടം' എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍