This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദാരംഗ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ദാരംഗ്

അസം സംസ്ഥാനത്തിലെ ഒരു ജില്ല. അക്ഷാംശം 26o 12'-നും 27o 18'-നും രേഖാംശം കി. 91o 42'-നും 93o 47'-നും മധ്യേ സ്ഥിതിചെയ്യുന്നു. പുരാതന ഹിന്ദുരാജ്യമായ 'കാമരൂപ'യുടെ ഭാഗമായിരുന്ന ദാരംഗ് 'സോനിത്പൂര്‍' എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. വിസ്തീര്‍ണം: 3,481 ച.കി.മീ.; ജനസംഖ്യ: 15,03,943 (2001); അതിരുകള്‍: വടക്കുപടിഞ്ഞാറ് ഭൂട്ടാന്‍, വടക്കുകിഴക്ക് അരുണാചല്‍പ്രദേശ്, കി.സോനിത്പൂര്‍, പ.കാമരൂപ് ജില്ല, തെ.മറിഗാവോണ്‍-കാമരൂപ് ജില്ലകള്‍; ആസ്ഥാനം: മംഗല്‍ദോയി.

ദാരംഗ്

ഹിമാലയപര്‍വതത്തിന്റെ അടിവാരക്കുന്നുകള്‍ക്കും ബ്രഹ്മപുത്രാ നദിക്കും മധ്യേയാണ് ദാരംഗ് ജില്ലയുടെ സ്ഥാനം. വീതികുറഞ്ഞ ഒരു എക്കല്‍പ്രദേശമാണിത്. അടിവാരക്കുന്നുകളിലെ ചില ഭാഗങ്ങളില്‍ നിബിഡ വനങ്ങളും ചിലയിടങ്ങളില്‍ തേയിലത്തോട്ടങ്ങളും കാണാം. ബ്രഹ്മപുത്രാ നദിക്കരയിലുള്ള ചില പ്രദേശങ്ങള്‍ ചതുപ്പുനിലങ്ങളാണ്. ഇവ കൂടാതെ നെല്‍കൃഷിയിടങ്ങളും പുല്‍മേടുകളും ഈ ജില്ലയിലുണ്ട്. ബ്രഹ്മപുത്ര, റൗത എന്നിവയാണ് പ്രധാന നദികള്‍. ജില്ലയിലെ ഭൈരവ്കുണ്ഡ് ഒരു നൈസര്‍ഗിക തടാകമാണ്.

ദാരംഗ് ജില്ലയിലെ മുഖ്യ വിള നെല്ലാണ്. ചോളം, ഗോതമ്പ്, തേയില, എണ്ണക്കുരുക്കള്‍, പയറുവര്‍ഗങ്ങള്‍ തുടങ്ങിയവയും ഇവിടെ കൃഷിചെയ്യുന്നുണ്ട്. ബ്രഹ്മപുത്രാ നദിക്കരയില്‍ നെല്ല്, കടുക്, പയറുവര്‍ഗങ്ങള്‍ എന്നിവയ്ക്കാണ് പ്രാമുഖ്യം. കന്നുകാലിവളര്‍ത്തലാണ് ജനങ്ങളുടെ മറ്റൊരു പ്രധാന ഉപജീവനമാര്‍ഗം. വാണിജ്യപ്രധാനമായ അനേകം വൃക്ഷങ്ങള്‍ ജില്ലയിലെ കാടുകളില്‍ വളരുന്നു. ധാരാളം മുളങ്കാടുകളും ജില്ലയിലുണ്ട്. ദാരംഗ് ജില്ലയുടെ സമ്പദ്ഘടനയിലും നിത്യജീവിതത്തിലും വനങ്ങള്‍ പ്രധാന പങ്കുവഹിക്കുന്നു.

ജില്ലയുടെ കിഴക്കന്‍ മേഖല ഒഴികെയുള്ള പ്രദേശങ്ങള്‍ ജനസാന്ദ്രതയില്‍ മുന്നില്‍ നില്ക്കുന്നു. ഉത്തരഭാഗത്തുള്ള ഉയരംകൂടിയ പ്രദേശങ്ങളില്‍ പ്രധാനമായും കച്ചാറികളും നേപ്പാളികളുമാണ് നിവസിക്കുന്നത്. ചരല്‍ നിറഞ്ഞ മണ്ണിനാല്‍ സമ്പുഷ്ടമായ ഈ പ്രദേശം തേയിലക്കൃഷിക്ക് അനുയോജ്യമാണ്. ജില്ലയുടെ തെക്കു പടിഞ്ഞാറന്‍ പ്രദേശമാണ് ജനസാന്ദ്രതയില്‍ ഏറ്റവും മുന്നില്‍. പ്രധാനമായും ഒരു ഗ്രാമീണ മേഖലയായ ഇവിടെ നെല്ലിനു പുറമേ വെറ്റില, അടയ്ക്ക, വിവിധതരം ഫലങ്ങള്‍ തുടങ്ങിയവ കൃഷിചെയ്യുന്നു. ജില്ലയിലുടനീളം എക്കല്‍കളിമണ്ണ്, മണല്‍, ചരല്‍, ചുണ്ണാമ്പുകല്ല്, ലിഗ്നൈറ്റ്, ക്വാര്‍ട്ട്സൈറ്റ്, നീസ് എന്നിവ കാണപ്പെടുന്നു. കൈത്തറിവ്യവസായം ഉള്‍ പ്പെടെ അനേകം ചെറുകിട വ്യവസായങ്ങളും ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഭക്ഷ്യസാധനങ്ങള്‍, തടി ഉത്പന്നങ്ങള്‍ തുടങ്ങിയവയാണ് ജില്ലയിലെ പ്രധാന വ്യാവസായികോത്പന്നങ്ങള്‍.

ഹിന്ദു, ക്രിസ്ത്യന്‍, ഇസ്ലാം മതവിഭാഗങ്ങള്‍ക്കാണ് ദാരംഗ് ജില്ലയില്‍ മുന്‍തൂക്കമുള്ളത്. അസമിയ ആണ് മുഖ്യ ഭാഷ. ജില്ലാ ആസ്ഥാനമായ മംഗല്‍ദോയിയെ ഗുവാഹത്തിയുമായും മറ്റു പ്രധാന പട്ടണങ്ങളുമായും റോഡ് മാര്‍ഗം ബന്ധിപ്പിച്ചിട്ടുണ്ട്. ജില്ലയിലെ മൊത്തം 1,540 കി.മീ. റോഡുകളില്‍ 79 കി.മീ. ദേശീയ പാതയാണ്. ഉദാല്‍ഗിരിയില്‍ ഒരു റെയില്‍വേ സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നു. ഭൈരവ്കുണ്ഡ്, മംഗല്‍ദോയി, പതൂര്‍ണഘട്ട്, പ്രതാപ്ഘട്ട് തുടങ്ങിയവ ജില്ലയിലെ വിനോദസഞ്ചാരപ്രാധാന്യമുള്ള പ്രദേശങ്ങളാണ്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A6%E0%B4%BE%E0%B4%B0%E0%B4%82%E0%B4%97%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍