This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദാമോദരന്‍, ടി. (1936 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ദാമോദരന്‍, ടി. (1936 - )

മലയാള തിരക്കഥാകൃത്ത്. 1936 സെപ്. 15-ന് കോഴിക്കോട്ട് ബേപ്പൂരില്‍ ജനിച്ചു. അച്ഛന്‍ ചോയിക്കുട്ടി; അമ്മ മാളു. മീഞ്ചന്ത എലിമെന്ററി സ്കൂള്‍, ബേപ്പൂര്‍ ഹൈസ്കൂള്‍, ചാലപ്പുറം ഗണപത് സ്കൂള്‍ എന്നിവിടങ്ങളിലായിരുന്നു സ്കൂള്‍ വിദ്യാഭ്യാസം. തുടര്‍ന്ന് ഗുരുവായൂരപ്പന്‍ കോളജില്‍ ഇന്റര്‍മീഡിയറ്റിനു ചേര്‍ന്നെങ്കിലും അവിടെനിന്ന് പുറത്താക്കപ്പെട്ടു. ഫാറൂഖ് കോളജിലും പഠനം പൂര്‍ത്തിയാക്കാനായില്ല. അതിനാല്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ കോളജില്‍ ചേര്‍ന്നു. കോഴ്സ് പാസ്സായതോടെ മാഹി അഴിയൂര്‍ ഗവണ്മെന്റ് ഹൈസ്കൂളില്‍ ഡ്രില്‍ മാസ്റ്ററായി ജോലി ലഭിച്ചു. ഒരു വര്‍ഷം കഴിഞ്ഞ് ബേപ്പൂര്‍ സ്കൂളിലെത്തി. അവിടെ 29 വര്‍ഷക്കാലം ഡ്രില്‍ മാസ്റ്ററായി ജോലി ചെയ്തു.

ടി. ദാമോദരന്‍

വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ത്തന്നെ കായിക-കലാ മത്സരങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിരുന്ന ഇദ്ദേഹം ചെറുപ്പത്തിലേ യുക്തി വാദ പ്രസ്ഥാനത്തിലെ സജീവ പ്രവര്‍ത്തകനുമായിരുന്നു. സ്കൂള്‍ മാസ്റ്റര്‍ ആയിരിക്കെ നിരവധി നാടകങ്ങള്‍ എഴുതി. യുഗസന്ധിയാണ് ആദ്യ പ്രൊഫഷണല്‍ നാടകം. ഉടഞ്ഞ വിഗ്രഹങ്ങള്‍, ആര്യന്‍, അനാര്യന്‍, നിഴല്‍ തുടങ്ങിയവ ഇദ്ദേഹമെഴുതിയ ജനപ്രിയ നാടകങ്ങളാണ്.

നിഴല്‍ എന്ന നാടകമാണ് ഇദ്ദേഹത്തിന് ചലച്ചിത്രരംഗത്തേക്കുള്ള വഴി തുറന്നുകൊടുത്തത്. സത്യന്‍ ആയിരുന്നു ആ നാടകത്തിന്റെ ഉദ്ഘാടകന്‍. സത്യനും ബാസുരാജും ചേര്‍ന്ന് ഹരിഹരനെക്കൊണ്ട് ഈ നാടകം ചലച്ചിത്രമാക്കാന്‍ തീരുമാനിക്കുകയായിരുന്നു. അതു നടന്നില്ലെങ്കിലും ഒരു വര്‍ഷത്തിനകം ഹരിഹരന്റെ ലൌ മാര്യേജ് എന്ന ചിത്രത്തിന് ഇദ്ദേഹം തിരക്കഥയെഴുതി. തുടര്‍ന്ന് ഹരിഹരന്റെതന്നെ നിരവധി ജനപ്രിയ ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതി. പ്രായോഗിക രാഷ്ട്രീയരംഗത്തെ അടിയൊഴുക്കുകളും അകംകഥകളും ഇതിവൃത്തമാക്കിയ ചടുലമായ ചലച്ചിത്രങ്ങളുടെ തിരക്കഥാകൃത്തായിരുന്നു ഇദ്ദേഹം - ഈനാട്, വാര്‍ത്ത, അങ്ങാടി, അടിമകള്‍ ഉടമകള്‍ തുടങ്ങിയവ ഉദാഹരണം. ആവനാഴി, ഇന്‍സ്പെക്ടര്‍ ബല്‍റാം തുടങ്ങിയ പൊലീസ് ചിത്രങ്ങളും ഇദ്ദേഹം എഴുതിയതാണ്.

ചരിത്ര പശ്ചാത്തലമുള്ള 1921 എന്ന ചലച്ചിത്രത്തിന് ഇദ്ദേഹം എഴുതിയ തിരക്കഥ ശ്രദ്ധേയമാണ്. ഇദ്ദേഹത്തിന്റെ രചനയായ അവളുടെ രാവുകള്‍ ഇറങ്ങിയ സമയത്ത് അശ്ലീലചിത്രമെന്ന് മുദ്ര കുത്തപ്പെട്ടെങ്കിലും പിന്നീട് ഗൗരവമായ സ്ത്രീപക്ഷ വായനയ്ക്കു വിധേയമാവുകയും മികച്ച ചലച്ചിത്രമാണ് അതെന്ന് വിലയിരുത്തപ്പെടുകയും ചെയ്തിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍