This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദാനിയേലിന്റെ പുസ്തകം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ദാനിയേലിന്റെ പുസ്തകം

The Book of Daniel

പഴയ നിയമത്തിലെ ഒരു ഗ്രന്ഥം. യഹൂദര്‍ ഇതിനെ 'ലിഖിത'(Writings)ങ്ങളിലും ക്രൈസ്തവര്‍ 'പ്രവാചക ലിഖിത'ങ്ങളിലും ഉള്‍ പ്പെടുത്തിയിരിക്കുന്നു. ബി.സി. ആറാം ശ.-ത്തില്‍ ബാബിലോണിലെയും പേര്‍ഷ്യയിലെയും രാജസദസ്സുകളില്‍ അംഗമായിരുന്ന ഒരു യഹൂദന്റെ കഥയാണ് ഈ ഗ്രന്ഥത്തില്‍ വിവരിച്ചിരിക്കുന്നത്.

ബാബിലോണിയന്‍-പേര്‍ഷ്യന്‍ കാലഘട്ടങ്ങളോളം പഴക്കം ഈ പുസ്കത്തിനില്ല എന്നാണ് വസ്തുതകള്‍ സൂചിപ്പിക്കുന്നത്. ഹീബ്രൂ പ്രവാചകന്മാരെക്കുറിച്ചുള്ള സമാഹാരം ഉദ്ദേശം ബി.സി. മൂന്നാം ശ.-ത്തിന്റെ അന്ത്യത്തില്‍ത്തന്നെ പൂര്‍ത്തിയായിരുന്നുവെങ്കിലും അതില്‍ ദാനിയേലിന്റെ പുസ്തകം ഉള്‍ പ്പെട്ടിട്ടില്ലായിരുന്നു. പിന്നീടുണ്ടായ സമാഹാരമായ 'ലിഖിത'ങ്ങളിലാണ് ഇത് ഉള്‍ പ്പെടുത്തിയിരിക്കുന്നത്. ബി.സി. രണ്ടാം ശ.-ത്തിന്റെ ആരംഭത്തില്‍ രചിക്കപ്പെട്ട പുരാതന ഹീബ്രൂകളുടെ പട്ടികയില്‍ ദാനിയേലിനെക്കുറിച്ച് പരാമര്‍ശമില്ല. ഒരു ശതകത്തിനുശേഷം മകാബീസ് I ഈ ഗ്രന്ഥത്തെക്കുറിച്ച് പരാമര്‍ശിച്ചിരിക്കുന്നു. ഗ്രന്ഥത്തിന്റെ സിംഹഭാഗവും അരാമയിക് ഭാഷയുടെ പലസ്തീനിയന്‍ ദേശ്യരൂപത്തിലാണ് രചിച്ചിരിക്കുന്നത്.

ഈ ഗ്രന്ഥത്തിലെ ചരിത്രപരമായ ചില പരാമര്‍ശങ്ങളുടെ ആധികാരികതയെപ്പറ്റി അഭിപ്രായഭിന്നതയുണ്ട്. ദാരിയൂസും (ദാര്യാവേശ്) സൈറസും തമ്മില്‍ രചയിതാവിന് ആശയക്കുഴപ്പം സംഭവിച്ചിട്ടുണ്ട്. സെര്‍ക്സിസ് (Xerxes), ദാരിയൂസ്, സൈറസ് എന്നീ ക്രമത്തിലാണ് രാജാക്കന്മാരുടെ ഭരണം നടന്നത് എന്ന് ഈ ഗ്രന്ഥത്തില്‍ പരാമര്‍ശം കാണുന്നു. യഥാര്‍ഥ ക്രമം ഇതിന് നേരേ തിരിച്ചാണ്. എന്നാല്‍ ഗ്രീക്ക് കാലഘട്ടത്തെക്കുറിച്ച് ഗ്രന്ഥകര്‍ത്താവിന് നല്ല അറിവുള്ളതായി മനസ്സിലാക്കാന്‍ സാധിക്കുന്നു. ഏകദേശം ബി.സി. 165-ല്‍ സിറിയന്‍ രാജാവായിരുന്ന അന്തിയോക്കസ് IV എപിഫെനസ് (Antiochus IV Ephiphanes)-ന്റെ പീഡനകാലത്താണ് ദാനിയേലിന്റെ പുസ്തകം രചിക്കപ്പെട്ടതെന്ന് മേല്പറഞ്ഞ വസ്തുതകള്‍ സൂചിപ്പിക്കുന്നു.

അലക്സാണ്ടര്‍ പേര്‍ഷ്യന്‍ പ്രവിശ്യകള്‍ കീഴടക്കിയതോടെ പലസ്തീന്‍ ഗ്രീക്ക് അധീനതയിലായെങ്കിലും, അലക്സാണ്ടറുടെ മരണശേഷം അദ്ദേഹത്തിന്റെ ജനറല്‍മാര്‍ സാമ്രാജ്യം പങ്കുവയ്ക്കുകയും ഈജിപ്തിലെ ടോളമികള്‍, സിറിയയിലെ സെല്യൂസിദുകള്‍ എന്നീ രണ്ട് വംശങ്ങള്‍ പലസ്തീനിനുവേണ്ടി പൊരുതുകയുമുണ്ടായി. 167-ല്‍ യൂദായിലെ സിറിയന്‍ അധിനിവേശം ഉറപ്പിക്കുവാനുള്ള വ്യഗ്രതയില്‍, എല്ലാ പ്രജകളും യഹൂദമതം ഉപേക്ഷിച്ച് ഗ്രീക്ക് ദേശീയമതം സ്വീകരിക്കണമെന്ന് അന്തിയോക്കസ് ആഹ്വാനം ചെയ്തു. അനുസരിക്കാത്തവരെ ഇദ്ദേഹം കഠിനമായി പീഡിപ്പിക്കുകയും അടിച്ചമര്‍ത്തുകയും ചെയ്തു. ഭക്തിയും ദേശീയതയും ഒത്തുചേര്‍ന്ന വിപ്ലവത്തിന് ഇത് വഴിയൊരുക്കി. വിപ്ലവത്തിലും ചെറുത്തുനില്പിലും പങ്കാളികളായിരുന്ന യഹൂദര്‍ക്ക് പ്രചോദനമെന്ന നിലയിലാണ് ദാനിയേലിന്റെ പുസ്തകം രചിക്കപ്പെട്ടത്. യഹൂദ പ്രവാചകനായിരുന്ന ദാനിയേലിനെക്കുറിച്ചുള്ള ഐതിഹ്യങ്ങളില്‍നിന്ന് ആശയങ്ങള്‍ സ്വീകരിച്ചാണ് ഈ കൃതി രചിച്ചിരിക്കുന്നത്. ശക്തമായ പീഡനങ്ങള്‍ക്കു മുമ്പില്‍ പതറാതെ ദൈവത്തിന്റെ ശാസനകള്‍ അക്ഷരംപ്രതി അനുസരിച്ച യഹൂദന്റെ ജീവിതമാണ് ഇതിലെ പ്രതിപാദ്യം.

ദാനിയേലിന്റെ പുസ്തകത്തില്‍ പന്ത്രണ്ട് അധ്യായങ്ങളുണ്ട്. ആദ്യത്തെ ആറ് അധ്യായങ്ങളില്‍ ആറ് വ്യത്യസ്ത ഉപാഖ്യാനങ്ങളാണുള്ളത്. ദാനിയേലും മറ്റു മൂന്ന് യഹൂദയുവാക്കളും യഹൂദ ഭക്ഷണക്രമം പാലിച്ചുകൊണ്ട് ബാബിലോണിലെ രാജസദസ്സില്‍ എല്ലാ പണ്ഡിതരെയും പരാജയപ്പെടുത്തുന്ന കഥയാണ് ആദ്യത്തെ അധ്യായത്തില്‍ പറഞ്ഞിരിക്കുന്നത്. രണ്ടാം അധ്യായത്തില്‍ നെബുഖദ്നേസര്‍ രാജാവിന്റെ സ്വപ്നം ദാനിയേല്‍ വ്യാഖ്യാനിക്കുന്നു. തങ്കംകൊണ്ടുള്ള തലയും, വെള്ളി കൊണ്ടുള്ള നെഞ്ചും കൈയും, താമ്രംകൊണ്ടുള്ള വയറും അരയും, ഇരുമ്പുകൊണ്ടുള്ള തുടയും, ഇരുമ്പും കളിമണ്ണും ചേര്‍ത്ത് ഉണ്ടാക്കിയ കാലുമുള്ള ഒരു വലിയ ബിംബത്തെ ഒരു കല്ല് ഉരുണ്ടുവന്ന് കാലില്‍ അടിച്ചു തകര്‍ക്കുന്നതായാണ് രാജാവ് സ്വപ്നം കണ്ടത്. യൂദായില്‍ ആധിപത്യമുറപ്പിക്കുന്ന വിദേശ ശക്തികളുടെ പ്രതീകമാണ് ഈ ബിംബമെന്നും യഹൂദര്‍ ഒടുവില്‍ ഈ ശക്തികളെ കീഴടക്കി പീഡനത്തിന്റെ കാലഘട്ടം അവസാനിപ്പിക്കുമെന്നുമാണ് സ്വപ്നത്തിന്റെ പൊരുള്‍ എന്ന് ദാനിയേല്‍ വ്യാഖ്യാനിച്ചു.

ബാബേലിലെ പ്രധാന വിചാരകനായി നിയമിക്കപ്പെട്ട ദാനിയേലും സുഹൃത്തുക്കളായ ശദ്രക്, മേശക്, അബേദ്നെഗോ തുടങ്ങിയവരും രാജപ്രതിമയെ ആരാധിക്കുവാന്‍ വിസമ്മതിക്കുന്ന കഥയാണ് മൂന്നാം അധ്യായത്തില്‍ പറഞ്ഞിരിക്കുന്നത്. നാലാമത്തെ അധ്യായത്തില്‍ ദാനിയേല്‍ രാജാവിന്റെ മറ്റൊരു സ്വപ്നം വ്യാഖ്യാനിക്കുന്നതായി കാണുന്നു. അഹങ്കാരത്തിനു ശിക്ഷയായി രാജാവിന് ഏഴുവര്‍ഷക്കാലം ഭ്രാന്ത് അനുഭവിക്കേണ്ടിവരും എന്ന് ദാനിയേല്‍ പ്രവചിച്ചു. രോഗം ശമിച്ചതിനുശേഷം നെബുഖദ്നേസര്‍ രാജാവ് ഏത് ഭരണാധികാരിയെയും നിഷ്പ്രഭനാക്കുന്ന യഹൂദ ദൈവത്തെ പ്രകീര്‍ത്തിക്കുന്നു. അഞ്ചാം അധ്യായം നെബുഖദ്നേസറിന്റെ പുത്രനായ ബേല്‍ശസ്സര്‍ രാജാവിന്റെ സദ്യയെക്കുറിച്ചും ബാബിലോണിയന്‍ സാമ്രാജ്യത്തിന്റെ അന്ത്യത്തെ സൂചിപ്പിക്കുന്ന ദാനിയേലിന്റെ പ്രവചനത്തെക്കുറിച്ചും വിവരിക്കുന്നു. ആറാം അധ്യായത്തില്‍, രാജാവിനെയല്ലാതെ ആരെയും ഒരു മാസത്തേക്ക് ആരാധിക്കുവാന്‍ പാടില്ല എന്ന ദാര്യാവേശ് രാജാവിന്റെ കല്പന ദാനിയേല്‍ ധിക്കരിക്കുകയും അതിനു ശിക്ഷയായി സിംഹങ്ങളുടെ ഗുഹയില്‍ എറിയപ്പെടുകയും ചെയ്യുന്നു. യഹോവയുടെ കാരുണ്യത്താല്‍ ദാനിയേല്‍ സിംഹങ്ങളില്‍നിന്നു രക്ഷപ്പെടുകയും ദാര്യാവേശ് രാജാവ് യഹൂദരുടെ ദൈവത്തെ അംഗീകരിക്കുകയും ചെയ്യുന്നു.

ഉദ്ദേശം 400 വര്‍ഷങ്ങള്‍ക്കുമുമ്പ് ജീവിച്ചിരുന്ന വിശ്വാസിയായ ഒരു യഹൂദനെക്കുറിച്ചുള്ള സാങ്കല്പിക കഥകളിലൂടെ ദാനിയേലിന്റെ പുസ്തകത്തിന്റെ രചയിതാവ് സഹ യഹൂദരെ തങ്ങളുടെ വിശ്വാസത്തില്‍ ഉറച്ചുനില്ക്കുവാനും ആചാരങ്ങള്‍ പിന്തുടരുവാനും ആഹ്വാനം ചെയ്യുന്നു. അന്തിയോക്കസിനെക്കാള്‍ പ്രബലരായ രാജാക്കന്മാര്‍ പലരും യഹൂദ ദൈവമായ യഹോവയ്ക്കു മുമ്പില്‍ മുട്ടുകുത്തിയിരിക്കുന്നതിനാല്‍ യഹൂദര്‍ വിശ്വാസം കൈവെടിയാതെ ജീവിക്കണം എന്നാണ് ഈ പുസ്തകത്തിന്റെ സന്ദേശം.

ദാനിയേലിന്റെ പുസ്തകത്തിലെ അവസാനത്തെ ആറ് അധ്യായങ്ങള്‍ ദിവ്യ വെളിപാടിന്റെ സ്വഭാവമുള്ളവയാണ്. ദാനിയേലിനുണ്ടാകുന്ന ദര്‍ശനങ്ങളെക്കുറിച്ചാണ് ഇവ പരാമര്‍ശിക്കുന്നത്. ആദ്യ ദര്‍ശനത്തില്‍ നാല് ഭീകരമൃഗങ്ങളെയാണ് ദാനിയേല്‍ കാണുന്നത്. ഇതില്‍ നാലാമത്തേത് അതിഭീകരമാണെന്നും അതിനെ നശിപ്പിക്കുവാന്‍ ദൈവം വിധി പറയുന്നുവെന്നും ദാനിയേല്‍ കാണുന്നു. 'പിന്നെ രാജത്വവും ആധിപത്യവും ആകാശത്തിന്‍ കീഴെല്ലാടവുമുള്ള രാജ്യങ്ങളുടെ മഹത്ത്വവും അത്യുന്നതന്റെ വിശുദ്ധന്മാരായ ജനത്തിനു ലഭിക്കും, അവന്റെ രാജത്വം നിത്യരാജത്വം ആകുന്നു. സകല ആധിപത്യങ്ങളും അവനെ സേവിച്ചനുസരിക്കും' എന്ന് 7:27-28 ല്‍ പറയുന്നു.

രണ്ടാമത്തെ ദര്‍ശനത്തില്‍ ഒരു ചെമ്മരിയാട്ടിന്‍കൊറ്റനും കോലാട്ടിന്‍ കൊറ്റനും തമ്മിലുള്ള സംഘട്ടനമാണ് ദാനിയേല്‍ കാണുന്നത്. പാര്‍സ്യ രാജാക്കന്മാരും യവന രാജാക്കന്മാരും തമ്മിലുള്ള സംഘട്ടനത്തെ സൂചിപ്പിക്കുന്ന ഈ ദര്‍ശനം, അവരുടെയെല്ലാം നാശത്തെ പ്രതീകാത്മകമായി ചിത്രീകരിക്കുന്നു.

അടുത്ത ദര്‍ശനം ജെറുസലേമിന്റെ അപചയത്തെക്കുറിച്ചുള്ള യിരെമ്യാവിന്റെ പ്രവചനം ആസ്പദമാക്കിയുള്ളതാണ്. വിശുദ്ധ നഗരത്തിന്റെ അപചയകാലം എഴുപത് ആഴ്ചവട്ടം നീണ്ടു നില്ക്കുമെന്നും ഈ കാലം അവസാനിക്കാറായി എന്നും ദാനിയേലിനു ദര്‍ശനം ലഭിക്കുന്നു.

പത്ത് മുതല്‍ പന്ത്രണ്ട് വരെയുള്ള അധ്യായങ്ങളില്‍ രാഷ്ട്രീയ സംഘട്ടനങ്ങളുടെ ചരിത്രം പ്രതീകാത്മകമായി ആവിഷ്കരിച്ചിരിക്കുന്നു. അന്തിയോക്കസിനെ സംഹരിക്കുവാന്‍ യഹോവ തന്റെ വിശ്വസ്തനായ മിഖായേലിനെ അയയ്ക്കുമെന്ന് ഇതില്‍ പറയുന്നു. മരണപ്പെട്ടവരുടെ ഉയിര്‍ത്തെഴുന്നേല്പിനെക്കുറിച്ച് ഹീബ്രുസാഹിത്യത്തില്‍ ആദ്യം പരാമര്‍ശമുണ്ടായിട്ടുള്ളത് ദാനിയേലിന്റെ പുസ്തകത്തിലാണ്. 'നിലത്തിലെ പൊടിയില്‍ നിദ്രകൊള്ളുന്നവരില്‍ പലരും ചിലര്‍ നിത്യജീവന്നായും, ചിലര്‍ ലജ്ജയ്ക്കും നിത്യനിന്ദയ്ക്കുമായും ഉണരും', എന്ന് 12: 2-3 ല്‍ പറഞ്ഞിരിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍