This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ദാദ്രാ-നഗര്‍ഹവേലി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ദാദ്രാ-നഗര്‍ഹവേലി
Dadra-Nagar Haveli
ഇന്ത്യയിലെ ഒരു കേന്ദ്രഭരണ പ്രദേശം. ദാദ്രാ, നഗര്‍ഹവേലി എന്നീ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന ഇവിടം ഗുജറാത്ത്-മഹാരാഷ്ട്ര സംസ്ഥാനങ്ങളുടെ അതിര്‍ത്തിയില്‍ അന്യോന്യം സു. 3 കി.മീ. അകലത്തില്‍ സ്ഥിതിചെയ്യുന്നു. ഗുജറാത്ത് സംസ്ഥാനത്താല്‍ ചുറ്റപ്പെട്ടാണ് ദാദ്രായുടെ സ്ഥാനം. ഗുജറാത്ത്-മഹാരാഷ്ട്ര സംസ്ഥാനങ്ങളുടെ അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന നഗര്‍ഹവേലിയുടെ വടക്കും കിഴക്കും പടിഞ്ഞാറും ഗുജറാത്തിലെ വല്‍സദ് ജില്ലയും തെക്ക് മഹാരാഷ്ട്രയിലെ താന ജില്ലയും സ്ഥിതിചെയ്യുന്നു. ദാദ്രാ-നഗര്‍ഹവേലിയിലെ 72 ഗ്രാമങ്ങളില്‍ മൂന്നെണ്ണം ദാദ്രായിലും ശേഷിക്കുന്നവ നഗര്‍ഹവേലിയിലുമാണ് ഉള്‍ പ്പെടുന്നത്. വിസ്തൃതി: 491 ച.കി.മീ.; ജനസംഖ്യ: 2,20,451 (2001); തലസ്ഥാനം: സില്‍വാസ.
ഭൂമിശാസ്ത്രപരമായി ദാദ്രാ-നഗര്‍ഹവേലിയുടെ കിഴക്കും വടക്കുകിഴക്കും പൊതുവേ ചെങ്കുത്തായ കുന്നിന്‍പുറങ്ങള്‍ കാണാം. നഗര്‍ഹവേലിയുടെ മധ്യസമതലപ്രദേശം ഒഴികെയുള്ള ഭാഗങ്ങള്‍ക്ക് നിമ്ന്നോന്നതമായ ഭൂപ്രകൃതിയാണുള്ളത്. ദാമന്‍ഗംഗയും പോഷകനദികളായ വര്‍ണ, പിപ്രി, സകാര്‍തണ്ഡ് എന്നിവയുമാണ് ഈ പ്രദേശത്തെ മുഖ്യ ജലസ്രോതസ്സുകള്‍. പാറക്കെട്ടുകള്‍ നിറഞ്ഞ ഭൂപ്രദേശത്തുകൂടിയാണ് പ്രധാനമായും ദാമന്‍ഗംഗ പ്രവഹിക്കുന്നത്. പാറ പൊടിഞ്ഞുണ്ടായ കരിമണ്ണാണ് ദാദ്രാ-നഗര്‍ഹവേലിയില്‍ പൊതുവേ കാണപ്പെടുന്നത്. എന്നാല്‍ ഈ പ്രദേശത്തിന്റെ മധ്യഭാഗത്ത് കളിമണ്ണാണുള്ളത്. മാറ്റക്കൃഷി സമ്പ്രദായം നിലനില്ക്കുന്ന ദാദ്രാ-നഗര്‍ഹവേലിയുടെ വടക്കന്‍ പ്രദേശങ്ങളില്‍ മണ്ണൊലിപ്പ് രൂക്ഷമാണ്.
ചൂടും ഈര്‍പ്പവും നിറഞ്ഞ വേനലും വരണ്ട ശൈത്യവും ദാദ്രാ-നഗര്‍ഹവേലിയിലെ കാലാവസ്ഥാ സവിശേഷതയാണ്. ശൈത്യകാലമാണ് പൊതുവേ സുഖകരം. ജൂണില്‍ ആരംഭിക്കുന്ന മഴക്കാലം ആഗസ്റ്റോടെ അവസാനിക്കുന്നു. വാര്‍ഷിക വര്‍ഷപാതം: 250-300 സെ.മീ.
ദാദ്രാ-നഗര്‍ഹവേലിയുടെ മൊത്തം വിസ്തൃതിയുടെ സു. 40% വനപ്രദേശമാണ്. ഇതില്‍ 20,359 ഹെക്ടറോളം പ്രദേശത്ത് നൈസര്‍ഗിക വനങ്ങളുണ്ട്. 92 ച.കി.മീ. സംരക്ഷിത വനപ്രദേശം രണ്ടായിരാമാണ്ടില്‍ ദേശീയോദ്യാനമായി പ്രഖ്യാപിച്ചു. തേക്ക്, സദാദ്, ഖൈര്‍ എന്നിവയാണ് പ്രധാന വൃക്ഷ ഇനങ്ങള്‍. പോര്‍ച്ചുഗീസ് ആധിപത്യകാലത്താണ് ഇവിടത്തെ വനങ്ങള്‍ വന്‍തോതില്‍ ചൂഷണത്തിനു വിധേയമായത്.
ദാദ്രാ-നഗര്‍ഹവേലിയിലെ ജനങ്ങളില്‍ ഭൂരിഭാഗവും (78.82%) ആദിവാസികളാണ്. ഇതില്‍ വര്‍ളി, ദൂബ്ല, ദോഡിയ, കോലി, കോക്നാന്‍ എന്നീ വിഭാഗങ്ങളാണ് മുഖ്യം. ജനങ്ങളില്‍ ഭൂരിപക്ഷവും ഹിന്ദുമതവിശ്വാസികളാണ്. മുസ്ലിം, ക്രൈസ്തവ, ജൈന, ബൗദ്ധ മതവിഭാഗക്കാരും ഇവിടെയുണ്ട്.
ദിലി, ദിലോദി, ഗുജറാത്തി, മറാഠി, ഹിന്ദി എന്നിവയാണ് ഇവിടെ പ്രചാരത്തിലുള്ള മുഖ്യ ഭാഷകള്‍. ഇവിടത്തെ ആദിവാസി ഉത്സവങ്ങളും വിളവെടുപ്പിനു മുമ്പും പിമ്പും ആദിവാസികള്‍ നടത്തുന്ന ഗ്രാമദേവി, വാലി പൂജകളും പ്രസിദ്ധമാണ്.
കൃഷിയാണ് ദാദ്രാ-നഗര്‍ഹവേലിയിലെ ജനങ്ങളുടെ മുഖ്യ ഉപജീവനമാര്‍ഗം. നെല്ല്, കൂവരക് എന്നിവയാണ് മുഖ്യ വിളകള്‍. ഗോതമ്പ്, തിന, പയറുവര്‍ഗങ്ങള്‍ തുടങ്ങിയവയും മാങ്ങ, സപ്പോട്ട, നേന്ത്രപ്പഴം എന്നീ ഫലങ്ങളും ഇവിടെ ഉത്പാദിപ്പിക്കുന്നു. വിപുലമായ ജലസേചന സൗകര്യങ്ങളും ജില്ലയിലുണ്ട്.
മുമ്പ്, കരകൗശല വ്യവസായങ്ങള്‍ക്ക് പ്രസിദ്ധമായിരുന്നു ഈ പ്രദേശം. 1967-68 ല്‍ സഹകരണമേഖലയില്‍ വ്യാവസായിക സംരംഭം (Industrial Estate) സ്ഥാപിതമായതോടെ ഈ പ്രദേശത്തിന്റെ വ്യാവസായിക വികസനത്തിന് ആരംഭമായി. തുടര്‍ന്ന് സില്‍വാസ, മാസത്, ഖദോലി എന്നിവിടങ്ങളില്‍ സര്‍ക്കാര്‍ മുന്‍കൈയെടുത്ത് വ്യവസായങ്ങള്‍ ആരംഭിച്ചു. 2002 മാര്‍ച്ചിലെ കണക്കനുസരിച്ച് 383 ഇടത്തരം വ്യവസായങ്ങളും ചെറുകിട-കുടില്‍ വ്യവസായങ്ങളും ഉള്‍പ്പെടെ 1,317 വ്യവസായങ്ങള്‍ ദാദ്രാ-നഗര്‍ഹവേലിയിലുണ്ടായിരുന്നു. കരകൗശല വസ്തുക്കള്‍, വസ്ത്രം, പ്ലാസ്റ്റിക്, ഇലക്ട്രോണിക് എന്‍ജിനീയറിങ് ഉത്പന്നങ്ങള്‍, രാസവസ്തുക്കള്‍ തുടങ്ങിയവയാണ് പ്രധാന വ്യാവസായികോത്പന്നങ്ങള്‍.
ദാദ്രാ-നഗര്‍ഹവേലിയിലെ റോഡുകളെല്ലാം മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളുടെ അധീനതയിലുള്ളവയാണ്. 2002-ലെ കണക്കനുസരിച്ച് 580 കി.മീ. ആയിരുന്നു റോഡുകളുടെ മൊത്തം ദൈര്‍ഘ്യം. 68 ഗ്രാമങ്ങളെയും റോഡുമാര്‍ഗം ബന്ധിപ്പിച്ചിട്ടുണ്ട്. ഗുജറാത്തിലെ വാപിയാണ് ഏറ്റവും അടുത്ത റെയില്‍വേ സ്റ്റേഷന്‍; മുംബൈ ഏറ്റവും അടുത്തുള്ള വിമാനത്താവളവും.
വിനോദസഞ്ചാരത്തിന് ഏറെ പ്രാധാന്യമുള്ള ദാദ്രാ-നഗര്‍ഹവേലിയിലെ നിബിഡവനങ്ങളും സുഖകരമായ കാലാവസ്ഥയും വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നു. താടകേശ്വര്‍ ശിവക്ഷേത്രം, ഖാന്‍വേലിലെ മാന്‍ പാര്‍ക്ക്, വനഗംഗാതടാകം, തടാകത്തിനുള്ളിലെ ഉദ്യാനം, ദാദ്രാ വനവിഹാര്‍ ഉദ്യാനം, മൃഗശാല, ആദിവാസി മ്യൂസിയം തുടങ്ങിയവ ശ്രദ്ധേയങ്ങളാണ്.
ചരിത്രം. ദാദ്രാ-നഗര്‍ഹവേലിയുടെ ലഭ്യമായ ലിഖിത ചരിത്രം മധ്യകാലഘട്ടം മുതല്‍ ആരംഭിക്കുന്നു. 13-ാം ശ.-ത്തിന്റെ മധ്യത്തോടെ കോളി(Koli)മുഖ്യന്മാരെ തോല്പിച്ച് രജപുത്രര്‍ നഗര്‍ഹവേലി പ്രദേശം ഉള്‍ പ്പെടുന്ന രാംനഗര്‍ എന്ന ചെറുരാജ്യത്തിന്റെ ഭരണാധികാരം കയ്യടക്കി. 18-ാം ശ.-ത്തിന്റെ മധ്യത്തില്‍ മറാത്തരുടെ അധിനിവേശം ഉണ്ടാകുന്നതുവരെ ഇവിടെ രജപുത്രഭരണം തുടര്‍ന്നു. 18-ാം ശ.-ത്തിന്റെ മൂന്നാം പാദത്തില്‍ ഇവിടം പോര്‍ച്ചുഗീസുകാരുടെ കൈവശമായി. 1954 ആഗ.-ല്‍ പോര്‍ച്ചുഗീസ് ഭരണത്തില്‍നിന്നു സ്വതന്ത്രമാവുകയും 1961 ആഗ.-ല്‍ കേന്ദ്രഭരണപ്രദേശമാവുകയും ചെയ്തു. ഇന്ത്യാഗവണ്മെന്റ് നിയമിക്കുന്ന അഡ്മിനിസ്റ്റ്രേറ്റര്‍ ആണ് ഈ കേന്ദ്രഭരണപ്രദേശത്തിന്റെ ഭരണത്തലവന്‍. ദാദ്രാ-നഗര്‍ഹവേലി എന്ന പേരിലുള്ള ഒരു ജില്ല മാത്രമേ ഇവിടെയുള്ളൂ. മുംബൈ ഹൈക്കോടതിയുടെ അധികാരപരിധിയിലാണ് ഇവിടം.