This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദശാഫലങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ദശാഫലങ്ങള്‍

ജ്യോതിഷപ്രകാരം ഓരോ ഗ്രഹത്തിന്റെയും ദശാകാലത്ത് അനുഭവപ്പെടുന്ന ഫലങ്ങള്‍. ജ്യോതിഷസിദ്ധാന്തമനുസരിച്ച് ഓരോരുത്തരുടെയും ജീവിതത്തില്‍ ജനനംതൊട്ട് മരണംവരെ, നിശ്ചിത നിയമപ്രകാരം ഓരോ ഗ്രഹത്തിന്റെയും പ്രഭാവം അനുഭവപ്പെടുന്ന കാലങ്ങളുണ്ട്. ഈ കാലങ്ങളെ ആ ഗ്രഹത്തിന്റെ ദശാകാലം എന്നു പറയുന്നു. ജാതകത്തില്‍ ഓരോ ഗ്രഹവും സൂചിപ്പിക്കുന്ന ഫലങ്ങള്‍ അതതു ഗ്രഹത്തിന്റെ ദശാകാലത്ത് അനുഭവപ്പെടുന്നു എന്നാണ് ജ്യോതിഷവിശ്വാസം. ഈ ദശാസമ്പ്രദായം ഭാരതീയ ജ്യോതിഷത്തിന്റെ പ്രത്യേകതയാണ്. ഓരോ വ്യക്തിയും അനുഭവിക്കുന്ന ദശാകാലങ്ങളും അവയുടെ ക്രമവും ജാതകത്തിന്റെ അടിസ്ഥാനത്തില്‍ ചില നിയമങ്ങള്‍ക്ക് അനുസൃതമായാണു കണക്കാക്കപ്പെടുന്നത്. ഇത്തരം ദശാസമ്പ്രദായങ്ങള്‍ അനേകമുണ്ട്. അംശകദശ, നക്ഷത്രദശ, അഷ്ടോത്തരിദശ, കാലചക്രദശ മുതലായ പല ദശാസമ്പ്രദായങ്ങള്‍ ആചാര്യന്മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. പരാശരന്‍ രചിച്ച ബൃഹത് പരാശര ഹോരാശാസ്ത്രത്തില്‍ ഇവയുടെ വിവരണം കാണാം. ഇവയില്‍ ഏറ്റവും പ്രചാരം ലഭിച്ചിട്ടുള്ളത് നക്ഷത്രദശ, ഉഡുദശ, വിംശോത്തരി ദശ എന്നെല്ലാം പറയപ്പെടുന്ന ദശാസമ്പ്രദായത്തിനാണ്. ജന്മനക്ഷത്രത്തിന്റെ അടിസ്ഥാനത്തില്‍ ദശാക്രമം നിശ്ചയിക്കപ്പെടുന്നതിനാല്‍ നക്ഷത്രദശ എന്നും, പരമാവധി മനുഷ്യായുസ്സ് 120 വര്‍ഷം എന്നുള്ള സങ്കല്പത്തിലായതിനാല്‍ വിംശോത്തരി ദശ എന്നും ഈ സമ്പ്രദായം അറിയപ്പെടുന്നു.

നക്ഷത്രദശയില്‍ ഓരോ ഗ്രഹത്തിന്റെയും ദശാകാലങ്ങള്‍ ഇപ്രകാരമാണ്:

കേതു 7 വര്‍ഷം, ശുക്രന്‍ 20 വര്‍ഷം, സൂര്യന്‍ 6 വര്‍ഷം, ചന്ദ്രന്‍ 10 വര്‍ഷം, ചൊവ്വ 7 വര്‍ഷം, രാഹു 18 വര്‍ഷം, വ്യാഴം 16 വര്‍ഷം, ശനി 19 വര്‍ഷം, ബുധന്‍ 20 വര്‍ഷം.

എല്ലാവര്‍ക്കും ഈ ക്രമത്തിലാണ് ദശകള്‍ അനുഭവപ്പെടുക. എന്നാല്‍ പ്രഥമദശ, അതായത് ജനനസമയത്തെ ദശ ഓരോരുത്തര്‍ക്കും വ്യത്യസ്തമായിരിക്കും. തുടര്‍ന്നുള്ള ദശകള്‍ മുന്‍പറഞ്ഞ ക്രമത്തിലായിരിക്കും. പ്രഥമദശ ജന്മനക്ഷത്രാധിപന്റെ ദശയായിരിക്കും. എന്നാല്‍ ഈ ദശ പൂര്‍ണമായി ലഭിക്കുകയില്ല. രാശിചക്രത്തിലെ ഓരോ 13o 20' ആണ് ഓരോ നക്ഷത്രം അഥവാ നാള്‍. അങ്ങനെ 27 നക്ഷത്രങ്ങളാണുള്ളത്. ചന്ദ്രന്‍ ജനനകാലത്തില്‍ ഏതു നക്ഷത്രത്തില്‍ സഞ്ചരിക്കുന്നുവോ അതാണ് ജന്മനക്ഷത്രം. ഓരോ നക്ഷത്രത്തിനും അധിപനായി ഒരു ഗ്രഹം ഉണ്ട്. 27 നക്ഷത്രങ്ങളില്‍ മൂന്നെണ്ണം വീതം ഓരോ ഗ്രഹത്തിന്റെയും ആധിപത്യത്തിലാണ്. ഉദാഹരണമായി അശ്വതി, മകം, മൂലം എന്നിവ കേതുവിന്റെയും ഭരണി, പൂരം, പൂരാടം എന്നിവ ശുക്രന്റെയും ആധിപത്യങ്ങളിലാണ്. ചന്ദ്രന്‍ ജനനസമയത്ത് ജന്മനക്ഷത്രത്തിന്റെ തുടക്കത്തിലാണ് നില്ക്കുന്നതെങ്കില്‍ പ്രഥമദശ പൂര്‍ണമായും അനുഭവപ്പെടും; നക്ഷത്രത്തിന്റെ അവസാനമാണെങ്കില്‍ പ്രഥമദശ ഒട്ടുംതന്നെ ലഭിക്കുന്നില്ല. ഇടയിലാണ് ചന്ദ്രന്റെ സ്ഥിതി എങ്കില്‍, ചന്ദ്രന്‍ ആ നക്ഷത്രത്തില്‍ക്കൂടി എത്ര ഡിഗ്രി സഞ്ചരിക്കാനുണ്ടോ അതിന് ആനുപാതികമായിരിക്കും പ്രഥമദശ. ഉദാഹരണമായി ഒരു ജാതകത്തില്‍ ചന്ദ്രന്‍ അനിഴം നക്ഷത്രത്തിലാണെന്നും ആ നക്ഷത്രത്തില്‍ 7o15' കഴിഞ്ഞു എന്നും കരുതുക. ചന്ദ്രന്‍ ഇനി ആ നക്ഷത്രത്തില്‍ സഞ്ചരിക്കാനുള്ളത് 13o 20' - 7o 15' = 6o 05' ആണ്. അനിഴം ശനിയുടെ നക്ഷത്രമാകയാല്‍ പ്രഥമദശ ശനിയുടേതാണ്. ശനിയുടെ ദശാകാലം 19 വര്‍ഷമാണ്. അതിനാല്‍ ജനനം മുതല്‍Image:pno326aaa.png വര്‍ഷം 8 മാസം 1 ദിവസം മാത്രമേ ശനിദശ അനുഭവപ്പെടുകയുള്ളൂ. തുടര്‍ന്നുള്ള ദശകള്‍ ഓരോന്നും ക്രമത്തിന് പൂര്‍ണമായി അനുഭവപ്പെടും; ബുധദശ 17 വര്‍ഷം, കേതുദശ 7 വര്‍ഷം, ശുക്രദശ 20 വര്‍ഷം എന്നിങ്ങനെ.

ഓരോ ഗ്രഹത്തിന്റെയും ദശാകാലത്തില്‍ത്തന്നെ ഒന്‍പത് ഗ്രഹങ്ങളുടെയും പ്രഭാവം ഉള്ള നിശ്ചിത കാലങ്ങളുണ്ട്. ഇവയാണ് ഓരോ ഗ്രഹത്തിന്റെയും അപഹാരങ്ങള്‍ അഥവാ അന്തര്‍ദശ അഥവാ ഭുക്തി എന്നു പറയപ്പെടുന്നത്. മൊത്തം ദശാകാലം ഓരോ ഗ്രഹത്തിന്റെയും ദശാവര്‍ഷങ്ങളുടെ അനുപാതത്തിലാണ് വിഭജിക്കപ്പെടുന്നത്. ദശാനാഥന്‍ തന്നെയാണ് ആദ്യത്തെ അപഹാരനാഥന്‍. ചന്ദ്രദശ മൊത്തം പത്തുവര്‍ഷമാണ്. ഇതിലെ ഒന്‍പത് അപഹാരകാലങ്ങള്‍ ഇനി പറയുന്നതുപോലെയാണ്. Image:pno327aaa.png

എന്നിങ്ങനെ.

ഓരോ അപഹാരകാലവും ഒന്‍പത് ഗ്രഹങ്ങളുടെ 'ഛിദ്ര'കാലങ്ങളായി ദശാവര്‍ഷങ്ങളുടെ അതേ അനുപാതത്തില്‍ വിഭജിക്കപ്പെടുന്നുണ്ട്. അതേരീതിയില്‍ ഓരോ ഛിദ്രത്തെയും ഒന്‍പത് ഗ്രഹങ്ങളുടെ 'സൂക്ഷ്മ'ങ്ങളായും ഓരോ 'സൂക്ഷ്മ'ത്തെയും ഒന്‍പത് ഗ്രഹങ്ങളുടെ 'പ്രാണ'ങ്ങളായും വിഭജിക്കാറുണ്ട്.

അങ്ങനെ ഓരോ കാലത്തും നടക്കുന്ന ദശ, അപഹാരം, ഛിദ്രം മുതലായവ ഏതേതു ഗ്രഹങ്ങളുടേതാണെന്നു നിര്‍ണയിച്ചാണ് ആ കാലത്തുള്ള അനുഭവങ്ങള്‍ പ്രവചിക്കപ്പെടുന്നത്. ഗ്രഹങ്ങളുടെ ബലം, ഇഷ്ടാനിഷ്ട സ്ഥിതി, കാരകത്വങ്ങള്‍, മറ്റു ഗ്രഹങ്ങളുടെ യോഗവും ദൃഷ്ടിയും, ഭാവാധിപത്യങ്ങള്‍ മുതലായവ പരിശോധിച്ചാണ് ദശാഫലപ്രവചനം നടത്തുന്നത്.

(ഡോ. കെ.പി. ധര്‍മരാജ അയ്യര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍