This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദയാവധം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ദയാവധം

Euthanasia

ചികിത്സിച്ചു ഭേദമാക്കാനാവാത്ത രോഗങ്ങള്‍മൂലം കടുത്ത വേദനയനുഭവിക്കുന്ന രോഗികളെ, അവരുടെ ആവശ്യപ്രകാരം മരിക്കാന്‍ അനുവദിക്കുന്ന സമ്പ്രദായം. രോഗിക്ക് സ്വയമോ മറ്റാരുടെയെങ്കിലും സഹായത്തോടെയോ ഇങ്ങനെ ചെയ്യാം. പല രാജ്യങ്ങളും ദയാവധത്തോട് വ്യത്യസ്ത സമീപനങ്ങളാണ് പുലര്‍ത്തുന്നത്. അമേരിക്കയില്‍ ദയാവധം ഒരു കുറ്റകൃത്യമായിട്ടാണ് കരുതപ്പെടുന്നത്. സ്വയം ദയാവധത്തിനു ശ്രമിക്കുന്നവര്‍ക്കുമേല്‍ ആത്മഹത്യാകുറ്റത്തിനും സഹായിക്കുന്നവര്‍ക്കുമേല്‍ കൊലക്കുറ്റത്തിനും കേസ്സെടുക്കും. എന്നാല്‍, യൂറോപ്യന്‍ രാജ്യങ്ങള്‍ ഉദാര സമീപനമാണ് ഇക്കാര്യത്തില്‍ പുലര്‍ത്തുന്നത്. ജര്‍മനിയിലും സ്വിറ്റ്സര്‍ലന്‍ഡിലും ദയാവധത്തിനു സഹായിക്കുന്നവര്‍ ക്കെതിരെ കൊലക്കുറ്റം ചുമത്തുകയില്ല. നോര്‍വെയില്‍ ദയാവധത്തെ ഒരു 'സവിശേഷ കുറ്റകൃത്യ'മായിട്ടാണ് പരിഗണിക്കുന്നത്. ശിക്ഷ ജഡ്ജിയുടെ വിവേചനാധികാരത്തിനു വിടുന്ന സമീപനമാണുള്ളത്. ഇന്ത്യന്‍ നിയമം ദയാവധത്തെപ്പറ്റി പരാമര്‍ശിക്കുന്നില്ല; സ്വാഭാവികമായും വധശ്രമമായി പരിഗണിക്കപ്പെടും.

വൈദ്യശാസ്ത്ര നൈതികതയില്‍ ദയാവധം സങ്കീര്‍ണമായ പല പ്രശ്നങ്ങള്‍ക്കും ഇടയാക്കിയിട്ടുണ്ട്. രോഗിക്ക് രോഗപീഡയും വേദനയുമില്ലാതാക്കുകയും ജീവന്‍ സംരക്ഷിക്കുകയും ചെയ്യുമെന്ന് പ്രതിജ്ഞയെടുത്തുകൊണ്ടാണ് ഒരാള്‍ വൈദ്യവൃത്തിയിലേക്ക് ഔപചാരികമായി പ്രവേശിക്കുന്നത്. ലഭ്യമായ വൈദ്യശാസ്ത്ര വിജ്ഞാനംകൊണ്ട് ഭേദമാക്കാനാവാത്ത രോഗങ്ങളാല്‍ കഷ്ടപ്പെടുന്ന ഒരു രോഗിയുടെ ജീവന്‍ നിലനിര്‍ത്താന്‍ ശ്രമിക്കുകയെന്നതിനര്‍ഥം വേദനയില്‍നിന്ന് മുക്തനാക്കുകയെന്ന പ്രതിജ്ഞ ലംഘിക്കുന്നു എന്നാണ്. ഈ പ്രശ്നത്തെ വൈദ്യശാസ്ത്രത്തിന്റെ പരാമ്പരാഗതമായ നൈതിക തത്ത്വങ്ങളിലൂടെ അഭിമുഖീകരിക്കാനാവില്ല. ഒരു രോഗി അനുഭവിക്കുന്ന വേദന ചികിത്സിച്ചു ഭേദമാക്കാനാവില്ലെന്ന് വൈദ്യശാസ്ത്രപരമായി സ്ഥിരീകരിച്ചാല്‍, വേദനയില്‍നിന്ന് മുക്തനാവുക എന്ന രോഗിയുടെ അഭിലാഷം സാധൂകരിക്കപ്പെടുന്നില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ 'ഇരട്ട പ്രഭാവ' തത്ത്വമാണ് സ്വീകാര്യമായിട്ടുള്ളത്. വേദനയില്‍നിന്നുള്ള മോചനം മരണത്തിനിടയാക്കാമെങ്കിലും അതിനെ ഈ തത്ത്വം സാധൂകരിക്കുന്നു. മറ്റൊരര്‍ഥത്തില്‍, മരണത്തിലൂടെ മാത്രമേ ഒരു രോഗിക്ക് വേദനയില്‍നിന്ന് മുക്തി നല്കാനാവുകയുള്ളൂവെങ്കില്‍, പ്രസ്തുത മരണത്തെ വേദനസംഹാരിയായി പരിഗണിക്കാവുന്നതാണ്. അതിനാല്‍, വേദനയില്‍നിന്ന് രക്ഷനേടുന്നതിനുള്ള അവസാന മാര്‍ഗമെന്ന നിലയ്ക്ക് മരണം ഇച്ഛിക്കുന്ന രോഗിയെ അതിന് സഹായിക്കുകയെന്നത് ഡോക്ടറുടെ ഉത്തരവാദിത്വമായി പരിഗണിക്കേണ്ടതാണെന്നാണ് ദയാവധത്തെ അനുകൂലിക്കുന്നവര്‍ വാദിക്കുന്നത്.

അതിജീവിക്കാന്‍ സാധ്യതയില്ലെന്നുറപ്പായ കുട്ടികളെ 'വധി'ക്കുന്ന സമ്പ്രദായത്തെക്കുറിച്ച് അരിസ്റ്റോട്ടല്‍ പരാമര്‍ശിക്കുന്നുണ്ട്. അസഹനീയമായ വേദനയ്ക്കുള്ള അന്തിമ പരിഹാരമെന്ന നിലയ്ക്ക് പ്ലേറ്റോയും ആത്മഹത്യയെ ന്യായീകരിക്കുന്നുണ്ട്. മിക്ക രാജ്യങ്ങളിലും ഈ സമ്പ്രദായം നിലനിന്നിരുന്നതായി ചരിത്രരേഖകള്‍ തെളിയിക്കുന്നു. എന്നാല്‍ ഇത് പില്ക്കാലത്ത് വളരെയേറെ ദുരുപയോഗം ചെയ്യപ്പെട്ടു. ഹിറ്റ്ലറുടെ നാസി ജര്‍മനിയില്‍ 'ദയാവധ ക്ലിനിക്കുകള്‍' വ്യാപകമായി സ്ഥാപിച്ചിരുന്നു. ഇത്തരം ആശുപത്രികളില്‍ ദയാവധത്തിന് ഇരയായവരില്‍ ഭൂരിപക്ഷവും രാഷ്ട്രീയമായ കാരണങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ടവരായിരുന്നു.

1930-കളില്‍ ഇംഗ്ലണ്ടിലും അമേരിക്കയിലും ദയാവധത്തിന് അനുകൂലമായി പ്രചാരണം നടത്തുന്ന സംഘടനകള്‍ രൂപം കൊണ്ടു. ദയാവധത്തെ നിയമവിധേയമാക്കുന്നതിനാവശ്യമായ നിയമനിര്‍മാണം നടത്തുന്നതിനുവേണ്ട നിര്‍ദേശങ്ങള്‍ ഈ സംഘടനകള്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍, ദുരുപയോഗം ചെയ്യപ്പെടുമെന്ന ഭീതികാരണം മിക്ക രാജ്യങ്ങളും ഇത്തരം നിയമനിര്‍മാണത്തിന് ഇനിയും മുതിര്‍ന്നിട്ടില്ല.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A6%E0%B4%AF%E0%B4%BE%E0%B4%B5%E0%B4%A7%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍