This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദത്താപഹാര നയം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ദത്താപഹാര നയം

Doctrine of lapse


ബ്രിട്ടിഷ്ഇന്ത്യയുടെ വികസനത്തിനുവേണ്ടി ഗവര്‍ണര്‍ ജനറലായിരുന്ന ഡല്‍ഹൌസിപ്രഭു ആവിഷ്കരിച്ച പദ്ധതി. യുദ്ധപ്രക്രിയ കൂടാതെതന്നെ അനേകം ഇന്ത്യന്‍ നാട്ടുരാജ്യങ്ങളെ ബ്രിട്ടിഷ്ഇന്ത്യയുടെ ഭാഗമാക്കുവാന്‍ ദത്താപഹാര നയത്തിലൂടെ ഡല്‍ഹൗസിപ്രഭുവിനു കഴിഞ്ഞു. ദത്താപഹാര നയം അനുസരിച്ച് ഒരു സാമന്തരാജ്യത്തിലെ (Dependent State) ഭരണാധികാരി മരിക്കുമ്പോള്‍ അദ്ദേഹത്തിന് സ്വാഭാവിക പിന്തുടര്‍ച്ചക്കാര്‍ ഇല്ലെങ്കില്‍ ആ രാജ്യം ബ്രിട്ടിഷ്ഇന്ത്യയില്‍ ലയിക്കണം എന്നതായിരുന്നു വ്യവസ്ഥ.

ഒരു രാജാവു മരിക്കുമ്പോള്‍ അദ്ദേഹത്തിനു സ്വാഭാവിക പിന്തുടര്‍ച്ചാവകാശികള്‍ ഇല്ലെങ്കില്‍ മറ്റൊരു കുടുംബത്തില്‍നിന്ന് ഒരു വ്യക്തിയെ തന്റെ അനന്തരാവകാശിയായി ദത്തെടുക്കുന്ന സമ്പ്രദായം ഇന്ത്യയില്‍ ഹൈന്ദവരാജാക്കന്മാരുടെയിടയില്‍ ഉണ്ടായിരുന്നു. ഈ വിധം ദത്തെടുക്കുന്ന അനന്തരാവകാശികള്‍ക്ക് രാജ്യഭരണം നല്കുവാന്‍ പാടില്ലെന്ന് ദത്താപഹാര നയം വ്യക്തമാക്കി. ഈ പദ്ധതിയുടെ അടിസ്ഥാനത്തില്‍ ഒട്ടേറെ ഇന്ത്യന്‍ നാട്ടുരാജ്യങ്ങളെ ബ്രിട്ടിഷ് സാമ്രാജ്യത്തില്‍ ലയിപ്പിക്കുവാന്‍ ഡല്‍ഹൌസിപ്രഭുവിനു സാധിച്ചു. 1848-ല്‍ മഹാരാഷ്ട്രയിലെ സത്താറ എന്ന രാഷ്ട്രത്തെ ബ്രിട്ടിഷ് സാമ്രാജ്യത്തില്‍ ലയിപ്പിച്ചു. 1848-ല്‍ സത്താറയിലെ രാജാവു മരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ അനന്തരാവകാശി ദത്തുപുത്രനായിരുന്നതിനാലാണ് ഈ രാജ്യം ബ്രിട്ടിഷ്ഇന്ത്യയോടു കൂട്ടിച്ചേര്‍ത്തത്. ഇപ്രകാരം ജയ്പൂര്‍, സാമ്പല്‍പൂര്‍, ഉദയപുരം, നാഗ്പൂര്‍, ഝാന്‍സി എന്നീ രാജ്യങ്ങള്‍ ബ്രിട്ടിഷ് അധീനതയിലായി. ഝാന്‍സിയിലെ രാജാവു മരിച്ചപ്പോള്‍ അവിടെ പുരുഷന്മാരായ പിന്തുടര്‍ച്ചക്കാര്‍ ഇല്ലാതിരുന്നതിനാലാണ് ആ രാജ്യത്തെ ഡല്‍ഹൌസി കൈക്കലാക്കിയത്. സാമ്പല്‍പൂര്‍ രാജാവായിരുന്ന നാരായണസിങ് മരിച്ചപ്പോള്‍ പുത്രനായ രാജകുമാരന്‍ ഇല്ലാതിരുന്നതിനാലാണ് അവിടവും ബ്രിട്ടീഷുകാര്‍ കയ്യടക്കിയത്. ഭഗത്, ഉദയ്പൂര്‍ എന്നീ നാട്ടുരാജ്യങ്ങളെ ഡല്‍ഹൗസി കൈക്കലാക്കിയെങ്കിലും അടുത്ത ഗവര്‍ണര്‍ ജനറലായ കാനിങ് പ്രഭു അത് അംഗീകരിച്ചില്ല. ഇക്കാലത്ത് ഭഗത്, ഉദയ്പൂര്‍ എന്നീ രാജ്യങ്ങളെ കൈക്കലാക്കിയതിനെ ഇംഗ്ലണ്ടിലെ ഡയറക്ടര്‍ ബോര്‍ഡ് (Court of Directors) അംഗീകരിക്കാത്തതിനാലാണ് കാനിങ് പ്രഭു ഈ രാജ്യങ്ങളെ നാട്ടുരാജാക്കന്മാര്‍ക്ക് തിരികെ വിട്ടുകൊടുത്തത്. ഡല്‍ഹൌസിപ്രഭുവിന്റെ ദത്താപഹാര നയം പലരുടെയും വിമര്‍ശനങ്ങള്‍ക്കു പാത്രമായി. ഡല്‍ഹൌസി ഈ പദ്ധതി ആവിഷ്കരിച്ചത് അദ്ദേഹത്തിനുണ്ടായിരുന്ന സാമ്രാജ്യവികസന താത്പര്യം കൊണ്ടായിരുന്നുവെന്ന് വിമര്‍ശകര്‍ ആക്ഷേപിച്ചു. നാഗ്പൂര്‍ കയ്യടക്കിയതിനുശേഷം ആ രാജ്യത്തിലെ പൊതുഖജനാവിലെ സ്വത്തുക്കള്‍ ലേലത്തില്‍ വിറ്റത് കൊട്ടാരം കൊള്ളയടിച്ചതിനു സമാനമാണെന്ന് വിമര്‍ശകര്‍ അഭിപ്രായപ്പെട്ടിരുന്നു.

ദത്താപഹാര നയത്തെ വേറെയും ചില ആവശ്യങ്ങള്‍ക്കായി ഡല്‍ഹൌസിപ്രഭു ഉപയോഗപ്പെടുത്തി. 1853-ല്‍ കര്‍ണാടകത്തിലെ നവാബ് മരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ പിന്‍ഗാമി ആരാണെന്നു നിശ്ചയിക്കുവാന്‍ ഡല്‍ഹൗസി വിസമ്മതിച്ചു. 1855-ല്‍ തഞ്ചാവൂരിലെ രാജാവു മരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ പിന്‍ഗാമികള്‍ എന്നവകാശപ്പെട്ട പതിനാറു വിധവകളെയും രണ്ട് പുത്രിമാരെയും അംഗീകരിക്കുവാന്‍ ഗവര്‍ണര്‍ ജനറല്‍ വിസമ്മതിക്കുകയുണ്ടായി. ആ രാജ്യത്തിലെ രാജസ്ഥാനത്തെത്തന്നെ അദ്ദേഹം നിറുത്തല്‍ ചെയ്തു. 1853-ല്‍ പേഷ്വാ ബാജിറാവു രണ്ടാമന്‍ മരിച്ചപ്പോള്‍ അദ്ദേഹത്തിനു നല്കിവന്ന പെന്‍ഷന്‍ പില്ക്കാലത്ത് ബാജിറാവുവിന്റെ ദത്തുപുത്രനായ നാനാസാഹിബിന് നല്കേണ്ടതില്ലെന്ന് ബ്രിട്ടിഷ് ഗവണ്മെന്റ് നിശ്ചയിച്ചതും ദത്താപഹാര നയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. ഇന്ത്യക്കാരും ബ്രിട്ടീഷുകാരുമായ നിരവധി ആളുകള്‍ ഈ നയത്തെ രൂക്ഷമായി അപലപിച്ചു. 1857-ല്‍ നടന്ന ദേശീയ വിപ്ലവത്തിന്റെ ഒരു പ്രധാന കാരണം ഡല്‍ഹൗസി ഏര്‍പ്പെടുത്തിയ ദത്താപഹാര നയം ആയിരുന്നു.

(പ്രൊഫ. നേശന്‍ ടി. മാത്യു)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍