This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദണ്ഡവിമോചനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ദണ്ഡവിമോചനം

Indulgence

കത്തോലിക്കരുടെ ഇടയിലെ ഒരു വിശ്വാസം. ഒരു വ്യക്തി മരിച്ചുകഴിയുമ്പോള്‍ അയാള്‍ക്ക് ശുദ്ധീകരണസ്ഥലത്ത് (Purgatory) ലഭിക്കാവുന്ന ശിക്ഷയില്‍ ഇളവുകള്‍ അനുവദിക്കുവാന്‍ മാര്‍പാപ്പയ്ക്ക് അധികാരമുണ്ടെന്ന വിശ്വാസമാണ് ദണ്ഡവിമോചനം എന്ന് അറിയപ്പെടുന്നത്. പൌരസ്ത്യ ക്രൈസ്തവരും ഒരു പരിധിവരെ ഈ വിശ്വാസം പിന്തുടരുന്നു. ഒരു വ്യക്തി മരിക്കുമ്പോള്‍ അയാളുടെ ആത്മാവ് ഒന്നുകില്‍ സ്വര്‍ഗത്തില്‍ അല്ലെങ്കില്‍ നരകത്തില്‍ പോകുമെന്നതായിരുന്നു പരമ്പരാഗതമായ വിശ്വാസം. കത്തോലിക്കാവിശ്വാസമനുസരിച്ച് പാപസങ്കീര്‍ത്തനം അഥവാ കുമ്പസാരം എന്ന പ്രക്രിയയിലൂടെ താന്‍ ചെയ്ത പാപങ്ങള്‍ക്ക് പരിഹാരം ലഭിക്കുന്നു. പാപങ്ങളില്‍നിന്ന് മോചനം ലഭിച്ചാലും അയാളുടെ ആത്മാവിന് സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതിനുമുമ്പ് ശുദ്ധീകരണ സ്ഥലം എന്ന അവസ്ഥയില്‍ ഒരു നിശ്ചിതകാലം വലിയ പീഡനങ്ങള്‍ അനുഭവിച്ചുകൊണ്ടു കഴിയേണ്ടതുണ്ട്. ഭൂമിയിലെ ജീവിതകാലത്ത് ചെയ്ത പാപങ്ങളുടെ പരിഹാരാര്‍ഥം ഒരു പ്രായശ്ചിത്തം എന്ന നിലയിലാണ് ശുദ്ധീകരണസ്ഥലത്ത് ഈവിധം കഴിയേണ്ടത്. എന്നാല്‍ ഭൂമിയിലെ ജീവിതകാലത്ത് ചില സദ്പ്രവൃത്തികള്‍ ചെയ്താല്‍ ശുദ്ധീകരണസ്ഥലത്തിലെ കാലാവധിയില്‍ കുറെ ഇളവുകള്‍ ലഭിക്കുമെന്ന് കത്തോലിക്കാസഭ പഠിപ്പിച്ചിരുന്നു. ഇപ്രകാരം ലഭിക്കുന്ന ശിക്ഷാഇളവിനെയാണ് ദണ്ഡവിമോചനം എന്നു പറയുന്നത്. പ്രാര്‍ഥന, പരിത്യാഗം, ഉപവാസം, ദാനധര്‍മങ്ങള്‍ തുടങ്ങിയ സദ്പ്രവൃത്തികളിലൂടെയാണ് ഇപ്രകാരം ദണ്ഡവിമോചനം നേടേണ്ടത്. ദണ്ഡവിമോചനം അനുവദിക്കുന്നതിന് മാര്‍പാപ്പയ്ക്കു മാത്രമേ അധികാരമുണ്ടായിരുന്നുള്ളൂ. കത്തോലിക്കാസഭയുടെ എന്തെങ്കിലും സദ്കാര്യത്തിനായി പണം സംഭാവന ചെയ്യുന്നവര്‍ക്കും ദണ്ഡവിമോചനങ്ങള്‍ക്ക് അര്‍ഹതയുണ്ടെന്ന് മാര്‍പാപ്പമാര്‍ പ്രഖ്യാപിക്കാറുണ്ടായിരുന്നു.

ദണ്ഡവിമോചനത്തെക്കുറിച്ചുള്ള കത്തോലിക്കാമത വിശ്വാസം പലവിധ വിമര്‍ശനങ്ങള്‍ക്കു വിധേയമായിട്ടുണ്ട്. പാപത്തില്‍നിന്നു മോചനം നല്കുവാന്‍ ദൈവത്തിനു മാത്രമേ അധികാരമുള്ളൂ എന്നും, ക്രിസ്തുവിനുപോലും പാപമോചനം നല്കുവാന്‍ അധികാരമില്ലെന്നും യഹൂദര്‍ വിശ്വസിച്ചിരുന്നു. ക്രിസ്തുവിന്റെ കാലശേഷം പുരോഹിതന്മാര്‍ കുമ്പസാരം നടത്തുന്നതിനെയും ക്രൈസ്തവ വിരോധികള്‍ വിമര്‍ശിച്ചു. പാപം മോചിക്കപ്പെട്ടാല്‍പ്പോലും, ശുദ്ധീകരണസ്ഥലത്തിലെ ശിക്ഷ ഇളവു ചെയ്തു കൊടുക്കുവാന്‍ മാര്‍പാപ്പയ്ക്ക് അധികാരമുണ്ടെന്ന വാദത്തെ കത്തോലിക്കരില്‍ ഒരു വലിയ വിഭാഗം എതിര്‍ത്തുപോന്നു. ദണ്ഡവിമോചനം അനുവദിക്കുന്നത് പണമുണ്ടാക്കുന്നതിനുള്ള ഒരു ഉപായമാണെന്ന് മാര്‍ട്ടിന്‍ ലൂഥര്‍ തുടങ്ങിയ ചിന്തകന്മാര്‍ വാദിച്ചു. 1515-ല്‍ മാര്‍പാപ്പയായിരുന്ന ജൂലിയസ് രണ്ടാമന്‍ റോമിലെ സെന്റ് പീറ്റേഴ്സ് ദേവാലയം പുതുക്കിപ്പണിയുവാന്‍ തീരുമാനിച്ചു. ഈ ഉദ്യമത്തിന് ധനസഹായം ചെയ്യുന്നവരെല്ലാം ഒരു പുതിയ ദണ്ഡവിമോചനത്തിന് അര്‍ഹരാണെന്ന് മാര്‍പാപ്പ പ്രഖ്യാപിച്ചു. മാര്‍പാപ്പയുടെ ഈ പ്രഖ്യാപനം മാര്‍ട്ടിന്‍ ലൂഥറെ പ്രകോപിപ്പിച്ചു. ഇതിനെതിരായി മാര്‍ട്ടിന്‍ ലൂഥര്‍ നടത്തിയ ഉദ്യമങ്ങളാണ് പ്രൊട്ടസ്റ്റന്റ് മത നവീകരണം എന്ന കത്തോലിക്കാ മതപരിഷ്കരണ പ്രസ്ഥാനത്തിന്റെ ആവിര്‍ഭാവത്തിന് ഇടയാക്കിയത്.

(പ്രൊഫ. നേശന്‍ ടി. മാത്യു)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍