This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ദക്ഷിണ ഡക്കോട്ട
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ദക്ഷിണ ഡക്കോട്ട
South Dakotta
മധ്യ-പശ്ചിമ യു.എസ്സിലെ ഒരു സംസ്ഥാനം. 'സണ്‍ഷൈന്‍ സ്റ്റേറ്റ്' എന്നാണ് ദക്ഷിണ ഡക്കോട്ടയുടെ അപരനാമം. പ്രധാനമായും ഒരു കാര്‍ഷിക സംസ്ഥാനമായ ദക്ഷിണ ഡക്കോട്ടയുടെ പത്തില്‍ ഒന്‍പത് ഭാഗങ്ങളിലും കൃഷിയിടങ്ങളും മേച്ചില്‍പ്പുറങ്ങളും കാണാം. സിയോക്സ് ഫാള്‍സും (Sloux-Falls) റാപിഡ് സിറ്റി (Rapid City)യുമാണ് പ്രധാന നഗരങ്ങള്‍. തലസ്ഥാനം: പിയെറെ (Pierre).
1,99,730 ച.കി.മീ. വിസ്തൃതിയില്‍ വ്യാപിച്ചിരിക്കുന്ന സംസ്ഥാനത്തിന്റെ മധ്യഭാഗത്തുകൂടി പ്രവഹിക്കുന്ന മിസോറിയാണ് മുഖ്യ നദി. സംസ്ഥാനത്തെ പ്രധാന ജലസ്രോതസ്സും മിസോറിതന്നെ. ഉയരംകൂടിയ കുന്നുകളും ഹിമാനികളുടെ പ്രവര്‍ത്തനഫലമായി രൂപപ്പെട്ട വിസ്തൃതമായ കൃഷിയിടങ്ങളുംകൊണ്ട് സമ്പന്നമാണ് മിസോറിയുടെ കിഴക്കന്‍ മേഖല. കിഴക്കന്‍ മേഖലയുടെ പടിഞ്ഞാറ് ആഴമേറിയ നിരവധി ഗര്‍ത്തങ്ങളും നിരപ്പായ പ്രദേശങ്ങളും സ്ഥിതി ചെയ്യുന്നുണ്ട്. മിസോറിയുടെ തെക്കുപടിഞ്ഞാറ് സ്ഥിതിചെയ്യുന്ന ബ്ളാക്ക് കുന്നുകളുടെ വിദൂരദൃശ്യം മനോഹരമാണ്. മിതോഷ്ണ കാലാവസ്ഥയാല്‍ അനുഗൃഹീതമായ യു.എസ്. സംസ്ഥാനങ്ങളില്‍ ഒന്നാണ് ദക്ഷിണ ഡക്കോട്ട.
സംസ്ഥാന ജനസംഖ്യയുടെ പകുതിയോളം നഗരങ്ങളിലും പട്ടണങ്ങളിലും നിവസിക്കുന്നു. വന്‍കിട വ്യവസായങ്ങളുടെ അഭാവം നഗരജനസംഖ്യയില്‍ ഗണ്യമായ കുറവ് വരുത്തുന്നതില്‍ നിര്‍ണായക പങ്കു വഹിക്കുന്നു. അബെര്‍ഡീന്‍ (Aberdeen), റാപിഡ് സിറ്റി, സിയോക്സ് ഫാള്‍സ് എന്നീ നഗരങ്ങളാണ് ജനസംഖ്യയില്‍ മുന്നില്‍. കാര്‍ഷികമേഖലകളുടെ പരിപോഷണാര്‍ഥമാണ് മിക്ക നഗരങ്ങളും സ്ഥാപിച്ചിട്ടുള്ളത്. ഖനന-വിനോദസഞ്ചാര മേഖലകള്‍ വ്യാവസായികാടിസ്ഥാനത്തില്‍ വികസിച്ചുകൊണ്ടിരിക്കുന്നു.
ജര്‍മന്‍ വംശജര്‍ക്കാണ് ജനസംഖ്യയില്‍ മുന്‍തൂക്കം. ശേഷിക്കുന്നവരില്‍ നോര്‍വീജീയന്‍, ഐറിഷ്, ഇംഗ്ലീഷ്, അമേരിക്കന്‍ വിഭാഗങ്ങള്‍ ഉള്‍പ്പെടുന്നു.
കൃഷിയാണ് സംസ്ഥാന സമ്പദ്ഘടനയുടെ അടിത്തറ. കാര്‍ഷികോത്പന്നങ്ങളില്‍ ഇറച്ചി (പ്രത്യേകിച്ചും പന്നിയിറച്ചി), ചോളം എന്നിവ പ്രഥമ സ്ഥാനം നേടിയിരിക്കുന്നു. കൃഷിയെയും കാര്‍ഷികോത്പന്നങ്ങളെയും കേന്ദ്രീകരിച്ചുള്ള വ്യവസായങ്ങള്‍ക്കാണ് സംസ്ഥാനത്ത് മുന്‍തൂക്കം. ആഹാരപദാര്‍ഥങ്ങളുടെ സംസ്കരണവും വിതരണവുമാണ് മുഖ്യ ഉത്പാദന പ്രവര്‍ത്തനം. വിദ്യാഭ്യാസം, ധനകാര്യം, ഖനനം എന്നിവയ്ക്കും സമ്പദ്വ്യവസ്ഥയില്‍ അപ്രധാനമല്ലാത്ത സ്ഥാനമുണ്ട്. സിയോക്സ് ഫാള്‍സ് ആണ് സംസ്ഥാനത്തിലെ പ്രധാന ധനകാര്യ കേന്ദ്രം. യു.എസ്സിലെ പ്രധാന സ്വര്‍ണ ഉത്പാദക സംസ്ഥാനങ്ങളില്‍ ഒന്നുകൂടിയാണ് ദക്ഷിണ ഡക്കോട്ട. ഏറ്റവും വലിയ സ്വര്‍ണഖനികളില്‍ ഒന്നായ ഹോം സ്റ്റേക് ഖനി സ്ഥിതിചെയ്യുന്നത് ദക്ഷിണ ഡക്കോട്ടയിലെ ബ്ളാക്ക് കുന്നുകളിലാണ്.