This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ദക്ഷിണ്‍ കന്നഡ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ദക്ഷിണ്‍ കന്നഡ്
കര്‍ണാടക സംസ്ഥാനത്തിലെ ഒരു തീരദേശജില്ല. പശ്ചിമഘട്ട മലനിരകളും അറേബ്യന്‍ കടലും നൈസര്‍ഗികാതിര്‍ത്തികളായി വര്‍ത്തിക്കുന്ന ദക്ഷിണ്‍ കന്നഡ് 1977 വരെ സൗത്ത് കാനറ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. അതിരുകള്‍: തെ. കൊടക് ജില്ല; തെ.പ. കേരളം; വ.കി., കി., തെ.കി. ഷിമോഗ, ചിക്മഗ്ളൂര്‍, ഹാസന്‍, കൊടക് ജില്ലകള്‍; വ. ഉത്തര കന്നഡ് ജില്ല. വിസ്തൃതി: 4,560 ച.കി.മീ; ജനസംഖ്യ: 18,96,403 (2001); ആസ്ഥാനം: മാംഗ്ലൂര്‍.
കയറിയും ഇറങ്ങിയും കിടക്കുന്ന തീരദേശമാണ് ദക്ഷിണ്‍ കന്നഡ് ജില്ലാ ഭൂപ്രകൃതിയുടെ മുഖ്യ സവിശേഷത. തീരദേശത്തുനിന്ന് അകന്ന പ്രദേശങ്ങളില്‍ ഉയരം കുറഞ്ഞ മലനിരകളും ഒറ്റപ്പെട്ട കുന്നുകളും കാണാം. പശ്ചിമഘട്ടത്തില്‍ ഉള്‍പ്പെട്ട മലനിരകളിലെ ഫങ്ഗ് ഹില്‍ (1,892 മീ.), മിഡ്ജ് പോയിന്റ് (1,883 മീ.), മുഖാഹെഡ് (1,881 മീ.), സുബ്രഹ്മണ്യ (1,727 മീ.), കുടജാദ്രി (1,341മീ.) തുടങ്ങിയവ താരതമ്യേന ഉയരം കൂടിയ പ്രദേശങ്ങളാണ്. പശ്ചിമഘട്ട മലനിരകളുടെ താഴ്വാരങ്ങളിലെ വനങ്ങളില്‍ തേക്ക്, ഈട്ടി, വെണ്‍തേക്ക് തുടങ്ങിയ വാണിജ്യപ്രാധാന്യമുള്ള നിരവധി വൃക്ഷങ്ങള്‍ വളരുന്നു.
നേത്രാവതി, ഗുര്‍പൂര്‍, ഗംഗോലി, സീതാ, സ്വര്‍ണ എന്നിവയാണ് ദക്ഷിണ്‍ കന്നഡ് ജില്ലയിലൂടെ ഒഴുകുന്ന മുഖ്യ നദികള്‍. നേത്രാവതി നദിയിലെ ഫലഭൂയിഷ്ഠമായ ചെറുദ്വീപുകള്‍ സസ്യ സമ്പന്നമാണ്. നെല്ലും കരിമ്പുമാണ് ഈ നദീ ദ്വീപുകളിലെ മുഖ്യവിളകള്‍. ജില്ലയിലെ നദികളും ജലാശയങ്ങളും ഏറെക്കുറെ ഗതാഗതയോഗ്യമാണെങ്കിലും വര്‍ഷകാലത്ത് കരകവിഞ്ഞൊഴുകുന്ന ചെറുനദികള്‍ കൃഷിനാശം വരുത്തുക പതിവാണ്.
നെല്ലാണ് ദക്ഷിണ്‍ കന്നഡിലെ മുഖ്യ വിള. കൂവരക്, മുളക്, മധുരക്കിഴങ്ങ്, ഉഴുന്ന്, ചെറുപയര്‍, ഇഞ്ചി, എള്ള്, മുതിര, കരിമ്പ്, അടയ്ക്ക, നാളികേരം, കുരുമുളക്, കശുവണ്ടി, ഗ്രാമ്പൂ, പഴങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയവ മറ്റു വിളകളാണ്. മത്സ്യബന്ധനം, പന്നി-കോഴി-കന്നുകാലി വളര്‍ത്തല്‍ എന്നിവയ്ക്കും ജില്ലയുടെ സമ്പദ് വ്യവസ്ഥയില്‍ അപ്രധാനമല്ലാത്ത സ്ഥാനമുണ്ട്.
ഇരുമ്പയിര്, ബോക്സൈറ്റ്, കൊറണ്ടം, ഗാര്‍നെറ്റ്, ചെളിമയ ചുണ്ണാമ്പുകല്ല്, മണല്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ദക്ഷിണ്‍ കന്നഡ് ജില്ലയുടെ ഖനിജസമ്പത്ത്. വളങ്ങള്‍, രാസവസ്തുക്കള്‍, ഓട്, ഇഷ്ടിക, കൈത്തറി വസ്ത്രങ്ങള്‍, കയര്‍-പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍, ബീഡി തുടങ്ങിയവ പ്രധാന വ്യാവസായിക ഉത്പന്നങ്ങളാണ്.
ഗതാഗതരംഗത്ത് വളരെയേറെ നേട്ടങ്ങള്‍ കൈവരിച്ച കര്‍ണാടക ജില്ലകളില്‍ ഒന്നാണ് ദക്ഷിണ്‍ കന്നഡ്. ന്യൂ മാംഗ്ളൂര്‍ തുറമുഖത്തിന്റെയും മാംഗ്ളൂര്‍-ഹാസന്‍ റെയില്‍പ്പാതയുടെയും നിര്‍മാണം ജില്ലയുടെ ഗതാഗത-വാണിജ്യ വികസനത്തെ ത്വരിതപ്പെടുത്തി. മാല്‍പെ, കുന്താപൂര്‍, ഹാങ്ഗറകട്ട, ബൈന്‍ഡൂര്‍ എന്നീ തുറമുഖങ്ങളും ഈ ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്. പശ്ചിമ തീരദേശപാതയാണ് ജില്ലയിലെ മുഖ്യ ദേശീയപാത. 1996-ല്‍ പ്രവര്‍ത്തനം ആരംഭിച്ച കൊങ്കണ്‍ റെയില്‍പ്പാത (760 കി.മീ.) മുംബൈയെ ജില്ലാ ആസ്ഥാനമായ മാംഗ്ളൂരുമായി ബന്ധിപ്പിക്കുന്നു. ഒരു വിമാനത്താവളവും മാംഗ്ളൂരില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍ മതവിഭാഗങ്ങള്‍ ഇടകലര്‍ന്ന് നിവസിക്കുന്ന ജില്ലയാണ് ദക്ഷിണ്‍ കന്നഡ്. കന്നടയ്ക്കു പുറമേ ഹിന്ദി, മറാഠി, മലയാളം, തമിഴ്, ഉര്‍ദു എന്നീ ഭാഷകളും ജില്ലയില്‍ പ്രചാരത്തിലുണ്ട്. വിദ്യാഭ്യാസരംഗത്ത് മുന്നിട്ടുനില്ക്കുന്ന ദക്ഷിണ്‍ കന്നഡ് ജില്ലയില്‍ മാംഗ്ളൂര്‍ സര്‍വകലാശാല ഉള്‍പ്പെടെ നിരവധി ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ജില്ലാ ആസ്ഥാനമായ മാംഗ്ളൂര്‍, ഉഡുപ്പി, മാല്‍പെ തുടങ്ങിയ പ്രദേശങ്ങള്‍ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ എന്ന നിലയില്‍ ശ്രദ്ധേയമാണ്.