This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദക്ഷിണായനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ദക്ഷിണായനം

Solsticial motion

സൂര്യന്റെ ദിനചലനപഥം ക്രമേണ തെക്കോട്ടു നീങ്ങിവരുന്ന പ്രതിഭാസം. ഭൂമിയുടെ പരിക്രമണാക്ഷവും ഭ്രമണാക്ഷവും തമ്മിലുള്ള 23½° ചരിവ് മൂലമാണ് സൂര്യന്‍ ആറ് മാസം വടക്കോട്ടും (ഉത്തരായണം) തുടര്‍ന്ന് ആറ് മാസം തെക്കോട്ടും (ദക്ഷിണായനം) നീങ്ങി ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്നതായി നമുക്ക് അനുഭവപ്പെടുന്നത്. ഉത്തരായണാന്ത്യത്തില്‍ (ജൂണ്‍ 21) സൂര്യന്‍ ഉത്തരായനരേഖ(ഭൂമധ്യരേഖയില്‍നിന്ന് 23½° വടക്ക് മാറിയുള്ള അക്ഷാംശരേഖ)യ്ക്കു നേര്‍മുകളില്‍ വരുന്ന സൂര്യപഥം പിന്നീട് ഓരോ ദിവസവും കുറേശ്ശെ തെക്കോട്ടു നീങ്ങുന്നു. സെപ്. 22-ന് (സമരാത്രദിനം/തുലാവിഷുവം) ഭൂമധ്യരേഖയ്ക്കു മുകളില്‍ എത്തുന്ന സൂര്യന്‍ വീണ്ടും തെക്കോട്ടു നീങ്ങി ഡി. 22-ന് ദക്ഷിണായന രേഖയ്ക്കു മുകളിലെത്തുന്നു. അന്നാണ് ദക്ഷിണായനാന്തം (Winter Solstice).

ഉത്തരായണാന്തത്തില്‍ ഭൂമിയുടെ ഉത്തരാര്‍ധഗോളത്തില്‍ ഏറ്റവും ദീര്‍ഘമായ പകലും ഹ്രസ്വമായ രാത്രിയും എന്ന അവസ്ഥയില്‍നിന്ന് ദക്ഷിണായനകാലത്ത് പകലിന്റെ നീളം ക്രമേണ കുറഞ്ഞും രാത്രി കൂടിയും വന്ന് വിഷുവദിനത്തില്‍ സമരാത്രദിനം അനുഭവപ്പെടുന്നു. തുടര്‍ന്ന് പകല്‍ വീണ്ടും കുറഞ്ഞുവന്ന് ദക്ഷിണായനാന്തത്തില്‍ ഏറ്റവും ഹ്രസ്വമായ പകലും ദീര്‍ഘമായ രാത്രിയും അനുഭവപ്പെടുന്നു. (ദക്ഷിണാര്‍ധഗോളത്തിലുള്ളവര്‍ക്ക് അനുഭവം തിരിച്ചായിരിക്കും.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍