This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദക്ഷിണാമൂര്‍ത്തി, വി. (1919 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ദക്ഷിണാമൂര്‍ത്തി, വി. (1919 - )

കര്‍ണാടക സംഗീതാചാര്യനും മലയാള ചലച്ചിത്രസംഗീത സംവിധായകനും. 1919-ല്‍ അമ്പലപ്പുഴയില്‍ ജനിച്ചു. പിതാവ് ഡി. വെങ്കിടേശ്വര അയ്യര്‍; മാതാവ് പാര്‍വതി അമ്മാള്‍. അമ്മതന്നെയായിരുന്നു ആദ്യ സംഗീത ഗുരു. അമ്മയില്‍നിന്ന് ത്യാഗരാജകീര്‍ത്തനങ്ങള്‍ ബാല്യം മുതല്‍ കേട്ടുപഠിച്ചിരുന്ന ഇദ്ദേഹം പിന്നീട് തിരുവനന്തപുരത്തെ വെങ്കിടാചലം പോറ്റിക്കു ശിഷ്യപ്പെട്ടു. വെച്ചൂര്‍ കൃഷ്ണയ്യര്‍ ആയിരുന്നു മറ്റൊരു ഗുരുനാഥന്‍.

കര്‍ണാടക സംഗീതാലാപനത്തില്‍ സവിശേഷ മുദ്ര പതിപ്പിച്ചു കൊണ്ടാണ് ഇദ്ദേഹം ശ്രദ്ധേയനായിത്തുടങ്ങിയത്. രാഗവിസ്താരത്തില്‍ ഇദ്ദേഹത്തിനുള്ള അസാമാന്യ പാടവം യൌവനത്തില്‍ത്തന്നെ ഏറെ പ്രശംസ നേടിക്കൊടുത്തു. സുവ്യക്തമായ താളബോധമാണ് ഇദ്ദേഹത്തിന്റെ ആലാപനത്തെ വേറിട്ടതാക്കിയ മറ്റൊരു ഘടകം. സമ്പൂര്‍ണ വ്യക്തിത്വത്തോടുകൂടി മണിക്കൂര്‍ കണക്കിന് വിസ്തരിച്ച് ആലപിക്കുവാനും ഇദ്ദേഹത്തിനു കഴിവുണ്ടായിരുന്നു.

വി.ദക്ഷിണാമൂര്‍ത്തി

നല്ലതങ്കയിലൂടെയാണ് ഇദ്ദേഹം ചലച്ചിത്രസംഗീത സംവിധാന രംഗത്തെത്തിയത്. മലയാള ചലച്ചിത്രഗാനശാഖയ്ക്ക് ശാസ്ത്രീയ സംഗീതത്തിന്റെ ഭദ്രമായ അടിത്തറയിലൂന്നി ഭാവഗീതാത്മകത പകരുവാന്‍ ഇദ്ദേഹത്തിന്റെ രംഗപ്രവേശം കാരണമായി. കര്‍ണാടക സംഗീതധാരയില്‍ ഇദ്ദേഹം ചിട്ടപ്പെടുത്തിയ അനശ്വരഗാനങ്ങളില്‍ ശ്രദ്ധേയങ്ങളാണ് 'ജനനീ ജയിക്ക നീണാള്‍...', 'പ്രിയ മാനസാ...', 'സ്വപ്നങ്ങള്‍... സ്വപ്നങ്ങളെ നിങ്ങള്‍...', 'കാട്ടിലെ പാഴ്മുളം തണ്ടില്‍ നിന്നും...', 'ഹൃദയസരസ്സിലെ...' തുടങ്ങിയവ. ചലച്ചിത്ര സംഗീതത്തെ ജനകീയവത്കരിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച ഇദ്ദേഹം 40-ഓളം ചിത്രങ്ങളുടെ സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്.

ആദ്യ ചിത്രമായ നല്ലതങ്കയിലെ നായകന്‍ ഗായകനടനായിരുന്ന അഗസ്റ്റിന്‍ ജോസഫ് ആയിരുന്നു. അദ്ദേഹത്തിന്റെ പുത്രനാണ് പില്ക്കാല ഗാനപ്രതിഭയായ യേശുദാസ്. യേശുദാസിനുവേണ്ടിയും ഇദ്ദേഹം നിരവധി ഗാനങ്ങള്‍ ചിട്ടപ്പെടുത്തി. യേശുദാസിന്റെ മകന്‍ വിജയ് യേശുദാസ് ആദ്യമായി പാടിയ ചലച്ചിത്രഗാനം ചിട്ടപ്പെടുത്തിയതും ഇദ്ദേഹം തന്നെ. അങ്ങനെ മൂന്നു തലമുറകള്‍ക്ക് 'സംഗീതം പകരാന്‍' ഭാഗ്യം സിദ്ധിച്ച അപൂര്‍വത ഇദ്ദേഹത്തിന്റെ ജീവിതത്തിലുണ്ട്.

ശാസ്ത്രീയവും കര്‍ണാടകസംഗീതാനുസാരിയുമായ ലഘു സംഗീതധാരയുടെ വക്താവായ ഇദ്ദേഹം ചലച്ചിത്രഗാനങ്ങള്‍ക്കെന്നപോലെ നാടകഗാനങ്ങള്‍ക്കും നിരവധി ലളിതഗാനങ്ങള്‍ക്കും ഈണം പകര്‍ന്നിട്ടുണ്ട്. ഭക്തിഗാന ശാഖയ്ക്കും ഇദ്ദേഹം മഹത്തായ സംഭാവനകള്‍ നല്കി. ഏറെ ആദരവുകള്‍ പിടിച്ചുപറ്റിയ ഇദ്ദേഹത്തെ ആരാധകര്‍ 'സ്വാമി' എന്നാണ് ആദരസൂചകമായി വിളിക്കുന്നത്.

1971-ല്‍ മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന പുരസ്കാരം ഇദ്ദേഹത്തിനു ലഭിച്ചു. മലയാള ചലച്ചിത്ര ഗാനശാഖയിലെ 'ചതുര്‍മൂര്‍ത്തികള്‍' എന്നറിയപ്പെടുന്നവരില്‍ ഒരാളാണ് ദക്ഷിണാമൂര്‍ത്തി (കെ. രാഘവന്‍, ജി. ദേവരാജന്‍, ബാബുരാജ് എന്നിവരാണ് ഇതരര്‍). ശ്രീ ഗുരുവായൂരപ്പന്‍, ദേവാലയം, അവന്‍ വരുന്നു, ശരിയോ തെറ്റോ തുടങ്ങിയ ചിത്രങ്ങളില്‍ ഗായകനാവുകയും ചന്ദ്രോത്സവം എന്ന ചിത്രത്തില്‍ മോഹന്‍ലാലിനോടൊപ്പം അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍