This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ദക്ഷിണാമൂര്‍ത്തിസ്തവം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ദക്ഷിണാമൂര്‍ത്തിസ്തവം
ശിവന്റെ മൂര്‍ത്തിഭേദമായ ദക്ഷിണാമൂര്‍ത്തിയെ സ്തുതിക്കുന്ന സംസ്കൃത സ്തോത്രകാവ്യം. ദക്ഷിണാമൂര്‍ത്തിസ്തോത്രം എന്നും അറിയപ്പെടുന്ന ഇത് ശ്രീശങ്കരാചാര്യരാണ് രചിച്ചത്. ഇതേപേരില്‍ത്തന്നെ വില്വമംഗലം സ്വാമി രചിച്ച കൃതിയുമുണ്ട്. ശങ്കരാചാര്യ സ്വാമികളുടെതന്നെ ദക്ഷിണാമൂര്‍ത്തിവര്‍ണമാലാ സ്തോത്രം, ശ്രീദക്ഷിണാമൂര്‍ത്ത്യഷ്ടകം എന്നീ സ്തോത്രങ്ങളും നീലകണ്ഠ തീര്‍ഥപാദരുടെ ദക്ഷിണാമൂര്‍ത്തിഭുജംഗം, കൈക്കുളങ്ങര രാമവാരിയരുടെ ദക്ഷിണാമൂര്‍ത്ത്യഷ്ടകം തുടങ്ങിയ കൃതികളും ദക്ഷിണാമൂര്‍ത്തിയെ പ്രകീര്‍ത്തിക്കുന്നു. മാര്‍ക്കണ്ഡേയമുനി ശൗനകാദി മഹര്‍ഷിമാര്‍ക്ക് ഉപദേശിക്കുന്നതാണ് ദക്ഷിണാമൂര്‍ത്ത്യുപനിഷത്ത്.
യോഗസ്ഥിതനും വിദ്യാസ്വരൂപനുമാണ് ദക്ഷിണാമൂര്‍ത്തി. കര്‍പ്പൂരവര്‍ണനായ ദേവന്‍ പേരാലിന്റെ ചുവട്ടില്‍ തെക്കോട്ടു തിരിഞ്ഞ് യോഗസ്ഥിതനായിരിക്കുന്നതായാണ് പ്രകീര്‍ത്തിക്കപ്പെട്ടിട്ടുള്ളത്. വേദാന്തതത്ത്വങ്ങള്‍ മുനിമാര്‍ സ്വാംശീകരിക്കുന്നത് ദക്ഷിണാമൂര്‍ത്തിയുടെ ഉപാസനയാലാണ്. ഏതു സംശയവും ദക്ഷിണാമൂര്‍ത്തിയുടെ ഉപാസനയാല്‍ സ്വയം പരിഹൃതമാകുന്നു. ഗുരുവിന്റെ സ്ഥാനത്തു പ്രതിഷ്ഠിതനായിട്ടുള്ള ദക്ഷിണാമൂര്‍ത്തിയുടെ മൗനസ്വരൂപമായ വ്യാഖ്യാനമാണ് ശിഷ്യര്‍ക്ക് സംശയനിവൃത്തി ഉണ്ടാക്കുന്നത് ('ഗുരോസ്തു മൗനം വ്യാഖ്യാനം ശിഷ്യാസ്തു ഛിന്നസംശയാഃ' എന്ന വാക്യം ഈ കര്‍മം വിശദമാക്കുന്നു).
ദക്ഷിണാമൂര്‍ത്തിയുടെ എല്ലാ സവിശേഷതകളും പ്രകടമാക്കുന്ന 19 പദ്യങ്ങളാണ് ശങ്കരാചാര്യരുടെ ദക്ഷിണാമൂര്‍ത്തിസ്തോത്രത്തിലുള്ളത്. മഹര്‍ഷിമാര്‍ക്ക് മായയെ നീക്കി തത്ത്വമസി ബോധം പ്രദാനം ചെയ്യുന്ന ദയാമൂര്‍ത്തിയായി അവതരിപ്പിക്കുന്ന ഒരു പദ്യമാണ്:
'വിദ്രാവിതാശേഷതമോഗണേന
മുദ്രാവിശേഷേണ മുഹുര്‍മുനീനാം നിരസ്യ മായാം ദയയാ വിധത്തേ
ദേവോ മഹാംസ്തത്ത്വമസീതി ബോധം.'
(തമോഗുണത്തെ നിശ്ശേഷം മാറ്റിക്കളയുന്ന മുദ്രാവിശേഷത്താല്‍ കാരുണ്യമൂര്‍ത്തിയായ മഹാദേവന്‍ മഹര്‍ഷിമാര്‍ക്ക് മായാഭ്രമം അകറ്റി തത്ത്വമസി എന്ന മഹാവാക്യത്തിന്റെ പൊരുള്‍ കാട്ടിക്കൊടുക്കുന്നു). ശങ്കരാചാര്യരുടെ ദക്ഷിണാമൂര്‍ത്തിവര്‍ണമാലാ സ്തോത്രത്തില്‍ ഇരുപത്തഞ്ച് പദ്യങ്ങളും ശ്രീദക്ഷിണാമൂര്‍ത്ത്യഷ്ടകത്തില്‍ എട്ട് പദ്യങ്ങളുമാണുള്ളത്. ശ്രീദക്ഷിണാമൂര്‍ത്ത്യഷ്ടകത്തില്‍ പത്ത് പദ്യങ്ങളുള്ള പാഠവും കാണപ്പെടുന്നുണ്ടെങ്കിലും അഷ്ടകം എന്ന് പ്രത്യേക പരാമര്‍ശമുള്ളതിനാല്‍ രണ്ട് പദ്യങ്ങള്‍ പ്രക്ഷിപ്തമായി കരുതപ്പെടുന്നു.