This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ദക്ഷിണാഫ്രിക്ക
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഉള്ളടക്കം |
ദക്ഷിണാഫ്രിക്ക
South Africa
ആഫ്രിക്കന്‍ വന്‍കരയിലെ ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രം. റിപ്പബ്ളിക് ഒഫ് സൌത്ത് ആഫിക്ക എന്നാണ് ഔദ്യോഗികനാമം. ജനസംഖ്യ: 4,48,19,768 (2001). വന്‍കരയുടെ നാല് ശതമാനത്തോളം വരുന്ന ദക്ഷിണാഫ്രിക്കയില്‍ ഭൂഖണ്ഡത്തിലെ ജനസംഖ്യയുടെ 6% നിവസിക്കുന്നു. വിസ്തൃതി: 12,21,037 ച.കി.മീ. അതിരുകള്‍: വടക്കുപടിഞ്ഞാറ് നമീബിയ; വ. ബോട്സ്വാന, സിംബാ(ബ്)വെ; വടക്കുകിഴക്ക് മൊസാംബിക്, സ്വാസിലന്‍ഡ്; കി. ഇന്ത്യന്‍സമുദ്രം; തെ. അത് ലാന്തിക് സമുദ്രം, ഇന്ത്യന്‍സമുദ്രം; പ. അത് ലാന്തിക് സമുദ്രം. ഔദ്യോഗിക ഭാഷകള്‍: ആഫ്രിക്കാന്‍സ് (Africkaans), ഇംഗ്ലീഷ്, ഇസിക്സ്ഹോസ (Isixhosa), ഇസിസുലു (Isizulu), സെസോതോ (Sesotho), സെസോതോ സ ലെബൊ (Sesotho Sa Leboa), സെറ്റ്സ്വാന (Setswana), സിസ്വാതി (Siswati), ഷിവെന്‍ഡ (Tshivenda), സിറ്റ്സോങ്ഗ (Sitsonga). തലസ്ഥാനങ്ങള്‍: കേപ് ടൗണ്‍ (legislative), പ്രിട്ടോറിയ (administrative), ബ്ലോയെംഫൊണ്‍ടീന്‍ (judicial).
ഭൂപ്രകൃതിയും കാലാവസ്ഥയും
വിസ്തൃതമായ പീഠഭൂമികളും ഉത്തുംഗമായ പര്‍വതങ്ങളും ആഴമേറിയ താഴ്വരകളും മരുഭൂമികളും നിറഞ്ഞ ഭൂപ്രകൃതിയാണ് ദക്ഷിണാഫ്രിക്കയുടേത്. അസാധാരണമായ പ്രകൃതിസൌന്ദര്യവും മനോഹരമായ കടല്‍ത്തീരങ്ങളും പ്രസിദ്ധമായ സഫാരി പാര്‍ക്കുകളും വന്യജീവി സംരക്ഷണകേന്ദ്രങ്ങളും ഊഷ്മളമായ കാലാവസ്ഥയും ദക്ഷിണാഫ്രിക്കയെ ഒരു വിനോദസഞ്ചാരകേന്ദ്രമാക്കുന്നു.
ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്റെ തെക്കേയറ്റത്തു സ്ഥിതിചെയ്യുന്ന ദക്ഷിണാഫ്രിക്കയെ ഭൂപ്രകൃതിയനുസരിച്ച് അഞ്ച് പ്രധാന മേഖലകളായി വിഭജിച്ചിരിക്കുന്നു. പീഠഭൂമി, തീരദേശം, കേപ് പര്‍വതപ്രദേശം, കല്‍ഹാരി മരുഭൂമി, നമീബ് മരുഭൂമി എന്നിവയാണ് ആ മേഖലകള്‍.
പീഠഭൂമി
ദക്ഷിണാഫ്രിക്കയുടെ പ്രധാന ഭൂഭാഗമാണിത്. രാജ്യത്തിന്റെ മധ്യഭാഗത്തായി വ്യാപിച്ചിരിക്കുന്ന പീഠഭൂമിയെ വലയംചെയ്തു കാണപ്പെടുന്ന 'ദ് ഗ്രെയ്റ്റ് എസ്കാര്‍പ്മെന്റ്' പീഠഭൂമിയെ തീരദേശത്തില്‍നിന്നു വേര്‍തിരിക്കുന്നു. ചെങ്കുത്തായ നിരവധി കുന്നുകളും പര്‍വതങ്ങളും നിറഞ്ഞ ഗ്രെയ്റ്റ് എസ്കാര്‍പ്മെന്റിന് രാജ്യത്തിന്റെ കിഴക്കന്‍ ഡ്രാക്കന്‍സ്ബര്‍ഗിലാണ് ഏറ്റവും കൂടിയ ഉയരം (3,350 മീ.) ഉള്ളത്. ദക്ഷിണാഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ചാമ്പാജിന്‍ കാസ്റ്റല്‍ (3,375 മീ.) സ്ഥിതിചെയ്യുന്നത് ഡ്രാക്കന്‍സ്ബര്‍ഗിലാണ്. എസ്കാര്‍പ്മെന്റില്‍ നിന്ന് താഴേക്കു വരുന്തോറും ചരിവ് കുറഞ്ഞുവരുന്ന പീഠഭൂമിക്ക് ഹൈ വെല്‍ഡ് (High Veld), മിഡില്‍ വെല്‍ഡ് (Middle Veld), ട്രാന്‍സ്വാള്‍ തടം (Transvaal Basin) എന്നിങ്ങനെ മൂന്ന് പ്രധാന ഉപമേഖലകളുണ്ട്. പീഠഭൂമിയുടെ വടക്കുപടിഞ്ഞാറന്‍, വടക്കുകിഴക്കന്‍ അഗ്രഭാഗങ്ങള്‍ ഒഴികെയുള്ള മേഖലയെ പ്രതിനിധാനം ചെയ്യുന്ന ഉപമേഖലയാണ് ഹൈ വെല്‍ഡ്. സമുദ്രനിരപ്പില്‍നിന്ന് സു. 1200 മീ.-നും 1800 മീ.-നും മധ്യേ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന വെല്‍ഡ് ഉപമേഖലയുടെ ഭൂരിഭാഗവും പുല്‍മേടുകള്‍ നിറഞ്ഞ നിരപ്പാര്‍ന്ന ഭൂപ്രദേശമാണ്. ചിലയിടങ്ങളില്‍ നിരപ്പാര്‍ന്ന മുകള്‍ത്തട്ടോടുകൂടിയ പര്‍വതങ്ങള്‍ ഉയര്‍ന്നു നില്ക്കുന്നു. ജോഹന്നാസ്ബര്‍ഗിനു ചുറ്റുമുള്ള ഹൈ വെല്‍ഡ് ഉപമേഖലാപ്രദേശം വിറ്റ്വാട്ടേഴ്സ് റാന്‍ഡ് (Witwaters Rand) അഥവാ റാന്‍ഡ് എന്നറിയപ്പെടുന്നു. ഉദ്ദേശം 2,600 ച.കി.മീ. വിസ്തൃതിയുള്ള വിറ്റ്വാട്ടേഴ്സ് റാന്‍ഡിലാണ് ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണഖനിയും ദക്ഷിണാഫ്രിക്കയിലെ പ്രധാന വ്യാവസായിക-വിപണന കേന്ദ്രങ്ങളും സ്ഥിതിചെയ്യുന്നത്. ഫലവര്‍ഗങ്ങള്‍, ചോളം, ഉരുളക്കിഴങ്ങ്, ഗോതമ്പ് എന്നിവയാണ് ഇവിടത്തെ പ്രധാന കാര്‍ഷികോത്പന്നങ്ങള്‍. കന്നുകാലിവളര്‍ത്തലിലും ഇവിടം അഭിവൃദ്ധി പ്രാപിച്ചിട്ടുണ്ട്.
സമുദ്രനിരപ്പില്‍നിന്ന് 1,200 മീറ്ററോളം ഉയരമുള്ള ആഫ്രിക്കന്‍ പീഠഭൂമിയുടെ വടക്കു പടിഞ്ഞാറന്‍ ഭാഗമാണ് മിഡില്‍ വെല്‍ഡ്. വരണ്ടതും നിരപ്പാര്‍ന്നതുമായ ഈ പ്രദേശത്തിന്റെ കിഴക്കാണ് ട്രാന്‍സ്വാള്‍ തടം സ്ഥിതിചെയ്യുന്നത്. സമുദ്രനിരപ്പില്‍നിന്ന് സു. 1,000 മീ. ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ട്രാന്‍സ്വാള്‍ തടത്തിലെ ചില പര്‍വതനിരകള്‍ക്ക് 1,800 മീറ്ററിലധികം ഉയരമുണ്ട്. പ്രധാനമായും പുല്‍മേടുകള്‍ നിറഞ്ഞ ട്രാന്‍സ്വാള്‍ തടപ്രദേശത്തില്‍ മുള്ളുള്ള വൃക്ഷങ്ങള്‍ അങ്ങിങ്ങായി വളരുന്നുണ്ട്. ലോകപ്രസിദ്ധ ഗെയിം റിസര്‍വ് ആയ ക്രൂഗര്‍ നാഷണല്‍ പാര്‍ക്ക് (Kruger National Park) സ്ഥിതിചെയ്യുന്നത് ട്രാന്‍സ്വാള്‍ തടത്തിലാണ്. ഫലങ്ങള്‍, ചോളം, പുകയില എന്നിവയുടെ പ്രധാന ഉത്പാദന കേന്ദ്രം കൂടിയാണ് ഈ പ്രദേശം.
തീരദേശം
ദക്ഷിണാഫ്രിക്കയുടെ തെക്കുകിഴക്ക് മൊസാംബിക് മുതല്‍ കേപ് പര്‍വതപ്രദേശം വരെയാണ് തീരദേശം വ്യാപിച്ചിരിക്കുന്നത്. തീരദേശത്തിന്റെ വടക്കുകിഴക്കന്‍ പ്രദേശങ്ങള്‍ ഒഴികെയുള്ള ഭാഗങ്ങള്‍ക്ക് താരതമ്യേന ഉയരം കുറവാണ്. എന്നാല്‍ ഡര്‍ബന്‍ മേഖലയില്‍ ഭൂതലത്തിന് 600 മീറ്ററോളം ഉയരമുണ്ട്. ദക്ഷിണാഫ്രിക്കയിലെ പ്രമുഖ തീരദേശ വ്യാവസായിക കേന്ദ്രമായ ഡര്‍ബന്‍ തിരക്കേറിയ തുറമുഖ നഗരം, സുഖവാസകേന്ദ്രം എന്നീ നിലകളിലും ശ്രദ്ധേയമാണ്.
കേപ് പര്‍വതപ്രദേശം
തീരപ്രദേശം മുതല്‍ നമീബ് മരുഭൂമി വരെ വ്യാപിച്ചിരിക്കുന്ന ഭൂഭാഗമാണ് കേപ് പര്‍വതപ്രദേശം. രാജ്യത്തിന്റെ പടിഞ്ഞാറുഭാഗത്ത് തെക്കുവടക്കു ദിശയിലും തെക്കുഭാഗത്ത് കിഴക്കുപടിഞ്ഞാറു ദിശയിലുമാണ് ഈ പര്‍വതം സ്ഥിതിചെയ്യുന്നത്. ദക്ഷിണാഫ്രിക്കയിലെ പ്രധാന വ്യാവസായിക-തുറമുഖ നഗരമായ കേപ് ടൌണിന് വടക്കുകിഴക്ക് വച്ച് ഇവ സന്ധിക്കുന്നു. കേപ് ടൗണിനും ഗ്രെയ്റ്റ് എസ്കാര്‍പ്മെന്റിനും മധ്യേസ്ഥിതിചെയ്യുന്ന ടേബിള്‍ ലാന്‍ഡുകളാണ് ലിറ്റില്‍ കരൂ(Little Karoo)വും ഗ്രെയ്റ്റ് കരൂവും (Great Karoo). ചെമ്മരിയാട്വളര്‍ത്തലാണ് ഈ മേഖലയിലെ ജനങ്ങളുടെ മുഖ്യ ഉപജീവനമാര്‍ഗം.
നമീബ്-കല്‍ഹാരി മരുഭൂമികള്‍
കേപ് പര്‍വതത്തിനു തെക്ക് അത്ലാന്തിക് സമുദ്രത്തിന് അഭിമുഖമായി സ്ഥിതിചെയ്യുന്ന നമീബ് മരുഭൂമി നമീബിയ വരെ വ്യാപിച്ചിരിക്കുന്നു. മിഡില്‍ വെല്‍ഡിന് വടക്കു സ്ഥിതിചെയ്യുന്ന കല്‍ഹാരി മരുഭൂമി ബോട്സ്വാനയുമായി അതിര്‍ത്തി പങ്കിടുന്നുണ്ട്. മരുഭൂമിയിലെ സസ്യ-മൃഗാദികളെ ഭക്ഷിച്ചു ജീവിക്കുന്ന നായാടികളാണ് ഇവിടത്തെ പ്രധാന ജനവിഭാഗം.
ജലസമ്പത്ത്
വളരെ ശുഷ്കമാണ് ദക്ഷിണാഫ്രിക്കയുടെ ജലസമ്പത്ത്. നീരൊഴുക്കു കുറഞ്ഞ ഇവിടത്തെ നദികള്‍ ഒന്നുംതന്നെ ഗതാഗതയോഗ്യമല്ല. ഓറഞ്ച് നദിയാണ് രാജ്യത്തിലെ ഏറ്റവും നീളമുള്ള നദി. ലെസോതോയില്‍ നിന്ന് ഉദ്ഭവിക്കുന്ന ഓറഞ്ച് നദി ഉദ്ദേശം 2,100 കി.മീ. പടിഞ്ഞാറോട്ടൊഴുകി അത്ലാന്തിക് സമുദ്രത്തില്‍ പതിക്കുന്നു. കിഴക്കന്‍ ട്രാന്‍സ്വാളില്‍നിന്ന് ഉദ്ഭവിക്കുന്ന വാള്‍ നദിയാണ് (1,210 മീ.) ഇതിന്റെ പ്രധാന പോഷകനദി. 1,500 കി.മീ. നീളമുള്ള ലിംപോപോയാണ് മറ്റൊരു പ്രധാന നദി. ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട തടാകങ്ങളും കാണപ്പെടുന്നുണ്ട്.
കാലാവസ്ഥ
ഭൂമധ്യരേഖയ്ക്കു തെക്കായി സ്ഥിതി ചെയ്യുന്നതിനാല്‍ ദക്ഷിണാഫ്രിക്കയില്‍ ഉത്തരാര്‍ധഗോളത്തിലേതിനു വിപരീതമായ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും വര്‍ഷത്തിലുടനീളം ഊഷ്മളമായ കാലാവസ്ഥ അനുഭവപ്പെടുന്നു. തെളിഞ്ഞ ആകാശവും മിതമായ തോതില്‍ ലഭിക്കുന്ന സൂര്യപ്രകാശവും ദക്ഷിണാഫ്രിക്കന്‍ കാലാവസ്ഥയുടെ പ്രത്യേകതയാണ്. എന്നാല്‍ ഉയരവ്യത്യാസത്തിന് ആനുപാതികമായി കാറ്റും സമുദ്രജലപ്രവാഹവും കാലാവസ്ഥയെ നിര്‍ണായകമാംവിധം സ്വാധീനിക്കുന്നുണ്ട്. ഉദാ. കേപ് പര്‍വത പ്രദേശത്ത് മിതോഷ്ണവും വരണ്ടതുമായ വേനലും തണുത്തതും ഈര്‍പ്പഭരിതവുമായ ശൈത്യവും അനുഭവപ്പെടുമ്പോള്‍ തീരപ്രദേശത്ത് ചൂടു കൂടിയ വേനല്‍ക്കാലവും വരണ്ട ശൈത്യവുമാണ് അനുഭവപ്പെടുന്നത്. എന്നാല്‍ കിഴക്കന്‍ പീഠഭൂമി പ്രദേശത്ത് വേനല്‍ക്കാലങ്ങളില്‍ പകല്‍ ഉയര്‍ന്ന താപനിലയും രാത്രിയില്‍ വളരെ താഴ്ന്ന താപനിലയും അനുഭവപ്പെടുന്നു. രാജ്യത്തിന്റെ നാലിലൊന്നു പ്രദേശത്തു മാത്രമേ വര്‍ഷത്തില്‍ 65 സെന്റിമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കാറുള്ളൂ. കേപ് പര്‍വത പ്രദേശം ഒഴികെയുള്ള ഭാഗങ്ങളില്‍ വേനല്‍ക്കാലത്താണ് ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്നത്. രാജ്യത്തിന്റെ കിഴക്കുനിന്ന് പടിഞ്ഞാറോട്ടു വരുന്തോറും മഴയുടെ അളവ് പൊതുവേ കുറഞ്ഞുവരുന്നു. എന്നാല്‍, കിഴക്കന്‍ തീരപ്രദേശത്തിലെ ചിലയിടങ്ങളില്‍ വര്‍ഷത്തില്‍ 100 സെ.മീ. വരെ മഴ ലഭിക്കാറുണ്ട്.
ജൈവസമ്പത്ത്
ദക്ഷിണാഫ്രിക്കയുടെ ജൈവസമ്പത്തില്‍ സസ്യപ്രകൃതിക്ക് താരതമ്യേന അപ്രധാനമായ സ്ഥാനമേ ഉള്ളൂ. പൊതുവേ വിസ്തൃതി കുറഞ്ഞ വനപ്രദേശങ്ങളും കുറ്റിക്കാടുകളുമാണ് ഇവിടെ ഉള്ളത്. ഈസ്റ്റ് ലണ്ടന്‍ മുതല്‍ മൊസാംബിക് വരെയുള്ള തീരദേശത്ത് കുറ്റിച്ചെടികള്‍ മാത്രം വളരുന്ന കാടുകളും, താരതമ്യേന ഉയരം കൂടിയ പ്രദേശങ്ങളില്‍ ബുഷ് വെല്‍ഡ് അഥവാ ലോ വെല്‍ഡ് എന്നു വിളിക്കുന്ന സാവന്നാ വനങ്ങളും കാണാം. തീരദേശത്തുനിന്ന് ഏകദേശം 160 കി.മീ. അകലെ കടലിനഭിമുഖമായി സ്ഥിതിചെയ്യുന്ന പര്‍വത ചരിവുകളിലാണ് വന്‍ വൃക്ഷങ്ങള്‍ വളരുന്ന വനങ്ങള്‍ അധികവും കാണപ്പെടുന്നത്. ഈ വനങ്ങളില്‍ ബ്ളാക്ക് സ്റ്റിങ്ക് വുഡിനു പുറമേ ബ്ളാക്ക് അയണ്‍ വുഡ്, വൈറ്റ് പീര്‍, വാഹന നിര്‍മാണത്തിനുപയോഗിക്കുന്ന അസ്സഗായ് തുടങ്ങിയ വന്‍ വൃക്ഷങ്ങള്‍ സമൃദ്ധമായി വളരുന്നു.
ലോകപ്രസിദ്ധമായ നിരവധി വന്യജീവി സംരക്ഷണ കേന്ദ്രങ്ങള്‍ ദക്ഷിണാഫ്രിക്കയിലുണ്ട്. മൊസാംബിക് അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന ക്രൂഗര്‍ (21,000 ച.കി.മീ.) ആണ് ദക്ഷിണാഫ്രിക്കയിലെ മുഖ്യ നാഷണല്‍ പാര്‍ക്ക്. ഉപോഷ്ണ മേഖലാ കാലാവസ്ഥ അനുഭവപ്പെടുന്ന ഇവിടെ ആഫ്രിക്കയില്‍ കാണപ്പെടുന്ന ഒട്ടുമിക്ക മൃഗങ്ങളുമുണ്ട്. വടക്കന്‍ നേറ്റാളില്‍ ഉള്ള സുലുലന്‍ഡില്‍ സ്ഥിതിചെയ്യുന്ന ലുഹ്ലുവെ ഗെയിം റിസര്‍വ് വെളുത്തതും കറുത്തതുമായ കാണ്ടാമൃഗങ്ങളുടെയും വിവിധയിനം കാട്ടുപോത്തുകളുടെയും പ്രധാന സംരക്ഷണ കേന്ദ്രമാണ്. രാജ്യത്തിന്റെ തെക്കു പടിഞ്ഞാറു ഭാഗത്ത് സ്ഥിതിചെയ്യുന്ന കല്‍ഹാരി നാഷണല്‍ പാര്‍ക്ക് അപൂര്‍വയിനം വര്‍ണ മാനുകളുടെ പ്രധാന സംരക്ഷിത കേന്ദ്രമാണ്. പോര്‍ട്ട് എലിസബത്തിന് വടക്കു സ്ഥിതിചെയ്യുന്ന അഡോ എലിഫന്റ് പാര്‍ക്കില്‍ ആന, കാട്ടുപോത്ത് എന്നീ മൃഗങ്ങളെയും അപൂര്‍വയിനം വനസസ്യങ്ങളെയും കാണാം. കേപ് ടൌണിന് കിഴക്കുള്ള സുലുലന്‍ഡ്, ഡ്രാക്കന്‍സ്ബര്‍ഗ് മേഖലകളിലും നിരവധി വന്യജീവി സംരക്ഷണകേന്ദ്രങ്ങള്‍ ഉണ്ട്.
ദക്ഷിണാഫ്രിക്കയില്‍ കാണപ്പെടുന്ന പക്ഷികളില്‍ ശ്രദ്ധേയമായ ഒരിനമാണ് ഒട്ടകപ്പക്ഷി. കേപ് പ്രവിശ്യയിലെ ഒട്ടകപ്പക്ഷി വളര്‍ത്തല്‍ കേന്ദ്രം വ്യാവസായികാടിസ്ഥാനത്തില്‍ തൂവല്‍ ഉത്പാദിപ്പിക്കുന്ന പ്രധാന കേന്ദ്രമാണ്. ബുസ്റ്റാര്‍ഡ് ആണ് ദക്ഷിണാഫ്രിക്കയില്‍ കൂടുതലായി കാണപ്പെടുന്ന മറ്റൊരിനം പക്ഷി. താറാവ്, എരണ്ട, സ്നിപെസ്, ഗ്വിനിയ ഫോള്‍ തുടങ്ങിയ ചെറുപക്ഷികളെയും ദക്ഷിണാഫ്രിക്കയില്‍ ധാരളമായി കാണാം. പാമ്പുകളെ കൊല്ലാന്‍ കഴിവുള്ള സെക്രട്ടറി ബേഡ് (Secretary bird) രാജ്യവ്യാപകമായി സംരക്ഷിക്കപ്പെടുന്നു. ഉരഗവര്‍ഗങ്ങളില്‍ പാമ്പുകളും മുതലകളുമാണ് കൂടുതലായി ഉള്ളത്.
മത്സ്യസമ്പത്തിനാല്‍ സമ്പന്നമായ ദക്ഷിണാഫ്രിക്കയുടെ പുറം കടലില്‍ വിവിധ ഇനത്തില്‍പ്പെട്ട മത്സ്യങ്ങള്‍ കാണപ്പെടുന്നു. ഭക്ഷ്യയോഗ്യമായ നിരവധി മത്സ്യങ്ങള്‍ക്കു പുറമേ മഞ്ഞമത്സ്യം, ബാര്‍ബെല്‍ എന്നീ ഇനങ്ങളെയും ഇവിടെ കാണാം. പിക്കാര്‍ഡ്, റെഡ് ഫിഷ്, സൊലെ (sole), സില്‍വര്‍ ഫിഷ്, ചിപ്പി തുടങ്ങിയവയും ഇവിടെനിന്ന് ധാരാളമായി ലഭിക്കുന്നു.
ജനങ്ങളും ജീവിതരീതിയും
വംശീയ-ഭാഷാ വൈജാത്യങ്ങളുടെ നാടായ ദക്ഷിണാഫ്രിക്കയില്‍ വ്യത്യസ്ത സംസ്കൃതികള്‍ പിന്തുടരുന്ന നിരവധി ജനവിഭാഗങ്ങള്‍ നിവസിക്കുന്നു. ദക്ഷിണാഫ്രിക്കന്‍ ജനസമൂഹത്തെ പ്രധാനമായും നാല് വംശീയ വിഭാഗങ്ങളായാണ് വിഭജിച്ചിട്ടുള്ളത്. 75% വരുന്ന കറുത്ത വര്‍ഗക്കാരാണ് ജനങ്ങളില്‍ ഭൂരിപക്ഷം. എ.ഡി. 100-നും 1000-നും മധ്യേ ആഫ്രിക്കന്‍ വന്‍കരയുടെ വടക്കുനിന്ന് ഇന്നത്തെ ദക്ഷിണാഫ്രിക്കയുടെ കിഴക്കന്‍ ഭാഗങ്ങളില്‍ അധിവാസമുറപ്പിച്ചവരാണ് കറുത്തവര്‍ഗക്കാരുടെ പൂര്‍വികരെന്ന് കരുതപ്പെടുന്നു. പ്രധാനമായും ഒന്‍പത് വംശീയ വിഭാഗങ്ങള്‍ ഉള്‍പ്പെടുന്ന കറുത്തവരില്‍ സുലു (Zulu) വിഭാഗമാണ് ഭൂരിപക്ഷം. ഖൗസ (Xhosa) വിഭാഗമാണ് രണ്ടാം സ്ഥാനത്ത്. ശേഷിക്കുന്നവരില്‍ സോതോ (Sotho), സ്വാന (Tswana), സ്വാസി (Swazi), ത് സോങ്ക (Tsonga), ഷാന്‍ഗേ (Shangae), എന്‍ഡ്ബെലെയ് (Ndebele), വേന്‍ഡ (Venda) തുടങ്ങിയ വിഭാഗങ്ങള്‍ ഉള്‍പ്പെടുന്നു.
ദക്ഷിണാഫ്രിക്കന്‍ ജനസംഖ്യയുടെ 13 ശതമാനത്തോളം വെള്ളക്കാരായ യൂറോപ്യന്‍ വംശജരാണ്. 17-ഉം 18-ഉം ശ.-ങ്ങളില്‍ നെതര്‍ലന്‍ഡ്, ജര്‍മനി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍നിന്നു കുടിയേറിയ ഇവരില്‍ നല്ലൊരു വിഭാഗം മുഖ്യ വ്യവഹാര ഭാഷയായി ഉപയോഗിക്കുന്നത് ആഫ്രിക്കാന്‍സ് ആണ്. ഇംഗ്ലീഷിനും ഇവര്‍ക്കിടയില്‍ പ്രചാരമുണ്ട്.
ജനസംഖ്യയുടെ ഒന്‍പതു ശതമാനത്തോളം വരുന്ന മിശ്ര വംശജരെ പൊതുവേ 'കളേര്‍ഡ് പീപ്പിള്‍' (Coloured People) എന്നു വിളിക്കുന്നു. ആഫ്രിക്കാന്‍സ് ആണ് ഇവരില്‍ ഭൂരിഭാഗവും ഉപയോഗിക്കുന്ന ഭാഷ. 1860-നും 1911-നും മധ്യേ ഇന്ത്യയില്‍നിന്നു കുടിയേറിയ ഏഷ്യന്‍ വംശജര്‍ ജനസംഖ്യയുടെ മൂന്ന് ശതമാനത്തോളം ഉണ്ട്.
വിദ്യാഭ്യാസം
വര്‍ണവിവേചനത്തിന്റെ കാലഘട്ടത്തില്‍ കറുത്ത വര്‍ഗക്കാര്‍ക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം നിഷേധിച്ചിരുന്നു. 1990-കളോടെ രാജ്യത്തിലെ പ്രായപൂര്‍ത്തിയായ എല്ലാ വെള്ളക്കാര്‍ക്കും സാക്ഷരത കൈവരിക്കാന്‍ കഴിഞ്ഞപ്പോള്‍ ഏഷ്യന്‍ വംശജരില്‍ 85 ശതമാനത്തിനും മിശ്രിത വംശജരില്‍ 75 ശതമാനത്തിനും കറുത്തവരില്‍ 50 ശതമാനത്തിനും മാത്രമേ സാക്ഷരത നേടാന്‍ കഴിഞ്ഞുള്ളൂ. 1994-ല്‍ അധികാരത്തില്‍വന്ന ഗവണ്മെന്റ് പൂര്‍ണസാക്ഷരത കൈവരിക്കാനുള്ള പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കി. ഇപ്പോള്‍ 14 സര്‍വകലാശാലകള്‍ രാജ്യത്തിന്റെ ഉന്നതവിദ്യാഭ്യാസരംഗത്ത് സേവനം അനുഷ്ഠിക്കുന്നുണ്ട്.
ഭാഷ
ആഫ്രിക്കാന്‍സും ഇംഗ്ലീഷും ഉള്‍പ്പെടെ 11 ഭാഷകളെ ദക്ഷിണാഫ്രിക്കയില്‍ ഔദ്യോഗിക ഭാഷകളായി അംഗീകരിച്ചിട്ടുണ്ട്. ആഫ്രിക്കാന്‍സും ഇംഗ്ലീഷും ഒഴികെയുള്ള ഔദ്യോഗിക ഭാഷകളെല്ലാംതന്നെ ആഫ്രിക്കന്‍ ഗോത്രഭാഷകളാണ്. ഇവയെ സോതോ (സെസോതോ, സെസോതോ സലെബൊ, സെറ്റ്സ്വാന), നിഗുനി (ഇസിസുലു, ഇസിസോക്സ, ഇസിനിഡിബെലി, സിസ്വാതി), വേന്‍ഡ (ടിഷിവേന്‍ഡ), ത്സോങ്ക (ക്സിറ്റ്സോങ്ക) എന്നിങ്ങനെ വര്‍ഗീകരിച്ചിട്ടുണ്ട്. ഇസിസുലു സംസാരിക്കുന്നവരാണ് ദക്ഷിണാഫ്രിക്കയിലെ ഏറ്റവും വലിയ ജനവിഭാഗം. ആഫ്രിക്കന്‍ ഗോത്രഭാഷകള്‍ തമ്മില്‍ ബന്ധമുണ്ടെങ്കിലും ഒരു വിഭാഗത്തിന്റെ ഭാഷ മറ്റൊരു വിഭാഗത്തിന് അന്യമാണ്. 1820-കളില്‍ ദക്ഷിണാഫ്രിക്കയിലെത്തിയ യൂറോപ്യന്മാര്‍ ഇവിടെ ഇംഗ്ലീഷ് പ്രചരിപ്പിച്ചു. ഗ്രീക്കും പോര്‍ച്ചുഗീസും സംസാരിക്കുന്ന ചുരുക്കം ചില വിഭാഗങ്ങളുംദക്ഷിണാഫ്രിക്കയിലുണ്ട്.
ദക്ഷിണാഫ്രിക്കയിലെ ജനങ്ങളില്‍ പകുതിയും നഗരങ്ങളില്‍ വസിക്കുന്നു. അഞ്ചുലക്ഷത്തിലേറെ ജനസംഖ്യയുള്ള മൂന്ന് വന്‍ നഗരങ്ങളും (കേപ് ടൗണ്‍, ജോഹന്നാസ്ബര്‍ഗ്, ഡര്‍ബന്‍) ഒരു ലക്ഷത്തിലധികം ജനസംഖ്യയുള്ള 11 നഗരങ്ങളും ദക്ഷിണാഫ്രിക്കയിലുണ്ട്. വര്‍ണവിവേചനത്തിന്റെ കാലഘട്ടത്തില്‍ നടപ്പിലാക്കിയ 'ഗ്രൂപ്പ് ഏരിയാസ് ആക്റ്റ്' പ്രകാരം കറുത്ത വര്‍ഗത്തില്‍പ്പെട്ട ആഫ്രിക്കന്‍ വംശജരെ നിര്‍ബന്ധപൂര്‍വം പ്രത്യേക ടൗണ്‍ഷിപ്പുകളിലും മറ്റും പാര്‍പ്പിച്ചിരുന്നു. നഗരജീവിതം പൊതുവേ ഗുണനിലവാരമുള്ളതാണെങ്കിലും ഗ്രാമങ്ങളില്‍ ജനജീവിതം ദുസ്സഹമാണ്. ദക്ഷിണാഫ്രിക്കയില്‍ 20 ദശലക്ഷം ജനങ്ങള്‍ക്ക് വൈദ്യുതിയും മറ്റു പ്രാഥമിക ജീവിതസൌകര്യങ്ങളും ലഭ്യമല്ലെന്ന് കണക്കാക്കപ്പെടുന്നു. പൊതുവേ ഉയര്‍ന്ന ജീവിതനിലവാരം പുലര്‍ത്തുന്ന മധ്യവര്‍ത്തി കുടുംബങ്ങള്‍ നഗരങ്ങളിലും നഗരപ്രാന്തങ്ങളിലുമാണ് നിവസിക്കുന്നത്.
1913-14 കാലഘട്ടങ്ങളില്‍ നടപ്പിലാക്കിയ പ്രത്യേക ഭൂപരിഷ്കരണം ആഫ്രിക്കന്‍വംശജരില്‍ നല്ലൊരു വിഭാഗത്തെ ഗ്രാമങ്ങളിലെ പ്രത്യേക വാസസ്ഥലങ്ങളില്‍ താമസിക്കുന്നതിന് നിര്‍ബന്ധിതമാക്കി. ഈ കാലഘട്ടത്തില്‍ നടപ്പിലാക്കിയ മറ്റൊരു നിയമപ്രകാരം കര്‍ഷകര്‍ തങ്ങളുടെ കൃഷിഭൂമി വാടകയ്ക്കു കൊടുക്കുന്ന സമ്പ്രദായത്തെ ഗവണ്മെന്റ് നിരോധിച്ചു. പ്രസ്തുത ഭൂപരിഷ്കരണ നിയമങ്ങള്‍ ദാരിദ്യ്രം വര്‍ധിപ്പിക്കുകയും ഭൂമിയുടെ ഉടമസ്ഥാവകാശം വെള്ളക്കാരില്‍ നിക്ഷിപ്തമാക്കുകയും ചെയ്തത് കറുത്തവരുടെ ജീവിതം കൂടുതല്‍ ദുസ്സഹമാക്കി. വര്‍ണവിവേചനത്തിന്റെ കാലഘട്ടത്തില്‍ ഗ്രാമങ്ങളിലെ പുരുഷന്മാരില്‍ അധികവും നഗരങ്ങളിലും ഖനികളിലും തൊഴില്‍ ചെയ്യാന്‍ നിര്‍ബന്ധിതമായതിനാല്‍ ഈ കാലഘട്ടത്തില്‍ ഗ്രാമീണ ജനങ്ങളില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമായിരുന്നു. 1990-കളില്‍ പുതിയ നിയമം നിലവില്‍ വന്നതോടെ ഈ പ്രവണതയ്ക്ക് വ്യതിയാനം സംഭവിച്ചെങ്കിലും ദക്ഷിണാഫ്രിക്കന്‍ ഗ്രാമങ്ങള്‍ ഇപ്പോഴും ദാരിദ്യ്രത്തിന്റെയും തൊഴിലില്ലായ്മയുടെയും പിടിയില്‍നിന്ന് പൂര്‍ണമായും മുക്തമായിട്ടില്ല.
സാമ്പത്തികശേഷിക്കനുസൃതമായി ദക്ഷിണാഫ്രിക്കക്കാരുടെ ജീവിതരീതിയില്‍, പ്രത്യേകിച്ചും ആഹാര-വസ്ത്രധാരണ രീതികളില്‍ വ്യത്യാസം കാണാം. മീലീസ് എന്ന പേരില്‍ അറിയപ്പെടുന്ന ഒരിനം ചോളമാണ് സാധാരണക്കാരുടെ മുഖ്യ ആഹാരം. പാല്‍ക്കഞ്ഞി രൂപത്തിലാണ് ദക്ഷിണാഫ്രിക്കക്കാര്‍ ചോളം കഴിക്കുന്നത്. ധനികര്‍ക്കിടയില്‍ അമേരിക്കന്‍, യൂറോപ്യന്‍ ജീവിതരീതികള്‍ക്കാണ് മുന്‍തൂക്കം.
പൊതുവേ കലാ-കായിക പ്രേമികളാണ് ദക്ഷിണ ആഫ്രിക്കക്കാര്‍. വിശ്രമവേളകളിലും മറ്റും ഇവര്‍ വിവിധ കലാ-കായിക വിനോദങ്ങളില്‍ ഏര്‍പ്പെടുന്നത് പതിവാണ്. അസോസിയേഷന്‍ ഫുട്ബോള്‍ (സോക്കര്‍) ആണ് ദക്ഷിണാഫ്രിക്കയിലെ പ്രധാന കായിക വിനോദം.
മതം
വര്‍ണവിവേചനത്തിന്റെ കാലഘട്ടത്തില്‍ ആഫ്രിക്കന്‍ ഭരണഘടന ക്രിസ്തുമതത്തിനെ രാജ്യത്തെ പ്രധാന മതമായി അംഗീകരിച്ചിരുന്നെങ്കിലും ഇപ്പോള്‍ ഒരു മതത്തിനും ദക്ഷിണാഫ്രിക്കയില്‍ ആ പദവി ഇല്ല. ആഫ്രിക്കാന്‍സ് ഭാഷ സംസാരിക്കുന്ന ആഫ്രിക്കന്‍വംശജരില്‍ ഭൂരിഭാഗവും ഡച്ച് റിഫോമിസ്റ്റ് ചര്‍ച്ചിലോ അനുബന്ധ ചര്‍ച്ചുകളിലോ അംഗങ്ങളാണ്. എന്നാല്‍ ഇംഗ്ളീഷ് സംസാരിക്കുന്നവരില്‍ ഭൂരിഭാഗവും ആംഗ്ലിക്കന്‍, കോണ്‍ഗ്രിഗേഷണല്‍, മെഥഡിസ്റ്റ്, കാത്തലിക് ചര്‍ച്ചുകളില്‍പ്പെട്ടവരാണ്. വളരെ ചെറിയൊരു വിഭാഗം ഹിന്ദു, മുസ്ലിം, ജൂത മതാനുയായികളും ദക്ഷിണാഫ്രിക്കയിലുണ്ട്.
ദക്ഷിണാഫ്രിക്കന്‍ ജനസംഖ്യയുടെ 20 ശതമാനവും പരമ്പരാഗത ആഫ്രിക്കന്‍ ഗോത്ര-മതാനുഷ്ഠാനങ്ങള്‍ പിന്തുടരുന്നു. പൂര്‍വികരുടെ ആത്മാക്കള്‍ തങ്ങളുടെ ജീവിതത്തെ സ്വാധീനിക്കുന്നുണ്ടെന്നാണ് ഇക്കൂട്ടരുടെ വിശ്വാസം. ജനസംഖ്യയുടെ 15 ശതമാനത്തോളം ക്രിസ്ത്രീയ പ്രമാണങ്ങളെയും പരമ്പരാഗത ആഫ്രിക്കന്‍ വിശ്വാസങ്ങളെയും സമന്വയിപ്പിക്കുന്ന ഇന്‍ഡിപെന്‍ഡന്റ് ക്രിസ്ത്യന്‍ ചര്‍ച്ചുകളില്‍ അംഗങ്ങളാണ്. 'സിയോണ്‍ ചര്‍ച്ച്' ആണ് ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ടത്.
സംസ്കാരം
സമ്പന്നമായൊരു കലാ-സാംസ്കാരിക പൈതൃകത്തിന്റെ നാടാണ് ദക്ഷിണാഫ്രിക്ക. ബാലെ (ballet), സംഗീതം, പെയിന്റിങ്, ശില്പകല എന്നീ മേഖലകളില്‍ ദക്ഷിണാഫ്രിക്ക ഗണ്യമായ സംഭാവനകള്‍ നല്കിയിട്ടുണ്ട്. എങ്കിലും പരമ്പരാഗത ആഫ്രിക്കന്‍ താളലയങ്ങളുടെ അകമ്പടിയില്‍ സൃഷ്ടിക്കപ്പെടുന്ന ആഫ്രിക്കന്‍ സംഗീതത്തിലൂടെയാണ് ദക്ഷിണാഫ്രിക്ക ലോക കലാ-സാംസ്കാരിക മണ്ഡലത്തില്‍ സ്ഥാനം നേടിയത്. അമേരിക്കന്‍ ജാസ് സംഗീതത്തിന്റെ സ്വാധീനത്തില്‍ ആഫ്രിക്കന്‍ പട്ടണങ്ങളെ കേന്ദ്രീകരിച്ച് 1940-കളിലും 50-കളിലും രൂപംകൊണ്ട ചില ആധുനിക സംഗീതരൂപങ്ങളും ലോകശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ട്.
സാഹിത്യരംഗത്തും ദക്ഷിണാഫ്രിക്ക മഹത്തായ സംഭാവന നല്കിയിട്ടുണ്ട്. 1920-കള്‍ മുതല്‍ ദക്ഷിണാഫ്രിക്ക അന്തര്‍ദേശീയ പ്രശസ്തരായ നിരവധി സാഹിത്യകാരന്മാരെ സൃഷ്ടിച്ചിട്ടുണ്ട്. നാടക കൃത്തായ അതോള്‍ ഫുഗാര്‍ഡ് (Athol Fugard), നോവലിസ്റ്റുകളായ ജെ.എം. കൂത്സെ (J.M.Coetze), നാദിന്‍ ഗൊദാമര്‍ (Nadine Gordimer), ബെസ്സീ ഹെഡ് (Bessi Head) തുടങ്ങിയവര്‍ തങ്ങളുടെ സര്‍ഗാത്മക പ്രതിഭകൊണ്ട് ലോകസാഹിത്യത്തെ സമ്പന്നമാക്കിയവരാണ്. വര്‍ണവിവേചനവും യൂറോപ്യന്‍ അധിനിവേശവും ദക്ഷിണാഫ്രിക്കന്‍ സാഹിത്യത്തെ ആഴത്തില്‍ സ്വാധീനിച്ച ഘടകങ്ങളാണ്. ദക്ഷിണാഫ്രിക്കന്‍ സാഹിത്യത്തിലുടനീളം രാജ്യത്തിലെ രാഷ്ട്രീയ-സാമൂഹിക പ്രശ്നങ്ങള്‍ പ്രതിഫലിക്കുന്നുണ്ട്. അലന്‍ പാറ്റണിന്റെ ക്രൈ ദ് ബിലവ്ഡ് കണ്‍ട്രി (Cry the beloved country 1948) എന്ന കൃതി വര്‍ണവിവേചനത്തിന്റെ ദുരന്തങ്ങള്‍ വിവരിക്കുന്നു. യൂറോപ്യന്‍ അധിനിവേശത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും കീഴില്‍ ഒരു ജനത നേരിടേണ്ടിവന്ന ദുരന്തത്തിന്റെ പുനഃരാഖ്യാനമാണ് ഈ കൃതി.
സമ്പദ്വ്യവസ്ഥ
ആഫ്രിക്കന്‍ വന്‍കരയിലെ പ്രധാന വ്യാവസായിക രാജ്യമാണ് ദക്ഷിണാഫ്രിക്ക. 19-ാം ശ.-ത്തിന്റെ അവസാനത്തില്‍ ദക്ഷിണാഫ്രിക്കയില്‍ സ്വര്‍ണവും വജ്രവും കണ്ടെത്തുന്നതുവരെ കൃഷിയിലും കന്നുകാലിവളര്‍ത്തലിലും കേന്ദ്രീകൃതമായിരുന്നു രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ. 19-ാം ശ.-ത്തിന്റെ അവസാനം ആരംഭിച്ച സ്വര്‍ണ-വജ്ര ഖനനം രാജ്യത്തിന്റെ സാമ്പത്തിക ഘടനയില്‍ മാറ്റങ്ങളുണ്ടാക്കി. 1950-70 കാലഘട്ടത്തില്‍ ദക്ഷിണാഫ്രിക്കന്‍ സാമ്പത്തിക രംഗം അഭൂതപൂര്‍വമായ വളര്‍ച്ച കൈവരിച്ചു. ഗവണ്മെന്റിന്റെ വ്യാവസായിക വികസന നടപടികളും വന്‍തോതിലുള്ള വിദേശമൂലധന നിക്ഷേപവുമായിരുന്നു ഈ കാലഘട്ടത്തില്‍ ദക്ഷിണാഫ്രിക്കയുടെ സാമ്പത്തിക പുരോഗതിക്ക് അടിത്തറ പാകിയത്. പ്രകൃതിവിഭവങ്ങളുടെ ലഭ്യതയും കുറഞ്ഞ വേതനത്തില്‍ ലഭ്യമായിരുന്ന കറുത്തവരുടെ അധ്വാനശേഷിയുമായിരുന്നു മറ്റു ഘടകങ്ങള്‍. എന്നാല്‍ 1980 ആയപ്പോഴേക്കും സാമ്പത്തിക വികസനത്തിന്റെ തോത് ഗണ്യമായി കുറഞ്ഞു. ആഫ്രിക്കന്‍ ഗവണ്മെന്റിന്റെ വര്‍ണവിവേചന നയത്തോടുള്ള എതിര്‍പ്പുമൂലം വിദേശമൂലധന നിക്ഷേപത്തില്‍ വന്ന കുറവായിരുന്നു ഇതിനു വഴിതെളിച്ചത്. 1991-ല്‍ വര്‍ണവിവേചനം അവസാനിപ്പിക്കുന്ന പുതിയ നിയമം പ്രാബല്യത്തില്‍ വന്നതോടെ വിദേശമൂലധന നിക്ഷേപത്തിന്റെ തോത് വര്‍ധിച്ചു. ഇപ്പോള്‍ ചൈന, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങള്‍ക്കൊപ്പം അതിവേഗം വികസിക്കുന്ന സമ്പദ്ഘടനകളില്‍ ദക്ഷിണാഫ്രിക്കയും ഉള്‍പ്പെടുന്നു.
പ്രകൃതി വിഭവങ്ങള്‍
സാമ്പത്തിക പ്രാധാന്യമുള്ള നിരവധി ഖനിജ സമ്പത്തുകളാല്‍ അനുഗൃഹീതമാണ് ദക്ഷിണാഫ്രിക്ക. മൂഖ്യ ഖനിജങ്ങളായ സ്വര്‍ണം, വജ്രം എന്നിവയ്ക്കു പുറമേ ആന്റിമണി, ക്രോമൈറ്റ്, കല്‍ക്കരി, ചെമ്പ്, ഇരുമ്പയിര്, മാംഗനീസ്, പ്ലാറ്റിനം, വെള്ളി, യുറേനിയം, ചുണ്ണാമ്പുകല്ല്, ഫോസ്ഫേറ്റ് എന്നിവയും ദക്ഷിണാഫ്രിക്കയില്‍ വ്യാവസായികാടിസ്ഥാനത്തില്‍ ഖനനം ചെയ്യുന്നു.
ഖനിജസമ്പത്തിന്റെ വിപുലമായ ശേഖരം ദക്ഷിണാഫ്രിക്കയെ ലോകത്തിലെ പ്രധാന ഖനന രാജ്യങ്ങളില്‍ ഒന്നാക്കി മാറ്റുന്നു. സ്വര്‍ണമാണ് ദക്ഷിണാഫ്രിക്കയില്‍ ഖനനം ചെയ്യുന്ന പ്രധാന ലോഹം. ലോകത്തിലെ മൊത്തം സ്വര്‍ണോത്പാദനത്തിന്റെ മൂന്നിലൊന്നില്‍ അധികവും ദക്ഷിണാഫ്രിക്കയില്‍ കേന്ദ്രീകരിച്ചിരിക്കുന്നു. 1880-കളില്‍ ദക്ഷിണാഫ്രിക്കയില്‍ സ്വര്‍ണനിക്ഷേപം കണ്ടെത്തിയത് രാജ്യത്തിന്റെ സാമ്പത്തികരംഗത്തെ മാത്രമല്ല ഗതാഗത-വാര്‍ത്താവിനിമയ മേഖലകളെയും പുരോഗതിയിലേക്കു നയിച്ചു.
ദക്ഷിണാഫ്രിക്കയുടെ ആഭ്യന്തര ഉപയോഗത്തിന് ആവശ്യമായ ഉത്പന്നങ്ങളില്‍ ഭൂരിഭാഗവും രാജ്യത്തിലെ ഫാക്റ്ററികള്‍ നിര്‍മിക്കുന്നു. രാസവസ്തുക്കള്‍, വസ്ത്രങ്ങള്‍, ഇരുമ്പുരുക്ക് ഉത്പന്നങ്ങള്‍, മറ്റു ലോഹങ്ങള്‍, യന്ത്രസാമഗ്രികള്‍, ലോഹോത്പന്നങ്ങള്‍, മോട്ടോര്‍ വാഹനങ്ങള്‍, സംസ്കരിച്ച ആഹാരപദാര്‍ഥങ്ങള്‍ എന്നിവയാണ് രാജ്യത്തിലെ പ്രധാന ഉത്പന്നങ്ങള്‍. കല്‍ക്കരിയില്‍നിന്ന് പെട്രോളും മറ്റ് ഇന്ധനങ്ങളും ഉത്പാദിപ്പിക്കുന്ന നിരവധി ഫാക്റ്ററികളും രാജ്യത്ത് പ്രവര്‍ത്തിക്കുന്നു. കേപ് ടൌണ്‍, ഡര്‍ബന്‍, ജൊഹന്നാസ്ബര്‍ഗ്, പോര്‍ട്ട് എലിസബത്ത്, പ്രിട്ടോറിയ എന്നീ വന്‍നഗരങ്ങളിലാണ് രാജ്യത്തിലെ പ്രധാന ഫാക്റ്ററികള്‍ കേന്ദ്രീകരിച്ചിരിക്കുന്നത്.
കൃഷി
കൃഷിക്ക് ദക്ഷിണാഫ്രിക്കന്‍ സമ്പദ്വ്യവസ്ഥയില്‍ അപ്രധാനമായ സ്ഥാനമേ ഉള്ളൂ. എന്നാല്‍ ആഭ്യന്തരോപയോഗത്തിനാവശ്യമായ എല്ലാ കാര്‍ഷികോത്പന്നങ്ങളും ഉത്പാദിപ്പിക്കത്തക്കവിധം സ്വയം പര്യാപ്തമാണ് രാജ്യത്തിന്റെ കാര്‍ഷികമേഖല. ആപ്പിള്‍, മുന്തിരി, ചോളം, ഓറഞ്ച്, കൈതച്ചക്ക, ഉരുളക്കിഴങ്ങ്, കരിമ്പ്, പുകയില എന്നിവ രാജ്യത്തിലെ കാര്‍ഷികോത്പന്നങ്ങളില്‍ പ്രമുഖ സ്ഥാനം നേടിയിരിക്കുന്നു. ചെമ്മരിയാട് വളര്‍ത്തലില്‍ മുന്നിട്ടുനില്ക്കുന്ന രാജ്യംകൂടിയായ ദക്ഷിണാഫ്രിക്കയില്‍നിന്ന് കയറ്റുമതി ചെയ്യുന്ന കാര്‍ഷികോത്പന്നങ്ങളില്‍ കമ്പിളിക്ക് പ്രമുഖ സ്ഥാനമാണുള്ളത്.
രണ്ടുതരം കൃഷിരീതികളാണ് ദക്ഷിണാഫ്രിക്കയില്‍ പ്രാബല്യത്തിലുള്ളത്; ആധുനികവും പരമ്പരാഗതവും. ഏകദേശം 930 ഹെ. വിസ്തൃതിയുള്ള വന്‍ പാടശേഖരങ്ങളിലാണ് ആധുനിക കൃഷിരീതി നിലവിലുള്ളത്. ഇവയില്‍ ഭൂരിഭാഗവും വെള്ളക്കാരുടെ അധീനതയിലാണ്. കറുത്തവരുടെ തൊഴില്‍ശക്തിയെ കുറഞ്ഞ വേതനത്തില്‍ ചൂഷണം ചെയ്തുകൊണ്ടാണ് വെള്ളക്കാര്‍ തങ്ങളുടെ വന്‍ പാടശേഖരങ്ങളില്‍ കൃഷിയിറക്കുന്നത്. ആഭ്യന്തരോപയോഗത്തിനാവശ്യമായ വിളകളുടെ ഉത്പാദനമാണ് ചെറുകിട കൃഷിയിടങ്ങളുടെ ലക്ഷ്യം. ആധുനിക കൃഷിസമ്പ്രദായത്തിന്റെ വര്‍ധിച്ച മുതല്‍മുടക്ക് ഗ്രാമീണരെ പരമ്പരാഗത കൃഷിരീതികള്‍ പിന്തുടരാന്‍ പ്രേരിപ്പിക്കുന്നു.
വിദേശ വാണിജ്യം
ജര്‍മനി, ജപ്പാന്‍, സ്വിറ്റ്സര്‍ലന്‍ഡ്, ബ്രിട്ടന്‍, അമേരിക്ക, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവ ദക്ഷിണാഫ്രിക്കയുടെ പ്രധാന വിദേശവാണിജ്യ പങ്കാളികളാണ്. സ്വര്‍ണം, വജ്രം, ലോഹങ്ങള്‍, ഖനിജങ്ങള്‍, കമ്പിളി, ചോളം, പഞ്ചസാര എന്നിവയാണ് പ്രധാന കയറ്റുമതി വിഭവങ്ങള്‍. യന്ത്രസാമഗ്രികള്‍ക്കും ഗതാഗതോപകരണങ്ങള്‍ക്കുമാണ് ഇറക്കുമതിയില്‍ മുന്‍തൂക്കം. രാസവസ്തുക്കള്‍, പെട്രോളിയം എന്നിവയും വ്യാപകമായ തോതില്‍ ഇറക്കുമതി ചെയ്യുന്നുണ്ട്.
ഗതാഗതവും വാര്‍ത്താവിനിമയവും.
ആഫ്രിക്കയില്‍ ഏറ്റവും വിപുലമായ ഗതാഗതസൗകര്യങ്ങള്‍ ലഭ്യമായ രാജ്യമാണ് ദക്ഷിണാഫ്രിക്ക. രാജ്യത്തിലെ എല്ലാ ജനവാസകേന്ദ്രങ്ങളെയും റോഡുകള്‍ മുഖേന ബന്ധിപ്പിച്ചിരിക്കുന്നു. ഗ്രാമങ്ങളിലെ റോഡുകള്‍ അധികവും ടാര്‍ ചെയ്യപ്പെട്ടവയല്ല. ബസ്, ടാക്സി, തീവണ്ടി എന്നിവയാണ് നഗരവാസികളുടെ പ്രധാന ഗതാഗതോപാധികള്‍. സൗത്ത് ആഫ്രിക്കന്‍ റെയില്‍വേ സിസ്റ്റത്തില്‍ നിയന്ത്രിതമാണ് രാജ്യത്തിലെ റെയില്‍വേ ശൃംഖല. രാജ്യത്തിന്റെ ദേശീയ എയര്‍ലൈന്‍സ് ആയ സൌത്ത് ആഫ്രിക്കന്‍ എയര്‍വേയ്സ് ദേശീയ-അന്തര്‍ദേശീയ വ്യോമയാന സര്‍വീസുകള്‍ കൈകാര്യം ചെയ്യുന്നു. ജൊഹന്നാസ്ബര്‍ഗ്, കേപ് ടൗണ്‍, ഡര്‍ബന്‍ എന്നീ നഗരങ്ങളില്‍ രാജ്യത്തിലെ പ്രധാന അന്തര്‍ദേശീയ വിമാനത്താവളങ്ങളും കേപ് ടൗണ്‍, ഡര്‍ബന്‍, ഈസ്റ്റ് ലണ്ടന്‍, പോര്‍ട്ട് എലിസബത്ത്, റിച്ചാര്‍ഡ്സ് ബേ, സല്‍ഡന്‍ഹ ബേ എന്നിവിടങ്ങളില്‍ വന്‍കിട തുറമുഖങ്ങളും പ്രവര്‍ത്തിക്കുന്നു.
ഇരുപതിനടുത്ത് ഇംഗ്ലീഷ് ദിനപത്രങ്ങളും പത്തില്‍ താഴെ ആഫ്രിക്കാന്‍സ് പത്രങ്ങളും ദക്ഷിണാഫ്രിക്കയില്‍നിന്നു പ്രസിദ്ധീകരിക്കുന്നുണ്ട്. ജൊഹന്നാസ്ബെര്‍ഗില്‍നിന്നു പ്രസിദ്ധീകരിക്കുന്ന ദ് സൊവാറ്റന്‍ (The Sowetan), ദ് സ്റ്റാര്‍, കേപ് ടൗണില്‍നിന്നു പ്രസിദ്ധീകരിക്കുന്ന ദി അര്‍ഗുസ് (The Argus) എന്നിവയാണ് ദക്ഷിണാഫ്രിക്കയില്‍ ഏറ്റവും കൂടുതല്‍ പ്രചാരമുള്ള ഇംഗ്ലീഷ് ദിനപത്രങ്ങള്‍. ജൊഹന്നാസ്ബര്‍ഗില്‍നിന്നു പ്രസിദ്ധീകരിക്കുന്ന ദ് ബ്ളീഡിനാണ് ആഫ്രിക്കാന്‍സ് ദിനപത്രങ്ങളില്‍ കൂടുതല്‍ പ്രചാരം.
ദക്ഷിണാഫ്രിക്കയിലെ റേഡിയോ, ടെലിവിഷന്‍ പ്രക്ഷേപണത്തിന്റെ ഭൂരിഭാഗവും സൌത്ത് ആഫ്രിക്കന്‍ ബ്രോഡ്കാസ്റ്റിങ് കോര്‍പ്പറേഷനില്‍ (ട.അ.ആ.ഇ.) നിക്ഷിപ്തമായിരിക്കുന്നു. ഇത് 19 റേഡിയോ പ്രോഗാം സര്‍വീസുകളും 4 ടെലിവിഷന്‍ ചാനലുകളും കൈകാര്യം ചെയ്യുന്നു. ഇംഗ്ലീഷ്, ആഫ്രിക്കാന്‍സ് എന്നീ ഭാഷകളിലാണ് പ്രധാനമായും റേഡിയോ, ടെലിവിഷന്‍ പരിപാടികള്‍ സംപ്രേഷണം ചെയ്യുന്നത്. ഒരു സ്വകാര്യ കേബിള്‍ ടെലിവിഷന്‍ ശൃംഖലയും ദക്ഷിണാഫ്രിക്കയുടെ വാര്‍ത്താവിനിമയ രംഗത്തു പ്രവര്‍ത്തിക്കുന്നുണ്ട്.
ചരിത്രം
പ്രധാനമായും സാന്‍, ഖൊയ്ഖൊയ്, സുലു, സോസാ എന്നീ ജനവര്‍ഗങ്ങളായിരുന്നു മുന്‍കാലങ്ങളില്‍ ദക്ഷിണാഫ്രിക്കയില്‍ നിവസിച്ചിരുന്നത്. 15-ാം ശ.-ത്തിലാണ് പാശ്ചാത്യ ലോകവുമായി ദക്ഷിണാഫ്രിക്ക ബന്ധപ്പെടുന്നത്. പോര്‍ച്ചുഗീസുകാരായിരുന്നു ദക്ഷിണാഫ്രിക്കയില്‍ എത്തിയ ആദ്യത്തെ പാശ്ചാത്യര്‍. ഇന്ത്യയിലേക്കുള്ള കടല്‍മാര്‍ഗം തേടിയുള്ള യാത്രയില്‍ ആകസ്മികമായാണ് ഇവര്‍ ഗുഡ്ഹോപ് മുനമ്പില്‍ എത്തിയത്. ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ അധിനിവേശം ഉറപ്പിച്ച പോര്‍ച്ചുഗീസുകാര്‍ ദക്ഷിണാഫ്രിക്കയില്‍ കോളനി സ്ഥാപിക്കുന്നതില്‍ വിമുഖരായിരുന്നു.
പോര്‍ച്ചുഗീസുകാരെ പിന്തുടര്‍ന്നു വന്ന ഡച്ചുകാരും ഇംഗ്ലീഷുകാരും ഏഷ്യയിലേക്കുള്ള യാത്രാമധ്യേ ഗുഡ്ഹോപ് മുനമ്പ് ഇടത്താവളമാക്കിയത് ദക്ഷിണാഫ്രിക്കന്‍ ചരിത്രത്തെ സ്വാധീനിച്ചു. 1602-ല്‍ ഇംഗ്ളണ്ടിനുവേണ്ടി മുനമ്പ് പിടിച്ചെടുക്കുവാന്‍ രണ്ട് ഇംഗ്ളിഷ് നാവികര്‍ ശ്രമിച്ചിരുന്നു. ഹോളണ്ടിനും തെക്കുകിഴക്കന്‍ ഏഷ്യയ്ക്കും മധ്യേ യാത്രചെയ്യുന്ന ഡച്ച് നാവികര്‍ക്ക് പച്ചക്കറികള്‍, ഇറച്ചി, പാല്‍ഉത്പന്നങ്ങള്‍ എന്നിവ നല്കുന്നതിനുവേണ്ടി 1652-ല്‍ കേപ് ഉപദ്വീപിലെ ടേബിള്‍ ബേയില്‍ ഒരു സപ്ളൈ സ്റ്റേഷന്‍ സ്ഥാപിക്കുവാന്‍ ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി തീരുമാനിച്ചു. ഡച്ചുകാരും തദ്ദേശീയരുമായുണ്ടായിരുന്ന സൗഹാര്‍ദപരമായ ബന്ധം ക്രമേണ ഉലഞ്ഞു. കമ്പനി നിശ്ചയിച്ച നിരക്കില്‍ സാധനങ്ങള്‍ നല്കാന്‍ ഖോയ്ഖോയ്കള്‍ വിസമ്മതിച്ചതില്‍ പ്രകോപിതരായ ഡച്ചുകാര്‍ അവരുടെ ഭൂമി പിടിച്ചെടുക്കുകയും അവരെ ഉള്‍നാടുകളിലേക്ക് ഓടിക്കുകയും ചെയ്തു.
തദ്ദേശീയരുടെ സഹകരണം നിലച്ചപ്പോള്‍ പച്ചക്കറികള്‍ കൃഷി ചെയ്യുന്നതിനും മാടുകളെ വളര്‍ത്തുന്നതിനുമായി അടിമകളെ ഇറക്കുമതി ചെയ്യാന്‍ കമ്പനി തീരുമാനിച്ചു. ഇതോടൊപ്പം കൃഷിയിടങ്ങള്‍ സ്ഥാപിക്കുവാന്‍ കമ്പനി ജോലിക്കാര്‍ക്ക് അനുമതി നല്കുകയും ചെയ്തു. ദൂരവ്യാപകമായ ഫലങ്ങളുണ്ടാക്കിയ കമ്പനിയുടെ ഈ തീരുമാനം ഒരു വ്യവസ്ഥാപിത കുടിയേറ്റ സമൂഹത്തിനു വഴിയൊരുക്കി.
1662-ഓടെ കേപ് ടൌണ്‍ ഒരു ഡച്ച് കോളനിയായി രൂപാന്തരപ്പെട്ടിരുന്നു. തുടര്‍ന്നുവന്ന ഗവര്‍ണര്‍മാര്‍ കുടിയേറ്റത്തെ പ്രോത്സാഹിപ്പിച്ചതോടെ ജര്‍മനി, ഹോളണ്ട്, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ള കുടിയേറ്റവും വ്യാപകമായി.
ദക്ഷിണാഫ്രിക്കയിലെ ഡച്ച് കൃഷിക്കാര്‍ ബൂറുകള്‍ എന്നും ഇവരുടെ സംസ്കാരവും ഭാഷയും ആഫ്രിക്കാന്‍സ് എന്നും അറിയപ്പെട്ടു. 1700-കളില്‍ കൃഷിയിടങ്ങള്‍ തേടി ബൂറുകള്‍ വടക്ക് ഓറഞ്ച്നദി വരെയും കിഴക്ക് സൂര്‍വെള്‍ഡ് വരെയും വ്യാപിച്ചത് ഖോയ്ഖോയ് ജനതയുമായുള്ള സംഘര്‍ഷത്തിലാണ് കലാശിച്ചത്. ദക്ഷിണാഫ്രിക്കയില്‍ കറുത്തവരും വെളുത്തവരും തമ്മില്‍ ഇന്നും നിലനില്ക്കുന്ന വര്‍ഗസംഘര്‍ഷത്തിന് ഇത് തുടക്കം കുറിച്ചു.
യൂറോപ്പില്‍ ഫ്രാന്‍സും ഇംഗ്ലണ്ടും തമ്മിലുണ്ടായ യുദ്ധത്തില്‍ ഡച്ചുകാര്‍ ഫ്രഞ്ച് പക്ഷം ചേര്‍ന്നതില്‍ പ്രകോപിതരായ ബ്രിട്ടീഷുകാര്‍ 1795-ല്‍ കേപ് കോളനി പിടിച്ചെടുത്തു. 1802-ലെ അമീന്‍സ് കരാര്‍ പ്രകാരം ബ്രിട്ടീഷുകാര്‍ കേപ് കോളനിയെ ഡച്ചുകാര്‍ക്ക് തിരിച്ചു നല്കിയെങ്കിലും 1815-ലെ വിയന്ന കോണ്‍ഗ്രസ്സിന്റെ തീരുമാന പ്രകാരം കോളനിക്കുമേലുള്ള സമ്പൂര്‍ണാവകാശം ബ്രിട്ടനു ലഭിച്ചതോടെ ബ്രിട്ടനില്‍നിന്ന് കേപ്പിലേക്കുള്ള കുടിയേറ്റക്കാരുടെ വരവില്‍ വന്‍ വര്‍ധനവുണ്ടായി. കൃഷിയിടങ്ങള്‍ക്കുവേണ്ടി ഇവരും രംഗത്തെത്തിയതോടെ ബൂര്‍-ബ്രിട്ടിഷ് ബന്ധം വഷളായി. മറ്റു ചില കാരണങ്ങളാലും ബ്രിട്ടിഷ് കോളനി വാഴ്ച ബൂറുകള്‍ക്ക് അസഹനീയമായിത്തീര്‍ന്നിരുന്നു. ഇംഗ്ളീഷിനെ ഔദ്യോഗിക ഭാഷയായി പ്രഖ്യാപിച്ചത് തങ്ങളുടെ താത്പര്യങ്ങള്‍ക്കുമേലുള്ള കടന്നാക്രമണമായി ബൂറുകള്‍ കരുതി. 1807-ല്‍ ബ്രിട്ടിഷ് പാര്‍ലമെന്റ് അടിമത്തം നിരോധിച്ചതോടെ ഈ നിയമം ബ്രിട്ടിഷ് കോളനികളിലും പ്രാബല്യത്തില്‍വന്നു. കൃഷിപ്പണിക്ക് അടിമകളെ ആശ്രയിച്ചുപോന്ന ഡച്ച് കര്‍ഷകര്‍ക്ക് ഇത് വലിയ ആഘാതമായിരുന്നു. ഈ സാഹചര്യത്തില്‍ കേപ് കോളനി വിട്ട് വടക്കോട്ടു നീങ്ങാന്‍ ഭൂരിപക്ഷം ബൂറുകളും തീരുമാനിച്ചു. ബ്രിട്ടിഷ് കൊളോണിയല്‍ ഭരണസംവിധാനത്തില്‍നിന്നു രക്ഷനേടാനുള്ള വ്യഗ്രതയായിരുന്നു ഈ യാത്രയ്ക്കു പിന്നിലെ പ്രേരകശക്തി. ചരിത്രത്തില്‍ ഈ പ്രയാണം 'ഗ്രെയ്റ്റ് ട്രെക്' എന്നും ഇതിലെ യാത്രികര്‍ 'വൂര്‍ ട്രെക്കേഴ്സ്' എന്നും അറിയപ്പെട്ടു. സുലുകള്‍ക്ക് ഭൂരിപക്ഷമുള്ള നേറ്റാളില്‍ എത്തിയ ഒരു സംഘത്തെ സുലു ഗോത്രത്തലവനായ ഡിങ്കാന വധിച്ചെങ്കിലും 1838-39-ലെ ബ്ളഡ് റിവര്‍ യുദ്ധത്തില്‍ സുലുകളെ പരാജയപ്പെടുത്തിക്കൊണ്ട് വൂര്‍ ട്രെക്കേഴ്സ് നേറ്റാള്‍ പിടിച്ചെടുത്തു. എന്നാല്‍ 1843-ല്‍ ബ്രിട്ടന്‍ നേറ്റാള്‍ കൈയടക്കിയതോടെ ഓറഞ്ച്-വാല്‍ നദികള്‍ക്കു വടക്കോട്ടു നീങ്ങിയ ബൂറുകള്‍ അവിടെ ഓറഞ്ച് ഫ്രീ സ്റ്റേറ്റ്, ട്രാന്‍സ്വാള്‍ എന്നീ രണ്ട് റിപ്പബ്ളിക്കുകള്‍ സ്ഥാപിച്ചു. രണ്ട് ബൂര്‍ റിപ്പബ്ലിക്കുകള്‍, ബ്രിട്ടിഷ് കോളനികളായ നേറ്റാള്‍, കേപ് എന്നിവയ്ക്കു പുറമേ ഏതാനും സ്വതന്ത്ര ഗോത്ര രാജ്യങ്ങളും ഉള്‍പ്പെട്ടതായിരുന്നു 19-ാം ശ.-ത്തിലെ ദക്ഷിണാഫ്രിക്ക. ദക്ഷിണാഫ്രിക്കയെ ഏകീകരിച്ച് ബ്രിട്ടിഷ് സാമ്രാജ്യത്തിന്റെ ഭാഗമാക്കുക എന്നതായിരുന്നു അക്കാലത്ത് ബ്രിട്ടന്റെ അജന്‍ഡ. അങ്ങനെ 1848-ല്‍ ബ്രിട്ടീഷുകാര്‍ ഓറഞ്ച് ഫ്രീ സ്റ്റേറ്റ് പിടിച്ചെടുത്തെങ്കിലും ബൂറുകളുമായുള്ള നിരന്തര സംഘര്‍ഷവും സുഗമമായ ഭരണം നിര്‍വഹിക്കുന്നതിനുള്ള ബുദ്ധിമുട്ടുകളും കാരണം 1854-ല്‍ അവര്‍ ഓറഞ്ച് ഫ്രീ സ്റ്റേറ്റിന് സ്വാതന്ത്യ്രം നല്കി. 1877-ല്‍ ഡിസ്രേലി സര്‍ക്കാരിന്റെ തീരുമാനപ്രകാരം കേപ് കോളനിയുടെ ഗവര്‍ണര്‍ ട്രാന്‍സ്വാള്‍ പിടിച്ചെടുത്തത് ആദ്യത്തെ ആംഗ്ളോ-ബുവര്‍ യുദ്ധത്തിനു വഴിതെളിച്ചു. 1884-ല്‍ ബൂറുകള്‍ ബ്രിട്ടിഷ് സേനയെ പരാജയപ്പെടുത്തിയതോടെ ട്രാന്‍സ്വാളിനു സ്വാതന്ത്ര്യം നല്കാന്‍ ബ്രിട്ടന്‍ തയ്യാറായി. [[Image: 19-ാം ശ.-ത്തില്‍ സ്വര്‍ണ-രത്ന നിക്ഷേപങ്ങള്‍ കണ്ടെത്തിയത് ദക്ഷിണാഫ്രിക്കയുടെ രാഷ്ട്രീയ-സാമ്പത്തിക ഘടനയെ നിര്‍ണായകമായി സ്വാധീനിച്ചു. ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ ഉത്പാദന കേന്ദ്രമായി ദക്ഷിണാഫ്രിക്ക മാറി. സ്വര്‍ണനിക്ഷേപങ്ങള്‍ പ്രധാനമായും ട്രാന്‍സ്വാളിലാണ് കേന്ദ്രീകരിച്ചിരുന്നത്. ട്രാന്‍സ്വാള്‍ ബ്രിട്ടിഷ് ഭരണത്തിനു പുറത്തായിരുന്നെങ്കിലും അവിടത്തെ ഖനികളിലെ ബ്രിട്ടിഷ് മൂലധന നിക്ഷേപം സ്വര്‍ണവ്യവസായത്തില്‍ ബ്രിട്ടന് ആധിപത്യം നേടിക്കൊടുത്തു. എന്നാല്‍ കുറഞ്ഞ മൂലധന നിക്ഷേപം ബൂറുകളുടെ ലാഭവിഹിതത്തെ പ്രതികൂലമായി ബാധിച്ചു. തുടര്‍ന്ന് നികുതിയിലൂടെ വരുമാനം കൂട്ടാനുള്ള ബൂറുകളുടെ നീക്കം ഖനിഉടമകളായ ബ്രിട്ടീഷുകാരുടെ എതിര്‍പ്പിനു കാരണമായി. സ്വര്‍ണനിക്ഷേപങ്ങള്‍ അന്വേഷിച്ചെത്തിയ ഭാഗ്യാന്വേഷികളുടെ അഭൂതപൂര്‍വമായ വരവിനെ തുടര്‍ന്നുണ്ടായ രാഷ്ട്രീയ പ്രശ്നങ്ങളും ബൂര്‍-ബ്രിട്ടിഷ് ബന്ധത്തെ ശിഥിലമാക്കി. കേപ് കോളനിയില്‍നിന്നും ഇംഗ്ളണ്ടില്‍നിന്നുമുള്ള കുടിയേറ്റക്കാരുടെ വ്യാവസായിക പങ്കാളിത്തം ട്രാന്‍സ്വാള്‍ സ്വാഗതം ചെയ്തെങ്കിലും അവര്‍ക്ക് വോട്ടവകാശം ഉള്‍പ്പെടെയുള്ള രാഷ്ട്രീയ ആനുകൂല്യങ്ങള്‍ ബൂറുകള്‍ നിഷേധിച്ചത് നിരവധി രാഷ്ട്രീയ പ്രശ്നങ്ങള്‍ക്കു കാരണമായി.
ട്രാന്‍സ്വാളിന്റെ സാമ്പത്തിക വളര്‍ച്ചയോടെ ദക്ഷിണാഫ്രിക്കയിലെ സമ്പന്ന സംസ്ഥാനമെന്ന പദവി കേപ് കോളനിക്കു നഷ്ടമായി. ട്രാന്‍സ്വാളിന്റെ മുന്നേറ്റം ദക്ഷിണാഫ്രിക്കയിലെ ബ്രിട്ടിഷ് മേധാവിത്വത്തിനു വെല്ലുവിളിയാകുമെന്ന് കേപ് കോളനിയുടെ പ്രധാനമന്ത്രിയായ സെസിന്‍ റോഡ്സ് ആശങ്കപ്പെട്ടു. ട്രാന്‍സ് വാളിനെ അധീനപ്പെടുത്തി ബ്രിട്ടിഷ് കോളനിയാക്കുന്നതിനായി ഡോ. ജയിംസണിന്റെ കീഴില്‍ 500 പേരടങ്ങിയ ഒരു സായുധ സംഘത്തെ 1896-ല്‍ ഇദ്ദേഹം ട്രാന്‍സ്വാളിലേക്ക് അയച്ചെങ്കിലും ഈ ഉദ്യമം പരാജയപ്പെട്ടു. വോട്ടവകാശം നിഷേധിക്കപ്പെട്ട കുടിയേറ്റക്കാര്‍ അക്രമികളുടെ പക്ഷം ചേര്‍ന്നുകൊണ്ട് ട്രാന്‍സ്വാള്‍ സര്‍ക്കാരിനെ അട്ടിമറിക്കുമെന്ന ഇദ്ദേഹത്തിന്റെ കണക്കുകൂട്ടല്‍ അസ്ഥാനത്തായതോടെ 'ജയിംസണ്‍ റെയ്ഡ്' എന്നറിയപ്പെട്ട ഈ ആക്രമണം പരാജയപ്പെട്ടു.
ജയിംസണ്‍ റെയ്ഡിനുശേഷം രണ്ടു റിപ്പബ്ളിക്കുകളിലും ബ്രിട്ടിഷ് വിരുദ്ധ തരംഗം ശക്തമാവുകയാണുണ്ടായത്. സെസില്‍ റോഡ്സിനു ശേഷം വന്ന പുതിയ കേപ് കോളനി ഗവര്‍ണറും ട്രാന്‍സ്വാളിനെ പിടിച്ചെടുക്കണമെന്ന പക്ഷക്കാരനായിരുന്നു. വോട്ടവകാശം നിഷേധിക്കപ്പെട്ട ട്രാന്‍സ്വാളിലെ ബ്രിട്ടീഷുകാര്‍ക്കുവേണ്ടി ബ്രിട്ടന്‍ ഇടപെടണമെന്ന് ഇദ്ദേഹം സമ്മര്‍ദം ചെലുത്തിയതോടെ വോട്ടവകാശം നല്കണമെന്ന അന്ത്യശാസനം ബ്രിട്ടീഷുകാര്‍ ട്രാന്‍സ്വാളിനു നല്കി. ഇതോടൊപ്പം ബ്രിട്ടനില്‍നിന്ന് കേപ്പിലേക്ക് പട്ടാളത്തെ അയയ്ക്കുകയും ചെയ്തു. ഈ സേനാ നീക്കത്തെ ബ്രിട്ടന്റെ യുദ്ധപ്രഖ്യാപനത്തിന്റെ മുന്നോടിയായി വീക്ഷിച്ച ട്രാന്‍സ്വാള്‍ പ്രസിഡന്റ് ക്രൂഗര്‍ തുടര്‍ന്ന് ഓറഞ്ച് ഫ്രീ സ്റ്റേറ്റുമായി ചേര്‍ന്ന് ബ്രിട്ടനെതിരെ യുദ്ധം പ്രഖ്യാപിച്ചത് രണ്ടാം ബൂര്‍ യുദ്ധത്തില്‍ (1899-1902) കലാശിച്ചു. യുദ്ധത്തില്‍ ജയിച്ച ബ്രിട്ടന്‍ തുടര്‍ന്ന് ബൂര്‍ റിപ്പബ്ളിക്കുകളെ ബ്രിട്ടിഷ് കോളനികളാക്കി മാറ്റി.
1906-ല്‍ ഓറഞ്ച് ഫ്രീ സ്റ്റേറ്റ്, ട്രാന്‍സ്വാള്‍, നേറ്റാള്‍, കേപ് എന്നീ കോളനികള്‍ക്ക് ബ്രിട്ടന്‍ സ്വയംഭരണം നല്കി. 1909-ല്‍ ഈ കോളനികള്‍ ചേര്‍ന്ന് ഒരു യൂണിയന്‍ രൂപവത്കരിക്കുന്നതിനു തീരുമാനിച്ചു. ബ്രിട്ടിഷ് പാര്‍ലമെന്റ് പാസ്സാക്കിയ സൗത്ത് ആഫ്രിക്ക ആക്റ്റ് പ്രകാരം ഈ നാല് കോളനികള്‍ സംയോജിപ്പിച്ചുകൊണ്ടുള്ള യൂണിയന്‍ ഒഫ് സൌത്ത് ആഫ്രിക്ക നിലവില്‍ വന്നു. ബ്രിട്ടിഷ് സാമ്രാജ്യത്തിലെ ഒരു സ്വയംഭരണ പ്രദേശമായിരുന്നു യൂണിയന്‍ ഒഫ് സൌത്ത് ആഫ്രിക്ക.
1910-ല്‍ നിലവില്‍വന്ന യൂണിയന്‍ ഭൂരിപക്ഷ വിഭാഗമായ കറുത്തവരില്‍നിന്നു വെള്ളക്കാരെ പരിരക്ഷിക്കുന്നതിനായി ഒട്ടേറെ നിയമങ്ങള്‍ പ്രാബല്യത്തില്‍ കൊണ്ടുവന്നു. തുടര്‍ന്ന് 1911-ലെ മൈന്‍സ് ആക്റ്റ് പ്രകാരം ഖനി മേഖലയിലെ വിദഗ്ധ ജോലികള്‍ വെള്ളക്കാര്‍ക്കു മാത്രമായി നീക്കിവച്ചു. 1913-ലെ നേറ്റീവ് ലാന്‍ഡ് ആക്റ്റ് രാജ്യത്തിലെ തൊണ്ണുറു ശതമാനം ഭൂമിയുടെയും ഉടമസ്ഥാവകാശം വെള്ളക്കാരില്‍ നിക്ഷിപ്തമാക്കി. യൂണിയന്‍ പ്രാബല്യത്തില്‍ വരുത്തിയ ഈ നിയമങ്ങള്‍ കറുത്തവരില്‍ വന്‍ പ്രതിഷേധമാണുളവാക്കിയത്. മാത്രമല്ല, കേപ്, നേറ്റാള്‍ എന്നിവിടങ്ങള്‍ ഒഴികെ മറ്റെല്ലായിടത്തും വോട്ടവകാശവും ഇവര്‍ക്ക് നിഷേധിക്കപ്പെട്ടിരുന്നു. തങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും അനീതിയെ ചെറുക്കുന്നതിനുമായി കറുത്തവര്‍ രൂപവത്കരിച്ച രാഷ്ട്രീയ സംഘടനകളില്‍വച്ച് ഏറ്റവും പ്രമുഖമായിരുന്നു 1912-ല്‍ നിലവില്‍വന്ന ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ്.
അധികാരത്തില്‍ പങ്കാളിയാകാനുള്ള അര്‍ഹത ദക്ഷിണാഫ്രിക്കയിലെ ഇന്ത്യക്കാര്‍ക്കും സങ്കര വംശജര്‍ക്കും നിഷേധിക്കപ്പെട്ടിരുന്നു. ഇവിടത്തെ ഇന്ത്യക്കാരുടെ അവകാശങ്ങള്‍ നേടുന്നതിനായി ഗാന്ധിജി രൂപവത്കരിച്ച നേറ്റാള്‍ ഇന്ത്യന്‍ കോണ്‍ഗ്രസ് ഇന്ത്യക്കാരില്‍ ഒരു പുതിയ അവബോധം സൃഷ്ടിക്കുകയുണ്ടായി. വര്‍ണവിവേചനത്തിനെതിരെ നടത്തിയ സഹന സമരത്തിനിടയ്ക്കാണ് സത്യഗ്രഹമെന്ന സിദ്ധാന്തം ഗാന്ധിജി ആദ്യമായി പരീക്ഷിച്ചത്. ദക്ഷിണാഫ്രിക്കയിലെ ഇന്ത്യക്കാരുടെ പൌരാവകാശങ്ങള്‍ക്കുവേണ്ടി ഗാന്ധിജി നടത്തിയ അക്രമരഹിത സമരത്തിലൂടെ ഏതാനും ആനുകൂല്യങ്ങള്‍ ലഭിച്ചെങ്കിലും അവര്‍ക്ക് രാജ്യത്തിലെ രണ്ടാംകിട പൗരന്മാര്‍ എന്ന പരിഗണന മാത്രമേ നേടാനായുള്ളൂ.
മുന്‍ ബൂര്‍ സേനാ കമാന്‍ഡറും സൗത്ത് ആഫ്രിക്കന്‍ പാര്‍ട്ടി നേതാവുമായ ലൂയി ബോതയായിരുന്നു യൂണിയന്റെ ആദ്യത്തെ പ്രധാനമന്ത്രി. സൗത്ത് ആഫ്രിക്കന്‍ പാര്‍ട്ടി (S.A.P) രൂപവത്കരിക്കുന്നതില്‍ ഇദ്ദേഹത്തോടൊപ്പം ജാന്‍ സ്മട്ട്സും ഹെര്‍ട്ട്സോഗും പ്രധാന പങ്കുവഹിച്ചിരുന്നു. പഴയകാല ഭിന്നതകള്‍ മറന്നുകൊണ്ട് ബൂറുകളും ബ്രിട്ടീഷുകാരും ഒന്നിക്കണമെന്ന പക്ഷക്കാരനായിരുന്നു ബോത. എന്നാല്‍ ബ്രിട്ടനോടുള്ള ഇദ്ദേഹത്തിന്റെ അമിത ചായ്വ് തങ്ങളുടെ താത്പര്യങ്ങള്‍ ക്കു ഹാനികരമാകുമെന്ന് ബഹുഭൂരിപക്ഷം ആഫ്രിക്കാനരും ഭയപ്പെട്ടിരുന്നു. ബോതയുടെ ബ്രിട്ടിഷ് അനുകൂല നയത്തില്‍ പ്രതിഷേധിച്ചുകൊണ്ട് എസ്.എ.പി.യില്‍ നിന്നു മാറിയ ഹെര്‍ട്ട്സോഗ് പിന്നീട് നാഷണല്‍ പാര്‍ട്ടി രൂപവത്കരിച്ചു (1914). ബൂര്‍ റിപ്പബ്ളിക്കുകള്‍ പുനഃസ്ഥാപിക്കുന്നതിനായി 1915-ല്‍ ആഫ്രിക്കാനര്‍ നടത്തിയ കലാപത്തെ ബോത അടിച്ചമര്‍ത്തി. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ദക്ഷിണാഫ്രിക്കന്‍ സേനയാണ് നമീബിയ പിടിച്ചെടുത്തത് (1915). 1919-ല്‍ ബോതയുടെ നിര്യാണത്തെത്തുടര്‍ന്ന് സ്മട്ട്സ് പ്രധാനമന്ത്രിയായി.
1924-ലെ തെരഞ്ഞെടുപ്പില്‍ സൗത്ത് ആഫ്രിക്കന്‍ പാര്‍ട്ടി പരാജയപ്പെട്ടതിനെത്തുടര്‍ന്ന് നാഷണല്‍ പാര്‍ട്ടി നേതാവായ ഹെര്‍ട്ട്സോഗിന്റെ നേതൃത്വത്തിലുള്ള കൂട്ടുകക്ഷി മന്ത്രിസഭ അധികാരത്തില്‍വന്നു. ഹെര്‍ട്ട്സോഗ് പ്രധാനമന്ത്രിയായിരുന്നപ്പോഴാണ് സ്റ്റ്യാറ്റ്യൂട്ട് ഒഫ് വെസ്റ്റ് മിനിസ്റ്റര്‍ പ്രകാരം ദക്ഷിണാഫ്രിക്കയ്ക്ക് ബ്രിട്ടിഷ് സാമ്രാജ്യത്തില്‍നിന്ന് പൂര്‍ണ സ്വാതന്ത്ര്യം ലഭിച്ചത്. 1934-വരെ ഹെര്‍ട്ട്സോഗ് പ്രധാനമന്ത്രിയായി തുടര്‍ന്നു. 1934-ല്‍ നാഷണല്‍ പാര്‍ട്ടിയും ദക്ഷിണാഫ്രിക്കന്‍ പാര്‍ട്ടിയും തമ്മിലുണ്ടായ ലയനത്തെത്തുടര്‍ന്ന് യുണൈറ്റഡ് പാര്‍ട്ടി (U.P) എന്ന പുതിയ കക്ഷി നിലവില്‍ വന്നു. ഹെര്‍ട്ട്സോഗ് പ്രധാനമന്ത്രിയും സ്മട്ട്സ് ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായ യുണൈറ്റഡ് പാര്‍ട്ടി സര്‍ക്കാര്‍ രാജ്യത്തിലെ ന്യൂനപക്ഷമായ വെള്ളക്കാരെ ഭൂരിപക്ഷ വിഭാഗമായ ആഫ്രിക്കന്‍ജനതയില്‍നിന്നു പരിരക്ഷിക്കുന്നതിനായി കൂടുതല്‍ ശക്തമായ വര്‍ണവിവേചന നയങ്ങള്‍ നടപ്പിലാക്കി.
രണ്ടാം ലോകയുദ്ധത്തില്‍ സഖ്യകക്ഷികള്‍ക്കൊപ്പം ദക്ഷിണാഫ്രിക്ക നില്ക്കണമോ വേണ്ടയോ എന്നതിനെക്കുറിച്ചുണ്ടായ ആശയ സംഘട്ടനത്തെത്തുടര്‍ന്ന് 1939-ല്‍ ഹെര്‍ട്ട്സോഗ്-സ്മട്ട്സ് ബന്ധം അവസാനിച്ചു. ഹെര്‍ട്ട്സോഗ് അവതരിപ്പിച്ച നിഷ്പക്ഷതാ പ്രമേയം പാര്‍ലമെന്റില്‍ പരാജയപ്പെട്ടതോടെ ഇദ്ദേഹം രാജി വയ്ക്കുകയും സ്മട്ട്സ് അടുത്ത പ്രധാനമന്ത്രിയാവുകയും ചെയ്തു. 1948-ലെ പൊതു തെരഞ്ഞെടുപ്പില്‍ സ്മട്ട്സിന്റെ സര്‍ക്കാരിനെ പരാജയപ്പെടുത്തി ഡാനിയല്‍ എഫ്. മലാന്റെ നാഷണല്‍ പാര്‍ട്ടി അധികാരത്തില്‍വന്നു. 1994 വരെ ഈ പാര്‍ട്ടിയാണ് ദക്ഷിണാഫ്രിക്കയില്‍ അധികാരത്തിലിരുന്നത്.
വര്‍ണവിവേചന നയങ്ങള്‍ 'ഗ്രെയ്റ്റ് ട്രെക്' മുതല്‍ ദക്ഷിണാഫ്രിക്കയില്‍ നിലനിന്നിരുന്നെങ്കിലും നാഷണല്‍ പാര്‍ട്ടി അധികാരത്തില്‍ വന്നതോടെയാണ് അവയ്ക്ക് നിയമസാധുത ലഭിച്ചത്. ഈ നിയമത്തിലൂടെ ഭൂരിപക്ഷം വരുന്ന കറുത്തവര്‍ മുഖ്യധാരയില്‍നിന്ന് അകറ്റപ്പെടുകയും ചൂഷണം ചെയ്യപ്പെടുകയും ചെയ്തു. 1950-ലെ ഗ്രൂപ്പ് ഏരിയാസ് ആക്റ്റ് കറുത്തവര്‍ക്കും വെള്ളക്കാര്‍ക്കും പ്രത്യേകം അധിവാസ വ്യാപാരമേഖലകള്‍ വേര്‍തിരിച്ചുനല്കിയത് ഇതിന് ഉദാഹരണമാണ്. 1954-ലെ ലാന്‍ഡ് ആക്റ്റ് പ്രകാരം ഭൂമി കൈവശം വയ്ക്കാനുള്ള കറുത്തവരുടെ അവകാശങ്ങള്‍ക്കുമേല്‍ കടുത്ത നിയന്ത്രണങ്ങള്‍ വന്നു. കറുത്തവരും വെളുത്തവരും തമ്മിലുള്ള വൈവാഹിക ബന്ധങ്ങളില്‍ നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള പ്രൊഹിബിഷന്‍ ഒഫ് മിക്സഡ് മാര്യേജ്യസ് ആക്റ്റ് 1949-ലും കറുത്തവരുടെ സഞ്ചാരസ്വാതന്ത്യ്രത്തിനുമേല്‍ വിലക്കുകള്‍ ഏര്‍പ്പെടുത്തിയ പാസ്സ് നിയമങ്ങള്‍ 1952-ലും പ്രാബല്യത്തില്‍ വന്നു. 'അപ്പാര്‍തീഡ്' (വര്‍ണവിവേചനം) വ്യവസ്ഥയ്ക്കു കീഴില്‍ കറുത്തവര്‍ എവിടെ എങ്ങനെ ജീവിക്കണം എന്നു തീരുമാനിച്ചത് വെള്ളക്കാരായ ഭരണാധികാരികളായിരുന്നു.
1958-ല്‍ പ്രധാനമന്ത്രിയായ ഫെര്‍വര്‍ട്ട് (Verwoerd) അപ്പാര്‍തീഡിന്റെ ശക്തനായ വക്താവായി അറിയപ്പെട്ടു. വെള്ളക്കാരുടെ സര്‍വകലാശാലയില്‍ കറുത്തവര്‍ക്ക് പ്രവേശനം നിഷേധിച്ചതും പാര്‍ലമെന്റില്‍ കറുത്തവരുടെ പ്രാതിനിധ്യം അവസാനിപ്പിച്ചതും ഇദ്ദേഹമായിരുന്നു.
പാര്‍ശ്വവത്കരിക്കപ്പെട്ട കറുത്തവരുടെ വികാരത്തിന് ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് (A.N.C), പാന്‍ ആഫ്രിക്കന്‍ കോണ്‍ഗ്രസ് (P.A.C) തുടങ്ങിയ സംഘടനകള്‍ നയിച്ച പ്രതിഷേധ പ്രസ്ഥാനങ്ങള്‍ ശക്തി പകര്‍ന്നു. അപ്പാര്‍തീഡ് വ്യവസ്ഥിതിയെ എതിര്‍ത്ത വെള്ളക്കാരും ഇന്ത്യക്കാരുമായി സഹകരിച്ചു പ്രവര്‍ത്തിച്ച എ.എന്‍.സി. വര്‍ണവിവേചന നിയമങ്ങളെ ലംഘിക്കുവാന്‍ ജനങ്ങളെ ആഹ്വാനം ചെയ്തു. വര്‍ണവിവേചനഭരണം അവസാനിപ്പിക്കാന്‍ നിയമലംഘനം, പണിമുടക്കുകള്‍, പ്രതിഷേധ മാര്‍ച്ചുകള്‍ തുടങ്ങിയ ഗാന്ധിയന്‍ മാര്‍ഗങ്ങള്‍ 1950-കളില്‍ എ.എന്‍.സി. ആവിഷ്കരിച്ചിരുന്നു. സ്വാതന്ത്യ്രത്തിനുവേണ്ടിയുള്ള കറുത്തവരുടെ പോരാട്ടത്തെ നയിച്ചത് ഗാന്ധിജിയുടെ സ്വാധീനമായിരുന്നു. 1955-ല്‍ എ.എന്‍.സി. പ്രതിനിധികള്‍ നേറ്റാള്‍ ഇന്ത്യന്‍ കോണ്‍ഗ്രസ്സുമായി ചേര്‍ന്ന് തങ്ങളുടെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കുന്ന ഒരു ഫ്രീഡം ചാര്‍ട്ടറിനു രൂപംനല്കി. ദക്ഷിണാഫ്രിക്ക എല്ലാ പൌരന്മാര്‍ക്കും ഒരുപോലെ അവകാശപ്പെട്ടതാണെന്നും എല്ലാവരും നിയമത്തിനു മുന്നില്‍ തുല്യരാണെന്നും ആയിരുന്നു ചാര്‍ട്ടറിന്റെ ഉള്ളടക്കം.
ഔദ്യോഗിക നയത്തെ എതിര്‍ത്തവരെ നാഷണല്‍ പാര്‍ട്ടി സര്‍ക്കാര്‍ കര്‍ശനമായാണ് നേരിട്ടത്. സമരങ്ങളിലും ബഹിഷ്കരണങ്ങളിലും പങ്കെടുത്തവരെ പീഡിപ്പിച്ച സര്‍ക്കാര്‍ ഫ്രീഡം ചാര്‍ട്ടറിനു രൂപം നല്കിയ ഒട്ടനവധി പേരെ അറസ്റ്റു ചെയ്തു. പാസ്സ് നിയമത്തിനെതിരെ പ്രതിഷേധിക്കുവാനായി പാന്‍ ആഫ്രിക്കന്‍ കോണ്‍ഗ്രസ്സിന്റെ (പി.എ.സി.) നേതൃത്വത്തില്‍ 1960-ല്‍ ഷാര്‍പ്പ്വില്ലില്‍ സമ്മേളിച്ച കറുത്തവര്‍ക്കെതിരെ നടന്ന പൊലീസ് വെടിവയ്പ് നിര്‍ണായക വഴിത്തിരിവായി. 67 സമരക്കാര്‍ കൊല്ലപ്പെട്ട ഈ സംഭവം അപ്പാര്‍തീഡിനെതിരെ സായുധ സമരം ആരംഭിക്കാന്‍ എ.എന്‍.സി.യെ പ്രേരിപ്പിച്ചു. വെടിവയ്പിനെതിരെയുള്ള പ്രതിഷേധം ശക്തമായതോടെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടു. ഈ സംഭവത്തിനുശേഷം എ.എന്‍.സി., പി.എ.സി. എന്നീ സംഘടനകളെ സര്‍ക്കാര്‍ നിരോധിക്കുകയും പ്രമുഖ നേതാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ജീവപര്യന്തം തടവിനു വിധിക്കപ്പെട്ട എ.എന്‍.സി. നേതാവ് നെല്‍സണ്‍ മണ്ഡേല 1999-ലാണ് മോചിപ്പിക്കപ്പെട്ടത്. എ.എന്‍.സി. സാംബിയയിലേക്ക് ആസ്ഥാനം മാറ്റുകയും ഒളിവര്‍ ടോംബോയുടെ കീഴില്‍ അപ്പാര്‍തീഡ് സമരം തുടരുകയും ചെയ്തു.
1960 ഒ. 5-ന് വെള്ളക്കാര്‍ മാത്രം പങ്കെടുത്ത ഹിതപരിശോധന ദക്ഷിണാഫ്രിക്ക ഒരു റിപ്പബ്ളിക്കാകണമെന്ന തീരുമാനം കൈക്കൊണ്ടു. അതേസമയം കോമണ്‍വെല്‍ത്തിലെ അംഗത്വം ദക്ഷിണാഫ്രിക്ക നിലനിര്‍ത്തി. എന്നാല്‍, 1961-ല്‍ കോമണ്‍വെല്‍ത്ത് രാജ്യങ്ങള്‍ ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാരിന്റെ വര്‍ണവിവേചന നയത്തെ വിമര്‍ശിച്ചതില്‍ പ്രതിഷേധിച്ച് ദക്ഷിണാഫ്രിക്ക കോമണ്‍വെല്‍ത്ത് വിട്ടു.
അന്താരാഷ്ട്ര സമൂഹത്തിന്റെ വിമര്‍ശനം കുറയ്ക്കുന്നതിനായി 1962-ല്‍ 10 സ്വയംഭരണ ബന്തുസ്ഥാനുകള്‍ സ്ഥാപിക്കാനുള്ള പദ്ധതി ഗവണ്മെന്റ് തയ്യാറാക്കി. ദക്ഷിണാഫ്രിക്കയിലെ കറുത്തവരെ 10 സ്വയംഭരണ പ്രദേശങ്ങളിലായി ഒതുക്കിയ ഈ നടപടിയിലൂടെ കറുത്തവര്‍ക്ക് ദക്ഷിണാഫ്രിക്കയിലെ പൌരത്വം നഷ്ടമാവുകയും അവര്‍ ബന്തുസ്ഥാനിലെ പൗരന്മാരായി മാത്രം പരിമിതപ്പെടുകയും ചെയ്തു. വെള്ളക്കാരുടെ 'വിഭജിച്ചു ഭരിക്കുക' എന്ന നയത്തിന്റെ ദൃഷ്ടാന്തമായിട്ടാണ് കറുത്തവര്‍ ഈ പരിഷ്കരണത്തെ വീക്ഷിച്ചത്. 1973-ല്‍ അപ്പാര്‍തീഡിനെ മനുഷ്യരാശിക്കെതിരെയുള്ള കുറ്റകൃത്യമായി യു.എന്‍. വിശേഷിപ്പിച്ചു. 1977-ല്‍ പ്രിട്ടോറിയയില്‍ അറസ്റ്റു ചെയ്യപ്പെട്ട കറുത്ത നേതാവ് സ്റ്റീവ്ബിക്കോ പൊലീസ് മര്‍ദനത്തെത്തുടര്‍ന്ന് ചികിത്സ ലഭിക്കാതെ മരിച്ച സംഭവം കറുത്തവരുടെ സ്വാതന്ത്യ്ര പ്രക്ഷോഭത്തെ കൂടുതല്‍ സജീവമാക്കി.
1978-ല്‍ പ്രധാനമന്ത്രിയായ പി.ഡബ്ലൂ. ബോത പ്രായോഗികമതിയായ ഭരണാധികാരി എന്ന നിലയില്‍ ശ്രദ്ധേയനായിരുന്നു. കറുത്തവരുടെ പ്രതിഷേധം നിയന്ത്രണാതീതമായി മാറിയ 1980-കളില്‍ 'ഒന്നുകില്‍ മാറുക അല്ലെങ്കില്‍ മരിക്കുക' (Change or Die) എന്ന് തന്റെ രാജ്യക്കാരോട് ഇദ്ദേഹം ആഹ്വാനം ചെയ്തു. ഒട്ടനവധി പ്രാകൃതമായ അപ്പാര്‍തീഡ് നിയമങ്ങള്‍ റദ്ദാക്കാന്‍ ഇദ്ദേഹം സന്നദ്ധനായി. പാസ്സ് നിയമങ്ങള്‍ റദ്ദാക്കിയതും മിശ്രവിവാഹത്തിനുമേലുള്ള നിരോധനം നീക്കിയതും ഇതില്‍പ്പെടുന്നു. 1984-ല്‍ ഇദ്ദേഹത്തിന്റെ സര്‍ക്കാര്‍ പ്രാബല്യത്തില്‍ വരുത്തിയ പുതിയ ഭരണഘടന ഇന്ത്യക്കാര്‍ക്കും 'കളേര്‍ഡ്' ജനതയ്ക്കും പാര്‍ലമെന്റില്‍ പ്രാതിനിധ്യം നല്കി. എന്നാല്‍ കറുത്തവര്‍ക്ക് രാഷ്ട്രീയ പങ്കാളിത്തം നിഷേധിച്ച നടപടി അവരില്‍ വന്‍ പ്രതിഷേധമുളവാക്കി. പ്രതിഷേധം അക്രമാസക്തമായതോടെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുവാന്‍ ബോത നിര്‍ബന്ധിതനായി. അടിയന്തരാവസ്ഥക്കാലത്ത് കറുത്തവരും പൊലീസും തമ്മില്‍ നടന്ന സംഘട്ടനങ്ങള്‍ക്കു പുറമേ ഇന്‍കാത്തയും എ.എന്‍.സി.യും തമ്മില്‍ നടന്ന പോരാട്ടങ്ങളും നിരവധിപേരുടെ ജീവന്‍ അപഹരിച്ചു. മറ്റു ലോകരാഷ്ട്രങ്ങളെല്ലാം ഉദാരനയങ്ങള്‍ സ്വീകരിക്കുന്ന ഒരു കാലഘട്ടത്തില്‍ ദക്ഷിണാഫ്രിക്ക മാത്രം ഒരു അടഞ്ഞ സമൂഹമായി മാറുന്നതില്‍ പ്രതിഷേധിച്ച് യൂറോപ്യന്‍ യൂണിയന്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ സാമ്പത്തിക ഉപരോധമേര്‍പ്പെടുത്തി.
1989-ല്‍ ഡി ക്ളര്‍ക്ക് പ്രധാനമന്ത്രിയായതോടെ ദക്ഷിണാഫ്രിക്കന്‍ ചരിത്രത്തിലെ പുതിയൊരു ഘട്ടം തുടങ്ങുകയായിരുന്നു. അന്താരാഷ്ട്ര സമ്മര്‍ദവും ആഭ്യന്തര പ്രശ്നങ്ങളും ഉയര്‍ത്തിയ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ അപ്പാര്‍തീഡ് വ്യവസ്ഥിതി തുടര്‍ന്നുകൊണ്ടുപോകുന്നത് യുക്തിഹീനമാണ് എന്ന് ഇദ്ദേഹം കരുതി. ദക്ഷിണാഫ്രിക്കയെ ഗ്രസിച്ച വര്‍ഗീയ രാഷ്ട്രീയ പ്രശ്നത്തിനു പരിഹാരം കണ്ടെത്തുവാനുള്ള ശ്രമത്തിന്റെ ഭാഗമായി എ.എന്‍.സി. ക്കു മേലുള്ള നിരോധനം നീക്കുകയും മണ്ഡേലയെ മോചിപ്പിക്കുകയും ചെയ്തു. 'തുല്യ അവകാശവും ഭൂരിപക്ഷ ഭരണവും' എന്ന ഇദ്ദേഹത്തിന്റെ അജന്‍ഡയെ യാഥാസ്ഥിതികര്‍ എതിര്‍ത്തെങ്കിലും 1992-ലെ ഹിതപരിശോധനയില്‍ ഭൂരിപക്ഷം വെള്ളക്കാരും ഇദ്ദേഹത്തെ പിന്താങ്ങി. 93-ല്‍ ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാര്‍ പ്രാബല്യത്തില്‍ കൊണ്ടുവന്ന ഇടക്കാല ഭരണഘടന എല്ലാ ദക്ഷിണാഫ്രിക്കക്കാര്‍ക്കും തുല്യാവകാശം നല്കുകയും ബന്തുസ്ഥാനുകള്‍ നിര്‍ത്തലാക്കുകയും ചെയ്തു. ദക്ഷിണാഫ്രിക്കയില്‍ നടന്ന ആദ്യത്തെ സ്വതന്ത്ര തെരഞ്ഞെടുപ്പില്‍ (1994) എ.എന്‍.സി. വന്‍ ഭൂരിപക്ഷം നേടിയതോടെ അപ്പാര്‍തീഡ് യുഗം അവസാനിച്ചു. വംശീയ വിവേചനമില്ലാത്ത ജനാധിപത്യ ദക്ഷിണാഫ്രിക്കയുടെ ആദ്യത്തെ പ്രസിഡന്റായിരുന്നു നെല്‍സണ്‍ മണ്ഡേല. 1999-ല്‍ ഇദ്ദേഹത്തെത്തുടര്‍ന്ന് താബോ എംബേകി പ്രസിഡന്റായി. 2004 ഏപ്രിലില്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ എ.എന്‍.സി. വന്‍ ഭൂരിപക്ഷം നേടിയതോടെ എംബേകി വീണ്ടും പ്രസിഡന്റായി അധികാരമേറ്റു.
ഭരണകൂടം
പ്രസിഡന്റ് രാഷ്ട്രത്തലവനായുള്ള ഭരണസമ്പ്രദായമാണ് ദക്ഷിണാഫ്രിക്കയിലുള്ളത്. ഗവണ്മെന്റിന്റെ തലവന്‍കൂടിയായ പ്രസിഡന്റിനെ അഞ്ചുവര്‍ഷക്കാലത്തേക്കു തെരഞ്ഞെടുക്കുന്നു. പാര്‍ലമെന്റിന്റെ രണ്ട് സഭകളില്‍ ഒന്നായ നാഷണല്‍ അസംബ്ലിയാണ് പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത്. ഭരണ കാര്യങ്ങള്‍ക്കായി മന്ത്രിസഭയെ നിയമിക്കുന്നത് പ്രസിഡന്റാണ്.
നാഷണല്‍ അസംബ്ലിയും നാഷണല്‍ കൗണ്‍സില്‍ ഒഫ് പ്രോവിന്‍സസും ആണ് പാര്‍ലമെന്റിന്റെ രണ്ട് സഭകള്‍. നാഷണല്‍ അസംബ്ളിയില്‍ 400 അംഗങ്ങളുണ്ട്. ഇവരെ ജനങ്ങള്‍ നേരിട്ട് തെരഞ്ഞെടുക്കുന്നു. അഞ്ചുവര്‍ഷമാണ് സഭയുടെ കാലാവധി. നാഷണല്‍ കൌണ്‍സില്‍ ഒഫ് പ്രോവിന്‍സസില്‍ 90 അംഗങ്ങളാണുള്ളത്. രാജ്യത്തിലെ ഒന്‍പത് പ്രവിശ്യാനിയമസഭകള്‍ ഓരോന്നും പത്ത് അംഗങ്ങളെ വീതം ഈ സഭയിലേക്കു തെരഞ്ഞെടുക്കുന്നു. ഈ സഭയുടെയും കാലാവധി അഞ്ചുവര്‍ഷമാണ്. പ്രാദേശിക താത്പര്യങ്ങള്‍ സംരക്ഷിക്കുവാനുള്ള പ്രത്യേക അധികാരങ്ങള്‍ നാഷണല്‍ കൌണ്‍സില്‍ ഒഫ് പ്രോവിന്‍സസിനുണ്ട്.
നിരവധി രാഷ്ട്രീയ പാര്‍ട്ടികളും രാഷ്ട്രീയ സംഘടനകളും രാജ്യത്ത് പ്രവര്‍ത്തിക്കുന്നു. ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് (A.N.C), കണ്‍സര്‍വേറ്റിവ് പാര്‍ട്ടി (C.P), ഡെമോക്രാറ്റിക് പാര്‍ട്ടി (D.P.), ലേബര്‍ പാര്‍ട്ടി (L.P.), നാഷണല്‍ പാര്‍ട്ടി (N.P. അഥവാ Nats), നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (N.P.P) എന്നിവയാണ് പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍. ആഫ്രിക്കന്‍ റെസിസ്റ്റന്‍സ് മൂവ്മെന്റ്, അസാനിയന്‍ പീപ്പിള്‍സ് ഓര്‍ഗനൈസേഷന്‍, പാന്‍ ആഫ്രിക്കനിസ്റ്റ് കോണ്‍ഗ്രസ് തുടങ്ങിയ രാഷ്ട്രീയ സംഘടനകളും ദക്ഷിണാഫ്രിക്കയില്‍ പ്രവര്‍ത്തിക്കുന്നു.
ഭരണഘടനാ കോടതി (Constitutional Court), സുപ്രീം കോടതി (Supreme court of appeals), ഹൈക്കോടതികള്‍, മജിസ്റ്റ്രേറ്റ് കോടതികള്‍ എന്നിവയാണ് നീതിന്യായരംഗത്തുള്ള കോടതികള്‍. റോമന്‍-ഡച്ച് ലോ, ഇംഗ്ലിഷ് കോമണ്‍ ലോ എന്നിവയാണ് നീതിന്യായ നിര്‍വഹണത്തിന് അടിസ്ഥാനം.