This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദക്ഷിണഭാരത ഹിന്ദിപ്രചാരസഭ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ദക്ഷിണഭാരത ഹിന്ദിപ്രചാരസഭ

ദക്ഷിണഭാരതത്തില്‍ ഹിന്ദിപ്രചാരണം നടത്തുന്ന സ്ഥാപനം. ചെന്നൈയിലാണ് ആസ്ഥാനം. ഭാരതത്തിന് ഒരു പൊതുഭാഷ എന്ന ഗാന്ധിജിയുടെ സ്വപ്നം ഹിന്ദിപ്രചാരസഭയിലൂടെ ഏറെക്കുറെ സാക്ഷാത്കരിക്കപ്പെട്ടിട്ടുണ്ട്.

ഇന്ത്യയിലെ ഭൂരിപക്ഷം ജനങ്ങള്‍ക്കും ഹിന്ദി അറിയാമെങ്കിലും, ഹിന്ദി പൊതുഭാഷയാകുമ്പോള്‍ അതില്‍നിന്നു സംജാതമാകുന്ന ബുദ്ധിമുട്ടുകള്‍ ദക്ഷിണേന്ത്യക്കാര്‍ക്കായിരിക്കും കൂടുതല്‍ എന്ന വസ്തുത ഗാന്ധിജി വ്യക്തമായി ഗ്രഹിച്ചിരുന്നു. ഉത്തരേന്ത്യയിലെ പ്രധാനപ്പെട്ട ഭാഷകള്‍ നാഗരി ലിപിയിലോ അതുമായി സാമ്യം വഹിക്കുന്ന ലിപികളിലോ എഴുതപ്പെടുന്നവയാണ്. എന്നാല്‍, ദക്ഷിണ ഭാരതത്തിലെ സ്ഥിതി തികച്ചും വ്യത്യസ്തമാണ്. ദ്രാവിഡ ഗോത്രത്തിലുള്ള നാലുഭാഷകള്‍ക്കും ഹിന്ദിയോടു സാധര്‍മ്യം വളരെയധികമില്ല. ഈ സാഹചര്യത്തിലാണ് മഹാത്മാഗാന്ധി അലഹാബാദ് ഹിന്ദി സമ്മേളനത്തിന്റെ ഒരു ശാഖ ചെന്നൈയില്‍ ഉദ്ഘാടനം ചെയ്യാന്‍ നേതൃത്വം നല്കിയതും അതിന്റെ വിജയകരമായ നിര്‍വഹണത്തിന് സ്വപുത്രനായ ദേവദാസ് ഗാന്ധിയെ നിയോഗിച്ചതും ദക്ഷിണേന്ത്യയില്‍ ഹിന്ദിപ്രചാരണത്തിന് തുടക്കമിട്ടതും. 1918 മുതല്‍ 1948 ജനു. 30 വരെ ഗാന്ധിജി ദക്ഷിണഭാരത ഹിന്ദിപ്രചാരസഭയുടെ അധ്യക്ഷനായി പ്രവര്‍ത്തിക്കുകയും പ്രവര്‍ത്തനത്തിനുള്ള നേതൃത്വം പുത്രനായ ദേവദാസ് ഗാന്ധിയെ ഏല്പിക്കുകയും ചെയ്തു.

ബ്രിട്ടിഷ് ഭരണത്തില്‍, ദക്ഷിണേന്ത്യയുടെ ഭരണസിരാകേന്ദ്രം മദ്രാസ് (ചെന്നൈ) നഗരമായിരുന്നു. തന്നിമിത്തം ഗാന്ധിജി ദക്ഷിണഭാരത ഹിന്ദിപ്രചാരസഭയുടെ ആസ്ഥാനമായി മദ്രാസിനെ തിരഞ്ഞെടുത്തു. ഗാന്ധിജിയുടെ വ്യക്തിപ്രഭാവവും സി. രാജഗോപാലാചാരിയുടെ സാന്നിധ്യവും ഈദൃശപ്രവര്‍ത്തനങ്ങളെ സുഗമമാക്കിത്തീര്‍ത്തു. ത്യാഗരാജനഗറിലെ അഞ്ചേക്കര്‍ ഭൂമിയില്‍ നിര്‍മിതമായ വാസ്തുശില്പസൌന്ദര്യമാര്‍ന്ന മൂന്ന് സൌധങ്ങളാണ് ദക്ഷിണഭാരത ഹിന്ദിപ്രചാരസഭയുടെ കേന്ദ്രകാര്യാലയം.

പ്രാരംഭദശയില്‍ മഹാത്മാഗാന്ധിയുടെയും ദേവദാസ് ഗാന്ധിയുടെയും നിസ്വാര്‍ഥമായ പരിചരണം ദക്ഷിണഭാരത ഹിന്ദിപ്രചാരസഭയ്ക്ക് സമൃദ്ധമായി ലഭിച്ചിരുന്നു. കുറച്ചുകാലം ദേവദാസ് ഗാന്ധി സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. ഗാന്ധിജിക്കുശേഷവും സി. രാജഗോപാലാചാരി, പട്ടാഭി സീതാരാമയ്യ തുടങ്ങിയവരുടെ സാന്നിധ്യം സഭയ്ക്ക് വളരെ പ്രയോജനപ്രദമായിരുന്നു. എന്നാല്‍ 1950-നു ശേഷം, അതായത് ഇന്ത്യ റിപ്പബ്ളിക്കായി പ്രഖ്യാപിക്കപ്പെട്ടതിനു ശേഷം, രാജഗോപാലാചാരിക്ക് ഹിന്ദിയോടുള്ള സമീപനത്തില്‍ മാറ്റം സംഭവിച്ചു. ഇന്ത്യയുടെ പ്രഥമ രാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദ് ദക്ഷിണഭാരത ഹിന്ദിപ്രചാരസഭയുടെ സര്‍വതോമുഖമായ അഭിവൃദ്ധിയില്‍ പ്രത്യേകം ശ്രദ്ധ പതിപ്പിച്ചിരുന്നു. തുടര്‍ന്നുവന്ന രാഷ്ട്രപതിമാരെല്ലാം സഭയുടെ ഔദ്യോഗിക പ്രസിഡന്റുമാരായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്വതന്ത്ര ഇന്ത്യയിലെ പ്രധാനമന്ത്രിമാരായ പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്റു, ലാല്‍ ബഹാദൂര്‍ ശാസ്ത്രി, ഇന്ദിരാഗാന്ധി എന്നിവര്‍ ദക്ഷിണഭാരത ഹിന്ദിപ്രചാരസഭയുടെ വികാസോന്മുഖമായ പ്രവര്‍ത്തനത്തിന് ക്രിയാത്മകമായ നേതൃത്വം നല്കിയവരാണ്. ലാല്‍ ബഹാദൂര്‍ ശാസ്ത്രിയും ഇന്ദിരാഗാന്ധിയും സഭയുടെ അധ്യക്ഷപദവിയും അലങ്കരിച്ചിരുന്നു.

സഭയുടെ പ്രവര്‍ത്തനം വിപുലീകരിക്കാനാണ് ഇതര ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും സഭാകാര്യാലയങ്ങള്‍ ഉദ്ഘാടനം ചെയ്യപ്പെട്ടത്. കേന്ദ്രസഭയുടെ മാര്‍ഗരേഖ സ്വീകരിച്ച്, സ്വന്തം പ്രവര്‍ത്തനം നടത്താനുള്ള സ്വാതന്ത്യ്രത്തോടെ ആന്ധ്രയിലും കേരളത്തിലും കര്‍ണാടകത്തിലും സഭാകാര്യാലയങ്ങള്‍ സ്ഥാപിതമായി. ആന്ധ്രയില്‍ ധാര്‍വാഡിലും തമിഴ്നാട്ടില്‍ മദ്രാസിലും കേരളത്തില്‍ എറണാകുളത്തും കര്‍ണാടകത്തില്‍ മൈസൂറിലും കാര്യാലയങ്ങള്‍ സ്ഥാപിക്കപ്പെട്ടു. ഓരോ സംസ്ഥാന ഘടകത്തിന്റെയും അധികാരപരിധിയില്‍ നിരവധി സ്ഥലങ്ങളില്‍ വിദ്യാലയങ്ങളും ട്രെയിനിങ് സ്ഥാപനങ്ങളും പ്രവര്‍ത്തനക്ഷമങ്ങളാണ്. കേരളമൊട്ടാകെ സഭയുടെ നിരവധി പ്രാമാണിക പ്രചാരകന്മാര്‍ ഹിന്ദിപ്രചാരണം സ്തുത്യര്‍ഹമായി നിര്‍വഹിച്ചുവരുന്നു. ദക്ഷിണഭാരത ഹിന്ദിപ്രചാരസഭയുടെ പരീക്ഷാവിഭാഗം പ്രഥമ, മധ്യമ, രാഷ്ട്രഭാഷ എന്നീ പ്രാരംഭപരീക്ഷകളും പ്രവേശിക കഴിഞ്ഞ് രാഷ്ട്രഭാഷാ വിശാരദ്, പ്രവീണ്‍ എന്നീ ബിരുദ നിലവാരത്തിലുള്ള പരീക്ഷകളും നടത്തിവരുന്നുണ്ട്. ഓരോ പരീക്ഷയ്ക്കും മാതൃഭാഷയില്‍ ഒരു പേപ്പര്‍ നിര്‍ബന്ധവുമാണ്. 1947-ല്‍ രാഷ്ട്രം വിഭജിക്കപ്പെടുന്നതിനുമുമ്പ് ഉര്‍ദുവിലും പരീക്ഷ നടത്തിയിരുന്നു.

വിശാരദ്, പ്രവീണ്‍ എന്നീ ബിരുദങ്ങള്‍ സമ്മാനിക്കുന്നതിന് ഔപചാരികമായി ബിരുദദാന ചടങ്ങും അതോടൊപ്പം ബിരുദദാന പ്രഭാഷണവും എല്ലാ വര്‍ഷവും കേന്ദ്രസഭതന്നെ നടത്തിവരുന്നുണ്ട്. ബിരുദദാനം നടത്തുന്നവര്‍ രാഷ്ട്രനിര്‍മാണത്തില്‍ നേതൃത്വം വഹിക്കുന്നവരുമായിരിക്കും. മഹാപ്രതിഭകളെ ആദരിക്കുന്ന ചടങ്ങായും ബിരുദദാനസമ്മേളനങ്ങള്‍ പരിണമിക്കാറുണ്ട്. സഭയുടെ ബിരുദദാന പ്രഭാഷണത്തിനായി പങ്കെടുത്ത മഹാപ്രതിഭകളില്‍ ചിലരാണ് പ്രശസ്ത ഹിന്ദികവി രാം നരേശ് ത്രിപാഠി, നോവല്‍ സമ്രാട്ട് പ്രേംചന്ദ്, ബാബു പുരുഷോത്തം ദാസ് ടണ്ഡന്‍, സരോജനി നായിഡു, പട്ടാഭി സീതാരാമയ്യ, വിനോബാ ഭാവേ, സെയ്ദ് അബ്ദുള്ള, രാജകുമാരി അമൃത് കൗര്‍, ഡോ. സക്കീര്‍ ഹുസൈന്‍, രംഗനാഥ് രാമചന്ദ്ര ദിവാകര്‍, ശ്രീപ്രകാശ്, വി. രാമകൃഷ്ണറാവു, ഡോ. രാജേന്ദ്രപ്രസാദ്, ജഗജ്ജീവന്‍ റാം, ഡോ. ഹരികൃഷ്ണ മേഹത്താബ്, ഡോ. ബി. ഗോപാലറെഡ്ഡി, ഡോ. ശ്രീമാലി, ലാല്‍ ബഹാദൂര്‍ ശാസ്ത്രി, ഡോ. സുശീലാ നയ്യാര്‍, ജ്ഞാനപീഠ ജേതാവായ പ്രശസ്ത കവി രാംധാരീ സിംഹ് 'ദിന്‍കര്‍' എന്നിവര്‍. സഭ 340-ല്‍പ്പരം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇത്തരം പ്രസിദ്ധീകരണങ്ങളിലൂടെ ഹിന്ദി ഭാഷയിലെ താരതമ്യേന ക്ളിഷ്ടതയേറിയ വ്യാകരണതത്ത്വങ്ങളെ സരളവും ലളിതവും തദ്വാരാ ബോധഗമ്യവുമായ ശൈലിയില്‍ അവതരിപ്പിച്ചിരിക്കുന്നു. 1936-ല്‍ ആരംഭിച്ച ഹിന്ദി പ്രചാരക് എന്ന ഹിന്ദിമാസികയും മുടക്കംകൂടാതെ തുടരുന്നുണ്ട്. കേരള ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ ഹിന്ദി-മലയാളം ദ്വൈമാസികയായ കേരള ഭാരതിയും എറണാകുളത്തുനിന്നു പ്രസിദ്ധീകരിക്കുന്നു.

(പ്രൊഫ. എം.കെ. സുകുമാരന്‍ നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍