This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദക്ഷിണപൂര്‍വേഷ്യന്‍ ഭാഷകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ദക്ഷിണപൂര്‍വേഷ്യന്‍ ഭാഷകള്‍

ദക്ഷിണപൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ എട്ട് കോടിയോളം ജനങ്ങള്‍ ഉപയോഗിക്കുന്ന ഭാഷകള്‍. ആസ്റ്റ്രോ ഏഷ്യാറ്റിക് ഭാഷകള്‍ എന്ന പേരിലും ഇവ അറിയപ്പെടുന്നു. ഇവയ്ക്ക് മോണ്‍ഖ്മര്‍, മുണ്‍ഡാ, അന്നമീസ് മുവോങ് എന്നിങ്ങനെ മൂന്ന് ഉപവിഭാഗങ്ങളുണ്ട്. ഭാഷാപരമായ വിലയിരുത്തലിനുപുറമേ ചില ഭാഷാശാസ്ത്രകാരന്മാര്‍ പ്രാദേശികതലത്തിലും ദക്ഷിണപൂര്‍വേഷ്യന്‍ ഭാഷകളെ മൂന്ന് വിഭാഗമായി തരംതിരിക്കുന്നുണ്ട്. മലയോ-പോളിനേഷ്യന്‍ ഭാഷകള്‍, സീനോ-തിബത്തന്‍ ഭാഷകള്‍, മോണ്‍ഖ്മര്‍ ഭാഷകള്‍ എന്നിവയാണിവ. മലയോ-പോളിനേഷ്യന്‍ ഭാഷകളെയും ആസ്റ്റ്രോ ഏഷ്യാറ്റിക് ഭാഷകളെയും ഒന്നിപ്പിച്ച് ആസ്റ്റ്രിക് ഭാഷാവിഭാഗമായി പരിഗണിക്കുന്ന ഭാഷാശാസ്ത്രജ്ഞരുമുണ്ട്. സ്വനപരവും ശാബ്ദികവും വ്യാകരണപരവുമായ സാദൃശ്യങ്ങളാണ് ഈ പരിഗണനയ്ക്കു വഴിയൊരുക്കുന്നത്.

ഖ്മര്‍ അഥവാ കമ്പോഡിയന്‍ മോണ്‍ അഥവാ തലായ്ങ് എന്നീ ഭാഷകള്‍ക്കുപുറമേ കമ്പോഡിയയിലും ദക്ഷിണവിയറ്റ്നാമിലും പ്രചാരത്തിലുള്ള ചാമ്ഭാഷയും മലായ് ഉപദ്വീപിലെ സെമാങ്, സങ്കായ് ഭാഷകളും നിക്കോബാര്‍ ദ്വീപുകളിലെ നിക്കോബാറീസും അസമിലെ ഖാസിയും മറ്റുമാണ് മോണ്‍ഖ്മര്‍ ഉപവിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. വ്യാകരണപരമായി മോണ്‍ഖ്മര്‍ ഭാഷകളില്‍ പ്രത്യയങ്ങളുടെ (പുരപ്രത്യയം, മധ്യപ്രത്യയം, പരപ്രത്യയം) ഉപയോഗം കൂടുതലാണ്. ഒരേ അര്‍ഥമുള്ള വ്യത്യസ്ത ഭാഷാഘടകങ്ങള്‍ ചേര്‍ന്ന് പദം രൂപംകൊള്ളുന്നതിനാല്‍ ഇവയെ സംശ്ളിഷ്ടഭാഷകളെന്നു വിശേഷിപ്പിക്കാം. ഖ്മര്‍, മോണ്‍ ഭാഷകള്‍ക്ക് സ്വന്തമായ ലിപികളുണ്ട്. ഭാരതത്തിലെ അക്ഷരമാലകളില്‍നിന്ന് രൂപംകൊണ്ടവയാണിവ. മുണ്‍ഡാ ഉപവിഭാഗത്തില്‍ ഇരുപതിലേറെ ഭാഷകള്‍ ഉള്‍പ്പെടുന്നു. ഉത്തരഭാരതത്തിലും മധ്യഭാരതത്തിലുമാണ് ഇവയിലേറെയും പ്രചാരത്തിലുള്ളത്. സന്താലിയാണ് ഈ വിഭാഗത്തിലെ മുഖ്യ ഭാഷ. പ്രത്യയങ്ങള്‍ കൂടുതലായുപയോഗിക്കുന്ന മുണ്‍ഡാഭാഷകള്‍ സംശ്ളിഷ്ട ഭാഷകളാണ്. നാമങ്ങള്‍ക്ക് രണ്ട് ലിംഗഭേദങ്ങളാണുള്ളത്. ചേതനം, അചേതനം എന്നിവയാണവ. മിക്ക മുണ്‍ഡാ ഭാഷകള്‍ക്കും മൂന്ന് വചനങ്ങള്‍ ഉണ്ടാകും; ഏകവചനം, ദ്വിവചനം, ബഹുവചനം എന്നിങ്ങനെ. പരപ്രത്യയങ്ങളും നാമശേഷമുള്ള നിപാതങ്ങളും എണ്ണത്തെയും സംബന്ധത്തെയും സൂചിപ്പിക്കാനാണ് ഉപയോഗപ്പെടുത്തുന്നത്. ഇന്തോ യൂറോപ്യന്‍ ഭാഷകളില്‍ വിഭക്തിപ്രത്യയങ്ങളിലൂടെയാണ് ഇവ സൂചിപ്പിക്കുന്നത്.

മുവോങ്, വിയറ്റ്നാമീസ് ഭാഷകളാണ് അന്നമീസ് മുവോങ് ഉപവിഭാഗത്തിലുള്ളത്. വിയറ്റ്നാമീസ് അടിസ്ഥാനപരമായി ഏകാക്ഷരപദപ്രധാനമാണ്. എങ്കിലും രണ്ടും അതിലധികവും അക്ഷരങ്ങളുള്ള പദങ്ങളും കുറവല്ല. ആറ് താനങ്ങളുള്ള ഈ ഭാഷ ഒരു ഈണഭാഷയായും അറിയപ്പെടുന്നു. സമനാമങ്ങളെ വേര്‍തിരിച്ചറിയാന്‍ ഇവ ഉപകരിക്കുന്നു. നിപാതങ്ങള്‍ ഉപയോഗപ്പെടുത്തുന്ന വിയറ്റ്നാമീസ് ഭാഷയില്‍ പുരപ്രത്യയങ്ങളോ പരപ്രത്യയങ്ങളോ ഇല്ല. പ്രത്യയരൂപസിദ്ധീകരണമില്ലാത്തതിനാല്‍ വ്യാകരണബന്ധങ്ങള്‍ പ്രകടിപ്പിക്കുന്നതിന് പദക്രമത്തിന് വളരെയേറെ പ്രാധാന്യമുണ്ട്. വിയറ്റ്നാമീസ് ഭാഷയുടെ വര്‍ഗീകരണം ഇന്നും വിവാദ വിഷയമാണ്. ഒരു വിഭാഗം ഇതൊരു മോണ്‍ഖ്മര്‍ ഭാഷയായി കരുതുമ്പോള്‍ മറ്റൊരു വിഭാഗം തായ് ഭാഷയായി കരുതുന്നു.

ഭൂമിശാസ്ത്രപരമായി ദക്ഷിണപൂര്‍വേഷ്യന്‍ ഭാഷകളെ മൂന്നു വിഭാഗമായി തരം തിരിക്കുന്നതില്‍ മുഖ്യവിഭാഗം സീനോ-തിബത്തന്‍ ഭാഷകളാണ്. ചൈനീസ്, ബര്‍മീസ്, തിബത്തന്‍, തായ്, ലാവോ എന്നിവയാണ് ഈ വിഭാഗത്തിലെ മുഖ്യ ഭാഷകള്‍. സീനോ-തിബത്തന്‍ വിഭാഗത്തെ മൂന്നു ഉപവിഭാഗങ്ങളായി തരംതിരിച്ചിരിക്കുന്നു: തിബത്തോ-ബര്‍മന്‍, ചൈനീസ്, തായ്. ഇവയില്‍ തായ്, ചൈനീസ് ഭാഷകളെ മാത്രം വേര്‍തിരിച്ച് സീനോ-സയാമീസ് ഉപവിഭാഗമായി പരിഗണിക്കുന്നവരുമുണ്ട്. സീനോ- തിബത്തന്‍ വിഭാഗത്തിലെ ഉപവിഭാഗമായ ചൈനീസ് ഭാഷയ്ക്കു വ്യത്യസ്തമായ അനേകം വകഭേദങ്ങളുണ്ടെങ്കിലും അവയെല്ലാം ചൈനീസ് ഭാഷാഭേദങ്ങളായാണ് കരുതപ്പെടുന്നത്. തായ്ലന്‍ഡിലും വിയറ്റ്നാമിലും ചൈനയിലെ ചുനാന്‍ പ്രവിശ്യയിലും പ്രചാരത്തിലുള്ള തായ് ഭാഷയ്ക്കും അനേകം ഭാഷാഭേദങ്ങളുണ്ട്. പദങ്ങള്‍ ഏറെയും ഏകാക്ഷരങ്ങളാണ്. പ്രത്യയങ്ങള്‍ ഇല്ലാത്തതിനാല്‍ വ്യാകരണ ബന്ധങ്ങളെ സൂചിപ്പിക്കുന്നത് പദക്രമമാണ്. താനഭാഷ ആയതുകാരണം ഈണത്തിലുള്ള വ്യതിയാനം അര്‍ഥവ്യത്യാസത്തെയും സൂചിപ്പിക്കുന്നു. നൂറ്റാണ്ടുകളായി ചൈനീസ്, ഖ്മര്‍, പാലി, സംസ്കൃതം തുടങ്ങിയ ഭാഷകളില്‍നിന്ന് അനേകം പദങ്ങള്‍ തായ് ഭാഷയിലേക്ക് ആദാനം ചെയ്തിട്ടുണ്ട്. സ്വന്തമായ അക്ഷരമാലയുള്ള ഭാഷയാണ് തായ്.

തിബത്തോ-ബര്‍മന്‍ ഭാഷകളില്‍ തിബത്തന്‍, ബര്‍മീസ് ഭാഷകള്‍ക്കു പുറമേ ബോഡോ, ഗാരോ, കചിന്‍ തുടങ്ങിയ ചെറുഭാഷകളും ഉള്‍പ്പെടുന്നു. ഇവയും താന ഭാഷകളാണ്. ഇവയില്‍ ഏകാക്ഷര പദങ്ങള്‍ക്കു പ്രാധാന്യം കുറവാണ്. സംശ്ലിഷ്ട സ്വഭാവമുള്ള ഈ ഭാഷകളില്‍ പ്രത്യയങ്ങള്‍ക്ക് പ്രാധാന്യമുണ്ട്. ദക്ഷിണപൂര്‍വേഷ്യന്‍ ഭാഷകളുടെ ഭൂമിശാസ്ത്രപരമായ വിഭജനത്തില്‍ വരുന്ന മറ്റൊരു വിഭാഗമാണ് മലയോ-പോളിനേഷ്യന്‍ ഭാഷകള്‍. ആസ്ട്രൊനേഷ്യന്‍ ഭാഷകള്‍ എന്ന പേരിലും ഇവ അറിയപ്പെടുന്നു. ഇന്തോനേഷ്യന്‍, മലായ്, ജാവനീസ്, സുന്‍ഡാനീസ്, മഡുരിസ്, തഗലോഗ്, വിശായന്‍, മലഗാസി എന്നിവയാണ് ഈ വിഭാഗത്തിലെ മുഖ്യ ഭാഷകള്‍. ഇന്തോനേഷ്യന്‍, മൈക്രോനേഷ്യന്‍, മെലനേഷ്യന്‍, പോളിനേഷ്യന്‍ എന്നീ ഉപവിഭാഗങ്ങളിലായി മലയോ-പോളിനേഷ്യന്‍ ഭാഷകളെ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇന്തോനേഷ്യന്‍ ഭാഷ ഇന്തോനേഷ്യയിലും മലായ് ഭാഷ മലേഷ്യയിലും തഗലോഗ് ഫിലിപ്പൈന്‍സിലും മലഗാസി മഡഗാസ്കറിലും ഔദ്യോഗിക ഭാഷകളാണ്. ഇന്തോനേഷ്യയില്‍ ഇന്തോനേഷ്യന്‍ ഭാഷയ്ക്കു പുറമേ ജാവനീസ്, സുഡാനീസ്, മഡുരീസ്, അകിനീസ്, ബടക് തുടങ്ങിയ ഭാഷകളും പ്രചാരത്തിലുണ്ട്. പസിഫിക് ദ്വീപുകളില്‍ നൂറുകണക്കിന് മലയോ-പോളിനേഷ്യന്‍ ഭാഷകളാണ് പ്രചാരത്തിലുള്ളത്.

(കെ. പ്രകാശ്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍