This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദക്ഷിണധ്രുവം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ദക്ഷിണധ്രുവം

The South Pole

അന്റാര്‍ട്ടിക്കന്‍ പ്രതലത്തിലുള്ള പല അദൃശ്യബിന്ദുക്കളെയും വിവരിക്കുവാന്‍ ഉപയോഗിക്കുന്ന സംജ്ഞ. ഇതില്‍ ഏറ്റവും പ്രചാരമേറിയത് ദക്ഷിണ ഭൗമധ്രുവമാണ്. 'ഇന്‍സ്റ്റന്റേനിയസ്' ദക്ഷിണധ്രുവം, സമീകരണ ദക്ഷിണധ്രുവം (South pole of balance), ദക്ഷിണ കാന്തികധ്രുവം, ഭൂകാന്തിക-ദക്ഷിണധ്രുവം തുടങ്ങിയവയാണ് മറ്റു പ്രധാന ദക്ഷിണ ധ്രുവങ്ങള്‍.

ഭൂമിയുടെ അച്ചുതണ്ടിന്റെ ദക്ഷിണാഗ്രത്തിലുള്ള ബിന്ദുവാണ് ദക്ഷിണ ഭൗമധ്രുവം. മധ്യ അന്റാര്‍ട്ടിക്കയിലാണ് ഇതിന്റെ ഏകദേശ സ്ഥാനം. ഭൗമോപരിതലത്തിലുടെ കടന്നുപോകുന്ന എല്ലാ രേഖാംശങ്ങളും സന്ധിക്കുന്ന ബിന്ദുവും കൂടിയാണിത്. ഉദ്ദേശം 2800മീ. കനത്തില്‍ ആവൃതമായിരിക്കുന്ന ദക്ഷിണധ്രുവ ഹിമാനിയുടെ മുകളില്‍ ഇത് സ്ഥിതിചെയ്യുന്നതായാണ് കരുതപ്പെടുന്നത്.

നോര്‍വീജിയന്‍ പര്യവേക്ഷകനായ റോള്‍ഡ് അമുണ്‍സെന്‍ 1911 ഡി. 4-ന് ആദ്യമായി ദക്ഷിണ ഭൗമധ്രുവത്തില്‍ കാലുകുത്തി. അഞ്ചാഴ്ചയ്ക്കുശേഷം റോബര്‍ട്ട് സ്കോട്ട് എന്ന ബ്രിട്ടീഷുകാരനും ഇവിടെ എത്തി. 1956-ല്‍ അമുണ്‍സെന്‍-സ്കോട്ട് സൗത്ത് പോള്‍ സ്റ്റേഷന്‍ എന്ന പേരില്‍ സ്ഥിരമായുള്ള ഒരു ഗവേഷണകേന്ദ്രത്തിന് യു.എസ്. ഇവിടെ രൂപംനല്കുകയും ചെയ്തു.

ഭൂമിയുടെ അച്ചുതണ്ട് ഭൂപ്രതലവുമായി സന്ധിക്കുന്നയിടമാണ് 'ഇന്‍സ്റ്റന്റേനിയസ്' ദക്ഷിണ ധ്രുവം. അച്ചുതണ്ടില്‍ സ്വയം തിരിയുന്ന ഭൂമി അതോടൊപ്പം ചെറുതായി ചുഴലുകയും ചെയ്യുന്നതിനാല്‍ ഈ ധ്രുവത്തിന്റെ സ്ഥാനം മാറുന്നതിന് ഇടയാകുന്നു. ചാന്‍ഡ്ലര്‍വൃത്തം എന്നു പേരുള്ള ക്രമരഹിതമായ ഒരു പഥത്തിനുചുറ്റും അപ്രദക്ഷിണദിശയില്‍ സഞ്ചരിക്കുന്നതിന് ഈ ധ്രുവം ഉദ്ദേശം 14 മാസം എടുക്കുന്നു. ഈ വൃത്തത്തിന്റെ വ്യാസം 30 സെ.മീ. മുതല്‍ 21 മീ. വരെ ആകാറുണ്ട്.

ചാന്‍ഡ്ലര്‍ വൃത്തത്തിന്റെ ഏതാണ്ട് മധ്യത്തായാണ് സമീകരണ ദക്ഷിണധ്രുവത്തിന്റെ സ്ഥാനം. ഇത് ഭൂമിയുടെ ദക്ഷിണധ്രുവത്തെ നിര്‍ണയിക്കുവാന്‍ സഹായകമാകുന്നു.

വടക്കുനോക്കിയന്ത്രം സൂചിപ്പിക്കുന്ന ദക്ഷിണദിശയ്ക്കനുസൃതമായാണ് കാന്തിക ദക്ഷിണ ധ്രുവത്തിന്റെ സ്ഥാനം. പ്രതിവര്‍ഷം ഏതാണ്ട് 13 കി.മീ. വരെ സ്ഥാനചലനം ഇതിന് സംഭവിക്കാം. നോ: ഉത്തരധ്രുവം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍