This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ദക്ഷിണ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ദക്ഷിണ
പുണ്യകര്‍മങ്ങള്‍ക്കു മുമ്പോ ശേഷമോ കാര്‍മികത്വം വഹിക്കുന്ന വ്യക്തിക്കു നല്കുന്ന ഔപചാരിക പ്രതിഫലം. വൈദിക-താന്ത്രിക-മാന്ത്രിക കര്‍മങ്ങള്‍, ബ്രാഹ്മണരുടെ ഷോഡശക്രിയകള്‍ തുടങ്ങിയവയ്ക്കാണ് സാധാരണയായി ദക്ഷിണ നല്കപ്പെടുന്നത്.
വെറ്റില, പാക്ക്, പണം എന്നിവയാണ് ദക്ഷിണയ്ക്ക് പതിവ്. ഇവ വെള്ളം, ചന്ദനം, പൂവ് എന്നിവയോടൊപ്പം വലതുകൈയില്‍ എടുത്ത് 'ഓം തത്സത്' എന്ന മന്ത്രം ചൊല്ലിയാണ് നല്‍കേണ്ടത്. ശ്രാദ്ധം പോലെയുള്ള ചടങ്ങുകളില്‍ വസ്ത്രം, നാളികേരം തുടങ്ങിയവയും ദക്ഷിണയായി നല്‍കാറുണ്ട്.
ഗുരുകുല വിദ്യാഭ്യാസ സമ്പ്രദായത്തില്‍ വിദ്യാഭ്യാസം പൂര്‍ത്തിയായതിനുശേഷം 'ഗുരുദക്ഷിണ' നല്കുന്ന പതിവ് നിലനിന്നിരുന്നു. പണം, ഭൂമി, ധാന്യം, വസ്ത്രം, ഗോക്കള്‍ തുടങ്ങി ഗുരു എന്ത് ഇച്ഛിക്കുന്നുവോ അത് ശിഷ്യന് എത്തിച്ചുകൊടുക്കണമെന്ന് ഭവിഷ്യത് പുരാണത്തില്‍ പറയുന്നു. ഗുരുക്കന്മാര് ആവശ്യപ്പെട്ട ദക്ഷിണ നല്‍കുന്നതിനായി ശിഷ്യന്മാര് അനുഭവിച്ച ക്ളേശങ്ങളെയും അനുഷ്ഠിച്ച ത്യാഗങ്ങളെയും കുറിച്ചുള്ള കഥകള്‍ പുരാണങ്ങളില്‍ നിരവധിയുണ്ട്.
വിഷ്ണുപുരാണത്തിലും ദേവീഭാഗവതത്തിലും 'ദക്ഷിണ' എന്നു പേരുള്ള ദേവിയെക്കുറിച്ച് പരാമര്‍ശമുണ്ട്. രുചിപ്രജാപതിക്ക് ആകൂതി എന്ന ഭാര്യയില്‍ ജനിച്ച പുത്രിയാണ് ദക്ഷിണ. ദക്ഷിണാദേവിയും ഭര്‍ത്താവായ യജ്ഞപുരുഷനും പുത്രനായ ഫലദനുമാണ് കര്‍മഫലങ്ങള്‍ വിതരണം ചെയ്യുന്നത് എന്നാണ് വിശ്വാസം. യജ്ഞാവസാനം നടത്തുന്ന ദാനത്തിനും ദക്ഷിണ എന്നു പേരുണ്ട്. നായികമാരില്‍ ഒരു വിഭാഗവും ദക്ഷിണ എന്ന് വ്യവഹരിക്കപ്പെടുന്നു. ദക്ഷിണദിക്ക് എന്നു വിശേഷിപ്പിക്കുമ്പോള്‍ തെക്ക് എന്ന അര്‍ഥവും ദക്ഷിണയ്ക്കുണ്ട്.