This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ദക്ഷന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ദക്ഷന്‍

പുരാണ കഥാപാത്രം. പ്രജാപതികളില്‍ പ്രമുഖന്‍. ബ്രഹ്മാവിന്റെ ദക്ഷിണാംഗുഷ്ഠത്തില്‍ (വലത്തേ പെരുവിരലില്‍) നിന്നാണ് ദക്ഷന്‍ ജനിച്ചത് എന്നും ബ്രഹ്മാവിന്റെ മാനസപുത്രന്മാരില്‍ (മനസ്സില്‍ അഥവാ സങ്കല്പത്താല്‍ ജനിച്ചവര്‍) ഒരാളാണ് എന്നും വ്യത്യസ്തമായ പ്രസ്താവങ്ങളുണ്ട്. പ്രപഞ്ചസൃഷ്ടിയില്‍ തന്നെ സഹായിക്കാന്‍ വേണ്ടിയാണ് ബ്രഹ്മാവ് പ്രജാപതിമാരെ സൃഷ്ടിച്ചത്. ദക്ഷനും പരമശിവനുമായുണ്ടായ മത്സരവും ഇതിന്റെ പരിണതഫലമായി ദക്ഷന്‍ വധിക്കപ്പെട്ടതും പുരാണകഥകളില്‍ പ്രസിദ്ധമാണ്. ഈ കഥ ഇതിവൃത്തമായി സംസ്കൃതത്തിലും മറ്റെല്ലാഭാരതീയ ഭാഷകളിലും അനേകം സാഹിത്യസൃഷ്ടികളുണ്ടായിട്ടുണ്ട്. വൃക്ഷങ്ങളുടെ പുത്രിയും ചന്ദ്രന്റെ വളര്‍ത്തുപുത്രിയുമായ മാരിഷയുടെയും പ്രചേതസ്സുകളുടെയും പുത്രനായി ദക്ഷപ്രജാപതി ജനിച്ചു എന്ന കഥയും പുരാണങ്ങളില്‍ കാണപ്പെടുന്നു.

ബ്രഹ്മാവിന്റെ നിര്‍ദേശത്താല്‍ ദേവന്മാര്‍, അസുരന്മാര്‍, ഋഷികള്‍, ഗന്ധര്‍വന്മാര്‍, നാഗങ്ങള്‍ തുടങ്ങിയവരെ ദക്ഷന്‍ സൃഷ്ടിച്ചെങ്കിലും ഇവരുടെ സംഖ്യ പരിമിതമായതിനാല്‍ പ്രജാസൃഷ്ടിയുടെ ഉദ്ദിഷ്ടഫലം ലഭിച്ചില്ല. വിന്ധ്യപര്‍വതത്തില്‍ തപസ്സനുഷ്ഠിച്ച ദക്ഷന്റെ മുന്നില്‍ മഹാവിഷ്ണു പ്രത്യക്ഷനായി അസിക്നിയെ പത്നിയായി നല്കി. ദക്ഷന് പില്ക്കാലത്ത് മനുവിന്റെ പുത്രിയായ പ്രസൂതിയെയും പത്നിയായി ലഭിച്ചു. അസിക്നിയില്‍ ജനിച്ച അയ്യായിരം പുത്രന്മാര്‍ ഹര്യശ്വന്മാര്‍ എന്ന പേരിലറിയപ്പെട്ടു. പ്രജാസൃഷ്ടിയില്‍ തന്നെ സഹായിക്കാന്‍ ദക്ഷന്‍ അഭ്യര്‍ഥിച്ചെങ്കിലും ഇവര്‍ നാരദന്റെ ഉപദേശം സ്വീകരിച്ച് ലൌകികജീവിതം ഉപേക്ഷിച്ച് സത്യാന്വേഷകരായി ലോകം ചുറ്റി നടന്നു. ദക്ഷന് പിന്നീടുണ്ടായ ആയിരം പുത്രന്മാര്‍ ശബലാശ്വന്മാര്‍ എന്ന പേരിലറിയപ്പെട്ടു. ഇവരും ജ്യേഷ്ഠന്മാരുടെ മാര്‍ഗം പിന്തുടര്‍ന്നു. കുപിതനായ ദക്ഷന്‍ നാരദനെ 'ഒരിടത്തും സ്ഥിരമായി വസിക്കാതെ ലോകം ചുറ്റി നടക്കാനിടവരും' എന്നു ശപിച്ചു. പിന്നീട് ദക്ഷന് അസിക്നിയില്‍ അറുപത് പുത്രിമാരാണുണ്ടായത്. ഇവരെയും പ്രസൂതിയില്‍ ജനിച്ച ഇരുപത്തിനാലു പുത്രിമാരെയും കശ്യപന്‍, ചന്ദ്രന്‍, ധര്‍മദേവന്‍ തുടങ്ങിയവര്‍ക്ക് വിവാഹം ചെയ്തു നല്കി. സതിയെ പരമശിവനാണു നല്കിയത്.

ദക്ഷന് പരമശിവനോട് വിദ്വേഷമുണ്ടാകുന്നതിനു കാരണമായി വ്യത്യസ്ത കഥകള്‍ പുരാണങ്ങളില്‍ വര്‍ണിക്കുന്നുണ്ട്. അതില്‍ പ്രസിദ്ധമായത് ഇതാണ്: പ്രജാപതിമാര്‍ ഒരു യാഗം നടത്തി. ത്രിമൂര്‍ത്തികള്‍ (ബ്രഹ്മാവ്, വിഷ്ണു, പരമശിവന്‍) അവിടെ സന്നിഹിതരായിരുന്നു. യജ്ഞവേദിയിലേക്ക് ദക്ഷന്‍ കടന്നുവന്നപ്പോള്‍ ദേവന്മാര്‍ ബഹുമാനപുരസ്സരം എഴുന്നേറ്റുനിന്ന് അദ്ദേഹത്തെ ആദരിച്ചു. തന്റെ ജാമാതാവായ ശിവന്‍ എഴുന്നേല്ക്കാതിരുന്നതു കണ്ട ദക്ഷനു കോപമുണ്ടായി. ശിവന്റെ ഈശ്വരഭാവത്തെ അനുസ്മരിക്കാതെ ദക്ഷന്‍ ശിവനെ അപമാനിതനാക്കാന്‍ ഉപായമാലോചിച്ചു.

ശിവനെയും പാര്‍വതിയെയും ക്ഷണിക്കാതെ ദക്ഷന്‍ സ്വന്തമായി ബൃഹസ്പതിസവനം എന്ന യജ്ഞം ആരംഭിച്ചു. ഇതറിയാതെ ബ്രഹ്മാവും ദേവന്മാരും ഋഷിമാരും എത്തി. ക്ഷണം ലഭിച്ചില്ലെങ്കിലും ബന്ധുജനങ്ങളെല്ലാം സന്നിഹിതരാകുന്ന യജ്ഞത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിന് സതീദേവി ആഗ്രഹം പ്രകടിപ്പിച്ചു. അപമാനിതയാകുമെന്ന് ശിവന്‍ മുന്നറിയിപ്പു നല്കിയെങ്കിലും അതു വിശ്വസിക്കാതെ ശുഭാപ്തിവിശ്വാസത്തോടെ സതീദേവി സ്വപിതാവിന്റെ ഗൃഹത്തിലെത്തി. ദക്ഷന്‍ ശിവനെയും സതിയെയും നിന്ദിച്ചു സംസാരിച്ചു. അപമാനിതയും ദുഃഖിതയുമായ സതീദേവി അഗ്നിയില്‍ സ്വയം ദഹിച്ചു. ഇതറിഞ്ഞ പരമശിവന്‍ ക്രോധമൂര്‍ത്തിയായി സ്വന്തം ജട പിഴുത് നിലത്തടിച്ചപ്പോള്‍ അവിടെ വീരഭദ്രനും ഭദ്രകാളിയും പ്രത്യക്ഷരായി. അവര്‍ ഭൂതഗണങ്ങളോടൊപ്പം ചെന്ന് യജ്ഞവേദി പൂര്‍ണമായി നശിപ്പിച്ചു. ദക്ഷന്റെ ശിരസ്സറുത്ത് യാഗാഗ്നിയില്‍ നിക്ഷേപിക്കുകയും ചെയ്തു. യജമാനനെ (യജ്ഞം നടത്തുന്ന ഗൃഹസ്ഥന്‍) കൂടാതെ യാഗം അവസാനിപ്പിക്കാന്‍ സാധിക്കാത്തതിനാല്‍ ബ്രഹ്മാവും വിഷ്ണുവും ശിവന്റെ സഹായമഭ്യര്‍ഥിക്കുകയും അവരുടെ അഭ്യര്‍ഥന മാനിച്ച് ഒരു ആടിന്റെ തല വച്ച് ദക്ഷനെ പുനരുജ്ജീവിപ്പിക്കുന്നതിന് ശിവന്‍ അനുവാദം നല്കുകയും ചെയ്തു. അങ്ങനെ പുനര്‍ജനിച്ച ദക്ഷന്‍ ക്ഷമായാചനം ചെയ്ത് ശിവനെ സ്തുതിച്ചു.

ദക്ഷന്‍ ചന്ദ്രനെ ശപിച്ച കഥ മഹാഭാരതത്തില്‍ (ശല്യപര്‍വം, 35-ാം അധ്യായം) വിവരിക്കുന്നുണ്ട്. അശ്വതി, ഭരണി, കാര്‍ത്തിക തുടങ്ങിയ ഇരുപത്തിയേഴു പുത്രിമാരെ ദക്ഷന്‍ ചന്ദ്രന് വിവാഹം ചെയ്തു നല്കി. ചന്ദ്രനാകട്ടെ, രോഹിണിയോടുമാത്രം പ്രത്യേകം പ്രേമം പ്രകടിപ്പിച്ചു. ഇതില്‍ ദുഃഖിതരായ മറ്റുള്ളവര്‍ പിതാവിനോട് പരാതി പറഞ്ഞു. എല്ലാ പത്നിമാരോടും സമാനമായ സ്നേഹം പ്രകടിപ്പിക്കണമെന്ന് ദക്ഷന്‍ ചന്ദ്രനോട് അഭ്യര്‍ഥിച്ചെങ്കിലും ചന്ദ്രന്‍ അതിനു ശ്രമിച്ചില്ല. 'ക്ഷയ'രോഗിയായിത്തീരട്ടെ എന്ന് ദക്ഷന്‍ ചന്ദ്രനെ ശപിച്ചു. ഇതോടെ സസ്യജാലമെല്ലാം ക്ഷീണിതമായി ലോകംതന്നെ നശിക്കും എന്നു മനസ്സിലാക്കിയ ദേവന്മാര്‍ ദക്ഷനെക്കണ്ട് ശാപത്തില്‍ ഇളവു വരുത്തുന്നതിനഭ്യര്‍ഥിച്ചു. ഓരോ മാസവും പകുതി ദിവസം മാത്രം 'ക്ഷയ'രോഗബാധിതനാകുമെന്നും അതുകഴിഞ്ഞാല്‍ രോഗം മാറുമെന്നും ശാപം കുറച്ചുകൊടുത്തു. ഇതാണത്രെ ചന്ദ്രന് വൃദ്ധിക്ഷയങ്ങള്‍ ഉണ്ടാകാന്‍ കാരണം.

ദക്ഷയാഗം, ദക്ഷയജ്ഞം, ദക്ഷയജ്ഞധ്വംസനം, ദക്ഷയജനം തുടങ്ങിയ പേരുകളില്‍ ദക്ഷന്റെ കഥ വിവരിക്കുന്ന അനേകം കൃതികളുണ്ട്. മേല്പുത്തൂര്‍ നാരായണ ഭട്ടതിരിയുടെ ദക്ഷയജ്ഞപ്രബന്ധം ചമ്പു കൃതിയാണ്. ദക്ഷയജനം എന്ന പേരില്‍ മലയാളത്തില്‍ ഒരു പാഠകഗദ്യവും 1600-ാമാണ്ടിനടുത്തു രചിച്ച ദക്ഷയാഗം ഭാഷാചമ്പുവുമുണ്ട്. കുഞ്ചന്‍ നമ്പ്യാരുടെ ദക്ഷയാഗം തുള്ളല്‍ക്കഥയാണ് പ്രസ്താവ്യമായ മറ്റൊരു പ്രാചീന കൃതി. ദക്ഷയാഗം പതിനെട്ടു വൃത്തം കൈകൊട്ടിക്കളിപ്പാട്ടാണ്. കൊച്ചി വീരകേരളവര്‍മ, ഇരയിമ്മന്‍ തമ്പി, രവിവര്‍മന്‍ തമ്പി എന്നിവരുടെ ദക്ഷയാഗം ആട്ടക്കഥകളും കുഞ്ഞുക്കുട്ടന്‍ തമ്പുരാന്‍ രചിച്ച ദക്ഷയാഗശതകം എന്ന ഭാഷാകാവ്യവുമുണ്ട്. ഇരയിമ്മന്‍ തമ്പിയുടെ ആട്ടക്കഥ കഥകളിയുടെ രംഗാവിഷ്കരണത്തിലൂടെ വിപുലമായ സഹൃദയ പ്രശംസ നേടി.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A6%E0%B4%95%E0%B5%8D%E0%B4%B7%E0%B4%A8%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍