This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഥൂലിയം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഥൂലിയം

Thulium

ഒരു അപൂര്‍വ ലോഹ മൂലകം. ലാന്ഥനൈഡ് ശ്രേണിയിലെ ഒരു അംഗമാണിത്. സിംബല്‍: Tm, അണുസംഖ്യ: 69, അണുഭാരം: 168.934. മോണസൈറ്റ് ധാതുക്കളാണ് പ്രധാന സ്രോതസ്സ്. പ്രകൃതിജന്യമായ ഥൂലിയം നൂറ് ശതമാനം Tm169 എന്ന സ്ഥിരതയുള്ള സമസ്ഥാനീയമാണ്. പെര്‍ തിയോഡോര്‍ ക്ലീവ് എന്ന സ്വീഡിഷ് രസതന്ത്രജ്ഞനാണ് ഈ മൂലകം കണ്ടുപിടിച്ചത് (1878). സ്കാന്‍ഡിനേവിയയുടെ പുരാതന നാമമായ ഥൂലേ(Thule)യില്‍ നിന്നാണ് ഈ പേര് നിഷ്പന്നമായിട്ടുള്ളത്.

നിര്‍ജല ഥൂലിയം ഫ്ളൂറൈഡിനെ കാല്‍സിയം ഉപയോഗിച്ച് അപചയിച്ചാണ് ലോഹം ഉത്പാദിപ്പിക്കുന്നത്. ലാന്ഥനവും ഥൂലിയം ഓക്സൈഡും അടങ്ങുന്ന മിശ്രിതം സ്വേദനം ചെയ്തും ഥൂലിയം വേര്‍തിരിച്ചെടുക്കാനാവും.

ഥൂലിയം ലോഹത്തിന്റെ ഉരുകല്‍ നില 1545oC-ഉം തിളനില 1927oC-ഉം ആണ്. തിളക്കമാര്‍ന്ന ഈ ലോഹം വായുവുമായി സമ്പര്‍ക്കത്തിലായാലുടന്‍ കറുത്തുപോകുന്നു. ഉയര്‍ന്ന വിദ്യുത്ധാനത (electro positive) പ്രദര്‍ശിപ്പിക്കുന്ന ഥൂലിയം ജലവുമായി ഹൈഡ്രജന്‍ ഉത്പാദിപ്പിക്കുന്നു. വായുവിന്റെ സാന്നിധ്യത്തില്‍ കത്തിക്കുമ്പോള്‍ Tm2O3 എന്ന ഓക്സൈഡ് രൂപീകരിക്കുന്നു. +3, +2 എന്നീ സംയോജകതകള്‍ ആണ് പ്രദര്‍ശിപ്പിക്കുന്നത്. Tm+3 ലവണങ്ങള്‍ പച്ചനിറമുള്ളവയാണ്. Tm+2 ലവണങ്ങളാകട്ടെ താരതമ്യേന അപൂര്‍വവും അസ്ഥിരവുമാണ്. ഥൂലിയം ഓക്സൈഡ്, ഹൈഡ്രോക്ലോറിക് അമ്ലത്തില്‍ ലയിപ്പിക്കുമ്പോള്‍ പച്ചനിറത്തിലുള്ള ഥൂലിയംക്ലോറൈഡ് പരലുകള്‍ (TmCl3.7H2O) അവക്ഷേപിക്കപ്പെടുന്നു. ഓക്സൈഡിനെ വെള്ളത്തില്‍ ലയിപ്പിച്ച് ഥൂലിയം ഹൈഡ്രോക്സൈഡ് [Tm(OH)3]-ഉം ഹൈഡ്രോക്സൈഡിന്റെ ജലീയ പ്ലവത്തിലേക്ക് കാര്‍ബണ്‍ഡൈഓക്സൈഡ് കടത്തിവിട്ട് ഥൂലിയം കാര്‍ബണേറ്റ് [Tm2(CO3)3]-ഉം ഉണ്ടാക്കാനാവും.

Tm169 എന്ന സ്ഥിരതയുള്ള സമസ്ഥാനീയം അണുകേന്ദ്ര റിയാക്റ്ററിനുള്ളില്‍വച്ച് γ രശ്മികളുപയോഗിച്ച് ഭേദിക്കുമ്പോള്‍ Tm170 (T1/2= 129 ദിവസം) എന്ന റേഡിയോആക്റ്റീവതയുള്ള സമസ്ഥാനീയം ഉണ്ടാകുന്നു. ഈ സമസ്ഥാനീയം 84 KeV ഉള്ള എക്സ്റേ രശ്മികള്‍ ബഹിര്‍ഗമിപ്പിക്കുന്നതിനാല്‍ വൈദ്യശാസ്ത്രരംഗത്ത്, സഞ്ചരിക്കുന്ന എക്സ്റേ യൂണിറ്റുകളില്‍ ഉപയോഗിച്ചുവരുന്നു. ഈ എക്സ്റേ യൂണിറ്റിന് അനുബന്ധമായി യാതൊരുവിധ വൈദ്യുത ഉപകരണങ്ങളും ആവശ്യമില്ല എന്നത് ഒരു സവിശേഷ ഗുണമാണ്. ഥൂലിയം ബട്ടണുകള്‍ ഇടയ്ക്കിടെ പ്രത്രിക്രിയാക്ഷമമാക്കിയെടുക്കേണ്ടതുണ്ട് എന്നു മാത്രം. താഴ്ന്ന ഊഷ്മാവില്‍ ലോഹം ആന്റിഫെറോമാഗ്നറ്റിക് ആയി മാറുന്നു. ബഹിരാകാശ ഗവേഷണ രംഗങ്ങളില്‍ ഒരു നിമ്ന ഊര്‍ജ സ്രോതസ്സ് (low energy power source) ആയി റേഡിയോആക്റ്റീവതയുള്ള സമസ്ഥാനീയം ഉപയോഗിക്കുന്നതിനുള്ള പഠനങ്ങള്‍ ആണവോര്‍ജ കമ്മിഷന്‍ ആരംഭിച്ചിട്ടുണ്ട്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A5%E0%B5%82%E0%B4%B2%E0%B4%BF%E0%B4%AF%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍