This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ത്വഗ്വിജ്ഞാനീയം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ത്വഗ്വിജ്ഞാനീയം

Dermatology

ത്വക്കിന്റെ ഘടന, ധര്‍മം, ത്വക്കിനുണ്ടാകുന്ന രോഗങ്ങള്‍, അവയുടെ ചികിത്സാവിധികള്‍ എന്നിവ വിഷയമാക്കുന്ന വൈദ്യശാസ്ത്രശാഖ. ത്വക്കിന്റെ ഉപാംഗങ്ങളായ മുടി, നഖം എന്നിവയ്ക്കുണ്ടാകുന്ന തകരാറുകളും ഇതില്‍ ഉള്‍പ്പെടുന്നു. ത്വക്കിലുണ്ടാകുന്ന ചുളിവുകള്‍, അരിമ്പാറ, മുഖക്കുരു, മുടികൊഴിച്ചില്‍ തുടങ്ങിയ ചെറു തകരാറുകള്‍ മുതല്‍ ത്വക്കിലെ അര്‍ബുദം വരെയുള്ള സകല ചര്‍മപ്രശ്നങ്ങളും ഈ ശാസ്ത്രശാഖയുടെ പരിധിയില്‍ വരും.

മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അവയവമാണ് ത്വക്ക്. ഏകദേശം രണ്ട് ചതുരശ്രമീറ്റര്‍ ഉപരിതല വിസ്തീര്‍ണമുള്ള ഒരു സ്പര്‍ശനാവയവമാണിത്. ശരീരപേശികള്‍, ആന്തരാവയവങ്ങള്‍, രക്തക്കുഴലുകള്‍, നാഡികള്‍ എന്നിവയെ ബാഹ്യാന്തരീക്ഷത്തില്‍നിന്നു സംരക്ഷിക്കുന്നത് ത്വക്കാണ്. രോമങ്ങളും നഖങ്ങളും വളരുന്നത് ത്വക്കില്‍നിന്നാണ്. സൂക്ഷ്മാണുക്കള്‍ക്കും മറ്റു ദോഷകാരികളായ വസ്തുക്കള്‍ക്കും എതിരെയുള്ള ശക്തമായ സുരക്ഷാമതിലാണിത്. ത്വക്കില്‍ മുറിവുണ്ടായാല്‍ പുറത്തുനിന്ന് ബാക്റ്റീരിയയും മറ്റു സൂക്ഷ്മജീവികളും ഉള്ളില്‍ കടക്കാന്‍ ഇടയാകുന്നു. ശരീരോഷ്മാവ് നിയന്ത്രിക്കുന്നതില്‍ ത്വക്ക് പ്രധാന പങ്കു വഹിക്കുന്നു. സൂര്യപ്രകാശത്തിന്റെ സാന്നിധ്യത്തില്‍ ജീവകം ഡി സംശ്ലേഷണം ചെയ്യുന്ന ധര്‍മവും ത്വക്കിനുണ്ട്.

ത്വക്കിന് രണ്ട് പാളികളാണുള്ളത്; നേര്‍ത്ത ബാഹ്യചര്‍മം (എപ്പിഡെര്‍മിസ്), യഥാര്‍ഥ ചര്‍മം (ഡെര്‍മിസ്) എന്നിവ. എപ്പിതീലിയ കോശങ്ങളുടെ അനവധി പാളികള്‍ ചേരുന്നതാണ് എപ്പിഡെര്‍മിസ്. ഉപരിതലത്തില്‍നിന്ന് ഉള്ളിലേക്ക് സ്ട്രാറ്റം കോര്‍ണിയം (Stratum Corneum), സ്ട്രാറ്റം ലൂസിഡം (Stratum Lucidum), സ്ട്രാറ്റം ഗ്രാനുലോസം (Stratum Lucidum), സ്ട്രാറ്റം ജര്‍മിനാറ്റൈവം (Stratum Granulosum) എന്നിങ്ങനെ നാല് പാളികളായി എപ്പിഡെര്‍മിസിനെ വിഭജിക്കാം.

എപ്പിഡെര്‍മിസിന്റെ കനം വിവിധ ശരീരഭാഗങ്ങളില്‍ വ്യത്യസ്തമാണ്. കാല്‍പ്പാദങ്ങളിലെയും കൈവെള്ളകളിലെയും എപ്പിഡെര്‍മിസ് ഏറ്റവും കട്ടി കൂടിയതും കണ്‍പോളകളിലേത് ഏറ്റവും കട്ടി കുറഞ്ഞതും ആണ്. എപ്പിഡെര്‍മിസിന്റെ ബാഹ്യപാളിയായ സ്ട്രാറ്റം കോര്‍ണിയം മൃതകോശങ്ങളാല്‍ രൂപീകൃതമായിരിക്കുന്നതിനാല്‍ ശരീരത്തിന് ഒരു സുരക്ഷാ ആവരണമായി വര്‍ത്തിക്കുന്നു. കെരാറ്റിന്‍ എന്ന പ്രോട്ടീനാണ് ഈ ബാഹ്യകോശങ്ങളിലെ മുഖ്യഘടകം. എപ്പിഡെര്‍മിസില്‍ രക്തധമനികളൊന്നും തന്നെയില്ല. സ്ട്രാറ്റം ജര്‍മിനാറ്റൈവത്തിലെ വലക്കണ്ണികള്‍ പോലെയുള്ള കോശ ക്രമീകരണത്തിലൂടെ ഒലിച്ചെത്തുന്ന ശരീരദ്രവങ്ങളാണ് എപ്പിഡെര്‍മിസിനു പോഷണം നല്കുന്നത്. സ്ട്രാറ്റം ഗ്രാനുലോസം മുതല്‍ മുകളിലേക്കുള്ള പാളികള്‍ താരതമ്യേന വരണ്ടതും സാന്ദ്രവും കെരാറ്റിനീകൃതവുമായതിനാല്‍ ജലത്തിന് അതാര്യമായിരിക്കും. ശരീരത്തില്‍നിന്ന് ജലവും ലവണലായനികളും നഷ്ടമാകാതെ തടയുവാന്‍ ത്വക്കിനു സാധിക്കുന്നത് ഇതിനാലാണ്.

ജാലികാരൂപത്തില്‍ ഇഴചേര്‍ന്ന വല്കസന്ധാന കലകളടങ്ങുന്ന ചര്‍മപാളിയാണ് ഡെര്‍മിസ് അഥവാ കോറിയം. ഡെര്‍മിസില്‍ രക്തധമനികള്‍, ഞരമ്പുകള്‍, ഗ്രന്ഥികള്‍, രോമകൂപങ്ങള്‍, കൊഴുപ്പു പിണ്ഡങ്ങള്‍ എന്നിവ ഉണ്ടായിരിക്കും. സ്നേഹഗ്രന്ഥികളും (sebaceous glands) സ്വേദഗ്രന്ഥികളു(sweat glands)മാണ് ഡെര്‍മിസിലുള്ള ഗ്രന്ഥികള്‍. കാല്‍പ്പാദങ്ങളിലും കൈവെള്ളകളിലുമൊഴികെ ത്വക്കിലാകമാനം സ്നേഹഗ്രന്ഥികളുണ്ട്. രോമകൂപങ്ങളുടെ ഉപരിതല സ്തരത്തിലൂടെയാണ് സ്നേഹസ്രവം പുറത്തുവരുന്നത്. ത്വക്കിലാകമാനം കാണപ്പെടുന്ന എക്രൈന്‍ (eccrine) ഗ്രന്ഥികളും കക്ഷങ്ങളിലും ഭഗഭാഗത്തും മറ്റും മാത്രം കാണപ്പെടുന്ന അപ്പോക്രൈന്‍ ഗ്രന്ഥികളുമാണ് രണ്ട് വിധത്തിലുള്ള സ്വേദഗ്രന്ഥികള്‍. മുടിയും നഖവും ത്വക്കിന്റെ ഉപാംഗങ്ങളാണ്. കണ്‍പീലികളിലും പുരികങ്ങളിലും ഉള്ള ദൃഢമായ ചെറു രോമങ്ങള്‍, കക്ഷങ്ങളിലും ഭഗഭാഗത്തും താടിയിലും മീശയിലും ഉള്ള കട്ടിയുള്ള ചുരുളന്‍ മുടി, തലമുടി, ദേഹമാസകലം ഉള്ള ചെറു മൃദുരോമങ്ങള്‍ എന്നിങ്ങനെ നാല് വിധത്തിലുള്ള മുടിയാണ് ത്വക്കിലുണ്ടാകുന്നത്.

പുറമെ സ്ഥായീസ്വഭാവം കാണിക്കുമെങ്കിലും ത്വക്കിലെ കോശങ്ങള്‍ നിരന്തരം പുതുക്കപ്പെടുന്നുണ്ട് എന്നതാണ് വാസ്തവം. ഡെര്‍മിസില്‍ സാവധാനം നടക്കുന്ന ഈ പ്രക്രിയ എപ്പിഡെര്‍മിസില്‍ ദ്രുതമാണ്. പഴയ കോശങ്ങള്‍ കൊഴിഞ്ഞുപോകുന്ന അതേ നിരക്കില്‍ത്തന്നെ പുതിയതായി കോശങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നതിനാല്‍ എപ്പിഡെര്‍മല്‍ കോശങ്ങളുടെ അളവ് എപ്പോഴും തുല്യമായിരിക്കും. എപ്പിഡെര്‍മിസിന്റെ ഏറ്റവും അടിയിലുള്ള സ്ട്രാറ്റം ജര്‍മിനാറ്റൈവം എന്ന പാളി(ബേസല്‍ പാളി)യിലാണ് കോശവിഭജനം നടന്ന് പുതിയ കോശങ്ങള്‍ ഉണ്ടാകുന്നത്. വിഭജിക്കപ്പെടുന്ന ഒരു ബേസല്‍ കോശം രണ്ട് കോശങ്ങളെ ഉത്പാദിപ്പിക്കുന്നു. ഇതില്‍ ഒന്ന് ബേസല്‍ കോശമായിത്തന്നെ നിലനില്ക്കുമ്പോള്‍ രണ്ടാമത്തേത് സു. 12 ദിവസം കഴിയുമ്പോള്‍ ആധാര സ്തരത്തില്‍നിന്നു വേര്‍പെട്ട് ചര്‍മത്തിന്റെ ബാഹ്യപാളിയിലേക്കു നീങ്ങുന്നു. ഇപ്രകാരം ത്വക്കിന്റെ ഉപരിതലത്തിലെത്തുന്നതിന് 12-14 ദിവസമെടുക്കും. ഇതിനിടെ നടക്കുന്ന പലതരം രാസപ്രവര്‍ത്തനങ്ങളുടെ ഫലമായി ഉപരിതല പാളി(സ്ട്രാറ്റം കോര്‍ണിയ)യിലെത്തുമ്പോഴേക്ക് ഇത് കോശകേന്ദ്ര രഹിതമായ ഒരു കെരാറ്റിന്‍ പ്ളേറ്റ് മാത്രമായി മാറിയിരിക്കും. പിന്നീടുള്ള 12-14 ദിവസങ്ങള്‍ക്കുള്ളില്‍ ഈ മൃതകോശം കൊഴിഞ്ഞുപോകുന്നു. എപ്പിഡെര്‍മല്‍ കോശ ഉത്പാദനത്തിനും ഏകതാനതയുണ്ട്. എപ്പിഡെര്‍മല്‍ കാലോണ്‍ (epidermal chalone) എന്ന സ്വാഭാവിക പദാര്‍ഥമാണ് കോശവിഭജന നിരക്ക് നിയന്ത്രിച്ചുനിര്‍ത്തുന്നത്. എന്നാല്‍ അള്‍ട്രാവയലറ്റ് രശ്മി ഏല്ക്കുന്നതുമൂലവും ത്വക്കിന് ഏതെങ്കിലും ആഘാതം ഉണ്ടാകുന്നതുമൂലവും കോശവിഭജനം ദ്രുതഗതിയിലാകാറുണ്ട്.

തൊലിക്ക് ജര ബാധിക്കുന്നതിന്റെ അടയാളങ്ങളായ ചുളിവുകളും വടുക്കളും മറ്റുമുണ്ടാകുന്നത് തൊലിയില്‍ കാലാകാലങ്ങളായി സൂര്യപ്രകാശമേല്ക്കുന്നതിന്റെ മൊത്തം ഫലമായാണ് എന്ന് കണക്കാക്കപ്പെടുന്നു. എന്നാല്‍ ത്വക്കിലെ ചില മാറ്റങ്ങള്‍ ജരയുടെ സവിശേഷത മാത്രമായാണ് കരുതപ്പെടുന്നത്. ഡെര്‍മിസിലുണ്ടാകുന്ന ഇത്തരം മാറ്റങ്ങളാണ് ഏറ്റവും പ്രധാനം. ഡെര്‍മിസിലെ കൊളാജന്‍ തന്മാത്രകള്‍ കെട്ടുപിണഞ്ഞ് കൂടുതല്‍ ദൃഢമായിത്തീരുന്നതിനാല്‍ തൊലിയുടെ സ്നിഗ്ധത നഷ്ടമാകുന്നു. മ്യൂക്കോ പോളിസാക്കറൈഡുകളുടെ അളവ് കുറയുന്നതിനാല്‍ ത്വക്കിന് ഉറപ്പില്ലാതാകും. സജീവ എക്രൈന്‍ ഗ്രന്ഥികളുടെ എണ്ണത്തിലും സ്വേദസ്രവത്തിന്റെ അളവിലും കുറവുമുണ്ടാകാം. അപ്പോക്രൈന്‍ ഗ്രന്ഥികളുടെ പ്രവര്‍ത്തനവും മന്ദീഭവിക്കും. സ്നേഹഗ്രന്ഥികളുടെ എണ്ണത്തില്‍ മാറ്റം സംഭവിക്കുന്നില്ലെങ്കിലും ആന്‍ഡ്രോജനുകളുടെ വിതരണത്തിലെ കുറവുമൂലം സ്നേഹഗ്രന്ഥികളുടെ പ്രവര്‍ത്തനശേഷി കുറയുന്നു. ഈ വിധത്തിലുള്ള മാറ്റങ്ങളാണ് വാര്‍ധക്യകാല ചിഹ്നങ്ങളായി കാണപ്പെടുന്നത്.

സ്വാഭാവികമായിത്തന്നെ ത്വക്ക് ബാക്റ്റീരിയങ്ങളാല്‍ പൊതിയപ്പെട്ടിരിക്കും. പലതരം സൂക്ഷ്മാണുക്കള്‍ തൊലിപ്പുറത്തു പറ്റിപ്പിടിക്കുകയും വളരുകയും ചെയ്യാറുണ്ട്. തൊലിയുടെ വിടവുകളിലും ചുളിവുകളിലും പൈലോ സെബേഷ്യസ് ദ്വാരങ്ങളിലും സുക്ഷ്മാണുക്കള്‍ അടിഞ്ഞുകൂടുന്നതിനാല്‍ ഇവയെ എളുപ്പത്തില്‍ കഴുകിക്കളയാനാവില്ല. സ്ട്രെപ്റ്റോകോക്കസ്, സ്റ്റഫൈലോ കോക്കസ്, മൈക്രോകോക്കസ് എന്നിവയാണ് സാധാരണയായി ത്വക്കില്‍ കാണപ്പെടുന്ന ബാക്റ്റീരിയങ്ങള്‍. വിവിധ ശരീരഭാഗങ്ങളില്‍ വ്യത്യസ്ത അളവുകളിലാണ് ഇവ കാണപ്പെടുന്നത്. ഉദാ. കൈത്തണ്ടകളിലെ ഒരു ച.സെ.മീ. ത്വക്കില്‍ അനേകായിരം ബാക്റ്റീരിയങ്ങളാണ് ഉള്‍ ക്കൊള്ളുന്നതെങ്കില്‍ അത്രതന്നെ വിസ്തീര്‍ണത്തില്‍ കക്ഷത്തിലെ ത്വക്കില്‍ ദശലക്ഷക്കണക്കിനു ബാക്റ്റീരിയങ്ങള്‍ അടിഞ്ഞുകൂടിയിട്ടുണ്ടാകും. കോറിണി ബാക്റ്റീരിയങ്ങളും മറ്റു ഡിഫ്തെറോയ്ഡുകളും ത്വക്കില്‍ ഉണ്ടാകാറുണ്ട്. കോറിണി ബാക്റ്റീരിയം രോമകൂപങ്ങളുടെ ഉള്ളിലേക്ക് ആഴ്ന്നിറങ്ങി ഇരിക്കാറാണ് പതിവ്. ഗുഹ്യഭാഗങ്ങള്‍, വിരലിടകള്‍, കക്ഷം തുടങ്ങിയ താരതമ്യേന നനവുള്ള ശരീരഭാഗങ്ങളില്‍ കോളിഫോം ബാസിലകളാണ് ഉള്ളത്. ത്വക്ക് ബാക്റ്റീരിയങ്ങള്‍ ചില വ്യക്തികളില്‍ കൂടുതലായിരിക്കും. വ്യത്യസ്ത സാഹചര്യങ്ങളില്‍ ഒരേ വ്യക്തിയില്‍ത്തന്നെ ബാക്റ്റീരിയങ്ങളുടെ അളവ് കൂടിയും കുറഞ്ഞുമിരിക്കാറുമുണ്ട്. എന്നാല്‍ പൊതുവേ കരുതപ്പെടുന്നതുപോലെ കുളിക്കാത്തതുകൊണ്ട് ത്വക്ക് ബാക്റ്റീരിയങ്ങളുടെ എണ്ണം കൂടണമെന്നില്ല.

താത്കാലികമായി മാത്രം ത്വക്കില്‍ വളരുന്ന ചിലയിനം ബാക്റ്റീരിയങ്ങളുമുണ്ട്. ശ്ലേഷ്മസ്തരങ്ങളില്‍നിന്നോ അന്തരീക്ഷത്തില്‍ നിന്നോ ആണ് ഇവ ത്വക്കില്‍ കടന്നുകൂടുന്നത്. ത്വക്കിലിരുന്നു പെരുകുന്നില്ല എന്നു മാത്രമല്ല, ഇവയെ പെട്ടെന്നു കഴുകിക്കളയാനും ആകും. സ്റ്റെഫൈലോകോക്കസ് ഓറിയസ് എന്നയിനം ബാക്റ്റീരിയം ഇത്തരത്തിലുള്ളതാണ്. സാധാരണഗതിയില്‍ മൂക്കിലെ ശ്ലേഷ്മ കലകളില്‍ കാണപ്പെടുന്ന ഈ ബാക്റ്റീരിയങ്ങള്‍ 5-20% മനുഷ്യരിലും കാണാറുണ്ട്.

താരതമ്യേന വരണ്ടതും കോശങ്ങള്‍ നിരന്തരം കൊഴിക്കുന്ന സ്വഭാവമുള്ളതുമായ ഒരു ശരീരാവയവമായതിനാല്‍ ബാക്റ്റീരിയങ്ങളുടെ ആക്രമണത്തെ തടയുവാന്‍ ത്വക്ക് സ്വഭാവികമായിത്തന്നെ സജ്ജമാണ്. ത്വക്കില്‍ എപ്പോഴും ഉള്ള ഉപദ്രവകാരികളല്ലാത്ത സാധാരണ ബാക്റ്റീരിയങ്ങള്‍ മറ്റു രോഗാണുക്കളെ പ്രതിരോധിക്കുന്നതിനുള്ള പ്രതിബാക്റ്റീരിയാ ഘടകം ഉത്പാദിപ്പിക്കുന്നുണ്ട്. ഇടയ്ക്കിടെ ത്വക്ക് കഴുകുന്നതും ആന്റിബയോട്ടിക്കുകളുടെ തുടര്‍ച്ചയായ ഉപയോഗവും ത്വക്കിന്റെ സ്വാഭാവികമായ പരിസ്ഥിതി സന്തുലനം (ecological balance) തകിടം മറിക്കുന്നു. ഇത് അണുബാധയ്ക്കു കാരണമായിത്തീരാറുണ്ട്.

ചര്‍മ സംരക്ഷണം. ഉപദ്രവകാരികളായ പലതരം വസ്തുക്കളുമായും അപകടകരമായ സാഹചര്യങ്ങളുമായും ത്വക്കിന് ബന്ധപ്പെടേണ്ടതായി വരാറുണ്ട്. ചര്‍മത്തിനു സുഖരകമല്ലാത്ത വസ്തുക്കളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കി ത്വക്കിനെ സംരക്ഷിക്കുവാന്‍ ശ്രദ്ധിക്കേണ്ടതാണ്. ചര്‍മം വൃത്തിയാക്കുവാന്‍ ഉപയോഗിക്കുന്ന സോപ്പും വെള്ളവും പോലും അമിതമായി പ്രയോഗിച്ചാല്‍ ത്വക്കിന് ഹാനികരമാകാറുണ്ട്. വെള്ളവുമായി നിരന്തരം ബന്ധപ്പെടുന്നത് നഖങ്ങളില്‍ യീസ്റ്റ് വളരുന്നതിനു സാഹചര്യമുണ്ടാക്കുന്നതിനാല്‍ കൈകാലുകള്‍ അഴുകുന്നതിനു കാരണമായിത്തീരുന്നു.

അള്‍ട്രാവയലറ്റ് കിരണങ്ങളില്‍നിന്ന് ത്വക്കിനെ സംരക്ഷിക്കേണ്ടത് അനിവാര്യമാണ്. സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് രശ്മികള്‍ ദീര്‍ഘസ്ഥായിയായ ത്വഗ്രോഗങ്ങള്‍ക്കും ത്വക്കിലെ അര്‍ബുദത്തിനുതന്നെയും കാരണമായിത്തീരുന്നു. ഈ രശ്മികളുടെ ആഘാതം ചെറുക്കുന്നതിനു പര്യാപ്തമായ സണ്‍സ്ക്രീന്‍ ലേപനങ്ങള്‍ വിപണിയില്‍ ലഭ്യമാണ്.

ത്വക്കിലെ പാടുകളും വടുക്കളും നീക്കം ചെയ്യുന്നതിനും ത്വക്കിന്റെ മാര്‍ദവവും സ്നിഗ്ധതയും വര്‍ധിപ്പിക്കുന്നതിനുമായി കൈക്കൊള്ളുന്ന അശാസ്ത്രീയമായ നടപടികള്‍ പലപ്പോഴും ത്വക്കിന് ക്ഷതമുണ്ടാക്കാറുണ്ട്. നിരുപദ്രവകാരികളായ ബാക്റ്റീരിയങ്ങളുടെ വാസസ്ഥാനമാണ് ത്വക്ക് എന്നും മറ്റു ബാക്റ്റീരിയങ്ങളില്‍നിന്ന് ഇവ ത്വക്കിന് സ്വാഭാവിക സംരക്ഷണം പ്രദാനം ചെയ്യുന്നു എന്നുമുള്ള അറിവ് ഇടയ്ക്കിടെ ത്വക്ക് കഴുകുന്നത് ദോഷകരമാണ് എന്ന വസ്തുതയെ സാധൂകരിക്കുന്നു. പ്രത്യേകിച്ചും, വരണ്ട കാലാവസ്ഥയില്‍ ഇടയ്ക്കിടെ ശരീരം കഴുകുന്നത് ചൊറിച്ചിലിനും ചിലപ്പോള്‍ എക്സിമയ്ക്കുതന്നെയും കാരണമാകാറുണ്ട്. നോ: ചര്‍മം, ത്വഗ്രോഗങ്ങള്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍