This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ത്രിഷ്ടുപ്പ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ത്രിഷ്ടുപ്പ്

ഒരു വരിയില്‍ പതിനൊന്ന് അക്ഷരം ഉള്ള സംസ്കൃത ഛന്ദസ്സ്. ഈ ഛന്ദസ്സിലെ പ്രധാന വൃത്തങ്ങള്‍ക്ക് ആദ്യം മൂന്ന് ഗണങ്ങളും പിന്നീട് രണ്ട് അക്ഷരവും ചേര്‍ന്ന് പതിനൊന്ന് അക്ഷരങ്ങളാണ് ഒരു വരിയില്‍ ഉള്ളത്. പതിനൊന്ന് അക്ഷരങ്ങളുടെ ഗുരുലഘുഭേദത്തിന്റെ വ്യത്യസ്തതമൂലം 2048 ഭേദങ്ങളിലുള്ള വൃത്തങ്ങള്‍ ഈ ഛന്ദസ്സില്‍ സംഭവ്യമാണ്. ഇന്ദ്രവജ്ര, ഉപേന്ദ്രവജ്ര, ഉപജാതി (ഉപജാതിയില്‍ ത്രിഷ്ടുപ്പ് തുടങ്ങിയ ഛന്ദസ്സിലെയും ജഗതി തുടങ്ങിയ വേറൊരു ഛന്ദസ്സിലെയും വൃത്തനിയമമനുസരിക്കുന്ന വരികളും ഇടകലര്‍ന്നു വരാം), ദോധകം, ശാലിനി, ഭ്രമരവിലസിതം, രഥോദ്ധത, സ്വാഗത, വൃന്ത, ശ്യേനി, വിലാസിനി, വാതോര്‍മി തുടങ്ങിയവയാണ് പ്രധാന വൃത്തങ്ങള്‍.

ഛന്ദഃശാസ്ത്രപ്രകാരം ഇന്ദ്രന്‍ ദേവതയും കൌശിക ഗോത്രവും ഉദാത്താനുദാത്തസ്വരിതങ്ങളില്‍ അനുദാത്ത സ്വരവും സപ്തസ്വരങ്ങളില്‍ ധൈവതവും ലോഹിതവര്‍ണവും അയസ്സ് (ഇരുമ്പ്) ലോഹവും ഈ ഛന്ദസ്സിന്റെ അധിഷ്ഠാനങ്ങളായി പറയപ്പെടുന്നു. ഇന്ദ്രവജ്ര തുടങ്ങിയ പ്രധാന വൃത്തങ്ങളുടെ ഗണക്രമം ഇങ്ങനെയാണ്.

1. ഇന്ദ്രവജ്ര - ത ഗണം ത ഗണം ജ ഗണം, 2 ഗുരു.

2. ഉപേന്ദ്രവജ്ര - ജ ഗണം ത ഗണം ജ ഗണം, 2 ഗുരു.

3. ഉപജാതി - ഇന്ദ്രവജ്രയുടെയും ഉപേന്ദ്രവജ്രയുടെയും ഗണപ്രകാരമുള്ള വരികള്‍ ഇടകലര്‍ന്ന് നാല് വരികളുള്ള 14 ഭേദമുണ്ടാകുന്നു. ഇവയാണ്

കീര്‍ത്തി(ഉപേന്ദ്രവജ്ര, ഇന്ദ്രവജ്ര, ഉപേന്ദ്രവജ്ര, ഉപേന്ദ്രവജ്ര),

വാണി (ഇ-ഉ-ഇ-ഇ),

മാല (ഉ-ഉ-ഇ-ഇ),

ശാല (ഇ-ഇ-ഉ-ഇ),

ഹംസി (ഉ-ഇ-ഉ-ഇ),

മായ (ഉ-ഉ-ഉ-ഇ),

ജായ (ഇ-ഉ-ഉ-ഉ),

ബാല (ഇ-ഇ-ഇ-ഉ),

ആര്‍ദ്ര (ഉ-ഇ-ഇ-ഉ),

ഭദ്ര (ഇ-ഉ-ഇ-ഉ),

പ്രേമ (ഉ-ഉ-ഇ-ഉ),

രാമ (ഇ-ഇ-ഉ-ഉ),

ഋദ്ധി (ഉ-ഇ-ഉ-ഉ),

ബുദ്ധി (ഇ-ഉ-ഉ-ഉ).

4. ദോധകം (മ, ഭ, ഭ - 2 ഗുരു).

5. ശാലിനി (മ, ത, ത, 2 ഗുരു).

6. വാതോര്‍മി (മ, ഭ, ത - 2 ഗുരു).

7. ഭ്രമരവിലസിതം (മ, ഭ, ന, ലഘു, ഗുരു).

8. രഥോദ്ധത (ര, ന, ര, ല, ഗു).

9.സ്വാഗത (ര, ന, ഭ, ഗു, ഗു).

10.വൃന്ത (ന, ന, സ, ഗു, ഗു).

11.ശ്യേനി (ര, ജ, ര, ല, ഗു).

12.വിലാസിനി (ജ, ര, ജ, ഗു, ഗു).

ഈ ഛന്ദസ്സില്‍പ്പെടുന്ന മറ്റു ചില വൃത്തങ്ങളാണ്

മാലതി (എല്ലാ അക്ഷരവും ഗുരു)

രാജഹംസി (നഗണം, രഗണം, രഗണം, 2 ഗുരു)

കുപുരുഷജനിത (ന, ന, ര, 2 ഗുരു)

ഉപസ്ഥിത (ജ, സ, ത, 2 ഗുരു)

വിധ്വങ്കമാല (ത, ത, ത, 2 ഗുരു)

ചന്ദ്രിക (ന, ന, ത, 2 ഗുരു)

മേരുരൂപ (മ, സ, ജ, 2 ഗുരു)

ഗുണാംഗി (മ, ത, ജ, 2 ഗുരു)

വന്ദിത (ന, ര, ഗുരു, ജഗണം, ഗുരു)

അനവസിത (ന, യ, ഭ, 2 ഗുരു)

ബന്ധു (ഭ, ഭ, ഭ, 2 ഗുരു)

അനുകൂല (ഭ, ത, ന, 2 ഗുരു)

മന്ദാകിനി (യ, യ, യ, ല, ഗുരു)

സുഭദ്രിക (ന, ന, ര, ല, ഗുരു)

ഉപചിത്ര (സ, സ, സ, ല, ഗുരു)

നന്ദിനി (സ, ജ, സ, ല, ഗുരു)

ധാരാവലിക (ത, ര, ത, ല, ഗുരു)

മോടനക (ത, ജ, ജ, ല, ഗുരു)

സുമുഖി (ന, ജ, ജ, ല, ഗുരു)

ദമനക (ന, ന, ന, ല, ഗുരു)

സാന്ദ്രപദ (ഭ, ത, ന, ഗുരു, ലഘു).

ഒരു പാദം ത്രിഷ്ടുപ്പിന്റെയും നാല് പാദങ്ങള്‍ ഗായത്രി ഛന്ദസ്സിന്റെയും ചേര്‍ന്ന് അഞ്ച് വരികളുള്ള പദ്യം ജ്യോതിഷ്മതീ ത്രിഷ്ടുപ്പ് എന്ന പേരിലറിയപ്പെടുന്നു. ഇതില്‍ത്തന്നെ ആദ്യത്തെ പാദമാണ് ത്രിഷ്ടുപ്പ് എങ്കില്‍ 'പുരസ്താജ്ജ്യോതി' എന്നും ഗായത്രീച്ഛന്ദസ്സനുസരിച്ചുള്ള രണ്ടുവീതം വരികള്‍ക്കു മധ്യേയാണ് ത്രിഷ്ടുപ്പ് ഛന്ദസ്സിലുള്ള പാദമെങ്കില്‍ 'മദ്ധ്യേജ്ജ്യോതി' എന്നും അവസാനത്തെ വരിയാണ് ത്രിഷ്ടുപ്പ് എങ്കില്‍ 'ഉപരിഷ്ടാജ്ജ്യോതി' എന്നും പേരുള്ള ത്രിഷ്ടുപ്പാണ്.

ത്രിഷ്ടുപ്പിന് ത്രൈഷ്ടുഭം എന്നും പേരുണ്ട്. ത്രിഷ്ടുക്ക് എന്നും ചില ഗ്രന്ഥങ്ങളില്‍ പേരു നല്കിക്കാണുന്നു. ത്രിഷ്ടുപ്പ് എന്നതിലെ ത്രി എന്ന ശബ്ദം തീര്‍ണം (തരണം ചെയ്തത്), ത്രിവൃത്ത് (വജ്രം) തുടങ്ങിയ അര്‍ഥങ്ങള്‍ നല്കുന്നു. ഷ്ടുപ്പ് എന്ന ശബ്ദത്തെ സ്തോഭതി-സ്തോഭം ഉണ്ടാകുന്നു എന്നു വ്യാഖ്യാനിക്കാം. 'യാതൊന്നാണോ ഈ ത്രിശബ്ദാര്‍ഥത്തിനു സ്തോഭജനകമായി ഭവിക്കുന്നത് അതിനാല്‍ ത്രിഷ്ടുപ്പ്'. (ത്രിഷ്ടുപ്-സ്തോഭത്യുത്തരപദാ. കാതുത്രിതാസ്യാല്‍? തീര്‍ണതമം ഛന്ദഃ. ത്രിവൃദ് വജ്രഃ തസ്യസ്തോഭതീതിവാ. യത്ത്രിഃ അസ്തോഭത് തത്ത്രിഷ്ടുഭഃ ത്രിഷ്ടുപ്ത്വം ഇതി വിജ്ഞായതേ) എന്നാണ് യാസ്കന്‍ അര്‍ഥം കണ്ടെത്താന്‍ ശ്രമിക്കുന്നത്.

ജഗതി ഛന്ദസ്സിലുള്ള രണ്ടുവരികളും ത്രിഷ്ടുപ്പ് ഛന്ദസ്സിലെ രണ്ടുവരികളും ചേര്‍ന്നതാണ് ജാഗതദ്വിപാദാ ത്രിഷ്ടുപ്പ്. ഒരു വരിയില്‍ പതിനൊന്ന് അക്ഷരമെന്ന നിയമത്തിന് മാറ്റത്തോടെ ചില വരികളില്‍ 11-ല്‍ കുറവുമാത്രം അക്ഷരം വരുന്ന പദ്യങ്ങളെയും ഈ ഛന്ദസ്സില്‍ ഉള്‍പ്പെടുത്തി പ്രത്യേകം പേരു നല്കിക്കാണുന്നു. ഇങ്ങനെ അഭിസാരിണി, വിരാട് സ്ഥാന, വിരാട് രൂപ, ജ്യോതി, മഹാബൃഹതി, യവമധ്യ, പംക്ത്യുത്തര, (വിരാട് പൂര്‍വ) എന്നീ ത്രിഷ്ടുപ്പ് ഭേദങ്ങളുമുണ്ട്.

വരികളായി പ്രത്യേകം വ്യവച്ഛേദിക്കാതെയും വൈദികമന്ത്രങ്ങള്‍ കാണപ്പെടുന്നുണ്ട്. ഇവയെയും ഛന്ദശ്ശാസ്ത്രപ്രകാരം അക്ഷരങ്ങളുടെ എണ്ണം അടിസ്ഥാനമാക്കി വ്യത്യസ്ത ഛന്ദസ്സുകളിലുള്‍പ്പെടുത്തി പഠിച്ചിട്ടുണ്ട്. ഇതില്‍ ത്രിഷ്ടുപ്പ് ഛന്ദസ്സിലുള്‍പ്പെടുത്തി ദൈവി (6 അക്ഷരം), ആസുരി (10 അക്ഷരം), പ്രാജാപത്യ (28 അക്ഷരം), യാജൂഷി (11 അക്ഷരം), സാമ്നി (22 അക്ഷരം), ആര്‍ച്ചി (33 അക്ഷരം), ബ്രാഹ്മി (66 അക്ഷരം) എന്നീ ഭേദങ്ങള്‍ നിര്‍ദേശിക്കുന്നു. ഇതേ പേരുകളില്‍ത്തന്നെ 1, 2, 3, 4, 5, 7 തുടങ്ങി പരിമിതമായ അക്ഷരങ്ങളുള്ളവയും 54, 60, 72 തുടങ്ങി കൂടുതല്‍ അക്ഷരങ്ങളുള്ളവയുമായ മന്ത്രങ്ങളെ ഗായത്രി, ഉഷ്ണിക്ക്, അനുഷ്ടുപ്പ്, ബൃഹതി, പംക്തി, ജഗതി എന്നീ ഛന്ദസ്സുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ പേരുകള്‍ നിര്‍ദേശിക്കുന്ന ഒരു പട്ടിക ഇങ്ങനെയാണ്:

ആര്‍ഷി എന്ന പേരിലുള്ള ഛന്ദസ്സുകളാണ് വരികളില്‍ നിയതമായ അക്ഷരങ്ങളോടുകൂടിയത്. ബാക്കിയുള്ളവ ദൈവി ഗായത്രി - ഒരു അക്ഷരം മാത്രം, ആസുരി അനുഷ്ടുപ്പ് 13 അക്ഷരം, ആര്‍ചി പംക്തി 30 അക്ഷരം എന്നീ നിലയില്‍ വരികളുടെ എണ്ണം നിയതമല്ലാതെ അക്ഷരം മാത്രം നിയതമായുള്ളവയാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍