This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ത്രിലോചന്‍ ശാസ്ത്രി (1917 - 2007)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ത്രിലോചന്‍ ശാസ്ത്രി (1917 - 2007)

ഹിന്ദി കവി. 1917 ആഗ. 20-ന് ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പുരില്‍ ജനിച്ചു. ബാല്യകാലം ക്ളേശം നിറഞ്ഞതായിരുന്നു. പഠനംമുടക്കേണ്ടിവന്നുവെങ്കിലും ധൈര്യം കൈവിടാതെ മുന്നോട്ടുപോയി. എം.എ. പ്രീവിയസ് പാസ്സായി. വിദ്യാഭ്യാസത്തിനുശേഷം പല സാഹിത്യമാസികകളിലെയും പത്രാധിപവിഭാഗങ്ങളില്‍ പ്രവര്‍ത്തിച്ചു. 1952-53-ല്‍ ഒരു ഇന്റര്‍ കോളജില്‍ അധ്യാപകനായി.

ഉര്‍ദു, പേര്‍ഷ്യന്‍ ഭാഷകളില്‍ ത്രിലോചന് അവഗാഹമുണ്ട്. അതുകാരണം ഒന്നിലധികം തവണ ഇദ്ദേഹം ഉര്‍ദു-ഹിന്ദി ശബ്ദകോശ്, പേര്‍ഷ്യന്‍-ഉര്‍ദു ഹിന്ദികോശ് എന്നിവ എഡിറ്റു ചെയ്തു.

സര്‍ഗസാഹിത്യരംഗത്ത് കവിയെന്ന നിലയിലാണ് ത്രിലോചന്‍ അംഗീകരിക്കപ്പെട്ടത്. ഈ അംഗീകാരത്തിന്റെ ഫലമായി മധ്യപ്രദേശ് ഗവണ്മെന്റ് ഇദ്ദേഹത്തെ സാഗര്‍ സര്‍വകലാശാലയില്‍ മുക്തിബോധ് സൃജന്‍ പീഠത്തിന്റെ ഡയറക്ടറായി ഒന്നിലധികം തവണ നിയമിച്ചു.

ആധുനിക ഹിന്ദി കവികളില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച ആളാണ് ത്രിലോചന്‍. പുരോഗമന പ്രവണത ഉണ്ടെങ്കിലും പാശ്ചാത്യമായ ആധുനിക പ്രഭാവം ഇദ്ദേഹത്തില്‍ ഇല്ല. ജീവിതത്തോട്, വിശിഷ്യ തന്റെ ഗ്രാമത്തിലെ ദരിദ്രരും ഋജുബുദ്ധികളുമായ ജനങ്ങളുടെ ജീവിതത്തോട് ഇദ്ദേഹത്തിന്റെ കവിത ഇഴുകിച്ചേര്‍ന്നിരിക്കുന്നു.

ത്രിലോചന്റെ പ്രധാന കവിതാസമാഹാരങ്ങള്‍ ധര്‍ത്തി (1945), ഗുലാബ് ഔര്‍ ബുല്‍ബുല്‍ (1956), ദിഗന്ത് (1957), താപ് കേ തായേ ഹുയേ ദിന്‍ (1980), ശബ്ദ് (1980), ഉസ് ജനപദ് കാ കവി ഹൂം (1981), അര്‍ധാന്‍ (1984), തും ഹേം സൌംപ്താ ഹൂം (1985), അന്‍ കഹനീ ഭീ കുഛ് കഹനീ ഹൈ (1985), ഫൂല്‍ നാം ഹൈ ഏക് (1985), സബ് കാ അപ്നാ ആകാശ് (1987), അമോലാ (1990) എന്നിവയാണ്. ഈ കവിതാസമാഹാരങ്ങള്‍ കൂടാതെ ദേശ്-കാല്‍ (1986) എന്ന കഥാസമാഹാരവും നേസ്നാംചാ - ഡയറി (1993) എന്ന ഗ്രന്ഥവും രചിച്ചിട്ടുണ്ട്.

ആദ്യ കവിതാഗ്രന്ഥമായ ധര്‍ത്തിയില്‍ ആദ്യത്തെ പത്തുവര്‍ഷത്തെ തിരഞ്ഞെടുത്ത കവിതകളാണ്. ഇതിലെ പല കവിതകളിലും വ്യക്തിദുഃഖം പ്രകടമാകുന്നു. ആധുനിക കവികള്‍ ഇംഗ്ലീഷ് കവിതയുടെ സ്വാധീനംകൊണ്ട് മുക്തഛന്ദസ്സ്, സോണറ്റ് തുടങ്ങിയ പല രൂപങ്ങളും പ്രയോഗിച്ചു. എന്നാല്‍, ത്രിലോചന്റെ സോണറ്റ് രൂപത്തിലുള്ള കവിതകള്‍ വൈദേശിക രീതിയില്‍ മാത്രമുള്ളവയായിരുന്നില്ല. സോണറ്റ് പോലെതന്നെ പ്രാചീനമായ ബര്‍വൈ ഛന്ദസ്സും പേര്‍ഷ്യന്‍ ഭാഷയിലെ റൂബായിയും അവധിയിലെ നാടന്‍ ഛന്ദസ്സും ഖഡീബോലിയിലെ മുക്തഛന്ദസ്സും ഒരുപോലെ പ്രയോഗിക്കാന്‍ ഇദ്ദേഹത്തിന് അസാമാന്യമായ കഴിവുണ്ട്. ത്രിലോചന്റെ താപ് കെ തായേ ഹുയേ ദിന്‍ കേന്ദ്ര സാഹിത്യ അക്കാദമിയുടെ പുരസ്കാരത്തിന് (1980) അര്‍ഹമായി. 2007 ഡി. 9-ന് ഇദ്ദേഹം അന്തരിച്ചു.

(ഡോ. എന്‍.ഇ. വിശ്വനാഥയ്യര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍