This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ത്രിഭാഷാപദ്ധതി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ത്രിഭാഷാപദ്ധതി

പഠനപദ്ധതിയില്‍ മൂന്ന് ഭാഷകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പഠനരീതി. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ വിദ്യാലയങ്ങളില്‍ മാതൃഭാഷയ്ക്കും ഇംഗ്ലീഷിനും പുറമേ രാഷ്ട്രഭാഷയായ ഹിന്ദികൂടി ചേര്‍ത്ത് മൂന്ന് ഭാഷകള്‍ പഠിപ്പിക്കാന്‍ വ്യവസ്ഥയുണ്ട്. ഹിന്ദി മാതൃഭാഷയായിട്ടുള്ള സ്ഥലങ്ങളില്‍ (ഉത്തര്‍പ്രദേശ്, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍) ഹിന്ദിക്കും ഇംഗ്ലീഷിനും പുറമേ മറ്റൊരു പ്രാദേശിക ഭാഷകൂടി പഠിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യവസ്ഥ ചെയ്തിരിക്കുന്നു. എല്ലാ സംസ്ഥാനങ്ങളിലെയും വിദ്യാര്‍ഥികളുടെ പഠനഭാരം സമീകരിക്കുക, ദേശീയോദ്ഗ്രഥനത്തിന് ഇത്തരത്തിലുള്ള പഠനം സഹായകമാക്കുക എന്നീ ലക്ഷ്യങ്ങളാണ് ഇതിനു പിന്നിലുള്ളത്. രാഷ്ട്രഭാഷ എന്ന നിലയില്‍ ഹിന്ദി സാര്‍വത്രികമായും സഫലമായും ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഡോ. സമ്പൂര്‍ണാനന്ദ് അധ്യക്ഷനായിരുന്ന വൈകാരികോദ്ഗ്രഥന സമിതിയാണ് ഈ പദ്ധതി ശുപാര്‍ശ ചെയ്തത്. പ്രാഥമിക വിദ്യാഭ്യാസത്തില്‍ പ്രാദേശിക ഭാഷതന്നെ അധ്യയന മാധ്യമം ആയിരിക്കണമെന്ന വ്യവസ്ഥയും ഇതിലുണ്ടായിരുന്നു. ഇംഗ്ലീഷിന്റെ സ്ഥാനത്ത് മറ്റൊരു യൂറോപ്യന്‍ ഭാഷ ഉപഭാഷയാകുന്നതും കമ്മിറ്റി സ്വാഗതം ചെയ്തു.

സ്വാതന്ത്ര്യപ്രാപ്തിക്കുമുമ്പ് ഇന്ത്യയിലെ പ്രാദേശിക ഭാഷകള്‍ക്ക് വേണ്ടത്ര അംഗീകാരമോ പരിഗണനയോ ലഭിച്ചിരുന്നില്ല. വിദേശഭാഷയും അധികാരവര്‍ഗഭാഷയുമായിരുന്ന ഇംഗ്ലീഷിനായിരുന്നു ഇവിടെ പ്രാമുഖ്യം കല്പിച്ചിരുന്നത്. എന്നാല്‍, സ്വാതന്ത്യ്രാനന്തരം പ്രാദേശിക ഭാഷോന്നമനത്തിനായി എല്ലാ ജനവിഭാഗങ്ങളും ഒത്തൊരുമയോടെ പ്രയത്നിച്ചതിന്റെ ഫലമായാണ് ഭരണഘടന അംഗീകരിച്ച ഒരു ഭാഷാനയം നിലവില്‍വന്നത്. അതനുസരിച്ച് ഓരോ സംസ്ഥാനത്തിലെയും ഭൂരിപക്ഷ ഭാഷ അവിടത്തെ മാതൃഭാഷയും, ഇന്ത്യയില്‍ ഏറ്റവും അധികം ജനങ്ങള്‍ സംസാരിക്കുന്ന ഭാഷയായ ഹിന്ദി ദേശീയ ഭാഷയും ഇംഗ്ളീഷ് ബന്ധഭാഷയുമായിരിക്കുമെന്ന നിയമം വന്നു. അതോടൊപ്പംതന്നെ ഹിന്ദി പ്രചാരത്തിലില്ലാത്ത പ്രദേശങ്ങളില്‍ ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായി അംഗീകരിക്കാനും തീരുമാനിച്ചു. ഇതനുസരിച്ചാണ് ഭാരതത്തിലെ വിദ്യാലയങ്ങളില്‍ മാതൃഭാഷയും ഹിന്ദിയും ഇംഗ്ലീഷും ചേര്‍ന്ന ഒരു ത്രിഭാഷാപദ്ധതി പ്രാബല്യത്തില്‍ വന്നത്.

ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ ത്രിഭാഷാപദ്ധതി നടപ്പില്‍ വന്നിട്ട് വര്‍ഷങ്ങള്‍ ഏറെക്കഴിഞ്ഞിട്ടും ഉത്തര-ദക്ഷിണ ഭാഗങ്ങളിലെ ഭാഷാവാദം ഇന്നും തുടരുന്നു. ഹിന്ദിയെ ദേശീയ ഭാഷയായി കണക്കാക്കാന്‍ തമിഴ്നാട് തുടങ്ങിയ ദക്ഷിണേന്ത്യന്‍ പ്രദേശങ്ങള്‍ വൈമുഖ്യം കാണിക്കുന്നതാണ് കാരണം. ഇന്ത്യയുടെ രാഷ്ട്രഭാഷ ഹിന്ദിയാകണമെന്ന് ഗാന്ധിജി അഭിപ്രായപ്പെട്ടിരുന്നു. ഇന്ത്യന്‍ജനതയെയും ഭരണകൂടത്തെയും പരസ്പരം ബന്ധിപ്പിക്കാന്‍ ഇംഗ്ലീഷിനെക്കാള്‍ ഹിന്ദിക്കു കഴിയും എന്നതുകൊണ്ടാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്.

ഭാരതത്തോട് കൂടുതല്‍ ആഭിമുഖ്യം പുലര്‍ത്താനും നാനാത്വത്തില്‍ ഏകത്വം എന്ന തത്ത്വം ഫലവത്താക്കാനും വേണ്ടിയാണ് ഹിന്ദിക്ക് പ്രാമുഖ്യം കല്പിക്കുന്നത്. മാതൃഭാഷയ്ക്കും രാഷ്ട്രഭാഷയ്ക്കും വിശ്വവിജ്ഞാനത്തിന്റെ ജാലകമായ ഇംഗ്ലീഷിനും തുല്യപ്രാധാന്യമാണ് ത്രിഭാഷാപദ്ധതിയില്‍ നല്കിയിരിക്കുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍