This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ത്രിദോഷങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:59, 19 ഫെബ്രുവരി 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ത്രിദോഷങ്ങള്‍

ആയുര്‍വേദസിദ്ധാന്ത പ്രകാരം പ്രാണനു കാരണഭൂതമായ മൂന്ന് ഘടകങ്ങള്‍. ജീവശരീരത്തിന്റെ ഓരോ അംഗവും സദാ ഉത്പാദിച്ചുകൊണ്ടും സ്ഥിതിചെയ്തുകൊണ്ടും നശിച്ചുകൊണ്ടും ഇരിക്കുന്നു. ഇതിനു കാരണമായി പ്രവര്‍ത്തിക്കുന്ന ശക്തിവിശേഷമാണ് ത്രിദോഷങ്ങള്‍ അഥവാ വാതപിത്തകഫങ്ങള്‍. ഉത്പാദകശക്തി കഫവും സ്ഥാപകശക്തി പിത്തവും നാശകശക്തി വാതവുമാണ്. കഫത്തെക്കാള്‍ പിത്തത്തിനും, അതിനെക്കാള്‍ വാതത്തിനും പ്രാധാന്യമുണ്ട്. രോഗമുണ്ടാക്കത്തക്കവിധം ശരീരധാതുക്കളെയും മലങ്ങളെയും ദുഷിപ്പിക്കുന്നതുകൊണ്ടാണ് ഇവയ്ക്ക് ദോഷങ്ങള്‍ എന്നു പറയുന്നത്. പഞ്ചഭൂതങ്ങളില്‍ പൃഥ്വിജലങ്ങള്‍ കഫത്തിനും അഗ്നി പിത്തത്തിനും വായ്വാകാശങ്ങള്‍ വാതത്തിനും കാരണമായി വര്‍ത്തിക്കുന്നു. വാതപിത്തകഫങ്ങള്‍ മൂര്‍ത്തങ്ങളല്ല. ത്രിദോഷങ്ങള്‍ സര്‍വശരീരത്തിലും സദാ വ്യാപിച്ചുകൊണ്ടിരിക്കുന്നവയാണ്. ആയുസ്സ്, ദിനം, രാത്രി, ആഹാരകാലങ്ങള്‍ ഇവയുടെ ആദിയില്‍ കഫവും മധ്യത്തില്‍ പിത്തവും അന്ത്യത്തില്‍ വാതവും പ്രബലമായിരിക്കും. ജഠരാഗ്നി മന്ദമായും തീക്ഷ്ണമായും വിഷമമായും തീരുന്നത് ക്രമമായി കഫപിത്തവാതങ്ങളാലാണ്. സ്ത്രീപുരുഷ ബീജങ്ങളില്‍ അന്തര്‍ലീനമായിരിക്കുന്ന ത്രിദോഷങ്ങളില്‍ ഓരോന്നിന്റെയും ആധിക്യത്താല്‍ വാതപ്രകൃതിയും പിത്തപ്രകൃതിയും കഫപ്രകൃതിയുമായി ജീവികള്‍ ജനിക്കുന്നു. ത്രിദോഷങ്ങളില്‍ ഓരോന്നും സമാനഗുണങ്ങളോടുകൂടിയ ആഹാരവിഹാരങ്ങളുടെ ഉപയോഗത്താല്‍ വര്‍ധിക്കുകയും വിപരീതമായവയുടെ ഉപയോഗത്താല്‍ ക്ഷയിക്കുകയും സമവിപരീതങ്ങള്‍ ഇടകലര്‍ന്നിരുന്നാല്‍ സമാവസ്ഥയില്‍ നിലനില്ക്കുകയും ചെയ്യും. സമാവസ്ഥയില്‍ ശരീരത്തെ രോഗമുക്തമാക്കി നിലനിര്‍ത്തുകയും മറിച്ചായാല്‍ രോഗമുണ്ടാക്കി നിലനിര്‍ത്തുകയും ചെയ്യും.

വാതം. 'വാ' എന്ന ധാതുവില്‍നിന്ന് വായു അഥവാ വാതം എന്ന സംജ്ഞയുണ്ടായി. 'വാഗതി പ്രാപ്തിജ്ഞാനാര്‍ഥോ' എന്നതില്‍നിന്ന് ഗതി, പ്രാപ്തി, ജ്ഞാനം എന്നീ മൂന്നര്‍ഥങ്ങള്‍ ഉണ്ടെന്ന് വ്യക്തമാകുന്നു. അതായത്, ശരീരത്തിലെ ചേഷ്ടകള്‍ നിര്‍വഹിക്കുന്നതുകൊണ്ട് ഗതി; ആവശ്യമുള്ള ഘടകങ്ങളെ യഥാസ്ഥാനത്തെത്തിക്കുന്നതിനാല്‍ പ്രാപ്തി; പഞ്ചേന്ദ്രിയങ്ങളാല്‍ വിഷയങ്ങളെ ഗ്രഹിക്കുന്നതിനാല്‍ ജ്ഞാനം.

പക്വാശയം, അരക്കെട്ട്, കാല്, ശ്രോത്രേന്ദ്രിയം, അസ്ഥി, ത്വക്ക് ഇവ വാതത്തിന്റെ സ്ഥാനങ്ങളാണ്. പ്രധാന സ്ഥാനം പക്വാശയമാണ്. ഏതിനോടു ചേര്‍ന്നാലും അതിന്റെ ഗുണങ്ങളെയും വഹിക്കുവാനുള്ള കഴിവുള്ളതിനാല്‍ വാതം യോഗവാഹി എന്നും അറിയപ്പെടുന്നു. സംജ്ഞാപരവും ചേഷ്ടാപരവും ആയ ജീവപ്രവര്‍ത്തനത്തിനു പ്രേരകമായി വര്‍ത്തിക്കുകയും മറ്റു ദോഷങ്ങളുടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുകയും ചെയ്യുന്നു. പ്രകൃതിയില്‍ ഭൂമിയെ ധരിച്ചുകൊണ്ട് കാറ്റ്, ഋതുവ്യത്യാസം ഇവ ഉണ്ടാക്കുന്നു. അഗ്നിയെ ജ്വലിപ്പിക്കുന്നു. നക്ഷത്രങ്ങള്‍, മേഘം, മഴക്കാറ് ഇവയുടെ ചലനവും പ്രവര്‍ത്തനവും നിര്‍വഹിക്കുന്നു. ശരീരത്തെ ധരിച്ചുകൊണ്ട് പ്രസ്പന്ദനം, ഉദ്വഹനം, വിവേചനം, പൂരണം, ധാരണം എന്നീ ധര്‍മങ്ങളാല്‍ സര്‍വചേഷ്ടകള്‍ക്കും കാരണമായി വര്‍ത്തിക്കുന്നു. വാക് പാണി പാദങ്ങളാലുള്ള എല്ലാ ചേഷ്ടകള്‍ക്കും പ്രേരകമാകുന്നു. രൂക്ഷത, ലാഘവം, ശൈത്യം, കാഠിന്യം, സൂക്ഷ്മത, ചലനം എന്നിവ ഗുണങ്ങളാണ്. വാതം ശരീരത്തില്‍ ചെയ്യുന്ന പ്രവൃത്തികളെ ആശ്രയിച്ച് പ്രാണന്‍, ഉദാനന്‍, വ്യാനന്‍, സമാനന്‍, അപാനന്‍ എന്നിങ്ങനെ അഞ്ചായി തരം തിരിച്ചിരിക്കുന്നു. മധുരാമ്ളലവണ രസങ്ങള്‍ വാതത്തെ ശമിപ്പിക്കുകയും തിക്ത, കടു, കഷായ രസങ്ങള്‍ വാതത്തെ വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍