This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ത്രിദോഷങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ത്രിദോഷങ്ങള്‍

ആയുര്‍വേദസിദ്ധാന്ത പ്രകാരം പ്രാണനു കാരണഭൂതമായ മൂന്ന് ഘടകങ്ങള്‍. ജീവശരീരത്തിന്റെ ഓരോ അംഗവും സദാ ഉത്പാദിച്ചുകൊണ്ടും സ്ഥിതിചെയ്തുകൊണ്ടും നശിച്ചുകൊണ്ടും ഇരിക്കുന്നു. ഇതിനു കാരണമായി പ്രവര്‍ത്തിക്കുന്ന ശക്തിവിശേഷമാണ് ത്രിദോഷങ്ങള്‍ അഥവാ വാതപിത്തകഫങ്ങള്‍. ഉത്പാദകശക്തി കഫവും സ്ഥാപകശക്തി പിത്തവും നാശകശക്തി വാതവുമാണ്. കഫത്തെക്കാള്‍ പിത്തത്തിനും, അതിനെക്കാള്‍ വാതത്തിനും പ്രാധാന്യമുണ്ട്. രോഗമുണ്ടാക്കത്തക്കവിധം ശരീരധാതുക്കളെയും മലങ്ങളെയും ദുഷിപ്പിക്കുന്നതുകൊണ്ടാണ് ഇവയ്ക്ക് ദോഷങ്ങള്‍ എന്നു പറയുന്നത്. പഞ്ചഭൂതങ്ങളില്‍ പൃഥ്വിജലങ്ങള്‍ കഫത്തിനും അഗ്നി പിത്തത്തിനും വായ്വാകാശങ്ങള്‍ വാതത്തിനും കാരണമായി വര്‍ത്തിക്കുന്നു. വാതപിത്തകഫങ്ങള്‍ മൂര്‍ത്തങ്ങളല്ല. ത്രിദോഷങ്ങള്‍ സര്‍വശരീരത്തിലും സദാ വ്യാപിച്ചുകൊണ്ടിരിക്കുന്നവയാണ്. ആയുസ്സ്, ദിനം, രാത്രി, ആഹാരകാലങ്ങള്‍ ഇവയുടെ ആദിയില്‍ കഫവും മധ്യത്തില്‍ പിത്തവും അന്ത്യത്തില്‍ വാതവും പ്രബലമായിരിക്കും. ജഠരാഗ്നി മന്ദമായും തീക്ഷ്ണമായും വിഷമമായും തീരുന്നത് ക്രമമായി കഫപിത്തവാതങ്ങളാലാണ്. സ്ത്രീപുരുഷ ബീജങ്ങളില്‍ അന്തര്‍ലീനമായിരിക്കുന്ന ത്രിദോഷങ്ങളില്‍ ഓരോന്നിന്റെയും ആധിക്യത്താല്‍ വാതപ്രകൃതിയും പിത്തപ്രകൃതിയും കഫപ്രകൃതിയുമായി ജീവികള്‍ ജനിക്കുന്നു. ത്രിദോഷങ്ങളില്‍ ഓരോന്നും സമാനഗുണങ്ങളോടുകൂടിയ ആഹാരവിഹാരങ്ങളുടെ ഉപയോഗത്താല്‍ വര്‍ധിക്കുകയും വിപരീതമായവയുടെ ഉപയോഗത്താല്‍ ക്ഷയിക്കുകയും സമവിപരീതങ്ങള്‍ ഇടകലര്‍ന്നിരുന്നാല്‍ സമാവസ്ഥയില്‍ നിലനില്ക്കുകയും ചെയ്യും. സമാവസ്ഥയില്‍ ശരീരത്തെ രോഗമുക്തമാക്കി നിലനിര്‍ത്തുകയും മറിച്ചായാല്‍ രോഗമുണ്ടാക്കി നിലനിര്‍ത്തുകയും ചെയ്യും.

വാതം. 'വാ' എന്ന ധാതുവില്‍നിന്ന് വായു അഥവാ വാതം എന്ന സംജ്ഞയുണ്ടായി. 'വാഗതി പ്രാപ്തിജ്ഞാനാര്‍ഥോ' എന്നതില്‍നിന്ന് ഗതി, പ്രാപ്തി, ജ്ഞാനം എന്നീ മൂന്നര്‍ഥങ്ങള്‍ ഉണ്ടെന്ന് വ്യക്തമാകുന്നു. അതായത്, ശരീരത്തിലെ ചേഷ്ടകള്‍ നിര്‍വഹിക്കുന്നതുകൊണ്ട് ഗതി; ആവശ്യമുള്ള ഘടകങ്ങളെ യഥാസ്ഥാനത്തെത്തിക്കുന്നതിനാല്‍ പ്രാപ്തി; പഞ്ചേന്ദ്രിയങ്ങളാല്‍ വിഷയങ്ങളെ ഗ്രഹിക്കുന്നതിനാല്‍ ജ്ഞാനം.

പക്വാശയം, അരക്കെട്ട്, കാല്, ശ്രോത്രേന്ദ്രിയം, അസ്ഥി, ത്വക്ക് ഇവ വാതത്തിന്റെ സ്ഥാനങ്ങളാണ്. പ്രധാന സ്ഥാനം പക്വാശയമാണ്. ഏതിനോടു ചേര്‍ന്നാലും അതിന്റെ ഗുണങ്ങളെയും വഹിക്കുവാനുള്ള കഴിവുള്ളതിനാല്‍ വാതം യോഗവാഹി എന്നും അറിയപ്പെടുന്നു. സംജ്ഞാപരവും ചേഷ്ടാപരവും ആയ ജീവപ്രവര്‍ത്തനത്തിനു പ്രേരകമായി വര്‍ത്തിക്കുകയും മറ്റു ദോഷങ്ങളുടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുകയും ചെയ്യുന്നു. പ്രകൃതിയില്‍ ഭൂമിയെ ധരിച്ചുകൊണ്ട് കാറ്റ്, ഋതുവ്യത്യാസം ഇവ ഉണ്ടാക്കുന്നു. അഗ്നിയെ ജ്വലിപ്പിക്കുന്നു. നക്ഷത്രങ്ങള്‍, മേഘം, മഴക്കാറ് ഇവയുടെ ചലനവും പ്രവര്‍ത്തനവും നിര്‍വഹിക്കുന്നു. ശരീരത്തെ ധരിച്ചുകൊണ്ട് പ്രസ്പന്ദനം, ഉദ്വഹനം, വിവേചനം, പൂരണം, ധാരണം എന്നീ ധര്‍മങ്ങളാല്‍ സര്‍വചേഷ്ടകള്‍ക്കും കാരണമായി വര്‍ത്തിക്കുന്നു. വാക് പാണി പാദങ്ങളാലുള്ള എല്ലാ ചേഷ്ടകള്‍ക്കും പ്രേരകമാകുന്നു. രൂക്ഷത, ലാഘവം, ശൈത്യം, കാഠിന്യം, സൂക്ഷ്മത, ചലനം എന്നിവ ഗുണങ്ങളാണ്. വാതം ശരീരത്തില്‍ ചെയ്യുന്ന പ്രവൃത്തികളെ ആശ്രയിച്ച് പ്രാണന്‍, ഉദാനന്‍, വ്യാനന്‍, സമാനന്‍, അപാനന്‍ എന്നിങ്ങനെ അഞ്ചായി തരം തിരിച്ചിരിക്കുന്നു. മധുരാമ്ലലവണ രസങ്ങള്‍ വാതത്തെ ശമിപ്പിക്കുകയും തിക്ത, കടു, കഷായ രസങ്ങള്‍ വാതത്തെ വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

പിത്തം. 'തപ്' ധാതുവില്‍നിന്ന് പിത്തശബ്ദമുണ്ടായി. 'തപസന്താപേ'. തപിപ്പിക്കുക, പചിപ്പിക്കുക എന്നീ ധര്‍മങ്ങളില്‍നിന്നാണ് ഈ സംജ്ഞയുടെ ഉത്പത്തി. ശരീരരക്ഷയ്ക്ക് ഉതകുംവിധം പാചനം, പരിണാമം, ചൂട് എന്നിവയെ നിലനിര്‍ത്തുന്നത് പിത്തമാണ്. സ്ഥൂലവും സൂക്ഷ്മവുമായ രൂപഭാവങ്ങള്‍ ഉണ്ട്. നാഭി, ആമാശയം, വിയര്‍പ്പ്, ലസിക, രക്തം, രസധാതു, ദര്‍ശനേന്ദ്രിയം, സ്പര്‍ശനേന്ദ്രിയം ഇവ പിത്തത്തിന്റെ സ്ഥാനങ്ങളാണ്. നാഭി പ്രധാന സ്ഥാനമാണ്. അല്പമായ സ്നേഹഗുണം, തീക്ഷ്ണം, ഉഷ്ണം, ലഘു, വിസ്രം (ചീഞ്ഞ നാറ്റം), സരം, ദ്രവം ഇവ പിത്തത്തിന്റെ ഗുണങ്ങളാണ്. ശരീരത്തില്‍ ചെയ്യുന്ന കര്‍മത്തെ അടിസ്ഥാനമാക്കി പാചകം, രഞ്ജകം, സാധകം, ആലോചനം, ഭ്രാജകം എന്നിങ്ങനെ പിത്തത്തെ അഞ്ചായി തിരിച്ചിട്ടുണ്ട്. ആഹാരപചനം, ശരീരോഷ്മാവ്, ദര്‍ശനശക്തി, വിശപ്പ്, ദാഹം, രുചി, ദേഹകാന്തി, ധാരണാശക്തി, ബുദ്ധി, ശൌര്യം, ശരീരമാര്‍ദവം എന്നിവ പിത്തത്താല്‍ നിര്‍വഹിക്കപ്പെടുന്നു. കഷായ, തിക്ത, മധുര രസങ്ങള്‍ പിത്തത്തെ ശമിപ്പിക്കുന്നു. അമ്ല, ലവണ, കടു രസങ്ങള്‍ പിത്തത്തെ വര്‍ധിപ്പിക്കുന്നു.

കഫം. കഫത്തിനെ ശ്ലേഷ്മാവ് എന്നും പറയാറുണ്ട്. 'ശ്ലിഷ്' ധാതുവില്‍നിന്ന് ശ്ലേഷ്മാവ് എന്ന ശബ്ദമുണ്ടായി. 'ശ്ലിഷ് ആലിംഗനേ'. കൂടിച്ചേരുക, ഒട്ടിച്ചേരുക എന്നിവ ഇതിന്റെ അര്‍ഥങ്ങളായിവരുന്നു. ശരീരാവയവങ്ങളുടെയും അന്തഃകോശങ്ങളുടെയും സംയോജനം നിര്‍വഹിക്കുന്നത് ശ്ലേഷ്മാവാണ്. ജലസേവകൊണ്ട് കഫം വര്‍ധിക്കുന്നു. ശരീരപുഷ്ടിക്കും ബലസമ്പത്തിനും കഫത്തിന് കൂടുതല്‍ പ്രാധാന്യമുണ്ട്. സ്നിഗ്ധത, ശീതം, ഗുരു, മന്ദം, ശ്ലഷ്ണം, മൃത്സനം, സ്ഥിരം എന്നീ ഗുണങ്ങള്‍ കഫത്തിന്റേതാണ്. ഉരസ്സ്, കണ്ഠം, ശിരസ്സ്, ക്ലോമം, സന്ധികള്‍, ആമാശയം, രസധാതു, മേദോധാതു, പ്രാണേന്ദ്രിയം, രസനേന്ദ്രിയം എന്നിവ സ്ഥാനങ്ങളാണ്. ഹൃദയത്തിനു മേല്‍ഭാഗം പൊതുവേ കഫ സ്ഥാനമാണെങ്കിലും ഉരസ്സ് പ്രധാന സ്ഥാനമാണ്. ശരീരത്തില്‍ നിര്‍വഹിക്കുന്ന കര്‍മങ്ങളെ ആസ്പദമാക്കി കഫത്തെ അവലംബകം, ക്ലേദകം, ബോധകം, തര്‍പ്പകം, ശ്ലേഷകം എന്നിങ്ങനെ അഞ്ചായി തിരിച്ചിട്ടുണ്ട്. തിക്തം, കടുരസം, കഷായരസം എന്നിവ കഫത്തെ ശമിപ്പിക്കും. സ്വാദ്വമ്ളലവണ രസങ്ങള്‍ കഫത്തെ ഉണ്ടാക്കും.

(ഡോ. പി.എസ്. ശ്യാമളകുമാരി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍