This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ത്രിത്വം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ത്രിത്വം

Trinity


ക്രൈസ്തവ വിശ്വാസപ്രകാരമുള്ള ദൈവസങ്കല്പം. ഏക ദൈവത്തില്‍ പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്നീ മൂന്ന് വ്യക്തികള്‍ ഉണ്ടെന്നതാണ് ക്രൈസ്തവ സമൂഹത്തിന്റെ അടിസ്ഥാന വിശ്വാസം. ഒരു ദൈവം മാത്രമേ ഉള്ളൂ. അവിടുന്ന് ജ്ഞാനത്തിലും അധികാരത്തിലും നന്മയിലും മറ്റുള്ള എല്ലാ പരിപൂര്‍ണതകളിലും അനന്തനാണ്. ദൈവം തന്റെ സര്‍വശക്തിയാല്‍ സകലതിനെയും സൃഷ്ടിച്ചു. ദൈവം ദീര്‍ഘദൃഷ്ടിയാല്‍ സര്‍വത്തെയും ഭരിക്കുന്നു. ഈ ത്രിത്വത്തിലെ രണ്ടാമത്തെ ആള്‍ ആയ പുത്രനാണ് മനുഷ്യനായി ജീവിച്ച്, കുരിശുമരണം വരിച്ച്, ഒടുവില്‍ ഉയിര്‍ത്തെഴുന്നേറ്റ് സ്വര്‍ഗാരോഹണം ചെയ്ത യേശുക്രിസ്തു. സ്വര്‍ഗാരോഹണം ചെയ്തശേഷം ക്രിസ്തു തന്റെ ശിഷ്യന്മാരുടെ മേല്‍ തീനാവുകളുടെ രൂപത്തില്‍ അയച്ച പരിശുദ്ധാത്മാവ് ത്രിത്വത്തിലെ മൂന്നാമത്തെ ആള്‍. ക്രൈസ്തവ വിശ്വാസത്തെയും ക്രൈസ്തവ ദൈവശാസ്ത്രത്തെയും ക്രൈസ്തവ ധര്‍മനിഷ്ഠയെയും സപര്‍ശിച്ചുപോകുന്ന ഒരു ആശയമാണിത്. ക്രൈസ്തവ ദൈവവിശ്വാസത്തിന്റെ സംഗ്രഹമാണ് ത്രിത്വത്തിലുള്ള വിശ്വാസം.

ത്രിത്വം എന്ന ആശയം ക്രിസ്തുമത വിശ്വാസത്തില്‍ കടന്നുവന്നത് എപ്പോള്‍ മുതലാണെന്ന കാര്യം വ്യക്തമല്ല. ക്രൈസ്തവ വിശ്വാസത്തിന്റ അടിസ്ഥാനമായ ബൈബിളിലെ പഴയനിയമത്തില്‍ ത്രിത്വം എന്ന ആശയം ഇല്ല. ഏക ദൈവ വിശ്വാസികളായ യഹൂദര്‍ 'യഹോവ'യെ ദൈവമായി ആരാധിച്ചിരുന്നു. യഹോവയായ ദൈവത്തെ ഏക വ്യക്തിയായി അവര്‍ ആരാധിച്ചിരുന്നുവെങ്കിലും യഹോവയില്‍ ബഹുത്വം (Plurality) ഉണ്ടായിരുന്നുവെന്ന് ചില സൂചനകള്‍ ഉണ്ട്. ഉദാഹരണമായി ഉല്പത്തിപുസ്തകത്തിലെ ഒന്നാം അധ്യായം 26-ാം വാക്യത്തില്‍ ദൈവം പറയുന്നത് 'നമ്മുടെ പ്രതിഛായയില്‍ നമുക്കു സദൃശ്യനായി മനുഷ്യനെ നാം സൃഷ്ടിക്കട്ടെ' എന്നാണ്. ദൈവത്തില്‍ ഒന്നിലധികം ആള്‍ക്കാര്‍ ഉണ്ടെന്ന സൂചന ഇവിടെ പ്രകടമാകുന്നു. ഉല്പത്തിപുസ്തകം മൂന്നാം അധ്യായം 22-ാം വാക്യത്തിലും, 11-ാം അധ്യായം ഏഴാം വാക്യത്തിലും ദൈവത്തിന്റെ ബഹുത്വത്തെക്കുറിച്ച് സൂചനകളുണ്ട്. ദൈവവചന വ്യാഖ്യാതാക്കളുടെ (Exegets) അഭിപ്രായത്തില്‍ പുതിയനിയമത്തിലെ (ക്രിസ്തുവിന്റ ജനനത്തിനുശേഷം) ആദ്യ നൂറ്റാണ്ടുകളില്‍ ത്രിത്വത്തെക്കുറിച്ചുള്ള പരാമര്‍ശമില്ല. പിതാവായ ദൈവത്തിനായിരുന്നു ദൈവികസ്ഥാനം നല്കിയിരുന്നത്. യേശുക്രിസ്തുവിന്റെ പിതാവായിട്ടാണ് ഇക്കാലത്ത് ദൈവത്തെ ചിത്രീകരിച്ചിരുന്നത്. ഏക ദൈവം എന്ന അര്‍ഥത്തിലാണ് പിതാവ് (Father) എന്ന പദത്തെ ആദ്യ നൂറ്റാണ്ടുകളില്‍ പുതിയനിയമം വീക്ഷിച്ചിരുന്നത്. തിമോത്തിക്കുള്ള ഒന്നാം ലേഖനത്തില്‍ പൌലോസ് അപ്പോസ്തലന്‍ പറയുന്നു (1 തിമോത്തി 2:5-6) 'ദൈവം ഒന്നേയുള്ളൂ. ദൈവത്തിനും മനുഷ്യര്‍ക്കും ഇടയില്‍ ഒരു മധ്യസ്ഥനേ ഉള്ളൂ. മനുഷ്യനായ യേശുക്രിസ്തു.' ക്രിസ്തുവിനെ ഒരു മനുഷ്യനായ മധ്യസ്ഥനായി കാണുവാനേ പൗലോസ് അപ്പോസ്തലനു കഴിഞ്ഞുള്ളൂ. എന്നാല്‍ കാലക്രമത്തില്‍ ചില ക്രൈസ്തവ പണ്ഡിതന്മാര്‍ ക്രിസ്തുവിനും ദൈവരൂപം നല്കി. 'നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ പിതാവ്' എന്ന് അവര്‍ ദൈവത്തെ വിശേഷിപ്പിക്കുവാന്‍ തുടങ്ങിയപ്പോള്‍ ദൈവത്തിന് ദ്വൈതസ്വഭാവം (Binitarian) നല്കപ്പെട്ടു. പില്കാലത്ത് പരിശുദ്ധാത്മാവിനും ദൈവിക സ്വഭാവം ചില പണ്ഡിതര്‍ നല്കി. 'ക്രിസ്തുവിനെ അയച്ചത് പിതാവായ ദൈവമാകുന്നു. പരിശുദ്ധാത്മാവിനെ അപ്പോസ്തലന്മാരുടെ മേല്‍ അയച്ചത് ക്രിസ്തുവാണ്. ക്രിസ്തുവും പരിശുദ്ധാത്മാവും തിരിച്ചെത്തുന്നത് പിതാവായ ദൈവത്തിലേക്കാണ്. ഇസ്രായേലുമായി ഉടമ്പടി ഉണ്ടാക്കിയതും, പ്രവാചകരിലൂടെ സംസാരിച്ചതും, ക്രിസ്തുവില്‍ ജീവിക്കുന്നതും, പരിശുദ്ധാത്മാവില്‍ നിവസിക്കുന്നതും പിതാവായ ദൈവം ആയിരുന്നു' എന്ന വിശ്വാസം എ.ഡി. നാലാം ശ.-ത്തില്‍ ശക്തമായിത്തീര്‍ന്നു. എ.ഡി. നാലാം ശ.-ത്തിനു മുമ്പുതന്നെ ക്രിസ്തുവിന് പിതാവുമായിട്ടുള്ള ബന്ധം എന്തായിരുന്നു, മനുഷ്യരുടെ രക്ഷയില്‍ ക്രിസ്തുവിനുള്ള പങ്കാളിത്തം എന്തായിരുന്നു തുടങ്ങിയ കാര്യങ്ങളില്‍ വേദശാസ്ത്രപണ്ഡിതന്മാര്‍ വിവിധ അഭിപ്രായങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. എ.ഡി. 325-ല്‍ കൂടിയ നിഖ്യാസൂനഹദോസ് ക്രിസ്തുവിന്റെ ദൈവികമായ പദവി അംഗീകരിച്ചു എ.ഡി. 381-ല്‍ കൂടിയ കോണ്‍സ്റ്റാന്റിനോപ്പിള്‍ സൂനഹദോസില്‍ പരിശുദ്ധാത്മാവിന്റെ ദൈവികത്വം ചര്‍ച്ച ചെയ്യപ്പെട്ടു. കേസറിയായിലെ ബേസീല്‍ (Basil of Caesaria), ന്യാസായിലെ ഗ്രിഗറി (Gregory of Nyassa), നാസ്സിയാന്‍സസിലെ ഗ്രിഗറി (Gregory of Nasiansus) എന്നീ വേദശാസ്ത്ര പണ്ഡിതന്മാരാണ് ഈ ചര്‍ച്ചകള്‍ക്ക് മുന്‍കൈ എടുത്തത്. പിതാവിനും ക്രിസ്തുവിനും പരിശുദ്ധാത്മാവിനും ദൈവിക പദവി നല്കിക്കൊണ്ടുള്ള ത്രിത്വ സിദ്ധാന്തം (Trinitarian) രൂപം കൊണ്ടത് എ.ഡി. നാലാം ശ.-ത്തിന്റെ അവസാനത്തോടുകൂടിയായിരുന്നു. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും പേരില്‍ വിശ്വാസികളെ സ്നാനപ്പെടുത്തുവാന്‍ തുടങ്ങിയത് ഇക്കാലത്താണ്. ദൈവം ഒന്നാണെന്നും, ദൈവത്തില്‍ മൂന്ന് വ്യക്തികള്‍ ഉണ്ടെന്നും ഉള്ള ചിന്താഗതി യാഥാസ്ഥിതിക ക്രൈസ്തവരുടെയിടയില്‍ ശക്തമായിത്തീര്‍ന്നു. എ.ഡി. 430 ആയപ്പോഴേക്കും വിശുദ്ധ അഗസ്റ്റീന്‍ ത്രിത്വസിദ്ധാന്തത്തെ അംഗീകരിച്ചു. എ.ഡി. 1274-ല്‍ വിശുദ്ധ തോമസ് അക്വീനാസും ത്രിത്വസിദ്ധാന്തത്തെ അംഗീകരിച്ചു. പിതാവിലൂടെ ദൈവത്വം പുത്രനിലേക്കു ബഹിര്‍ഗമിക്കുന്നു. പുത്രനില്‍ നിന്ന് ദൈവത്വം പരിശുദ്ധാത്മാവിലേക്കു ബഹിര്‍ഗമിക്കുന്നു. ദൈവത്വം ഭൂമിയിലേക്കു ബഹിര്‍ഗമിക്കുന്നതിനുള്ള പാതയാണ് പരിശുദ്ധാത്മാവ്: ഈ മൂന്ന് വ്യക്തികളെയും തമ്മില്‍ യോജിപ്പിക്കുന്ന ഘടകമാണ് സ്നേഹം. അതായത് പിതാവ് പുത്രനെയും പുത്രന്‍ പരിശുദ്ധാത്മാവിനെയും പരിശുദ്ധാത്മാവ് പിതാവിനെയും നിരന്തരം സ്നേഹിച്ചുകൊണ്ട് ത്രിത്വത്തെ നിലനിര്‍ത്തുന്നു. ഒരേ സ്വഭാവത്തിലുള്ള മൂന്ന് വ്യക്തികളാണ് ത്രിത്വത്തില്‍ ഉള്ളത്. സ്വയം പ്രകടമാക്കുന്ന (Self Communicatng) സ്നേഹമാണ് ത്രിത്വൈക ദൈവം.

ക്രൈസ്തവരുടെ ത്രിത്വ വിശ്വാസത്തെ പലരും വിമര്‍ശിച്ചിട്ടുണ്ട്. മൂന്ന് വ്യക്തികളെ വിശ്വസിച്ചാരാധിക്കുന്ന ക്രൈസ്തവര്‍ ഏകദൈവ വിശ്വാസികളല്ല, പ്രത്യുത മൂന്ന് ദൈവങ്ങളെ ആരാധിക്കുന്നവരാണെന്ന ആക്ഷേപം ആദ്യമേ ഉണ്ടായിരുന്നു. ദൈവം അത്യുത്കൃഷ്ടനും പരിപൂര്‍ണ പരമരഹസ്യവും ആയതുകൊണ്ട് ദൈവത്തിന്റെ യാഥാര്‍ഥ്യം മനുഷ്യബുദ്ധിയിലൂടെ തെളിയിക്കുവാന്‍ സാധ്യമല്ല. ക്രൈസ്തവ വിശ്വാസം അംഗീകരിച്ചിട്ടുള്ള, ബൈബിളിലൂടെ വെളിപ്പെടുത്തപ്പെട്ടിരിക്കുന്ന ഒരു അജ്ഞേയ ദൈവത്തെ(Incomprehensible)യാണ് ത്രിത്വസിദ്ധാന്തം വെളിപ്പെടുത്തുന്നത്. പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും പുരുഷരൂപം നല്കുന്നതിനെ വനിതാവിമോചന പ്രസ്ഥാനങ്ങള്‍ എതിര്‍ക്കുന്നു.


(പ്രൊഫ. നേശന്‍ ടി. മാത്യു)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍