This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ത്രായമാണം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ത്രായമാണം

Indian Gentian

ജന്‍ഷ്യനേസീ (Gentainaceae) കുടുംബത്തില്‍പ്പെടുന്ന ഔഷധസസ്യം. ശാസ്ത്രനാമം: ജന്‍ഷ്യാന കുറു (Gentiana kuroo). ആയുര്‍വേദത്തില്‍ പരാമര്‍ശിക്കപ്പെടുന്ന സ്നിഗ്ധൗഷധങ്ങളില്‍ ഒന്നാണ് ഇത്. ഒന്നിലേറെ സസ്യങ്ങള്‍ ത്രായമാണം എന്ന പേരില്‍ അറിയപ്പെടുന്നുണ്ട്. റാനന്‍കുലേസീ (Ranunculaceae) സസ്യകുടുംബത്തില്‍പ്പെടുന്ന ഡെല്‍ഫിനിയം സലില്‍ (Delphinium zalil), താലിക്ട്രം ഫോളിയോലോസം (Thalictrum foliolosm)എന്നീ സസ്യങ്ങളും മോറേസീ കുടുംബത്തിലുള്‍പ്പെടുന്ന ഫൈക്കസ് ഹെറ്റിറോഫില്ല(Ficus heterophylla)യും ത്രായമാണം എന്ന പേരില്‍ ത്തന്നെയാണ് അറിയപ്പെടുന്നത്. എന്നാല്‍ നീല പുഷ്പമുള്ളതും തിക്തം, ജ്വരഘ്നം തുടങ്ങിയ രാസഗുണങ്ങളുള്ളതുമായ ജന്‍ഷ്യാന കുറു എന്ന ഓഷധിയാണ് യഥാര്‍ഥ ത്രായമാണം. സംസ്കൃതത്തില്‍ ത്രായമാണ, ത്രായന്തി, ഗിരിജഃ, ബലദേവഃ, രോഹിണീ, നീലപുഷ്പി, ബലഭദ്രഃ, വാര്‍ഷികഃ, അനാര്യതിക്തഃ എന്നീ പേരുകളിലറിയപ്പെടുന്ന ജന്‍ഷ്യാനയ്ക്ക് തുമ്മി എന്നും പേരുണ്ട്.

ത്രായമാണം

കാശ്മീര്‍, ഹിമാചല്‍പ്രദേശ്, ഉത്തര്‍പ്രദേശിന്റെ വടക്കന്‍ ഭാഗങ്ങളായ ഗഢ്വാള്‍, കുമയൂണ്‍ തുടങ്ങിയ പ്രദേശങ്ങളിലെ 1500-3500 മീ. ഉയരമുള്ള കുന്നിന്‍പുറങ്ങളില്‍ ഇത് വനസസ്യമായി വളരുന്നു. 10-30 സെ.മീ. ഉയരത്തില്‍ വളരുന്ന ബഹുവര്‍ഷിയായ ത്രായമാണത്തിന്റെ പ്രകന്ദം തടിച്ചുരുണ്ടതാണ്. സസ്യത്തിന്റെ ചുവട്ടില്‍നിന്ന് ജോഡികളായി ഇടതൂര്‍ന്ന് കൂട്ടമായാണ് ഇലകള്‍ ഉണ്ടാകുന്നത്. ഇലകളുടെ ആധാരഭാഗവും അഗ്രഭാഗവും വീതി കുറഞ്ഞും മധ്യഭാഗം വീതി കൂടിയും കാണപ്പെടുന്നു. പുഷ്പങ്ങള്‍ ഒറ്റയായോ രണ്ടോ മൂന്നോ എണ്ണമായിട്ടോ ഉണ്ടാകുന്നു. പുഷ്പങ്ങള്‍ക്ക് നീലനിറമാണ്. ബാഹ്യദളങ്ങളും ദളങ്ങളും കേസരങ്ങളും അഞ്ചെണ്ണം വീതമായിരിക്കും. ആറ് സെന്റിമീറ്ററോളം നീളം വരുന്ന സംപുടമാണ് കായ്.

ത്രായമാണത്തിന്റെ വേരും പുഷ്പവും സമൂലവും ഔഷധമായി ഉപയോഗിക്കുന്നു. പ്രധാനമായും ആല്‍ക്കലോയ്ഡുകള്‍ അടങ്ങിയ ത്രായമാണം ദഹനശക്തി വര്‍ധിപ്പിക്കുകയും യകൃത്ത് വികാരങ്ങളെ ശമിപ്പിക്കുകയും ചെയ്യുന്നു. യകൃത്തില്‍നിന്നുള്ള ആഗ്നേയ രസങ്ങളെ ഉത്തേജിപ്പിക്കുന്നതിനും ശരീരതാപം കുറയ്ക്കുന്നതിനും ഗര്‍ഭിണികള്‍ക്കുണ്ടാകുന്ന വേദനയും ഗുല്മം, കഫം, പിത്തം തുടങ്ങിയവ ശമിപ്പിക്കുന്നതിനും ഉത്തമമാണ്. ത്രായമാണം സമൂലം അരച്ച് മൂന്ന് ഗ്രാം വീതം പാലില്‍ കലക്കി കഴിച്ചാല്‍ ജ്വരവും പിത്തവും ശമിക്കും.

ത്രായമാണത്തെ ധന്വന്തരി നിഘണ്ടുവില്‍ ഇപ്രകാരം വിശേഷിപ്പിച്ചിരിക്കുന്നു:

'ത്രായന്തീ കഫ പിത്താസ്രഗുല്മ ജ്വര ഹരാമതാ

ഉഷ്ണകടുകഷായാ ച സൂതികാ ശൂലനാശനീ.'

സഹസ്രയോഗം, അമരകോശം, കാണിപ്പയ്യൂരിന്റെ സംസ്കൃത മലയാള നിഘണ്ടു എന്നീ ഗ്രന്ഥങ്ങളില്‍ ത്രായമാണത്തെ ബ്രഹ്മി എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍