This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തോലുഴിച്ചില്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

തോലുഴിച്ചില്‍

ഒരു അനുഷ്ഠാനം. കണ്ണേറ്, നാവേറ്, കരപ്പന്‍, വീക്കം തുടങ്ങിയവ നീക്കുവാനായി നടത്തുന്ന മാന്ത്രിക കര്‍മമാണിത്. തോല് (ഇല)കൊണ്ട് ഉഴിയുന്ന ചടങ്ങ് എന്ന അര്‍ഥത്തിലാണ് തോലുഴിച്ചില്‍ എന്ന പേര് വന്നിട്ടുള്ളത്. കരിനൊച്ചില്‍, കരിഞെഴുക്, കാരെരുക്ക് എന്നിവയുടെ തോലാണ് ഇതിനുപയോഗിക്കുക. തെക്കന്‍ കേരളത്തില്‍ വേപ്പിലയാണ് ഉഴിയാനായി ഉപയോഗിക്കുന്നത്. മലയര്‍, പാണര്‍, വേലര്‍, മാവിലര്‍, ചിറവര്‍ എന്നീ സമുദായക്കാരാണ് ഈ അനുഷ്ഠാനകര്‍മം നടത്തുക. മലയര്‍ക്ക് ഇതിനുള്ള അവകാശം ലഭിച്ചത് പരാശക്തിയില്‍നിന്നും കുന്നിന്‍മുകളില്‍നിന്നും ഭൂമിദേവിയില്‍നിന്നുമാണെന്ന് 'കണ്ണേറുമാല' എന്ന പാട്ടില്‍ പ്രസ്താവിച്ചിട്ടുണ്ട്. തോലുഴിച്ചില്‍ നടത്തുന്നതിനായി ഉത്തരകേരളത്തില്‍ ആദ്യം ചെയ്യുന്നത് വാഴപ്പോളകൊണ്ട് ഒരു മാടമുണ്ടാക്കുകയാണ്. ദോഷം ബാധിച്ചയാളെ (പിണിയാളെ) അതിലിരുത്തും. പാലക്കൊമ്പില്‍ വെറ്റില, അടയ്ക്ക, കോല്‍ത്തിരി, ശരം എന്നിവ ഉഴിഞ്ഞുവയ്ക്കലാണ് അടുത്ത ഘട്ടം. തുടര്‍ന്ന് പാലക്കൊമ്പും കൈതയും കാഞ്ഞിരവും കുലവാഴയും ഇലഞ്ഞിയുമൊക്കെ മാടത്തിനരികില്‍ കുഴിച്ചിടും. ഭസ്മസ്നാനമാണ് അടുത്ത ചടങ്ങ്. അതിനുശേഷം തോലുഴിച്ചില്‍ ആരംഭിക്കും. മന്ത്രവാദപ്പാട്ടുകള്‍ പാടിക്കൊണ്ടാണ് ഉഴിച്ചില്‍ നടത്തുക. ഉത്തരകേരളത്തില്‍ രണ്ടുമൂന്നു ദിവസം നീണ്ടുനില്ക്കുന്ന ചടങ്ങുകളുണ്ട്. ചിലയിടങ്ങളില്‍ കളവും വരയ്ക്കും. കുഴിബലി, ഉച്ചബലി, ചെങ്കുരുതി, കരിംകുരുതി എന്നിവയും ഈ വേളയില്‍ നടത്തുന്നു. മലയന്മാരുടെ തോലുഴിച്ചില്‍കര്‍മത്തിനിടെ ഗുളികന്‍ കെട്ടിയാടുന്ന പതിവുമുണ്ട്. ദക്ഷിണ കേരളത്തില്‍ വേലന്മാര്‍ ഭവനങ്ങള്‍തോറും ചെന്ന് തോലുഴിച്ചില്‍ നടത്തുന്നു. കിണ്ടിയില്‍ വെള്ളം നിറച്ചശേഷം പിണിയാളെ മുന്നിലിരുത്തി മന്ത്രവാദപ്പാട്ടുകള്‍ പാടി വേപ്പിലകൊണ്ട് ഉഴിച്ചില്‍ നടത്തുകയാണ് അവരുടെ രീതി. ഇതിന് തെക്കന്‍ കേരളത്തില്‍ 'വെള്ളമോതല്‍' എന്നും പേരുണ്ട്. ഉത്തരകേരളത്തില്‍ തോലിടല്‍, തച്ചുമന്ത്രവാദം എന്നീ പേരുകളിലും ഈ ചടങ്ങ് അറിയപ്പെടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍